ADVERTISEMENT

ഏറെക്കാലത്തെ പ്ലാനിങ്ങിനു ശേഷം വർഷത്തിലൊരിക്കൽ ഒരു ട്രിപ്പ് പോയിരുന്ന കാലം മാറി. സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും യാത്ര ചെയ്യാൻ ശ്രമിക്കുന്നു. വീക്കെൻഡിലോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ ഉടനെ ട്രിപ്പ് പോകുന്നതാണ് ട്രെൻഡ്. വലിയ യാത്രകൾക്കു പകരം പെട്ടെന്ന് പോയിവരാവുന്ന, ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. പക്ഷേ ഇടുക്കിയിലോ തിരുവനന്തപുരത്തോ ചെന്നാൽ എവിടെയൊക്കെ പോകണമെന്ന് പലർക്കും ആശയക്കുഴപ്പുണ്ടാകും. വെറുതേ ചുറ്റിക്കറങ്ങി സമയം കളയാതെ, ഓരോ സ്ഥലത്തും എവിടെയൊക്കെ പോകാമെന്നു നോക്കിയാലോ? സ്വന്തം വണ്ടിയിൽ യാത്ര ചെയ്യുന്നവർക്കും മറ്റു ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവർക്കും പ്രയോജനകരമാകുന്ന യാത്രാ പ്ലാൻ ഇതാ.

മൂന്നാറും അഞ്ചുരുളി തുരുത്തും (ഇടുക്കി)

ഇടുക്കി ജില്ല തന്നെ ഒരു ‘കാഴ്ചബംഗ്ലാവാ’ണ്. എല്ലാ ജില്ലയിൽ നിന്നുള്ളവരുടേയും പ്രിയ ഡെസ്റ്റിനേഷൻ. അതിരാവിലെ ഇറങ്ങിയാൽ വൈകുന്നേരം വരെ കാണാനുള്ള ധാരാളം സൂപ്പർ സ്പോട്ടുകളുണ്ട് ഇവിടെ. ലിസ്റ്റിൽ ആദ്യം മൂന്നാർ തന്നെ. എന്നാൽ മൂന്നാർ ടൗണിൽ കിടന്നു കറങ്ങാതെ സമീപപ്രദേശങ്ങളിലേക്കു സഞ്ചരിക്കാം. മൂന്നാറിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കൊളുക്കുമല ഇന്ന് എല്ലാവർക്കും അറിയാവുന്ന സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക് അതിരാവിലെ ഒരു ജീപ്പ് സഫാരി നടത്തി ഒരു സൂപ്പർ സൂര്യോദയം കാണാം. ഇരവികുളം നാഷനൽ പാർക്ക്, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ചീയപ്പാറ വെള്ളച്ചാട്ടം, ചിന്നക്കനാൽ, ആനയിറങ്കൽ, പള്ളിവാസൽ എന്നിവയും മൂന്നാർ യാത്രയിൽ തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളാണ്. 

revised_Info_Card_Idukki_mob
Creative Image: ISRO/ Jain David M/ ManoramaOnline
revised_Info_Card_Idukki_mob
Creative Image: ISRO/ Jain David M/ ManoramaOnline

അടുത്തത് അധികമാരും കടന്നു ചെല്ലാത്ത അഞ്ചുരുളി തുരുത്താണ്. കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഈ മനോഹരമായ സ്ഥലം താമസിയാതെ സഞ്ചാരികളുടെ പ്രിയ ലൊക്കേഷനാകും. അദ്ഭുതപ്പെടുത്തുന്ന ടണലും മനോഹരമായൊരു വെള്ളച്ചാട്ടവും കൊണ്ടു തീരുന്നതല്ല അഞ്ചുരുളിയുടെ പ്രകൃതി സൗന്ദര്യം. 

എങ്ങനെ പോകാം 

വടക്കൻ കേരളത്തിലുള്ളവർക്ക് മൂന്നാർ യാത്ര ഇതുവരെ ബുദ്ധിമുട്ടായിരുന്നു. എന്നാലിനി കാസർകോട്ടും കോഴിക്കോട്ടുമൊക്കെയുള്ളവർക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലെത്താം. കാസർകോട് - മൂന്നാർ യാത്രാസമയം ഏകദേശം 11 മണിക്കൂറെടുക്കും. രാത്രി പുറപ്പെട്ട് പിന്നേറ്റ് അതിരാവിലെ എത്തുന്നവിധം യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ധാരാളം സമയം മൂന്നാറിൽ ചെലവഴിക്കാനാകും.

