തൊഴിലിടത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീയാണോ നിങ്ങൾ? മറികടക്കാൻ ഈ വഴികൾ നോക്കാം

Mail This Article
ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. കാലത്തിനനുസരിച്ച് എല്ലാ തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ടാർഗറ്റും ഓവർടൈമുമെല്ലാം ഇന്ന് ഏതൊരു തൊഴിലിലും പുതുമയല്ല. ഇതിനുപുറമേ തൊഴിലിടങ്ങളിൽ പ്രത്യക്ഷമായി തന്നെ മത്സരങ്ങളും നിലനിൽക്കുന്നുണ്ട്. മേലധികാരികളിൽ നിന്നുള്ള വീട്ടു വീഴ്ചയില്ലാത്ത പെരുമാറ്റം, ലൈംഗിക ചൂഷണം, ബുള്ളിയിംഗ് തുടങ്ങിയ പ്രശ്നങ്ങൾ വേറെയും. ഇവയെല്ലാം ചേർന്ന് നൽകുന്ന സമ്മർദ്ദം താങ്ങാനാവാതെ പല സ്ത്രീകളും ജോലി തന്നെ വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ മൂലം തൊഴിലിടങ്ങളിലെ ടോക്സിസിറ്റി സഹിക്കേണ്ടി വരുന്നവരാണ് ഏറെയും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം സാഹചര്യങ്ങളെ ഒരു പരിധിവരെ അതിജീവിക്കാൻ സാധിക്കും.
വ്യക്തമായ അതിർവരമ്പുകൾ
പലപ്പോഴും സ്ത്രീകളെ കൂടുതൽ ജോലി ചെയ്യിക്കുന്ന പ്രവണത പലയിടത്തും കാണാറുണ്ട്. മേലധികാരികളോട് നോ പറയാനുള്ള മടിമൂലം എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തങ്ങൾ തലയിൽ ഏറ്റി വയ്ക്കാൻ ആരും ശ്രമിക്കരുത്. ഭക്ഷണത്തിനുള്ള സമയം മാറ്റിവച്ച് ജോലി ചെയ്യില്ല എന്നും ഓഫീസ് സമയത്തിന് മുൻപോ പിൻപോ അത്യാവശ്യമില്ലാത്ത ഘട്ടങ്ങളിൽ ജോലി ചെയ്യില്ല എന്നും ഉറച്ച തീരുമാനമെടുക്കുക. നിങ്ങളുടെ സാഹചര്യം എന്താണെന്ന് മേലധികാരികളോട് വ്യക്തമാക്കുകയും ചെയ്യുക.
പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാം
വീട്ടിലെ പണികൾ എല്ലാം തീർത്ത് ഓഫിസിൽ എത്തുമ്പോൾ ആകെ ക്ഷീണം തോന്നും. എന്നാൽ ജോലി ചെയ്യാനിരിക്കുന്ന സ്ഥലത്ത് സന്തോഷം നിറയ്ക്കാനായാൽ അത് ഒരു നല്ല തുടക്കമാവും. പോസിറ്റീവ് ചിന്തകളും കാഴ്ചകളും നിറഞ്ഞ പോസ്റ്ററുകളോ ടേബിൾ കലണ്ടറുകളോ ഒക്കെ വർക്ക് സ്പേസിൽ വയ്ക്കാം. ജോലിക്കുമപ്പുറം സന്തോഷമുള്ള കാര്യങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടെന്ന് ഓർമ്മപ്പെടുത്താൻ സഹായിക്കുന്ന എന്തും ഇവയിൽ ഉൾപ്പെടുത്താം. ജീവിത സന്തോഷത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്നും എല്ലാ സന്തോഷങ്ങളും ജോലിക്ക് വേണ്ടി വേണ്ടെന്നു വയ്ക്കാനുള്ളതല്ല എന്നും സ്വയം തിരിച്ചറിയുകയും ചെയ്യുക.
നെഗറ്റിവിറ്റി ജോലിസ്ഥലത്ത് തന്നെ ഉപേക്ഷിക്കുക
സ്ത്രീ ആയതുകൊണ്ട് നഷ്ടപ്പെടുന്ന പല അവസരങ്ങളും തൊഴിലിടത്തിൽ ഉണ്ടായേക്കാം. സഹപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തൽ, ചെയ്ത് ജോലിക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തത് അങ്ങനെ നെഗറ്റീവായ കാര്യങ്ങൾ ദിനംപ്രതി തൊഴിൽ സ്ഥലത്ത് ഉണ്ടായെന്നു വരും. അതിന്റെ ഭാരം അപ്പാടെ മനസ്സിലേറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോകരുത്. തൊഴിലിടത്തിലെ പ്രശ്നങ്ങളിൽപ്പെടുത്തി കുടുംബത്തിന്റെ സന്തോഷവും വ്യക്തിപരമായ താല്പര്യങ്ങളും നഷ്ടപ്പെടുത്താനുള്ളതല്ല എന്ന് ഓർമ്മിക്കുക.
