പിസി ജോർജ്
PC George

കേരള ജനപക്ഷം (സെക്യുലർ) പാർട്ടിയുടെ ചെയർമാൻ. പൂഞ്ഞാർ മുൻ എംഎഎൽ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, 2011 മുതൽ 2015വരെ ചീഫ് വിപ് സ്ഥാനം വഹിച്ചു. 2015ൽ കേരള കോൺഗ്രസ് എമ്മിൽനിന്നു പുറത്തായി. 

ജീവിതം

1951 ഓഗസ്റ്റ് 28ന് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകനായി ജനിച്ചു. ഈരാറ്റുപേട്ട സ്വദേശിയാണ്. കെഎസ്‌സി പ്രവർത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി. 1977ലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ വി.ജെ.ജോസഫിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനൊടുവിൽ കേരള കോൺഗ്രസ് എമ്മിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്ന് ആ പാർട്ടിയുടെ ലീഡർ സ്ഥാനം വഹിച്ചു. 2004 മേയ് 31വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. 

തുടർന്ന് ആ പാർട്ടിയിൽനിന്ന് മാറി കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചു. ആ സമയത്ത് പി.സി. ജോർജ് എൽഡിഎഫിൽ അംഗമായിരുന്നു. അതിനുശേഷം സെക്യുലർ പാർട്ടി കേരള കോൺഗ്രസ് എമ്മിൽ ലയിച്ച് യുഡിഎഫ് അംഗമായി. 2015ൽ കേരള കോൺ. മാണിയിൽനിന്നു പുറത്തായി. 2016ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു. 2017ൽ കേരള ജനപക്ഷം (സെക്യുലർ) പാർട്ടിക്ക് രൂപം നൽകി. 2018ൽ എൻഡിഎയിൽ നിയമസഭയിൽ ഒരു ബ്ലോക്കായി. 2019ൽ എൻഡിഎ വിട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് പരാജയപ്പെട്ടു.