ADVERTISEMENT

ആമിയും അനോയും കണ്ടാൽ ഒരു വ്യത്യാസതവും എടുത്തുപറയാനില്ലാത്ത ഇരട്ടസഹോദരികൾ. എന്നാൽ അവർ ജനിച്ചയുടനെ അവരെ അമ്മയിൽ നിന്ന് എടുത്തുമാറ്റുകയും മറ്റ് രണ്ട് കുടുംബങ്ങളിലേയ്ക്ക് നൽകപ്പെടുകയും ചെയ്തു. തനിക്കൊരു ഇരട്ട സഹോദരി ഉണ്ടെന്നറിയാതെ ഇരുവരും ഈക്കാലമത്രയും ജീവിച്ചു. വർഷങ്ങൾക്ക് ശേഷം, ടിക്ടോക് വfഡിയോയിലൂടെ വളരെ യാദൃഛികമായി അവർ കണ്ടുമുട്ടി. പിന്നാലെ ജനിച്ചയുടനെ മാതാവിൽ നിന്നും മോഷ്ടിക്കപ്പെട്ട ജോർജിയയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളിൽലൊരാളാണ് തങ്ങളുമെന്ന് ആ പെൺകുട്ടികൾ തിരിച്ചറിയുകയായിരുന്നു. 

ആമിയും അനോയും എങ്ങനെ പരസ്പരം കണ്ടെത്തി എന്നതിന്റെ കഥ ആരംഭിക്കുന്നത് അവർക്ക് 12 വയസ്സുള്ളപ്പോഴാണ്. ഒരു ദിവസം ആമി ടിവിയിൽ ഒരു പരിപാടി കാണുകയായിരുന്നു. അവളെപ്പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നതു അന്നവൾ ടിവിയിൽ കണ്ടു. തന്നെപ്പോലെ എന്നല്ല, വാസ്തവത്തിൽ അത് താൻ തന്നെയാണ് എന്ന് ആമിയ്ക്ക് തോന്നി. പരിപാടി കണ്ട് പലരും ആമിയുടെ വളർത്തമ്മയെ വിളിച്ചു ആമിയെന്തിനാണ് മറ്റൊരു പേരിൽ ടിവിയിൽ പരിപാടി അവതരിപ്പിക്കുന്നതെന്ന് ചോദിച്ചു. ആമിയോടും പലരും അങ്ങനെ ചോദിച്ചതായി വീട്ടിൽ പറഞ്ഞെങ്കിലും മുഖസാമ്യം മാത്രമേയുള്ളുവെന്ന് പറഞ്ഞ് അവർ അത് തള്ളിക്കളയുകയായിരുന്നു. പിന്നീട് ഏഴു വർഷത്തിന് ശേഷം, 2021 നവംബറിൽ, ആമി മുടി നീല നിറത്തിലാക്കുകയും പുരികത്തിൽ പിയേഴ്സിംഗ് ചെയ്യുകയും ചെയ്തുകൊണ്ട് വളരെ വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ഒരു വിഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു. ആമിയുടെ സ്വദേശത്തുനിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ടിബിലിസിയിൽ, മറ്റൊരു 19 വയസ്സുകാരി അനോ സർതാനിയയ്ക്ക് ഒരു സുഹൃത്ത്  ഈ പെൺകുട്ടി അനോയെപ്പോലെയുണ്ടെന്ന് പറഞ്ഞ് ആമിയുടെ വിഡിയോ അയച്ചുകൊടുത്തതോടെയാണ് പെൺകുട്ടികളുടെ ജീവിതത്തിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്.  

ആമിയെ കണ്ടെത്താനായി അനോ സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും സാധിച്ചില്ല. ആരെങ്കിലും സഹായിക്കുമോ എന്നറിയാൻ അനോ ഒരു യൂണിവേഴ്സിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആ വിഡിയോ പങ്കിട്ടു. ആമിയെ അറിയാവുന്ന ആരോ മെസേജ് കണ്ട് അവരെ ഫേസ്ബുക്കിൽ കണ്ടുമുട്ടാൻ സഹായിക്കുകയായിരുന്നു. പണ്ട് ടിവി പ്രോഗ്രാമിൽ താൻ കണ്ട പെൺകുട്ടിയാണ് അനോയെന്ന് ആമിക്ക് പെട്ടെന്ന് മനസ്സിലായി.

‘ഇത്രയും നാളായി ഞാൻ നിന്നെ അന്വേഷിക്കുകയായിരുന്നു’. അവൾ മെസ്സേജ് ചെയ്തു. “ഞാനും,” അനോ മറുപടി പറഞ്ഞു. രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. 

