ADVERTISEMENT

ബാസ്കറ്റ് ബോൾ കോർട്ടിൽ ഒരു ചിത്രശലഭത്തെപ്പോലെ പറന്നുനടന്നിരുന്ന മിടുക്കി. മിന്നുംതാരമായി വിജയങ്ങൾക്കും ഹർഷാരവങ്ങൾക്കും നടുവിൽ നിന്നിരുന്ന ആൽഫിയയുടെ സന്തോഷത്തിന് മങ്ങലേറ്റത് പെട്ടെന്നായിരുന്നു. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് വീണ് അരയ്ക്ക് താഴെ തളർന്നു. ഒരു പതിനേഴ് വയസുകാരിയുടെ അതുവരെയുള്ള സന്തോഷങ്ങളും നേട്ടങ്ങളുമെല്ലാം ഒരു വീൽചെയറിലേക്ക് ചുരുങ്ങുമെന്ന് കൂടെയുള്ളവർ പോലും മനസുകൊണ്ട് ചിന്തിച്ചു. എന്നാല്‍ തോറ്റു പിന്മാറാൻ ആൽഫിയ എന്ന മിടുക്കി തയാറായിരുന്നില്ല. ആ ആത്മവിശ്വാസമാണ് ഇന്ന് വിജയത്തിന്റെ നെറുകയിലേക്ക് ആൽഫിയയെ എത്തിച്ചത്.

ബാസ്കറ്റ് ബോൾ കോർട്ടിൽ നിന്നും വീൽചെയറിലേയ്ക്ക് 
മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ് ഇന്ന് ഒരു പ്രെഫഷണൽ പാരാ ബാഡ്മിന്റൺ അത്‌ലറ്റും ദേശീയ ചാംപ്യനുമാണ്. നിരവധി രാജ്യാന്തര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. നിലവിൽ, ആറ് രാജ്യാന്തര ടൂർണമെന്റുകളിൽ പങ്കെടുക്കുകയും മൂന്നു ടൂർണമെന്റുകളിൽ നിന്ന് ഏഴ് മെഡലുകൾ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ ലോക പാരാ ബാഡ്മിന്റൺ റാങ്കിങ്ങിൽ 12, ഏഷ്യയിൽ 5, ഇന്ത്യയിൽ 1 എന്നിങ്ങനെയാണ് ആൽഫിയയുടെ നേട്ടങ്ങൾ. പക്ഷേ, ഈ നേട്ടങ്ങളിലേയ്ക്ക് അവൾ അനായാസം നടന്നുകയറുകയായിരുന്നില്ല. വിധി തളർത്തിക്കളഞ്ഞ കാലുകൾക്ക് പകരം വീൽചെയറിന്റെ സഹായത്തോടെയാണ് വിജയങ്ങളെല്ലാം സ്വന്തമാക്കിയത്. ബാസ്കറ്റ് ബോൾ കളിച്ചും കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടിയും നടന്നൊരു ഭൂതകാലം ആൽഫിയയ്ക്കുണ്ടായിരുന്നു. അമ്മയും സഹോദരനും അടങ്ങുന്ന ചെറിയ കുടുംബം. അച്ഛൻ ആൽഫിയയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടിരുന്നു, ഹോസ്റ്റലിൽ നിന്നായിരുന്നു ആൽഫിയ പഠിച്ചിരുന്നത്. ഒരു ദിവസം നാലുനിലയുള്ള ഹോസ്റ്റലിന്റെ ടെറസിൽ നിന്നും അവൾ കാൽ തെന്നി താഴെ വീഴുന്നു. നെഞ്ചിന് താഴേയ്ക്ക് തളർന്നുപോയ ആൽഫിയയേയും കൊണ്ട് അവളുടെ അമ്മ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. മാസങ്ങൾ നീണ്ട ചികിത്സയുടെ കാലം. ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ആ കൊച്ചുപെൺകുട്ടിയുടെ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞുപോയി. 

