ADVERTISEMENT

പൊതുവെ സ്ത്രീകൾ മാറിനിൽക്കുന്ന മേഖലയാണല്ലോ മദ്യത്തിന്റേത്. പക്ഷേ കാലം മാറുന്നതിനനുസരിച്ച് മദ്യത്തിനോടും മദ്യപാനത്തോടും സ്ത്രീകൾ അടക്കമുള്ളവരുടെ സമീപനത്തിൽ മാറ്റമുണ്ട്. പല വിദേശ രാജ്യങ്ങളിലും കാലാവസ്ഥയ്ക്കും ജീവിതസാഹചര്യത്തിനും അനുസരിച്ച് മദ്യം ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും ഭാഗമാണ്. പക്ഷേ നമ്മൾ ഇവിടെ പറയാൻ പോകുന്നത് മദ്യം കഴിക്കുന്ന സ്ത്രീകളെ കുറിച്ചല്ല, ജാതിക്ക ഫ്ലേവറിലുള്ള വോഡ്ക നിർമിച്ചു വിൽപന നടത്തി വിജയിച്ച ഒരു മലയാളവീട്ടമ്മയെക്കുറിച്ചാണ്. കേരളത്തിൽ സമീപഭാവിയിലൊന്നും സംഭവിക്കാൻ സാധ്യതയിലാത്ത, പലവട്ടം ഇവിടെ ചെയ്യാൻ നോക്കിയിട്ടും നടക്കാതെ പോയ തന്റെ സംരംഭം കാനഡയിൽ കുടിയേറി രണ്ടുവർഷം കൊണ്ട് വിജയിപ്പിച്ചെടുത്ത കഥയാണ് എറണാകുളംകാരിയായ സ്റ്റെഫി ജോയി പുതുശേരിക്കു പങ്കുവയ്ക്കാനുള്ളത്. 

കനേഡിയൻ ടച്ചുള്ള മലയാളി വോഡ്ക
2018 ൽ പഠനത്തിനാണ് എറണാകുളം ചമ്പക്കര സ്വദേശിനി സ്റ്റെഫി ജോയി പുതുശേരി കാനഡയ്ക്കു പറന്നത്. രണ്ടു വർഷത്തെ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയതോടെ സ്റ്റെഫിയ്ക്ക് പെർമനന്റ് റസിഡൻസി ലഭിച്ചു. കുടുംബവും കൂടി എത്തിയതോടെ മുഴുവൻ സമയ വീട്ടമ്മയായി അവർ. നാട്ടിലുള്ള സമയത്തുതന്നെ മനസ്സിലുള്ളൊരു സ്വപ്നപദ്ധതിയായിരുന്നു വോഡ്ക. എന്നാൽ നമ്മുടെ നാട്ടിലെ നിയമത്തിന്റെ നൂലാമാലകളും ഇത്തരം ബിസിനസുകൾ തുടങ്ങാനുള്ള ഭീമമായ ഫണ്ടുമെല്ലാം സ്റ്റെഫിയെ പിന്നോട്ടുവലിക്കുകയായിരുന്നു. നാട്ടിൽ ലൈസൻസിനായിപ്പോലും കോടികൾ കെട്ടിവയ്ക്കണം. പക്ഷേ അവിടംകൊണ്ട് അത് നടക്കണമെന്നുമില്ല. കാനഡയിൽ എത്തി പിആർ ലഭിച്ചുകഴിഞ്ഞതോടെ വോഡ്ക നിർമാണം തുടങ്ങാനുള്ള വഴികൾ സ്റ്റെഫിയും ഭർത്താവ് ലൈജു വർഗീസും അന്വേഷിച്ചു തുടങ്ങി. 

vodka-women1
സ്റ്റൈഫിയുടെ റൂസ്റ്റർ വോഡ്ക

‘‘ഞാൻ സ്റ്റുഡന്റ് ആയിട്ടാണ് കാനഡയിൽ എത്തുന്നത്. ഇവിടെ ജീവിച്ചുതുടങ്ങിയപ്പോൾ മനസ്സിലാക്കാൻ സാധിച്ച ഒരു കാര്യം ഇവിടുത്തെ ഓരോ കമ്യൂണിറ്റിക്കും സ്വന്തം ബവ്റിജ് ബ്രാൻഡുണ്ട്. നമ്മൾ മലയാളികൾ കൂടുതലുണ്ടെങ്കിലും നമ്മുടേതെന്ന് പറയാനൊരു ബ്രാൻഡില്ലെന്ന് മനസ്സിലാക്കിയതോടെ, എന്തുകൊണ്ട് എന്റെ ബിസിനസ് അതാക്കിക്കൂടാ എന്നു ചിന്തിച്ചു. അങ്ങനെയാണ് റൂസ്റ്റർ വോഡ്കയിലേക്ക് എത്തുന്നത്. ഇത്തരമൊരു ബിസിനസ് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിജയിക്കാനാകുമോ എന്നുമെല്ലാം റിസേർച്ച് നടത്തി. ലൈസൻസും മറ്റു നിയമപരമായ കാര്യങ്ങളും രണ്ടു വർഷം കൊണ്ട് റെഡിയാക്കി. അഭിപ്രായം ചോദിച്ചവരും സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമെല്ലാം കട്ട സപ്പോർട്ട് നൽകിയതോടെ കൂടുതൽ ആത്മവിശ്വാസമായി’’. സ്റ്റെഫി പറയുന്നു. 

