ADVERTISEMENT

ഇടുക്കിയിലേക്കുള്ള ഓരോ ബൈക്ക് ട്രിപ്പും ഓരോ അനുഭവമാണ്. ഇത്തവണ മഴ പെയ്തുകഴിഞ്ഞാൽ ആനന്ദക്കണ്ണീരൊഴുക്കുന്നൊരു റോഡിലൂടെ വൺഡേ റൈഡ് ചെയ്തുവരാം. എകാന്തമായ റോഡ്, ഇടതുവശം പുഴ. വലതുവശം കുന്നിൻചെരിവും കാടും, പുഴയിലേക്കു ചേരുന്ന ഒട്ടേറെ കുഞ്ഞുവെള്ളച്ചാട്ടങ്ങൾ... രസമുള്ളൊരു വഴിയാണിത്. 

Read Also : ആദ്യ പ്രണയം ജീപ്പിനോട്; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡില്‍ ഇടം പിടിച്ച യാത്രാ വിശേഷങ്ങളുമായി എമില്‍ ജോർജ്
 

Neriamangalam Munnar
ഇടുക്കിയിലേക്കുള്ള ഓരോ ബൈക്ക് ട്രിപ്പും ഓരോ അനുഭവമാണ്. Image Credit : Praveen Elayi

റൂട്ട് ഇങ്ങനെ 

Neriamangalam Munnar
വഴിയിൽ വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങൾ ഈ വഴിയുടെ സവിശേഷതയാണ്. Image Credit : Praveen Elayi

 

വൈറ്റിലയിൽ തുടങ്ങി തൃപ്പൂണിത്തുറ - കോലഞ്ചേരി- മൂവാറ്റുപുഴ- കോതമംഗലം- നേര്യമംഗലം. (ഈ റൂട്ടിലൂടെ രാവിലെ പാസ് ചെയ്യണം. എങ്കിൽ തിരക്കുകളൊക്കെ ഒഴിവാക്കാം). പിന്നെ കോതമംഗലം നേര്യമംഗലം റോഡ്. മൂന്നാറിലേക്കുള്ളതാണ് ആ പാത. നേര്യമംഗലം പാലം കയറാതെ വലത്തോട്ട് ഇടുക്കി റൂട്ടിലേക്കാണു നമുക്കു തിരിയേണ്ടത്. ഇതിലൂടെയുള്ള 33 കിലോമീറ്റർ ദൂരമാണ് നമ്മുടെ ബൈക്ക് റൈഡിന്റെ ആകർഷണം. 

Neriamangalam Munnar
പനംകുട്ടി ചപ്പാത്തിലെ ജലസമാഗമം. Image Credit : Praveen Elayi

നല്ല വഴിയാണ്. പലയിടത്തും ഇല്ലിക്കാടുകളുടെ മേളം. ആനകളെ അപൂർവമായി കാണാം ഇവിടെ. 

 

Neriamangalam Munnar
നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള കെട്ടിടങ്ങൾ. Image Credit : Praveen Elayi

വഴിയിൽ ഏറെ വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങൾ ഈ വഴിയുടെ സവിശേഷതയാണെന്ന് പറഞ്ഞല്ലോ. അതിൽ ഏറ്റവും വലുത് പാംബ്ളാ വെള്ളച്ചാട്ടമാണ്. പല പക്ഷേ അധികമാരും ഇവിടെ സന്ദർശിക്കാറില്ല. ഇറങ്ങുന്നത് അപകടമാണ്. കണ്ടു പോവുക. പിന്നെയൊരു കാര്യം- ചെറിയ വഴിയായതിനാൽ ബൈക്ക് നിർത്താൻ പോലും ചിലപ്പോൾ പ്രയാസമായിരിക്കും എന്നതാണ്. 

 

Neriamangalam Munnar
പെരിയാർ , Image Credit : Praveen Elayi

മഴക്കാലത്ത് പെരിയാർ കലി കൊണ്ടു കലങ്ങിയൊഴുകും. ആ ഒഴുക്കിനെതിരെയാണ് നമ്മൾ സമാന്തരമായി റൈഡ് ചെയ്യുന്നത്.  പലപ്പോഴും യാത്ര കുന്നിന്റെ ഏറ്റവും മുകളിലൂടെയാകും. അപ്പോൾ പെരിയാർ അങ്ങു താഴെ വല്ലതെ ചെറുതാകും. വഴിയിലെങ്ങും പുഴയൊഴുകുന്നതിന്റെ ശബ്ദമാണ്. 

Neriamangalam Munnar
ഒരു ദിവസം നല്ലൊരു റൂട്ടിലൂടെ റൈഡ് ചെയ്യണം എന്നുള്ളവർക്ക് നേര്യമംഗലം കല്ലാർകുട്ടി വഴി നല്ലൊരു വഴിയാണ്. Image Credit : Praveen Elayi

 

ഈ റൂട്ട് സോളോ യാത്രയ്ക്കും ഗ്യാങ് ട്രിപ്പിനും ഒരു പോലെ യോജിച്ചതാണ്.

