ADVERTISEMENT

അടുത്തിടെയാണ് സീരിയൽ മേഖലയിൽ തുടരെ തുടരെ മരണങ്ങൾ സംഭവിച്ചത്. സീരിയൽ താരം രഞ്ജുഷയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പറഞ്ഞ പല കാര്യങ്ങളും പലരും തെറ്റായരീതിയിൽ വ്യാഖ്യാനിച്ചു എന്നു പറഞ്ഞിരിക്കുകയാണ് നടി ബീന ആന്റണി. തന്റെയും രഞ്ജുഷയുടെയും ഫോട്ടോകൾ ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ പല ഓൺലൈൻ മാധ്യമങ്ങളും നൽകിയെന്നും അതെല്ലാം ഒരുപാട് വിഷമിപ്പിച്ചെന്നും പറഞ്ഞിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലാണ് ബീന ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

‘കഴിഞ്ഞ കുറച്ച് നാളുകളായി സീരിയൽ മേഖലയിൽ‌ അടിക്കടി ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവർക്കും അറിയാം. അപർണയുടെയും രഞ്ജുഷയുടെ മരണം അവർ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യൻ സാറിന്റെ മരണം ഭയങ്കര ഷോക്കിങായിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. എന്നെ സംബന്ധിച്ച് ഇത്തരം മരണ വാർത്തകൾ വേദനിപ്പിക്കാറുണ്ട്. എസ്പിബി സാറിന്റെ മരണ വാർത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തരത്തിൽ സങ്കടമായിരുന്നു. സീരിയൽ മേഖലയിൽ ഒരുപാട് അടുത്തറിയുന്നവരുടെ മരണമൊക്കെ വളരെ വിഷമമുണ്ടാക്കുന്നതാണ്’.  ബീന ആന്റണി പറഞ്ഞു. 

രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോൾ ഒരുപാട് ഞെട്ടിയെന്നും താരോത്സവം ചെയ്യുന്ന സമയത്ത് മുതൽ അവളെ അറിയാമെന്നും ബീന ആന്റണി വിഡിയോയിൽ വ്യക്തമാക്കി. കൂടാതെ നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തിൽ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാൻ അവളോട് സംസാരിച്ചിരുന്നു. അവളുടെ മരണത്തിന് ശേഷം അനുശോചനം അറിയിച്ച് പോസ്റ്റ് ഇടുന്നതെല്ലാം പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നതെന്നും എന്തിനാണ് അത്തരത്തിൽ ചെയ്യുന്നതെന്നും ബീന ആന്റണി പറഞ്ഞു. 

‘സീരിയലിൽ അഭിനയിക്കുന്ന മുഴുവൻ ആളുകളുടെയും ഹിസ്റ്ററി നമുക്ക് അറിയാൻ പറ്റില്ല. ലൊക്കേഷനിൽ കാണുമ്പോൾ ചിരിക്കും കളിക്കും. അതിനുശേഷം അവരുടെ ഉള്ളിൽ എന്താണ്, അവരുടെ പ്രശ്നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല. എന്റെ പ്രശ്നങ്ങൾ എന്നോട് വളരെ അടുത്ത് നിൽക്കുന്ന ആത്മമിത്രങ്ങൾക്ക് മാത്രമേ അറിയാൻ സാധിക്കു. രഞ്ജുഷയോട് അടുത്ത് നിൽക്കുന്നവർക്ക് പോലും എന്തിന് അവൾ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേൾക്കുന്നത് മാത്രമെ നമുക്കും അറിയൂ. ഓരോരുത്തർ ഇടുന്ന തമ്പ്നെയിൽ കാണുമ്പോൾ സങ്കടം തോന്നും. അവളുടെ വീട്ടുകാരും ഇതൊക്കെ കാണുന്നതല്ലേ. അവർ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. 

മരിക്കുമ്പഴേക്കും വന്ന് ഭയങ്കര സങ്കടം പറയുക, ആവശ്യം വന്നപ്പോൾ ഇടപെട്ടില്ല എന്നൊക്കെ പലരും പറയുന്നു. അതൊക്കെ എങ്ങനെ നടക്കാനാണ്. നമുക്ക് എല്ലാവരുടെയും ജീവിതത്തിൽ ഇടപെടാൻ പറ്റുമോ?  സാധാരണ മനുഷ്യർക്ക് മനസ്സിലാക്കിക്കൂടെ. എല്ലാവരും അവരുടെ പ്രശ്നങ്ങൾ നമ്മളുമായി ഡിസക്സ് ചെയ്യുമോ? 

രഞ്ജുഷയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്, ഗുരുതര ആരോപണവുമായി ബീന ആന്റണി എന്നൊക്കെ പലയിടത്തും തമ്പ്നെയിൽ കണ്ടു. ഞാൻ എന്താണ് പറഞ്ഞത്. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്നെയിലുകൾ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. കുഞ്ഞിനെ പറ്റി ഓർക്കാതെ അവൾ പോയല്ലോ എന്നു പറഞ്ഞതാണ് പലരും പല രീതിയിൽ തമ്പ്നെയിലിട്ട് കൊടുക്കുന്നത്. 

സീരിയൽ കണ്ണുനീരാണ് എന്നൊക്കെയാണ് പലരും പറയുന്നത്. മരിച്ച വീട്ടിലും സീരിയൽ അഭിനയം എന്നു പറയുന്നു. എന്താണ് അവർ ഉദ്ദേശിക്കുന്നത്. നമ്മളൊന്നും മനുഷ്യരല്ലേ, സീരിയൽ അഭിനയിക്കുന്നു എന്നു കരുതി ഇങ്ങനെ തേച്ച് ഒട്ടിക്കരുത്. ക്യാമറയുടെ മുന്നിൽ മാത്രമേ ഞങ്ങൾ അഭിനയിക്കുന്നുള്ളു. അതുകഴിഞ്ഞാൽ ഞങ്ങളൊക്കെ മനുഷ്യരാണ്. പലതും കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ്’. ബീന ആന്റണി പറഞ്ഞു. 

English Summary:

Beena Antony's Emotional Video Addressing the Misinterpretation of Ranjusha's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com