ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ആര്യ. പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയായ താരം  പങ്കാളിയുമായി പിരിഞ്ഞ സമയത്ത് ഏറെ മാനസിക വിഷമമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി‍ഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നിയെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. 

‘ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നാലെയുണ്ടായ സൈബർ അറ്റാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയാണ് റിയൽ ആര്യ എന്നാണ് പലരും കരുതിയത്. എന്നാൽ അതു തീർത്തും സ്ക്രിപ്റ്റഡായ ഒരു പരിപാടിയായിരുന്നു. ബിഗ് ബോസിൽ കണ്ട ഞാനാണ് യഥാർഥ ഞാൻ’– ആര്യ പറഞ്ഞു. 

arya-babu
ആര്യ, Image Credits: Instagram/Arya Babu

തന്റെ പങ്കാളിയുമായി പിരിഞ്ഞ സമയത്തെ കുറിച്ചും ആര്യ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഇന്ന് ചിന്തിക്കുമ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ട്. കാരണം ഷോയിൽ പോകാൻ  ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തിൽ കൊണ്ടു വിടുന്നത് പോലും ആളാണ്. അത്രയും ദിവസം ആരുമായി ബന്ധമില്ല. ആ സമയം ഉപയോഗിച്ച് അകന്ന് പോകാനുള്ള പ്ലാൻ ആയിരുന്നോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്ന് എനിക്ക് തോന്നുന്നു.

ഷോയിൽ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്ത് ഞാൻ ബ്ലാങ്കായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പർ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്. എന്റെ കുഞ്ഞിനെ പോലും വിളിച്ചില്ല. എടുക്കാതായപ്പോൾ എന്റെ സഹോദരിയെ വിളിച്ചു. കാര്യം പറഞ്ഞു. ആൾ എവിടെയാണ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞു. അവൾ പറഞ്ഞത് തിരക്കായിരിക്കും ഞാൻ വിളിക്കാൻ പറയാമെന്നാണ്. അവളുടെ പറച്ചിലിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് അവൾ പറഞ്ഞതെന്ന് തോന്നി. കുറേ കാര്യങ്ങൾ പിന്നീട് ആലോചിച്ചു. അടുത്ത ദിവസം ഫോൺ തിരിച്ച് കിട്ടിയപ്പോഴും അദ്ദേഹം എടുത്തില്ല. പിന്നീടും ഒരുപാട് വിളിച്ചു. സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ എന്നെ തിരിച്ച് വിളിച്ചു. പക്ഷേ, വിമാനത്താവളത്തിൽ വിട്ട ആളല്ലായിരുന്നു അത്. സ്നേഹമോ എക്സൈറ്റ്മെന്റോ ഒന്നുമില്ല. 

arya-babu2
ആര്യ, Image Credits: Instagram/Arya Babu

ജാൻ എന്നാണ് ഞാൻ പുള്ളിയെ വിളിക്കുന്നത്. ഇന്നലെ തൊട്ട് വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണം. എന്താണ് പ്രശ്നമെന്ന് മനസ്സിലായില്ല. ബിഗ് ബോസിൽ പോകുമ്പോൾ ഫോൺ കൈമാറും മുമ്പ് വേണ്ടപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻ അവസരം തരും. അപ്പോൾ വിളിച്ചപ്പോൾ പോലും എന്നെ കാണാതിരിക്കേണ്ട വിഷമത്തിൽ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീ‌ട് എന്താണ് സംഭവിച്ചത് എന്ന്  മനസിലായില്ല. 75 ദിവസത്തിനുള്ളിൽ എന്താണ് പറ്റിയതെന്ന് മനസ്സിലായില്ല. വളരെ ഡിപ്രസ്ഡ് ആയിരുന്നു. 

കോവി‍ഡ് കാലമാണ്. ഞാൻ തിരുവനന്തപുരത്തും ആൾ ദുബായിലുമായിരുന്നു. നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് തന്നിൽ നിന്ന് അകന്നതെന്ന് പിന്നീട് മനസിലായി. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി‍ഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഇന്ന് പക്ഷേ, കൊല്ലാനുള്ള ദേഷ്യമാെന്നും ഇല്ല. അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. ഇത് തെറ്റായ കാര്യമാണെന്ന് അറിയാം. പക്ഷേ, എന്റെ ഉള്ളിൽ ഇതാണ് തോന്നുന്നത്. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ജീവിക്കുകയാണെന്ന് അറിയാം. അങ്ങനെ തന്നെ പോട്ടെ’– ആര്യ പറഞ്ഞു. 

English Summary:

Arya Shares Her Battle with Despair Amidst Love and Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com