വാഗമണ്ണും ഇല്ലിക്കൽക്കല്ലും (കോട്ടയം)

കോട്ടയം ജില്ലയിലെ അതിപ്രശസ്തമായ രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളാണ് വാഗമണ്ണും ഇല്ലിക്കൽക്കല്ലും. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽക്കല്ല്. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽക്കല്ല് ഉണ്ടായത്. ഇതിൽ ഒന്ന് കുടയുടെ ആകൃതിയിലുള്ളതിനാൽ കുടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിനു വശങ്ങളിൽ ഒരു ചെറിയ കൂനയുള്ളതിനാൽ കൂനു കല്ല് (ഹഞ്ച്ബാക്ക് പാറ) എന്നും. ഈ രണ്ട് കല്ലുകൾക്കിടയിലായി ഇരുപത് അടിയോളം താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുമുണ്ട്. അരുവികളും കാറ്റും മഞ്ഞിൽ പൊതിഞ്ഞ മലനിരകളുമെല്ലാമായി മനസ്സിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകളാണിവിടെയുള്ളത്. ഇവിടുത്തെ തണുപ്പാണ് എന്തിനേക്കാളും ഗംഭീരം. മൂടൽമഞ്ഞുള്ളതുമായ കാലാവസ്ഥയാണ് ഇവിടെ. ആകാശം വ്യക്തമാണെങ്കിൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം.

ഇല്ലിക്കലിനോട് കിടപിടിക്കുന്ന സൗന്ദര്യവും കാലാവസ്ഥയുമാണ് വാഗമണ്ണിലേതും. മൊട്ടക്കുന്നുകളുടെ പരമ്പര തന്നെ നിങ്ങൾക്ക് ഇവിടെ കാണാം. സാഹസിക നടത്തം, പാരാഗ്ലൈഡിങ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻമരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാഗമൺ. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. 

revised_Info_Card___Travel___Weekend_Special_kottayam_mob
Creative Image: ISRO/ Jain David M/ ManoramaOnline
revised_Info_Card___Travel___Weekend_Special_kottayam_mob
Creative Image: ISRO/ Jain David M/ ManoramaOnline

എങ്ങനെ പോകാം 

ട്രെയിൻ വഴിയാണെങ്കിൽ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് കോട്ടയം റയിൽവെ സ്റ്റേഷനിലിറങ്ങി അവിടെനിന്നു ബസിലോ ടാക്സിയിലോ എത്താം. കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിൽനിന്ന് അടക്കം വാഗമൺ, ഇല്ലിക്കൽക്കല്ല്  സ്പെഷൽ സർവീസുകളും നടത്തുന്നുണ്ട്. 

∙ വയനാടൻ കാഴ്ചകൾ മിസ്സാക്കരുത് 

വയനാട് ജില്ല തന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ജില്ലയാണ് വയനാട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ നാട്ടിലൂടെയുള്ള യാത്ര എന്നും മനസ്സിൽ തങ്ങിനിൽക്കും. എപ്പോഴും കുളിർമയേകുന്ന കാലാവസ്ഥയും മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി അധികം തിരക്കില്ലാത്ത സ്ഥലങ്ങളും വഴികളുമെല്ലാം വയനാടിനെ തനത് മലയോരപ്രദേശത്തിന്റെ എല്ലാ സവിശേഷതകളാലും വേറിട്ടുനിർത്തുന്നു. ബാണാസുര സാഗർ ഡാം (ഒരു വിഭാഗം ജീവനക്കാരുടെ സമരത്തെ തുടർന്ന് ബാണാസുര സാഗർ ടൂറിസം കേന്ദ്രത്തിലേക്ക് ഇപ്പോൾ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്, വിനോദ സഞ്ചാര സാധ്യത അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷം യാത്ര പ്ലാൻ ചെയ്യുക), പൂക്കോട് തടാകം, കുറുവ ദ്വീപ്, ചെമ്പ്ര  കൊടുമുടി എന്നിവയൊക്കെ വയനാടിന്റെ ചില കാഴ്ചകളാണ്. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ ഒരു സഫാരി നടത്താം. അല്ലെങ്കിൽ കാടിനുള്ളിലെ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്താം, എടക്കൽ ഗുഹ സന്ദർശിച്ച് ചരിത്രത്തിലൂടെയൊന്ന് പോയിവരാം. അങ്ങനെ എല്ലാത്തരം യാത്രാനുഭവങ്ങൾക്കുള്ളതത്രയും വയനാട് ഒരുക്കിവച്ചിട്ടുണ്ട്. 