മനസ്സ് തുറക്കാൻ ഒരു ചങ്ങാതി
സുഹൃത് വലയത്തിൽ നിന്നും നിങ്ങൾക്ക് മനസ്സ് തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു ചങ്ങാതിയെ കണ്ടെത്തുക. തൊഴിലുമായി ബന്ധപ്പെട്ട് മനസ്സിൽ നിറയുന്ന വിഷമതകളും ആകുലതകളും ആശങ്കകളുമൊക്കെ അയാളോട് തുറന്നുപറയാൻ സമയവും നീക്കിവയ്ക്കണം. പ്രശ്നം പരിഹരിക്കാനുള്ള ഒരു ഉപദേശകനെ കണ്ടെത്താനല്ല നേരെമറിച്ച് മനസിന്റെ ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു ഇടം ഒരുക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങളുടെ അതേ ചിന്താഗതിയുള്ള വ്യക്തിയാണെങ്കിൽ ഈ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും പുറത്തു കടക്കാൻ ഒരുമിച്ച് ചെയ്യാവുന്ന ആക്ടിവിറ്റികളും കണ്ടുപിടിക്കാം. പലപ്പോഴും സ്ത്രീകൾക്ക് വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയാവും പലപ്പോഴും പങ്കുവയ്ക്കാൻ തോന്നുക, ഇനി എന്തുതന്നെ ആയാലും കേട്ടിരിക്കാന്‍ ഒരാളുള്ളത് സന്തോഷം നൽകും
മേലധികാരികളെ വിവരം ധരിപ്പിക്കാം
സഹപ്രവർത്തകരോ നിങ്ങളുടെ ടീം ലീഡറോ മോശമായി പെരുമാറുകയും അത് നിങ്ങളുടെ ജോലിയെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ മടിക്കേണ്ടതില്ല. മറ്റ് സഹപ്രവർത്തകരോട് ഇതേപ്പറ്റി പറഞ്ഞ് പ്രശ്നങ്ങൾ ഗോസിപ്പ് രൂപത്തിൽ ചർച്ചയാകാതിരിക്കാൻ ഇത് സഹായിക്കും. സഹപ്രവർത്തകരായ സ്ത്രീകളെപ്പറ്റി ഇല്ലാക്കഥകൾ പ്രചരിപിപക്കുന്നവരും ഉണ്ടെന്നുള്ള കാര്യം ഓര്‍മയിൽ സൂക്ഷിക്കുക.
തൊഴിലിടം ടോക്സിക്കാണെന്ന് തിരിച്ചറിഞ്ഞാൽ അവിടെയുള്ളവരുടെ വാക്കുകൾ കണ്ണുമടച്ച് വിശ്വസിക്കാതെ മനസാക്ഷിക്ക് നിരക്കുന്ന തീരുമാനങ്ങൾ മാത്രം എടുക്കുക.
ചെയ്യുന്ന ജോലിക്ക് തെളിവുണ്ടാകണം
എത്ര ആത്മാർത്ഥത കാണിച്ചാലും തൊഴിലിടം ടോക്സിക്കാണെങ്കിൽ ചെയ്ത ജോലി ശരിയല്ലെന്നും കൃത്യമായി പൂർത്തീകരിച്ചിട്ടില്ലെന്നുമുള്ള പരാതി ഉയരും. അതിനാൽ ജോലി സംബന്ധമായി സഹപ്രവർത്തകരോടും മേലധികാരികളോടും കൈമാറുന്ന വിവരങ്ങളെക്കുറിച്ച് കൃത്യമായി റെക്കോർഡുകൾ സൂക്ഷിക്കുക. ഒരു പ്രശ്നം ഉണ്ടായാൽ അതിനെ വൈകാരികമായി കാണാതെ പ്രൊഫഷണലായി മാത്രം നേരിടുക.
വ്യക്തമായി പ്ലാനിങ് ഉണ്ടാക്കാം, സഹായം തേടാം
ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവിടുത്തെ അന്തരീക്ഷം തിരിച്ചറിയാൻ സാധിക്കും. അധികകാലം തുടരാനാവില്ല എന്ന് തോന്നിത്തുടങ്ങിയാൽ സഹിച്ച് മുൻപോട്ട് പോകുന്നതിനു പകരം മറ്റൊരു തൊഴിൽ സാധ്യത അന്വേഷിക്കാം. തൊഴിൽ സംഘർഷങ്ങൾ മനോനിലയെ ബാധിക്കുന്നതിന് മുൻപ് സമാധാനപരമായ മറ്റൊരു അന്തരീക്ഷത്തിലേയ്ക്ക് നീങ്ങാൻ സാധിക്കണം. അതിനുള്ള അവസരം ഒരുങ്ങുന്നില്ലെങ്കിൽ കുടുംബ ബന്ധങ്ങളെയും മാനസിക സന്തോഷത്തെയും തൊഴിൽ സമ്മർദ്ദം തകർക്കുന്നതിന് മുമ്പായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. പലപ്പോഴും തിരക്കുകൾ കാരണം സ്വന്തം മാനസികാരോഗ്യത്തിനു പ്രാധാന്യം കൊടുക്കാൻ സ്ത്രീകൾക്ക് കഴിയാറില്ല. എന്നാൽ സ്വന്തം ആരോഗ്യമാണ് പ്രധാനപ്പെട്ടത് എന്ന തിരിച്ചറിവിൽ നിന്നാൽ പല കാര്യങ്ങളും എളുപ്പമാകും. ഇക്കാര്യങ്ങൾ സ്ത്രീകൾക്കു മാത്രമല്ല, തൊഴിൽ ചെയ്യുന്ന എല്ലാവർക്കും ശ്രദ്ധിക്കാവുന്നതാണ്