ADVERTISEMENT

ഇന്ത്യയിലെ റോഡ് യാത്രകൾ ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം മനസ്, കാഴ്ചകൾ കൊണ്ടു നിറയ്ക്കുന്ന  അനുഭവമാണ്. ഒരു റോഡ് യാത്രയിൽ, ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള മാറ്റം നിങ്ങൾക്ക് കാണാൻ കഴിയും. മണ്ണും വെള്ളവും സംസ്‌കാരവും സാവധാനം മാറുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നമുക്ക് ആ യാത്രയിൽ അറുത്തറിയാം. ഇഷ്ടമുള്ളയിടത്തു നിർത്തി അനുഭവിക്കാനുള്ളതും കാണാനുള്ളതുമെല്ലാം ആഴങ്ങളിലറിഞ്ഞൊരു യാത്ര അതാണ് റോഡ് ട്രിപ്പ്. നിരവധി പ്രശസ്തമായ റോഡ് ട്രിപ്പുകൾ ഇന്ത്യയിൽ ഉടനീളമുണ്ടെങ്കിലും അധികമാരും തിരഞ്ഞെടുക്കാത്ത ചില മനോഹരമായ റോഡ് യാത്രകൾ ഇതാ. അടുത്ത തവണ വണ്ടിയുമായി ഇറങ്ങുമ്പോൾ ഒന്ന് റൂട്ട് മാറ്റി പിടിച്ചു നോക്കാം. 

Read Also : മനസ്സിൽ ലഡ്ഡു പൊട്ടും ഗോവൻ റോഡ് ട്രിപ്...

മഴക്കാലത്തെ കൊങ്കൺ റോഡ് ട്രിപ്

കൊങ്കണും മൺസൂണും പര്യായങ്ങളാണ്. ഏകദേശം 6 മാസത്തോളം മഴ പെയ്യുന്ന പ്രദേശമാണിത്. ഗോവയിൽ നിന്ന് രത്‌നഗിരിയിലേക്കോ തിരിച്ചോ വണ്ടിയോടിക്കുമ്പോൾ നിങ്ങൾ കാണുന്നത് പച്ച നിറങ്ങളാൽ ചുറ്റപ്പെട്ട ചാരനിറത്തിലുള്ള ഇടുങ്ങിയ റോഡുകളായിരിക്കും. റോഡരികിൽ എവിടെയും വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷപ്പെടാം. വെള്ളച്ചാട്ടങ്ങളാൽ ചുറ്റപ്പെട്ട ഏറ്റവും മികച്ച സ്ഥലം അംബോലി ഘട്ടുകളാണ്. എന്നാൽ സാവ്ദവ് വെള്ളച്ചാട്ടം, മർലേശ്വർ വെള്ളച്ചാട്ടം എന്നിവ പോലെ വേറെയും വെള്ളച്ചാട്ടങ്ങളുണ്ട് .ലാൻഡ്‌സ്‌കേപ്പും വെള്ളച്ചാട്ടവും ആസ്വദിക്കാൻ നിങ്ങൾക്കു കൊങ്കൺ റെയിൽവേയും ഉപയോഗിക്കാം. ഈ റോഡ് യാത്രയ്ക്കു ഏറ്റവും മികച്ചത് മഴക്കാലമാണ്.

ശ്രീനഗർ-ലേ റോഡ് യാത്ര

ഹൗസ്‌ബോട്ടുകൾ നിറഞ്ഞ മനോഹരമായ ദാൽ തടാകത്തിന് ചുറ്റുമുള്ള അതിമനോഹരമായ നഗരമാണ് ശ്രീനഗർ. ലേയിലേക്ക് ഡ്രൈവ് ആരംഭിച്ച്, മനോഹരമായ പഹൽഗാമിലൂടെ കടന്നുപോകുന്നു. അമർനാഥ് യാത്രയുടെ സമയമാണെങ്കിൽ, ബാൽത്താലിൽ തീർഥാടക ക്യാംപുകൾ കാണാം. ഹെലികോപ്റ്ററുകൾ തീർഥാടകരെ മലമുകളിലേക്കു കൊണ്ടുപോകുന്നതു കാണാൻ നല്ല രസമാണ്. സോസി ലാ പാസിൽ ലാൻഡ്‌സ്‌കേപ്പ് മാറുന്നു, പച്ചപ്പും നിറങ്ങളും ലഡാക്കിലെ തരിശായ പർവതങ്ങൾക്ക് വഴിയൊരുക്കുന്നു. ദ്രാസ് യുദ്ധസ്മാരകത്തിൽ നിർത്തി കാർഗിലിൽ കുറച്ച് സമയം ചെലവഴിക്കാം. ലാമയുരു ആശ്രമത്തിന് സമീപമുള്ള ചന്ദ്രനെപ്പോലെയുള്ള ലാൻഡ്‌സ്‌കേപ്പ് നോക്കി കാണാം. അല്ലെങ്കിൽ അൽചിൻ മൊണാസ്ട്രിയുടെ പുരാതന പെയിന്റിംഗുകൾ കണ്ടാസ്വദിക്കാം.  