ഇനിയൊരൽപ്പം സാഹസികതയാണ് വേണ്ടതെങ്കിൽ കർലാട് തടാകത്തിന് മുകളിലൂടെ റോപ്പ് വേ എക്സ്പീരിയൻസ് ചെയ്യാം. അതിശയകരമായ പാരാഗ്ലൈഡിങ് അനുഭവം നേടാൻ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് വയനാട്. മരതക കുന്നുകൾക്കും ഇടതൂർന്ന വനങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും മുകളിലൂടെ പറക്കുന്നത് സങ്കൽപിക്കുക. ആദ്യമായി യാത്ര ചെയ്യുന്നവർക്ക് പോലും വിദഗ്ധനായ ഒരു പൈലറ്റിനൊപ്പം സുരക്ഷിതമായി വയനാട്ടിൽ പാരാഗ്ലൈഡിങ് ആസ്വദിക്കാം. 

revisedInfo_Card___Travel___Weekend_Special_Wayanadmob
Creative Image: ISRO/ Jain David M/ ManoramaOnline
revisedInfo_Card___Travel___Weekend_Special_Wayanadmob
Creative Image: ISRO/ Jain David M/ ManoramaOnline

എങ്ങനെ എത്തിച്ചേരാം 

ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ കോഴിക്കോടാണ്. കെഎസ്ആർടിസി- പ്രൈവറ്റ് ബസുകൾ കോഴിക്കോട്, മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ താമരശ്ശേരി ചുരം കാണാതെ പോകരുത്. അവധി ദിവസങ്ങൾ ഒഴിവാക്കി യാത്ര ചെയ്യുകയാണെങ്കിൽ ചുരത്തിന്റെ സൗന്ദര്യം അവിടെ ഇറങ്ങിനിന്നുതന്നെ ആസ്വദിക്കാം. 

∙ ആലപ്പുഴയുടെ കടലോരത്തേക്ക് 

ആലപ്പുഴ എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന ചിത്രം ഹൗസ് ബോട്ടുകൾ ഒഴുകി നടക്കുന്ന കായൽപ്പരപ്പും പച്ചവിരിച്ചു കിടക്കുന്ന പാടങ്ങളുമായിരിക്കുമല്ലോ, എന്നാൽ അതിനുമപ്പുറത്ത് സഞ്ചാരികളെ കാത്തൊരു കടൽത്തീരമുണ്ട്, ആലപ്പുഴ ബീച്ച്. സ്ഥിരം കാഴ്ചകളിൽനിന്നു മാറിയൊന്നു സഞ്ചരിക്കണമെന്നു തോന്നുന്നവർക്ക് ബീച്ചിലേക്കു സ്വാഗതം. എറണാകുളം, കോട്ടയം, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് റോഡ് മാർഗ്ഗം പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു സ്പോട്ടാണ് ആലപ്പുഴ ബീച്ച്. അവധി ദിവസങ്ങളിൽ ഭൂരിഭാഗം ആലപ്പുഴക്കാരും സമയം ചെലവഴിക്കുന്ന ഇടമാണ് ഈ ബീച്ച്. നൂറിലധികം വർഷം പഴക്കമുള്ള വിളക്കുമാടവും കടൽപാലവും ചരിത്രശേഷിപ്പുകളായി ബീച്ചിൽ നിലകൊള്ളുന്നു.  

