ADVERTISEMENT

ദിവസങ്ങൾക്കു മുമ്പാണ് നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹ മോചിതരായെന്ന വാർത്ത പുറത്തുവന്നത്. സുജിത് തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയായെന്നും ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണെന്നും സുജിത് പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതത്തെ പറ്റിയും അമ്മയെ പറ്റിയും മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അമ്മയില്ലാത്ത ജീവിതത്തെ പറ്റി ചിന്തക്കാൻ പറ്റില്ലെന്നും എന്നും അമ്മ ഒപ്പമുണ്ടായിരുന്നു എന്നും മഞ്ജു പറഞ്ഞു. 

‘അമ്മ, മകൾ, ചങ്കുപറച്ച് തരുന്ന ചില സുഹൃത്തുക്കൾ. ഇവരാണ് എന്റെ സപ്പോർട്ട് സിസ്റ്റം. ബന്ധങ്ങൾ നഷ്ടപ്പെടുന്നത് എനിക്ക് പേടിയാണ്. അതുകൊണ്ട് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാറുണ്ട്. 40 വയസ്സിന് ശേഷമാണ് നമ്മുടെ ജീവിതം തുടങ്ങുന്നത്. ഞാനിപ്പോൾ ഒരുപാട് യാത്ര ചെയ്യാറുണ്ട്.  

manju-pillai1
മഞ്ജു പിള്ള, Image Credits: Instagram/pillai_manju

അമ്മയാണ് എപ്പോഴും കൂട്ട്. സന്തോഷം വന്നാലും വിഷമം വന്നാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. ഞാനും അമ്മയും തമ്മില്‍ ഭയങ്കര വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് കാലമായി വഴക്കൊന്നും ഉണ്ടാക്കാറില്ല. നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്വത്ത് പണമല്ല, മനസമാധാനമാണ്. അതുകൊണ്ട് ഞാന്‍ വഴക്കുണ്ടാക്കാനോ പ്രശ്‌നമുണ്ടാക്കാനോ ഇപ്പോള്‍ നില്‍ക്കാറില്ല. പണ്ടൊക്കെ വഴക്കുണ്ടാക്കി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. 

ഞാന്‍ മകളെ പ്രസവിച്ച ശേഷം ഡോക്ടര്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് എന്റെ അമ്മയെ കാണണം എന്നാണ് ആദ്യം പറഞ്ഞത്. ഒരു പ്രസവം കഴിയേണ്ടി വന്നു നമുക്ക് അമ്മയെ മനസിലാക്കാന്‍ എന്ന് പറയുന്നത് വലിയ പരാജയമാണ്. ശരിക്കും അങ്ങനെ നമ്മള്‍ പറയാന്‍ പാടില്ല. പക്ഷേ അതാണ് യാഥാര്‍ഥ്യം. പ്രസവ വേദന അനുഭവിച്ചുകഴിയുമ്പോഴാണ് അമ്മമാര്‍ നമുക്ക് വേണ്ടി അനുഭവിച്ച വേദനകളും യാതനകളും നമുക്ക് മനസിലാകൂ.

manju-pillai2
മഞ്ജു പിള്ള, Image Credits: Instagram/pillai_manju

ആത്മഹത്യ ചെയ്യാം എന്ന് പണ്ടൊരിക്കൽ ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് എന്തോ എന്റെ ഉള്ളിലുണ്ടെന്ന് അമ്മയ്ക്കറിയാം. ഒരിക്കല്‍ നാട്ടില്‍ പോവുകയായിരുന്നു. ഒരു റെയില്‍വേ പാളം ക്രോസ് ചെയ്ത് പോകാനുണ്ടായിരുന്നു. ഒരു ട്രെയിൻ പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അതിന്റെ മുന്നിലെത്തിയപ്പോ അമ്മ പറഞ്ഞു, 'നിന്റെ ആഗ്രഹം ഇപ്പോ ഇതല്ലേ, വാ നമുക്ക് ഒരുമിച്ച് പോകാം' എന്ന്. അതിനുശേഷം ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരു 25 വര്‍ഷം മുമ്പ് നടന്ന സംഭവമാണിത്’. മഞ്ജു പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com