ADVERTISEMENT

ഓട്ടിസത്തിലെ അപൂർവ സവിശേഷതകളാൽ വ്യത്യസ്തനാവുകയാണ് ജഹ്ഷ് മുഹമ്മദ് എന്ന പതിനാറുകാരൻ. ജീവിതത്തിൽ ആദ്യം കാണുന്ന വ്യക്തിയുടെ പേര്, കുടുംബവിവരങ്ങൾസ സ്ഥലംസ ഫോൺ നമ്പർ എന്തും ദഹ്ഷ് മുഹമ്മദിന് അറിയാം.

ഏതാനും വർഷം മുൻപാണ്, ഞാൻ വിഡിയോ കോളിൽ എന്റെ സഹോദരനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന് ചിരിക്കുന്ന ജഹ്ഷിനോട്, നിനക്ക് ഇത് ആരാണെന്ന് അറിയുമോ എന്നു ഞാൻ ചോദിച്ചു. അറിയാമെന്ന് അവൻ തലയാട്ടി. സംസാരം തീരെ ഇല്ലാത്ത ജഹ്ഷിനെ പരീക്ഷിക്കാൻ ഞാൻ കടലാസിൽ എന്റെ മൂന്നു സഹോദരൻമാരുടെയും പേര് എഴുതിയിട്ട് ഇതിൽ ആരാണ് ഇപ്പോൾ സംസാരിച്ചത് എന്നു ചോദിച്ചു. അവൻ കൃത്യമായ ഉത്തരം എഴുതിയ പേപ്പർ തന്നെ എടുത്തു.

അതുവരെ ഞങ്ങളെല്ലാം കരുതിയിരുന്നത് മോന് കുടുംബത്തിലെ ആരുടെയും പേരോ ബന്ധങ്ങളോ അറിയില്ല എന്നായിരുന്നു. പക്ഷേ, ഓരോ വ്യക്തിയുടെയും പേര്, അവനുമായുള്ള ബന്ധം, അവരുടെ വീട്ടുപേരുകൾ തുടങ്ങി അവരുടെ ഫോൺ നമ്പർ വരെ അവന് അറിയാമായിരുന്നു. ചോദ്യങ്ങൾക്കെല്ലാം പല കടലാസുകളിലായി ഞാൻ എഴുതിയിട്ട ഉത്തരങ്ങൾ ജഹ്ഷ് കൃത്യമായി എടുത്തു. വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ആരാണു വിജയിക്കുക എന്ന ചോദ്യത്തിന് അവൻ എടുത്ത കാർഡുകള്‍ കൃത്യമായി വന്നു. പ്രവചനം പോലെ എന്തും മുൻകൂട്ടി അറിയാനുള്ള കഴിവ് അവനുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. മലയാളം മാത്രമല്ല പല വിദേശഭാഷകളും അവനറിയാം. ഇതൊക്കെ എങ്ങനെ പഠിച്ചു എന്നത് അജ്ഞാതമാണ്. 

മലപ്പുറം തിരൂരാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് ജാസിമിന്  റിയാദിൽ ബിസിനസാണ്. ഞങ്ങളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് ജഹ്ഷ്. രണ്ടു വയസ്സുവരെ ജഹ്ഷ് വളരെ നന്നായി സംസാരിച്ചിരുന്നു. ആറാം മാസത്തിൽ തന്നെ ഉമ്മ, ഉപ്പ, കാക്ക, പ്രാവ് തുടങ്ങിയ വാക്കുകളെല്ലാം അവൻ പറയാൻ തുടങ്ങി. പക്ഷേ പിന്നീട് സംസാരശേഷി പൂർണമായും നഷ്ടമാവുകയായിരുന്നു. അന്ന് ഞങ്ങൾ റിയാദിലായിരുന്നു. അവിടെ തന്നെയുള്ള ഡോക്ടറെ കാണിച്ചപ്പോൾ, ഒരു കുഴപ്പവും ഈ കുട്ടിക്കില്ല. നാട്ടിൽ ഏറ്റവും അടുപ്പമുള്ള ആരെയോ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം കാരണമാണ് സംസാരം കുറഞ്ഞതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അവന് ഏറ്റവും അടുപ്പം ഭർത്താവിന്റെ സഹോദരനോടായിരുന്നു. അങ്ങനെ ഞാൻ മോനെയും കൂട്ടി നാട്ടിലേക്ക് പോന്നു. പക്ഷേ, മോൻ കൂടുതൽ കൂടുതൽ നിശ്ശബ്ദനായി. ആരുടെയും മുഖത്തു നോക്കില്ല. ചിരിക്കില്ല....

