ADVERTISEMENT

സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിനെ നേരിട്ടു കണ്ടിട്ടുള്ള മനുഷ്യര്‍ വളരെ കുറവാണ്. അതിലൊരാളാവാനുള്ള യാത്രക്കിടയിലാണ് അഞ്ചുപേരുമായുള്ള ടൈറ്റന്‍ സമുദ്ര പേടകം കാണാതായത്. ആഴക്കടലില്‍ മുങ്ങി കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 1985ല്‍ കണ്ടെത്തിയതോടെ വലിയൊരു ടൂറിസം സാധ്യതയാണ് തുറന്നുകിട്ടിയത്. സമുദ്ര പേടകങ്ങളില്‍ ഏറിയുള്ള ആഴക്കടല്‍ യാത്രകള്‍ ആകര്‍ഷിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. ടൈറ്റാനിക് ടൂറിസവും മറ്റു സമുദ്ര പേടക യാത്രകളും ഈയൊരു സാധ്യതയെയാണ് ഉപയോഗിക്കുന്നത്.

Read Also : ടൈറ്റാനിക് കിടക്കുന്ന തണുത്തുറഞ്ഞ ഇരുൾപ്രദേശം, അപകടകരമായ സമുദ്രമേഖല: മറഞ്ഞിരിക്കുന്ന അപായക്കെണികൾ!
 

അറ്റ്‌ലാന്റിക് സമുദ്ര നിരപ്പില്‍ നിന്നും 3.8 കിലോമീറ്റര്‍ ആഴത്തില്‍ കിടക്കുന്ന ടൈറ്റാനികിലേക്കെത്താന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണ്ടി വരും. തിരിച്ചുവരാനും ഇത്ര തന്നെ സമയമെടുക്കും. ടൈറ്റാനിക് വിശദമായി കാണാന്‍ ഇനിയും വേണം മണിക്കൂറുകള്‍. സമുദ്ര യാത്രക്കിടെ 1,000 മീറ്ററിലേറെ(3,280 അടി) ആഴത്തിലേക്കെത്തുമ്പോഴേക്കും തന്നെ വെളിച്ചം മുഴുവനായും ഇല്ലാതായിരിക്കും. എല്ലാ പ്രതിബന്ധങ്ങള്‍ക്കും ഒടുവില്‍ ടൈറ്റാനിക്കിനടുത്തെത്തിയാല്‍ നമ്മള്‍ അനുഭവിക്കുന്ന മര്‍ദത്തിന്റെ 390 ഇരട്ടി മര്‍ദമായിരിക്കും ഇവിടെയുണ്ടാവുക. ഇങ്ങനെയുള്ള പല അപൂര്‍വതകളാണ് ടൈറ്റാനിക് ടൂറിനെ ചിലരുടെ സ്വപ്‌നയാത്രയാക്കി മാറ്റുന്നത്. 

Read Also : ടൈറ്റനിലുള്ള ഓരോ യാത്രക്കും മുൻപ് പേടിപ്പിക്കുന്ന സമ്മതപത്രം; ഒരു പ്ലാന്‍ ബിയില്ല, രക്ഷപ്പെടാൻ...

ചൂടപ്പം പോലെ വിറ്റ രണ്ടു കോടിയുടെ ടിക്കറ്റ്

മഞ്ഞു മലകളോ മരുഭൂമിയോ ബീച്ചുകളോ മലകളോ തുടങ്ങി സാധാരണക്കാരെ യാത്രകളിലേക്ക് ആകര്‍ഷിക്കുന്ന യാതൊന്നും ഭ്രമിപ്പിക്കാത്ത ചിലരുണ്ട്. ലോകത്തെ അതി സമ്പന്നരും അതി സാഹസികരുമായവരാണിവര്‍. ധ്രുവങ്ങളില്‍ താമസിക്കുകയും ലോകത്തെ ഉയരമുള്ള കൊടുമുടികള്‍ കീഴടക്കുകയും അറ്റ്‌ലാന്റിക് സമുദ്രം ബോട്ടില്‍ മറികടക്കുകയുമൊക്കെ ചെയ്തിട്ടുള്ളവരാവും ഇക്കൂട്ടര്‍. അത്തരക്കാരെ ടൈറ്റാനിക്കിലേക്കുള്ള യാത്രയും അതിന്റെ അപൂര്‍വതയും സാഹസികതയുമൊക്കെ വളരെയേറെ ആകര്‍ഷിക്കും. അതുകൊണ്ടാണ് ഏതാണ്ട് രണ്ടു കോടി രൂപ(2.50 ലക്ഷം ഡോളര്‍) വിലയുള്ള ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് യാത്രയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോയത്. 

