ഏറ്റവും അടുപ്പമുള്ളവരായിട്ടും ഞങ്ങൾ ഒരുമിച്ചെവിടെയും പോയിട്ടില്ല: അനുമോൾ
Mail This Article
അനുമോളുടെ യാത്രകളെ നമ്മളൊക്കെ അടുത്തറിയുന്നത് ‘അനുയാത്രകളി’ലൂടെയാണ്. അഭിനയംപോലെയാണ് അനുമോൾക്ക് യാത്രകളും. രണ്ടിനോടും അടങ്ങാത്ത അഭിനിവേശമാണ്. യാത്രകളെ പ്രണയിക്കുന്ന ഒരുവൾ ജീവിതത്തെ ഏറ്റവും അടുത്തറിയുന്നവൾ കൂടിയാകും. ചില കഥാപാത്രങ്ങളുണ്ട്, നമ്മുടെ ഉള്ളിന്റെയുള്ളിലിരുന്ന് കൊളുത്തിവലിക്കും. അനുമോളെ നമ്മൾ അറിയുന്നത് അത്തരം ചില കഥാപാത്രങ്ങളിലൂടെയാണ്. അനു ഒറ്റയ്ക്കാണ് മിക്കവാറും യാത്രകൾ നടത്താറുള്ളത്. ഏറ്റവും പുതിയ യാത്രാവിശേഷം പക്ഷേ ഒരു ഗേൾസ് ഒൺലി ട്രിപ്പിന്റേതാണ്.
ഗേൾസ് ഗ്യാങ് ഇൻ വർക്കല
എല്ലാ കുടുംബത്തിലുമുണ്ടാകും കസിൻസിന്റെ സുഹൃദ് വലയങ്ങൾ. ചിലപ്പോൾ പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെങ്കിലും കുസൃതികളും ചിന്തകളും ഇഷ്ടങ്ങളുമെല്ലാം ഏറെക്കുറെ സാമ്യമുള്ളതായിരിക്കും. അനുവും സഹേദരിമാരും വ്യത്യസ്ത ചിന്താഗതിക്കാരാണെങ്കിലും നല്ല സുഹൃത്തുക്കളാണ്. സമയം കിട്ടുമ്പോഴെല്ലാം ഒത്തുകൂടാറുണ്ട്. എന്നാൽ നാലുപേർക്കുമുണ്ടായിരുന്ന ഒരു സങ്കടം ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല എന്നതായിരുന്നു. ഇനി അനുവിന്റെ വാക്കുകളിലൂടെ.
‘‘ഞങ്ങൾ നല്ല ഫ്രണ്ട്സാണ്. സമയം കിട്ടുമ്പോഴെല്ലാം ഒത്തുകൂടും. എന്നാൽ പല ഗ്യാങ്ങുകളിലും സംഭവിക്കുന്നതുപോലെ ഞങ്ങളുടെ ട്രിപ്പുകളും പ്ലാനുകളിൽ മാത്രം ഒതുങ്ങിപ്പോയി. യാത്രകളിലൂടെ സമ്പാദിക്കുന്ന ഓർമകൾക്ക് വല്ലാത്തൊരു മധുരമാണ്. പദ്ധതികൾ നീണ്ടു പോകുന്നതു കണ്ടപ്പോൾ, ഇങ്ങനെയായാൽ ശരിയാവില്ല, നമുക്ക് ഒരു യാത്ര പോയേ പറ്റൂവെന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ പെട്ടെന്ന് പ്ലാൻ ചെയ്ത് നടത്തിയ യാത്രയായിരുന്നു വർക്കലയിലേക്ക്.