പിന്നീടുള്ള വിദഗ്ധ പരിശോധനകളിലാണ് മോന് ഓട്ടിസമാണെന്നു തിരിച്ചറിയുന്നത്. അന്നു മുതൽ തെറപ്പികൾ തുടങ്ങി. ഞാൻ മോനെ ചില അക്ഷരങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു. ‘എ’ എന്ന് പറയുമ്പോൾ തന്നെ അവൻ പിന്നീടുള്ള അക്ഷരങ്ങളെല്ലാം ക്രമപ്രകാരം ചൂണ്ടിക്കാണിക്കാൻ തുടങ്ങി. ആരും പഠിപ്പിക്കാതെ തന്നെ അവനു വായിക്കാൻ അറിയാം എന്നത് എന്നെ അദ്ഭുതപ്പെടുത്തി. പിന്നീട് അവനുമായുള്ള എല്ലാ ആശയവിനിമയങ്ങളും നടന്നത് എഴുത്തിലൂടെയായിരുന്നു. ഭക്ഷണം വേണം, വെള്ളം വേണം, ടോയ്‌ലെറ്റിൽ പോകണം എന്നൊക്കെ ഞാൻ എഴുതിവച്ചു. അവന് ആവശ്യമുള്ളത് അവൻ തിരഞ്ഞെടുക്കാൻ തുടങ്ങി. 

ആ കാലത്താണ് ഞാൻ മഞ്ചേരി ജില്ലാ ആശുപത്രിയിലെ ഫിസിയാട്രിസ്റ്റ് ആയിരുന്ന ഡോ. സി.പി. അബൂബക്കറിന്റെ ക്ലാസില്‍ പങ്കെടുക്കുന്നത്. ഡോക്ടർ ഓട്ടിസത്തെക്കുറിച്ച് ധാരാളം പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഓട്ടിസമുള്ള കുട്ടികളുടെ അമ്മമാർക്കു ബോധവൽക്കരണ ക്ലാസുകളും ഡോക്ടർ നൽകാറുണ്ട്. 

ഓട്ടിസം ഒരു രോഗമല്ല, തലച്ചോറിൽ സംഭവിക്കുന്ന ചില വ്യതിയാനങ്ങളാണെന്നും അപൂർവ സിദ്ധികൾ ഇത്തരം കുട്ടികളിൽ ഉണ്ടാകാമെന്നും ആ സിദ്ധി കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്നും ഡോക്ടർ പറയുമായിരുന്നു. അങ്ങനെയാണു ഞാൻ ജഹ്ഷിനെ നിരന്തരം നിരീക്ഷിക്കുകയും അവന്റെ ഇഷ്ടങ്ങളും കഴിവുകളും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തത്. 

വിദേശഭാഷകളിലെ വാക്കുകൾ ഞാൻ ഗൂഗിളിൽ സേർച്ച് ചെയ്ത് അതിന്റെ ചിത്രം പ്രിന്റൗട്ട് എടുത്ത് മറ്റു പല ചിത്രങ്ങളുെടയും കൂടെ വയ്ക്കും. ഏതു ഭാഷയിലെ വാക്കായാലും അവൻ കൃത്യമായ ചിത്രം തന്നെ തിരഞ്ഞെടുക്കും. അങ്ങനെയാണ് ഈ സിദ്ധി വളർത്തിയെടുക്കാൻ ഞാൻ പരിശീലനം നൽകിയത്. അപരിചിതരുടെ പേരും വിശദാംശങ്ങളും തെറ്റാതെ പറയുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്താറുണ്ട്. മറ്റൊരാളുടെ തലച്ചോറിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക് വേവ്സിനെ പിടിച്ചെടുക്കാനുള്ള കഴിവ് ഓട്ടിസമുള്ള ചില കുട്ടികൾക്കുണ്ട്. ജഹ്ഷിന്റെ കാര്യത്തിൽ സംഭവിക്കുന്നത് അതാണെന്നാണ് ഡോക്ടർ അബൂബക്കർ പറയുന്നത്. 

ഭിന്നശേഷിയുളള കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘വിളക്ക്’ എന്ന കൂട്ടായ്മയിൽ ഞാൻ അംഗമാണ്. അതിലെ മറ്റ് അംഗങ്ങൾ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ജഹ്ഷിന്റെ കഴിവുകളും പ്രത്യേകതകളും പുറംലോകം അറിയാൻ തുടങ്ങിയത്. അവർ മുൻകയ്യെടുത്ത് ‘ജഹ്ഷ് മുഹമ്മദിന്റെ ടാലന്റ് ഷോ’ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പൊൻമുണ്ട ജിഎച്ച് എസ്‌എസിൽ പ്ലസ്ടുവിന് പഠിക്കുകയാണ് ജഹ്ഷ്. 

English Summary:

Lifestory of a Mother and her Autistic Son with special Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com