alphiya3
ആൽഫിയ ജെയിംസ്, Image Credits: Instagram/the_lady_marvellous

ഒന്നുമാകില്ലെന്ന നിലയിൽ നിന്നും വിജയത്തേരിലേറിയപ്പോൾ 
“എല്ലാം തകർന്ന അവസ്ഥയിലാരുന്നു ഞാൻ. ഒന്നും ചെയ്യാൻ പറ്റാതെ ആരുടെയങ്കിലുമൊക്കെ ആശ്രയത്തിൽ ജീവിക്കേണ്ട അവസ്ഥ. ഒരുസമയത്ത് ജീവിതം മടത്തുതുടങ്ങിയിരുന്നു. പക്ഷേ അപ്പോഴും മനസ്സിനുള്ളിൽ നിന്നും എന്നോട് ഞാൻ തന്നെ പറഞ്ഞുകൊണ്ടേയിരുന്നു ഇനിയും ജീവിക്കണം, എനിക്ക് ചെയ്യാനാകുന്നത് ചെയ്യണം എന്ന്. അങ്ങനെ ഇരിക്കുമ്പോഴാണ് കാക്കനാട് ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടുന്നത്. പഠിക്കാൻ പോകണം സ്വന്തം കാര്യം നോക്കണം എന്നൊക്കെ മനസിലുള്ളതുകൊണ്ട് ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചുകൊള്ളാം എന്ന് അമ്മയോട് പറഞ്ഞു. ആദ്യമൊക്കെ അമ്മ എതിർത്തുവെങ്കിലും പിന്നീട് എനിക്കൊപ്പം നിൽക്കാൻ തയാറായി. അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്. മറിച്ച് അന്ന് അമ്മ വേണ്ട എന്നു പറഞ്ഞിരുന്നുവെങ്കിൽ ഞാൻ എല്ലാവരേയും ആശ്രയിച്ചു കഴിയുന്നൊരാളായി മാറിയേനെ. കാക്കനാട് പഠിക്കുന്ന സമയത്താണ് ജിമ്മിൽ ചേരുന്നത്. ഇതിനിടെ പാരാ ഒളിംമ്പിക്സ് മത്സരങ്ങളൊക്കെ കാണാറുണ്ടായിരുന്നു. അങ്ങനെ പതുക്കെ പതുക്കെ ഞാനും അതിലേക്കടത്തു. ആദ്യം തുടങ്ങിയത് പവർ ലിഫ്റ്റിങ്ങ് ആയിരുന്നു.”– ആൽഫിയ പറഞ്ഞു. 

alphiya2
ആൽഫിയ ജെയിംസ്, Image Credits: Instagram/the_lady_marvellous

അവിടെ തുടങ്ങി, ആൽഫിയയുടെ മടങ്ങിവരവ്. ആദ്യം പാരാ പവർ ലിഫ്റ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ആൽഫിയ ദേശീയ തലത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി തന്റെ ഉള്ളിലെ ആത്മവിശ്വാസത്തിന്റെ തീനാളം ആളിപടർത്തി. സംസ്ഥാനതലത്തിൽ സ്വർണ മെഡലും ദേശീയ തലത്തിൽ വെള്ളിമെഡലുകളും വിവിധ മത്സരങ്ങളിൽ നിന്നും ആൽഫിയ വാരിക്കൂട്ടി. അപകടത്തിൽ നെഞ്ചിന് പരുക്കേറ്റിരുന്നതിനാൽ അധികനാൾ വെയ്റ്റ് ലിഫ്റ്റിങ്ങ് തുടരനാകില്ലെന്ന് തിരിച്ചറിഞ്ഞ ആൽഫിയ ഏതെങ്കിലുമൊരു വ്യക്തിഗത കായിക ഇനം പഠിക്കണമെന്ന തീരുമാനത്തിലെത്തുന്നതും ബാഡ്മിന്റൺ തിരഞ്ഞെടുക്കുന്നതും പിന്നാലെയാണ്. കാക്കനാട് നിന്നുകൊണ്ട് തന്നെയായിരുന്നു ബാഡ്മിന്റൺ പരിശീലനവും മത്സരങ്ങളിലെ പങ്കെടുക്കലുമെല്ലാം ചെയ്തിരുന്നത്. ഇതിനിടെ ഡിഗ്രി പൂർത്തിയാക്കിയ ആൽഫിയയ്ക്ക് ദുബായ് ആസ്ഥാനമായുള്ള എലയ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനി സ്പോൺസർഷിപ്പും ജോലിയും വാഗ്ദാനം ചെയ്തു. അങ്ങനെ ആൽഫിയ തന്റെ സ്വപ്നങ്ങളെ ദുബായിലേയ്ക്ക് പറിച്ചുനട്ടു. 