പൂവൻകോഴിയുടെ പേരിലൊരു പെൺവിജയം 
അച്ഛൻ ബിസിനസുകാരനായതുകൊണ്ട് എങ്ങനെ ഒരു സംരംഭം വിജയിപ്പിച്ചെടുക്കാമെന്നത് വീട്ടിൽ നിന്നുതന്നെ സ്റ്റെഫി മനസ്സിലാക്കിയിരുന്നു. താൻ മദ്യത്തിന്റെ ബിസിനസാണ് തുടങ്ങാൻ പോകുന്നത് എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ യാഥാസ്ഥിതിക കുടുംബങ്ങൾ ചിലപ്പോൾ എതിർത്തേക്കാം, എന്നാൽ സ്റ്റെഫിക്ക് ഏറ്റവും അധികം പിന്തുണ നൽകുന്നത് കുടുംബം തന്നെയാണ്. “വോഡ്കയ്ക്ക് ഒരു പേര് ഇടുന്നതായിരുന്നു അടുത്ത കടമ്പ. മദ്യത്തിന് എപ്പോഴും ആകർഷകമായ ബ്രാൻഡ് നെയിമുകളാണല്ലോ നമ്മൾ കണ്ടിട്ടുളളത്. നമ്മുടെ പ്രൊഡക്ടിനും അത്തരമൊരു പേരു വേണമെന്ന് തോന്നി, പല പേരുകൾ ആലോചിച്ചുവെങ്കിലും ഒടുവിൽ റൂസ്റ്ററിൽ വന്ന് നിൽക്കുകയായിരുന്നു. പൂവൻകോഴി വിജയത്തിന്റെ പ്രതീകം കൂടിയാണല്ലോ. ആരും ബിസിനസ് തുടങ്ങുന്നത് പരാജയപ്പെടാനല്ലല്ലോ.. വിജയിക്കാനല്ലേ, അപ്പോൾ ഈ പേര് എന്തുകൊണ്ടും അനുയോജ്യമാണെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. അങ്ങനെയാണ് റൂസ്റ്റർ വോഡ്ക പിറവിയെടുക്കുന്നത്.’’

കാനഡയിലെ ടോറന്റോയിയിലുള്ള ഒരു ഡിസ്റ്റിലറി പാട്ടത്തിനെടുത്താണ് സംരംഭം തുടങ്ങിയത്. ചേരുവകൾ കേരളത്തിൽനിന്നാണ് എത്തിക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന ജാതിക്ക വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് ഏറ്റവും മികച്ചവ ഉപയോഗിച്ച് വാറ്റിയെടുത്തതാണ് റൂസ്റ്റർ വോഡ്ക. ജാതിക്കയുടെ ഫ്ലേവർ വേണമെന്നതും തങ്ങളുടെ താൽപര്യമായിരുന്നുവെന്നും സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിന്റെ സമ്പത്തായ ജാതിക്കയുടെ മണവും രുചിയും ഉൽപന്നത്തിന് കൂടുതൽ കരുത്തും ഗുണവും നൽകുമെന്ന വിശ്വാസമാണ് ജാതിക്ക ഫ്ലേവറിലുള്ള റൂസ്റ്റർ വോഡ്കയെന്നും  സ്റ്റെഫി പറയുന്നു. നാട്ടിൽ വച്ചാണ് ആദ്യം ഉണ്ടാക്കി പരീക്ഷിച്ചുനോക്കിയത്. രുചിച്ചുനോക്കിയവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതോടെ അത് കാനഡയ്ക്ക് കൊണ്ടുവരികയായിരുന്നു. കാനഡയിലെ ഏറ്റവും  നല്ല പ്രീമിയം ഗ്രൈൻ സ്പിരിറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. 40% ആണ് ആൽക്കഹോൾ കണ്ടന്റുണ്ട് ഈ വോഡ്കയിൽ. അങ്ങനെ നാളുകളുടെ കാത്തിരിപ്പുകൾക്കും കഠിനാധ്വാനത്തിനും ശേഷം ജനുവരി രണ്ടിന് റൂസ്റ്റർ വോഡ്ക വിപണിയിലെത്തി. വോഡ്കയുടെ ഔദ്യോഗിക പ്രകാശനം ബ്ലാസ്റ്റേഴ്സിന്റെയും കേരളക്കരയുടേയും സ്വന്തം ഹ്യൂമേട്ടൻ എന്നറിയപ്പെടുന്ന ഇയാൻ ഹ്യൂമാണ് നിർവഹിച്ചത്. 

നിലവിൽ വെബ്സൈറ്റ് വഴിയും ഡിസ്റ്റിലറി സ്റ്റോർ വഴിയുമാണ് വിൽപന. സുഹൃത്തുക്കൾ വഴിയും നിരവധിപ്പേരിലേക്ക് ഉൽപന്നം എത്തുന്നുണ്ടെന്നും കാനഡയിലെ ഗവൺമെന്റ് സ്റ്റോറിൽ മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്നും സ്റ്റെഫി പറഞ്ഞു. കാനഡയും അമേരിക്കയുമാണ് ഇപ്പോൾ വോഡ്കയുടെ വിപണിയെങ്കിലും ആറുമാസത്തിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലടക്കം എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്റ്റെഫി ജോയി പുതുശേരി പറഞ്ഞു.

English Summary:

How a Malayalee Housewife's Vodka Venture is Shaking Up the Liquor Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com