എന്റെ അനിയത്തി ബെംഗളൂരുവിലാണ്. ഞാനും അവളും കൊച്ചിയിലുള്ള രണ്ട് കസിൻ സിസ്റ്റേഴ്സും കൂടിയാണ് യാത്ര തിരിച്ചത്. യാത്ര പുറപ്പെട്ടതു മുതൽ ഭയങ്കര രസമായിരുന്നു. കൊച്ചിയിലെ എന്റെ ഫ്ലാറ്റിൽനിന്നു ഞാനും അനിയത്തിയും മറ്റു രണ്ടുപേരെ പിക് ചെയ്യാനായി റെഡിയായി ഇറങ്ങുന്ന സമയം. അവരോട് ഞങ്ങൾ ഇറങ്ങിയെന്നു വിളിച്ചുപറയുകയും ചെയ്തു. ഞാൻ തന്നെയായിരുന്നു ഡ്രൈവ് ചെയ്തത്. ലഗേജ് എല്ലാം എടുത്ത് ബൂട്ടിൽ വയ്ക്കണമെന്ന് അനിയത്തിയോടു പറഞ്ഞ് ഞാൻ ഡ്രൈവിങ് സീറ്റിലേക്കു കയറി. തൊട്ടുപുറകേ അവളും കയറിയതോടെ ഞങ്ങൾ ബാക്കിയുള്ളവരെ വിളിക്കാനായി ചെന്നു. അവരുടെ അടുത്തെത്തിയപ്പോഴാണ് ഒരു അമളി പറ്റിയത് തിരിച്ചറിഞ്ഞത്. ലഗേജ് ഫ്ലാറ്റിൽത്തന്നെ ഇരിക്കുകയാണ്. അനിയത്തി അത് എടുത്തു കാറിൽ വച്ചിരുന്നില്ല. പിന്നെ തിരിച്ചു ചെന്ന് അതൊക്കെ എടുത്താണ് യാത്ര തുടർന്നത്. ഉച്ചയോടെ വർക്കലയിലെത്തി. റിസോർട്ട് നേരത്തേ ബുക്ക് ചെയ്തിരുന്നു. വർക്കല ക്ലിഫ് സ്റ്റോറീസ് എന്ന റിസോർട്ടിലായിരുന്നു താമസം.
മണിക്കൂറുകളോളം പൂളിൽ, മഴ നനഞ്ഞു
യാത്രയുടെ ക്ഷീണമെല്ലാം മാറിയപ്പോൾ ഞങ്ങൾ പൂളിലേക്ക് ഇറങ്ങി. ഇൻഫിനിറ്റി പൂളിലേക്ക് നാലുംകൂടി എടുത്തു ചാടി. എനിക്ക് നീന്താനറിയാം. എന്നാൽ അനിയത്തിക്ക് നീന്തലറിയില്ല. പക്ഷേ പൂളിലിറങ്ങിയതോടെ ആൾ ഭയങ്കര നീന്തലഭ്യാസമായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ പൂളിൽ ചെലവിട്ടു. ബീച്ചിന്റെ അതിമനോഹരമായ വ്യൂ ഉള്ള ഒരു പൂളാണത്, കടലിന്റെ ഇരമ്പൽ കേട്ട്, വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പിൽ ആ പൂളിലങ്ങനെ കിടന്നപ്പോൾ ഞങ്ങൾ നാലുപേർക്കും ഒരേ മനസ്സായിരുന്നു. പിന്നീട് വർക്കല ക്ലിഫ് അടക്കമുള്ള സ്ഥലങ്ങളിലേക്കു പോയി. കടലും മലമേടുകളും മുട്ടിയുരുമ്മി നിൽക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ അപൂർവതയും ആസ്വദിച്ച് നല്ലൊരു സൂര്യാസ്തമയവും കണ്ടു മടങ്ങാം വർക്കല ബീച്ചിൽ നിന്നും. ഞങ്ങൾ ക്ലിഫിൽ നിൽക്കുമ്പോൾ പെട്ടെന്ന് മഴ പെയ്തു., എല്ലാവരും നനഞ്ഞു, പക്ഷേ നല്ല രസമുണ്ടായിരുന്നു.