alphiya1
ആൽഫിയ ജെയിംസ്, Image Credits: Instagram/the_lady_marvellous

കളിയാക്കിയവർക്കും തള്ളിപ്പറഞ്ഞവർക്കും ജീവിതം കൊണ്ട് മറുപടി പറയുന്നവൾ 
അവിടുന്നങ്ങോട്ട് വിജയങ്ങളുടെ ജൈത്രയാത്രയായിരുന്നു ആൽഫിയുടെ ജീവിതത്തിൽ. പങ്കെടുത്ത ആദ്യ ചാംപ്യൻഷിപ്പിൽ തന്നെ ഇരട്ട സ്വർണം നേടി ആൽഫിയ ചരിത്രം സൃഷ്‌ടിച്ചു. പാരാ ബാഡ്മിന്റണിൽ ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങി. ഇന്ത്യയെ പ്രതിനിധീകരിച്ചു ഫസ ബാഡ്‌മിന്റണിൽ പങ്കെടുത്തു. തുടർച്ചയായി രണ്ടു തവണ ദേശീയ ചാംപ്യനായ ആൽഫിയ ഇപ്പോൾ ലോകറാങ്കിങ്ങിൽ 12ആം സ്‌ഥാനത്താണ്. 

തള്ളിപ്പറഞ്ഞവർക്കും കൂടെനിൽക്കാത്തവർക്കുമെല്ലാം തന്റെ പുഞ്ചിരികൊണ്ടാണ് ഈ മിടുക്കി മറുപടി പറയുന്നത്. അപകടം ഉണ്ടായപ്പോഴും പിന്നീടിങ്ങോട്ടും തനിക്ക് താങ്ങും പിന്തുണയുമായി കുടെയുള്ളത് അമ്മ മാത്രമാണെന്നും തന്റെ കഴിവും ധൈര്യവും കൊണ്ട് തന്നെയാണ് ഇവിടെ വരെയെത്തിയതെന്നും ആൽഫിയ അഭിമാനത്തോടെ പറയുന്നു. “പലപ്പോഴും മതി ഇവിടെ നിർത്താം, എനിക്ക് പറ്റില്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ നമ്മുടെ ഉള്ളിലെ സ്പോർട്സ്മാൻ സ്പിരിറ്റാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. ആ ഒരു ധൈര്യം ഉള്ളതുകൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് ഇതൊക്കെ ചെയ്യാനാകുന്നതും. പലരും എന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്, കളിയാക്കിയിട്ടുണ്ട്, നമുക്കെല്ലാം ഒരു ജീവിതമേയുളളു, കുറവുകളും പോരായ്മകളുമുണ്ടാകും. പക്ഷേ അതൊക്കെ ഒരു അരികിലേക്ക് നീക്കിവച്ച് അർപ്പണബോധത്തോടെ, ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴാണ് നമ്മൾ വിജയിക്കുക.” ആൽഫിയ പറഞ്ഞു നിർത്തി. 

alphiya
ആൽഫിയ ജെയിംസ്, Image Credits: Instagram/the_lady_marvellous

ഈ വാക്കുകൾ മതി ആൽഫിയയുടെ ഉള്ളിലെ കനലിന്റെ ചൂടറിയാൻ. സ്വന്തം ജീവിതം തന്നെ ഒരു വലിയ പാഠപുസ്തകമായി ഈ മിടുക്കി നമുക്കുമുമ്പിൽ തുറന്നുവെക്കുകയാണ്. 2026 ലെ ഏഷ്യൽ ഗെയിംസിനുള്ള തയാറെടുപ്പിലാണ് ആൽഫിയ ഇപ്പോൾ. ഒപ്പം ഈ വർഷം തന്ന നിരവധി ഇന്റർനാഷണൽ ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കാനുണ്ട്. മത്സരവേദികളിലേക്ക്  വിശ്രമമില്ലാതെ സഞ്ചരിക്കുമ്പോൾ തന്റെ തളർന്നുപോയ കാലുകളെക്കുറിച്ചോർത്ത് അവൾ ദുഃഖിക്കാറില്ല. 

English Summary:

The Inspirational Journey of Para-Badminton Star Alfia James

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com