അരുണാചലിലെ ബോംഡില വഴി തവാങ്ങിലേക്ക് 

അസം-അരുണാചൽ അതിർത്തിയിലെ തേസ്പൂരിൽ നിന്നു നിങ്ങൾക്ക് ഈ യാത്ര ആരംഭിക്കാം. അല്ലെങ്കിൽ അരുണാചലിലെ ഭാലുക്‌പോങ്ങിൽ തുടങ്ങുന്ന റൂട്ട് തെരഞ്ഞെടുക്കാം. പർവതനിരകളിൽ പച്ചനിറം പൊതിഞ്ഞ ഏറ്റവും മനോഹരമായ താഴ്‌വരകളിലൊന്നാണ് ടെങ്ക താഴ്‌വര. കിവി തോട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഈ അരുണാചൽ റോഡ് ട്രിപ്പിന്റെ ഡിഫോൾട്ട് ഹാൾട്ടാണ് ബോംഡില. പർവതങ്ങളിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടുമെങ്കിലും വേനൽക്കാലം നല്ല സമയമാണ്.

ജോധ്പൂർ മുതൽ ജയ്സാൽമീർ വരെ 

ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമാണ് രാജസ്ഥാൻ.വിശാലമായ താർ മരുഭൂമിയിലൂടെയുള്ള യാത്ര ഒരു അനുഭവമാണ്. തിരക്കില്ലാത്ത റോഡ് ആയതിനാൽ അനന്തതയിലേക്ക് ഡ്രൈവ് ചെയ്യുന്നതായി നിങ്ങൾക്ക് തോന്നും. ജയ്സാൽമീർ നഗരം അല്ലെങ്കിൽ കുൽധാര എന്ന പ്രേത നഗരം സന്ദർശിക്കാം.അല്ലെങ്കിൽ ലോദുർവ പോലുള്ള ജൈന ക്ഷേത്രങ്ങൾ കാണാൻ പോകാം. മഞ്ഞുകാലമാണ് ഈ യാത്രയ്ക്ക് പറ്റിയ സമയം.

Read Also : തഞ്ചാവൂർ ക്ഷേത്രം; ഈ കൽവിസ്മയത്തിൽ കേരളത്തെ ബന്ധിപ്പിക്കുന്നൊരു കവാടമുണ്ട്...

തമിഴ്‌നാട്ടിലെ ചോള ക്ഷേത്ര പാത

ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന തമിഴ്‌നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡ്, കാണാൻ നിരവധി ക്ഷേത്രങ്ങളുള്ള മഹാബലിപുരത്തിലൂടെയുള്ള മനോഹരമായ ഒരു ഡ്രൈവാണ്. കുറച്ചു കൂടി മുന്നോട്ടു പോയാൽ ചിദംബരത്തിലെ നടരാജ ക്ഷേത്രവും കാണാം. കുംഭകോണം ലക്ഷ്യമാക്കി ഒരു ചെറിയ വഴിയിലൂടെ തഞ്ചാവൂരിലേക്കു പോകുക. തഞ്ചാവൂരിലെ ബൃഹ്ദീശ്വര ക്ഷേത്രം, അടുത്തുള്ള ഗംഗൈകൊണ്ടചോളപുരം,ദാരാസുരത്തിലെ ഐരാതേശ്വര ക്ഷേത്രങ്ങൾ എന്നിവയും ഈ ഡ്രൈവിലൂടെ സാധ്യമാകുന്ന കാഴ്ചകളാണ്. അൽപം കൂടി മുന്നോട്ടുപോയാൽ, ശ്രീരംഗത്തേയ്ക്കോ തിരുച്ചിറപ്പള്ളിയോ ട്രിച്ചിയോ സന്ദർശിക്കാം .ചോളരുടെ ചരിത്രപ്രസിദ്ധമായ ക്ഷേത്ര പാതയിലൂടെ കടന്നു പോകുന്ന റോഡാണിത്.

എംപിയിലെ ക്വീൻസ് ട്രയൽ

പ്രശസ്തമായ നർമ്മദ പരിക്രമ ഉൾപ്പെടെ നിരവധി റോഡ് യാത്രകൾ ഇവിടെയുണ്ട്. എങ്കിലും രാജ്ഞികൾക്ക് പേരുകേട്ട നഗരങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ഒരു ചെറിയ വഴിയെ കുറിച്ച് പറയാം. ഇൻഡോറിൽ നിന്ന് യാത്ര ആരംഭിച്ച് മണ്ഡുവിലേക്ക് ഡ്രൈവ് ചെയ്യാം. റാണി രൂപമതി എന്ന രാജ്ഞിയുടെ പേരിലാണ് മാണ്ഡു അറിയപ്പെടുന്നത്.ഇവിടെ നിന്ന് രാജ്ഞി അഹല്യ ബായി ഹോൾക്കർ നിർമ്മിച്ച മഹേശ്വരിലേക്ക് ഡ്രൈവ് ചെയ്യാം. നർമ്മദയുടെ തീരത്തുള്ള ഏറ്റവും മനോഹരമായ നദീതീരമാണിത്.

Content Summary : These are just a few of the many beautiful Indian road trips that you can take. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com