Info_Card_Travel_Weekend_Special_Alappuzha_mob
Creative Image: ISRO/ Jain David M/ ManoramaOnline
Info_Card_Travel_Weekend_Special_Alappuzha_mob
Creative Image: ISRO/ Jain David M/ ManoramaOnline

എങ്ങനെ എത്തിച്ചേരാം 

ബീച്ചിൽ നിന്ന് 1 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ബീച്ചിൽനിന്ന് 4.5 കിലോമീറ്റർ അകലെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. വിനോദസഞ്ചാരികൾക്ക് ബസിലോ മറ്റ് വാഹനങ്ങളിലോ നേരിട്ട് ബീച്ചിലേക്കെത്താം.

പൊൻമുടിയും കോവളം ബീച്ചും 

വിനോദസഞ്ചാരമെന്നു പറഞ്ഞാൽ തിരുവനന്തപുരത്തിന് രണ്ട് മുഖമാണ്. നഗരവും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും കാണാനാഗ്രഹിക്കുന്നവർക്കായി നിറയെ ഒരുക്കി വച്ചിരിക്കുന്നയിടമാണ് തിരുവനന്തപുരം. തലസ്ഥാനനഗരിയിലൂടെ ഒരു ചുറ്റിയടിക്കൽ, പിന്നെ നേരേ കോവളം ബീച്ച്. കോവളം ബീച്ച് കാണാതെ എന്തു തിരുവനന്തപുരം യാത്ര. ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള സഞ്ചാരികളെത്തുന്ന ഇത്രയും പ്രശസ്തമായൊരു ബീച്ച് കേരളത്തിലെവിടെയും ഉണ്ടാകില്ല. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും വെയിൽ കായലും മുതൽ ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര വരെ ഒട്ടേറെ സാധ്യതകളുണ്ട് സഞ്ചാരികൾക്കു മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ കോവളത്തു താമസ സൗകര്യമൊരുക്കുന്നു. കോണ്ടിനെന്റല്‍ ഭക്ഷണം മുതല്‍ വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികളും തനി നാടന്‍ രുചികളും ആസ്വദിക്കാവുന്ന ഭക്ഷണശാലകളും സുലഭമാണ്. കോവളത്തുനിന്ന് 16 കി. മീ. മാത്രം അകലെയാണ് തിരുവനന്തപുരം നഗരം.

പൊൻമുടി തിരുവനന്തപുരം ജില്ലയുടെ മറ്റൊരു മുഖമാണ്. നഗരത്തിരക്കുകളിൽനിന്നു മാറി കോടമഞ്ഞിന്റെ പുതപ്പണിഞ്ഞുനിൽക്കുന്ന പൊൻമുടി ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടയിടമാണ്. തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റർ താണ്ടണം പൊൻമുടിയിൽ എത്താൻ. സമുദ്രനിരപ്പിൽനിന്ന് 1000 അടി ഉയരത്തിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും തണുപ്പും തേയിലത്തോട്ടങ്ങളും മലനിരകളും എല്ലാമായി ഏതൊരു വിനോദസഞ്ചാരിയേയും സന്തോഷിപ്പിക്കാനുള്ളതെല്ലാം പൊൻമുടിയിൽ ഉണ്ട്. 22 ഹെയർപിൻ വളവുകൾ കയറി വേണം പൊൻമുടിയിൽ എത്താൻ. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞിറങ്ങുന്ന ഇവിടുത്തെ മലയിടുക്കുകൾ ഒരു വിസ്മയക്കാഴ്ച തന്നെയാണ്.

Info_Card_Travel_Weekend_Special_Thiruvananthapuram_mob
Creative Image: ISRO/ Jain David M/ ManoramaOnline
Info_Card_Travel_Weekend_Special_Thiruvananthapuram_mob
Creative Image: ISRO/ Jain David M/ ManoramaOnline

എങ്ങനെ എത്തിച്ചേരാം 

കൊല്ലം ജില്ലയിൽ നിന്നടക്കം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ പൊൻമുടി പാക്കേജ് അവതരിപ്പിക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് തിരുവനന്തപുരം-കല്ലാർ വഴി പൊൻമുടിയിലെത്താം.

English Summary:

Kerala is the spot for the weekend getaway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com