 

പനംകുട്ടി പാലം എത്തുന്നതിനു മുൻപ് നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ  ഭാഗമായുള്ള കെട്ടിടങ്ങൾ കാണാം പുഴയുടെ അക്കരെ. പാലത്തിൽ നിന്നാൽ പെരിയാറങ്ങനെ കലങ്ങിയൊഴുകിപ്പോകുന്നത് ആസ്വദിക്കാം. ഈ പാലം പുഴയ്ക്കു കുറുകെ മാത്രമല്ല, അങ്ങേ മലയിലേക്കു കൂടിയാണ്. 

 

ഇതുവരെ റോഡിന്റെ ഇടത്തായിരുന്നു പുഴ. ഇനി ജലമൊഴുകുന്നതു നമ്മുടെ വലതുവശത്തുകൂടിയാണ്. 

 

മുകളിലോട്ടു പോകുമ്പോൾ ഇടുക്കി ഡാമിൽനിന്നുള്ള നീരൊഴുക്ക് മൂന്നാറിൽനിന്നു വരുന്ന മുതിരപ്പുഴയാറിലേക്കു ചെന്നെത്തുന്നതു കാണാം. ആ സംഗമം നന്നായി കാണണമെങ്കിൽ മെയിൻ റോഡിൽനിന്നു പനംകുട്ടി ചപ്പാത്തിലേക്കു റൈഡ് ചെയ്യണം. താഴെയാണ് ആ ജലസമാഗമം. പിന്നെയതു പെരിയാറായി ഒഴുകിപ്പോകുന്നു. 

 

ഇത്രയും കാഴ്ചകൾ സമയമെടുത്തു കണ്ടാസ്വദിച്ചു ചെല്ലുന്നത് കല്ലാർകൂട്ടി ഡാമിനടുത്തേക്ക്. വീണ്ടും ഇടുക്കിയിലേക്കു പോകണമെങ്കിൽ കല്ലാർകുട്ടി പാലം കടന്നു പോകാം.  കല്ലാർകുട്ടിയിൽ നമുക്കൊരു ആർട്ടിസ്റ്റിനെ പരിചയപ്പെടാം– സിജു അംബിക വാസു. ജീവൻ തുടിക്കുന്ന പോർട്രെയ്റ്റസ് ഇദ്ദേഹം വരച്ചു തരും. നമ്മുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാം.   

 

കല്ലാർകുട്ടി ചെറിയൊരു കവലയാണ്. അവിടെനിന്നൊരു ചൂടുകട്ടൻ കുടിച്ച ശേഷം തിരികെ റൈഡ് ചെയ്യാം. 

 

ഒന്നുകിൽ ഇതേ റൂട്ടിലൂടെ തിരികെപ്പോരാം. പക്ഷെ, രാത്രിയിൽ കൂടുതൽ സുരക്ഷിതവും ഗതാഗതമുള്ളതുമായ അടിമാലി നേര്യമംഗലം റോഡ് പിടിക്കുകയാണ് ഉചിതം. കല്ലാർകുട്ടിയിൽനിന്ന് അടിമാലിയിലേക്ക് വെറും ഒൻപതു കിലോമീറ്റർ ദൂരമേയുള്ളൂ. 

 

ഒരു ദിവസം നല്ലൊരു റൂട്ടിലൂടെ റൈഡ് ചെയ്യണം എന്നുള്ളവർക്ക് നേര്യമംഗലം കല്ലാർകുട്ടി വഴി നല്ലൊരു ചോയ്സ് ആണ്. മുന്നോട്ടു പോകുകയാണെങ്കിൽ ഇടുക്കിയിലെ മറ്റു സുന്ദരമായ കാഴ്ചകളുണ്ട്.

ശ്രദ്ധിക്കേണ്ടത്

∙ ഈ റൂട്ടിൽ രാത്രിയാത്ര നല്ലതല്ല. കാരണം ടയർ ഒന്നു പംക്ചർ ആയാൽ പോലും സഹായിക്കാൻ പലയിടത്തും ആളുണ്ടാകില്ല .
∙ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങരുത്.
∙  മലയോടു ചേർത്തു വാഹനം നിർത്തരുത്.
∙  റൂട്ടിൽ ചെറിയ കടകളേ ഉള്ളൂ.
∙ വാഹനത്തിനു പെട്രോൾ നേരിയമംഗലം ടൗണിൽ നിന്നു നിറയ്ക്കാം
∙ വഴി വിജനമാണെന്നു കരുതി വേഗമെടുക്കരുത്. ഇതേ ചിന്തയിൽ എതിരെ നിന്നും വാഹനങ്ങൾ വരാം. മറ്റൊന്ന് റോഡ് വീതി കുറഞ്ഞതാണ്.

Content Summary : The Monsoon travel from Neriamangalam to Munnar is sure to be a memorable one.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com