ADVERTISEMENT

ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ വനിതകൾക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 2024ലെ റിപ്പബ്ലിക് ദിനത്തിൽ അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് 'ഹസ്തി കന്യ' എന്നറിയപ്പെടുന്ന പാർബതി ബറുവ. ആനകളോടുള്ള അവരുടെ അളക്കാനാവാത്ത സ്നേവും പരിചരണവുമാണ് പാർബതിയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. പതിനാലാം വയസുമുതൽ ആനകളോട് കൂട്ടുകൂടിത്തുടങ്ങിയ വനിത പാപ്പാന്റെ വിശേഷങ്ങളിതാ. 

ആരാണ് പർബതി ബറുവ? 
അസമിൽ ജനിച്ചു വളർന്ന പാർബതിക്ക്  കുഞ്ഞുനാളിൽ പാവകളുമായി കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പകരം, അവൾ വന്യജീവികളെ ആരാധിക്കുകയും കൂടുതൽ സമയം വീടിനു പുറത്ത് ചെലവഴിക്കുകയും ചെയ്തു. ഗൗരിപൂർ രാജകുടുംബത്തിലെ പ്രകൃതിഷ് ചന്ദ്ര ബറുവയ്ക്ക് ജനിച്ച ഒമ്പത് മക്കളിൽ ഒരാളായിരുന്നു പാർബതി. ഗൗരിപൂരിലെ രാജാക്കന്മാരുടെ ഇടയിലെ അവസാന ഭരണാധികാരിയായിരുന്നു പ്രകൃതിഷ്. പിതാവിൽ നിന്നുതന്നെയാണ് പാർബതിയ്ക്ക് ആനകളോടുള്ള വാത്സല്യം കിട്ടിയത്. അദ്ദേഹം ആനകളെക്കുറിച്ചുള്ള വൈദഗ്ധ്യത്തിനും അറിവിനും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായിരുന്നുവെന്നത് കുഞ്ഞു പാർബതിയ്ക്ക് ഏറെ ഗുണവും ചെയ്തു.' ഹസ്തി കന്യ ' എന്നറിയപ്പെടുന്ന പർബതി തന്റെ ആദ്യ ആനയെ 14-ാം വയസ്സിൽ കൊക്രജാർ ജില്ലയിലെ കച്ചുഗാവ് വനങ്ങളിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 1972 ൽ പാർബതി ആനപ്പാപ്പാൻ ആയിത്തീർന്നു. അന്നുമുതൽ ഇന്നുവരെ തന്റെ ജീവിതം ആനകൾക്കായി സമർപ്പിച്ചിരിക്കുകയാണ് ഈ വനിത. 

parbathy3
പാർവതി ബറുവ, Image Credits: X

ആനകളും അവരുടെ പാർബതിയമ്മയും 
ആനകളെ കുളിപ്പിക്കുക, കാട്ടിൽ സവാരിയ്ക്ക്  കൊണ്ടുപോവുക, പരിശീലിപ്പിക്കുക എന്നിവയൊക്കെയാണ് പാർബതി ബറുവയുടെ ദിനചര്യ. ആനകൾ തന്നെ സ്നേഹിക്കുന്നത് അവരുടെ വികാരങ്ങൾ താൻ മനസ്സിലാക്കുന്നതിനാലാണെന്നും ഒന്നു വിളിച്ചാൽ അപ്പോൾ തന്നെ അവയെല്ലാം തനിക്കരികിലേയ്ക്ക് ഓടിയെത്തുമെന്നും പാർബതി ബറുവ പറയുന്നു. മൂന്നു പെൺമക്കളടങ്ങുന്ന കുടുംബവുമൊത്താണ് പാർബതിയുടെ താമസമെങ്കിലും ഒരിക്കലും കാടിനെയും ആനകളേയും  മറന്ന് ജീവിച്ചിട്ടില്ലെന്നും ഒരിക്കലും വിരമിക്കാൻ ആഗ്രഹിക്കാത്ത പാപ്പാനാണ് താനെന്നും അവർ പറഞ്ഞു. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു വരെ ആനകളെ പരിപാലിക്കുന്നതിനു വേണ്ടി ആളുകള്‍ പാർബതിയെ തേടിയെത്താറുണ്ട്.  ഒരിക്കൽ ബംഗാളിലെ മിഡ്നാപ്പൂരിൽ 50 ഓളം ആനകൾ വഴിതെറ്റി പോവുകയുണ്ടായി. അവിടുത്തെ ഭരണാധികാരികൾ പാർബതിയെയാണ് ആനകളെ രക്ഷിക്കാനുള്ള ധൗത്യം എൽപ്പിച്ചത്. പാർബതിയുടെ മൂന്നു ആനകളും മറ്റ് പാപ്പാൻമാരുടെ ഒരു ടീമും ചേർന്ന്  രണ്ടാഴ്ചത്തെ സാഹസിക ശ്രമത്തിനു ശേഷം ആ ആനകളെ ശരിയായ ദേശാടന പാതയിലൂടെ നയിച്ചുവത്രേ. പാർബതിയുടെ കഥകൾ കേട്ടറിഞ്ഞ ബിബിസി അവരെ ആസ്പദമാക്കി 'ആനകളുടെ രാജ്ഞി' എന്ന പേരിൽ ഒരു  ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. 

parbathy
പാർവതി ബറുവ, Image Credits: X
English Summary:

The Remarkable Journey of Padmashri Parbati Barua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com