ജനനത്തിയതിയിലെ വ്യത്യാസങ്ങൾ വീണ്ടും ഇവർക്കിടയിൽ പ്രതിബന്ധമായി വന്നു. പടിഞ്ഞാറൻ ജോർജിയയിലെ കിർറ്റ്‌സ്‌കി മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് ഇരുവരും ജനിച്ചത്. എന്നാൽ അവരുടെ ജനന സർട്ടിഫിക്കറ്റ് അനുസരിച്ച്, അവരുടെ ജന്മദിനങ്ങൾ രണ്ടാഴ്‌ചകളുടെ വ്യത്യാസത്തിലായിരുന്നു. പക്ഷേ അവരുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, മുടി, എല്ലാം ഏറക്കുറെ ഒരുപോലെ തന്നെയാണെന്നതാണ് ആമിയെയും അനോയെയും കൂടുതൽ അടുപ്പിക്കുന്ന വസ്തുത. സംഗീതവും നൃത്തവും സ്റ്റൈലും എല്ലാം ഒരുപോലെ ഇഷ്ടമുള്ള അവർക്ക് രണ്ടുപേർക്കും ജനിതക രോഗമായ  ഡിസ്പ്ലാസിയയും ഉണ്ടെന്ന് കണ്ടെത്തി. ഫെയ്സ്ബുക്കിലൂടെ ആശയവിനിമയം നടത്തിയിരുന്ന സഹോദരിമാർ നേരിട്ടുകാണാൻ തീരുമാനിച്ചു. ടിബിലിസിയിലെ റുസ്തവേലി മെട്രോ സ്റ്റേഷനിൽ വച്ച് ആ ഇരട്ട സഹോദരിമാർ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടി. ‘ഒരു കണ്ണാടിയിൽ നോക്കുന്നത് പോലെയായിരുന്നു അത്, ഒരേ മുഖം, ഒരേ ശബ്ദം. ഞാൻ അവളാണ്, അവൾ ഞാനാണ്,’ ആമി പറയുന്നു. “എനിക്ക് ആലിംഗനം ഇഷ്ടമല്ല, പക്ഷേ ഞാൻ അവളെ കെട്ടിപ്പിടിച്ചു, അനോ പറയുന്നു”.  ആ നിമിഷം തങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് അവർ രണ്ടുപേരും തിരിച്ചറിയുകയായിരുന്നു. കൂടുതൽ ആഴത്തിൽ അന്വേഷിച്ചപ്പോൾ, അവർ തങ്ങളുടെ ജനനത്തീയതി ഉൾപ്പെടെയുള്ള ഔദ്യോഗിക വിശദാംശങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. 

കുട്ടികളുണ്ടാകാത്ത തന്നോട്, പ്രാദേശിക ആശുപത്രിയിൽ ഒരു കുഞ്ഞ് ഉണ്ടെന്ന് ഒരു സുഹൃത്ത്  പറഞ്ഞതായി ആമിയുടെ അമ്മ പറയുന്നു. ഡോക്ടർമാർക്ക് പണം നൽകി ആ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തമായി വളർത്താം. അനോയുടെ അമ്മയോടും ഇതേ കഥ തന്നെയാണ്  പറഞ്ഞത്. ദത്തെടുക്കപ്പെട്ട രണ്ടു കുടുംബങ്ങൾക്കും പെൺകുട്ടികൾ ഇരട്ടകളാണെന്ന് അറിയില്ലായിരുന്നു, തങ്ങളുടെ പെൺമക്കളെ ദത്തെടുക്കാൻ ധാരാളം പണം നൽകിയിട്ടും, ഇത് നിയമവിരുദ്ധമാണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. 

അമ്മയെ കണ്ടെത്താനായി ഇരുവരും ശ്രമിച്ചു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആമി അവരുടെ കഥ പങ്കുവെച്ചു. പിന്നാലെ 2002ൽ കിർത്‌സ്‌കി മെറ്റേണിറ്റി ഹോസ്പിറ്റലിൽ തന്റെ അമ്മ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും കുട്ടികൾ മരിച്ചെന്നാണ് പറഞ്ഞതെന്നും ഒരു യുവതി മറുപടി പറഞ്ഞു. എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ ആ പെൺകുട്ടി ആമിയുടെയും അനോയുടെയും സഹോദരിയാണെന്ന് മനസിലായി. പിന്നാലെ ഇരുവരും ജോർജിയയിൽ നിന്ന് ജർമ്മനിയിലേക്ക് യാത്ര ചെയ്യുകയും ഒടുവിൽ തങ്ങളുടെ അമ്മയെ കണ്ടെത്തുകയും ചെയ്തു. കുട്ടികൾ ജനിച്ചയുടൻ കോമയിലായ ആ അമ്മയോട് ബോധം വന്നപ്പോൾ കുട്ടികൾ മരിച്ചുപോയി എന്നായിരുന്നുവത്രേ ആശുപത്രി അധികൃതർ അറിയിച്ചത്. ജർമ്മനിയിൽ കഴിയുന്ന അമ്മയെയും സഹോദരിയേയും കണ്ട സന്തോഷത്തിലാണ് ഇന്ന് ഈ ഇരട്ട സഹോദരിമാർ.

English Summary:

Twins sold at birth reunited by TikTok video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com