കണ്ണിലും മൂക്കിലുമെല്ലാം ഉപ്പുവെള്ളം കയറുമെന്ന പേടിയായിരുന്നു
കസിൻസ് ഇതിന് മുമ്പ് സർഫിങ് ചെയ്തിട്ടുണ്ട്. അവരുടെ വാക്കു കേട്ട്, ഒന്ന് ട്രൈ ചെയ്യാമെന്നു കരുതി. മൂൺ വേവ് സർഫിങ് സ്കൂളിനെക്കുറിച്ച് ഒരു സുഹൃത്താണ് പറഞ്ഞുതന്നത്. അങ്ങനെ പിറ്റേന്ന് അതിരാവിലെ സർഫിങ്ങിനായി എല്ലാവരും ബീച്ചിലെത്തി. ആദ്യം അവർ നമ്മുടെ സമ്മതപത്രമടക്കമുള്ള കാര്യങ്ങൾ എഴുതിവാങ്ങും. തുടർന്ന് ചെറിയൊരു ക്ലാസും നൽകും. ഞാൻ ആദ്യമായിട്ടാണ് സർഫിങ് ചെയ്യുന്നത്. മറ്റുള്ളവർ മുൻപ് ചെയ്തിട്ടുണ്ട്. ആദ്യം ചെറിയൊരു പേടിയുണ്ടായിരുന്നു. കാരണം ഉപ്പുവെള്ളം കണ്ണിലും മൂക്കിലുമെല്ലാം കയറിയാൽ ചെറിയ നീറ്റലും മറ്റുമുണ്ടാകുമല്ലോ. എന്നാൽ കടലിറങ്ങിയതോടെ ആ പേടിയെല്ലാം പറപറ പറന്നു. ആദ്യം കുറേ പ്രാവശ്യം വീണു. എന്നാലും നല്ല രസമായിരുന്നു. തിരകൾക്ക് മുകളിലൂടെ നമ്മൾ ഇങ്ങനെ ഒഴുകിനീങ്ങുന്നത് വല്ലാത്തൊരു ഫീലാണ്. അനിയത്തി ആദ്യം വലിയ ആവേശത്തിലിറങ്ങിയെങ്കിലും പിന്നീട് സർഫിങ് നിർത്തി ഞങ്ങളുടെ വിഡിയോഗ്രാഫറായി മാറി. ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിലും സർഫ് ബോർഡിൽ പകുതിവരെ എങ്കിലും എഴുന്നേറ്റ് നിന്ന് സർഫ് ചെയ്യാനായി എന്നതാണ് എന്റെ സന്തോഷം. നല്ലതുപോലെ പ്രാക്റ്റീസ് ചെയ്താൽ പൂർണമായും എഴുന്നേറ്റ് നിന്ന് സർഫ് ചെയ്യാനാകുമെന്ന് പരിശീലനം നൽകാൻ വന്നയാൾ പറയുകയും ചെയ്തപ്പോൾ എന്റെ ആത്മവിശ്വാസം കൂടി. കുറേ നല്ല ഓർമകളുമായാണ് അവിടെനിന്നു മടങ്ങിയത്.
വാഗമണിലെ മഞ്ഞുകൂടാരവും പ്രിയ സുഹൃത്തും
പ്രിയസുഹൃത്ത് ഇവയ്ക്കൊപ്പം വാഗമണിലേക്കു നടത്തിയ യാത്ര മറക്കാനാവില്ല. ഇവയുടെ പിറന്നാൾ ആഘോഷിക്കാനാണ് വാഗമണിലേയ്ക്കു പോയത്. ഇൻസ്റ്റയിലും മറ്റും ട്രെൻഡിങ്ങായ ഗ്ലാംപിങ് റിസോർട്ടുകളിലൊന്നായ ഹോളിഡേ വാഗമണിലായിരുന്നു താമസം. ഒരു സുഹൃത്താണ് ഇതിനെക്കുറിച്ച് പറഞ്ഞത്. അവിടെ ചെന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. മേയ് മാസത്തിലായിരുന്നു യാത്ര. ഇവ മുംബൈയിൽനിന്നു കൊച്ചിയിലെത്തി. കൊച്ചിയിലെ കൊടുംചൂടിൽ നിന്നുമാണ് ഞങ്ങൾ വാഗമണിലേക്കു പോകുന്നത്. എന്നാൽ ആ നാട്ടിലേക്കു പ്രവേശിച്ചതോടെ കാലാവസ്ഥ ആകെ മാറി. ഈ സ്ഥലം കേരളത്തിൽ തന്നെയാണോ എന്ന് സംശയിച്ചുപോയി. അത്ര തണുപ്പുള്ള കാലാവസ്ഥ. കൊച്ചിയിൽനിന്നു പാടേ വ്യത്യസ്തമായ അന്തരീക്ഷം. ആ തണുപ്പ് ഞങ്ങളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും കീഴ്പ്പെടുത്തിക്കളഞ്ഞു. അടുത്ത അദ്ഭുതം റിസോർട്ടായിരുന്നു. പരന്നുകിടക്കുന്ന തേയിലത്തോട്ടത്തിന്റെ നടുക്കായി വലിയൊരു ഗ്ലാസ്ബോൾ. അതിനകത്താണ് താമസം. ഗ്ലാസ് പാളികളിലൂടെ മഞ്ഞ് വന്നിറങ്ങുന്നത് നമുക്ക് അനുഭവച്ചിറിയാം. ഇവ ഭയങ്കര ഹാപ്പിയായി; ഞാനും. ചില യാത്രകൾ അങ്ങനെയാണ്. അപ്രതിക്ഷിതമായ സന്തോഷങ്ങൾ നൽകും. രണ്ടുദിവസം അവിടെ അടിച്ചുപൊളിച്ചാണ് ഞങ്ങൾ മടങ്ങിയത്.