അറ്റ്ലാന്റിക് സമുദ്രത്തിലെ ടൈറ്റാനിക്കിന്റെ ദൃശ്യം. അറ്റ്ലാന്റിക്/മഗല്ലൻ പുറത്തിറക്കിയ ഡിജിറ്റൽ സ്കാനിൽ നിന്ന് (ചിത്രത്തിന് കടപ്പാട്: (Atlantic/Magellan via AP)
അറ്റ്ലാന്റിക് സമുദ്രത്തിലെ ടൈറ്റാനിക്കിന്റെ ദൃശ്യം. അറ്റ്ലാന്റിക്/മഗല്ലൻ പുറത്തിറക്കിയ ഡിജിറ്റൽ സ്കാനിൽ നിന്ന് (ചിത്രത്തിന് കടപ്പാട്: (Atlantic/Magellan via AP)

 

ആഡംബര സഞ്ചാര കമ്പനിയായ ബ്രൗണ്‍ ആന്‍ഡ് ഹഡ്‌സന്‍ സ്ഥാപകന്‍ ഫിലിപ് ബ്രൗണ്‍ പറയുന്നത് ടൈറ്റാനിക്കിലേക്കുള്ള യാത്രകള്‍ പോലുള്ളവയുടെ ടിക്കറ്റുകള്‍ വിറ്റുപോവാന്‍ യാതൊരു പ്രയാസവുമില്ലെന്നാണ്. ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് യാത്രക്ക് വലിയ വെയ്റ്റിംങ് ലിസ്റ്റുമുണ്ട്. സാധാരണ യാത്രകളും അനുഭവങ്ങളും ഈ അസാധാരണ യാത്രികരെ തൃപ്തിപ്പെടുത്തില്ലെന്ന് ട്രാവല്‍ കമ്പനിയായ റോമന്‍ ആന്‍ഡ് എറികയുടെ സഹസ്ഥാപകനായ റോമന്‍ ചിപോറുക പറയുന്നു. അതി സമ്പന്നരെ ലക്ഷ്യമിടുന്ന ഇവരുടെ ട്രാവല്‍ കമ്പനിയുടെ പ്രതിവര്‍ഷ അംഗത്വ ഫീസ് ഒരു ലക്ഷം ഡോളര്‍(ഏകദേശം 81 ലക്ഷം രൂപ) മുതലാണ് ആരംഭിക്കുന്നതു തന്നെ. 

 

ടൈറ്റന്‍ സമുദ്ര പേടകത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഈ യാത്രയുടെ അപൂര്‍വത വിവരിക്കുന്നതാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും മോശമായ കാലാവസ്ഥയാണ് ടൈറ്റാനിക്കിലേക്കുള്ള യാത്ര തുടങ്ങുന്ന അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലെന്നും ഈ വര്‍ഷം ടൈറ്റാനിക്കിലേക്ക് മറ്റൊരു മനുഷ്യദൗത്യം ഉണ്ടായേക്കില്ലെന്നുമാണ് സമുദ്ര പര്യവേഷകനും പൈലറ്റും ബഹിരാകാശ സഞ്ചാരിയുമൊക്കെയായ ഹാമിഷ് പറഞ്ഞത്. ദക്ഷിണ ധ്രുവത്തിലേക്കും മരിയാന ട്രഞ്ചിലേക്കും യാത്ര ചെയ്തിട്ടുള്ളയാളാണ് ഹാമിഷ് ഹാര്‍ഡിംങ്. ബ്ലൂ ഒറിജിന്റെ അഞ്ചാമത്തെ ബഹിരാകാശ യാത്രയിലും അദ്ദേഹം അംഗമായിരുന്നു. 

 

സമുദ്ര പേടക യാത്രകള്‍ 

ടൈറ്റാനിക്കിന്റെ 'നീറ്റിലിറക്കൽ' ചടങ്ങിനെത്തിയവർ. (Photo:Facebook/RMS Titanic, Inc.)
ടൈറ്റാനിക്കിന്റെ 'നീറ്റിലിറക്കൽ' ചടങ്ങിനെത്തിയവർ. (Photo:Facebook/RMS Titanic, Inc.)

പലപ്പോഴും സമുദ്ര പര്യവേഷണങ്ങള്‍ക്കാണ് സമുദ്ര പേടകങ്ങളെ ഉപയോഗിക്കാറ്. അങ്ങനെയുള്ള ദൗത്യങ്ങളില്‍ മനുഷ്യര്‍ പേടകങ്ങളില്‍ ഉണ്ടാവാറില്ല. കടലില്‍ മുങ്ങി പോയ വസ്തുക്കള്‍ കണ്ടെത്താനും കടലിനടിയിലൂടെയുള്ള കേബിളുകള്‍ സന്ദര്‍ശിക്കാനുമൊക്കെ സമുദ്ര പേടകങ്ങള്‍ ഉപയോഗിക്കാറുണ്ട്.  1980കള്‍ മുതലാണ് സമുദ്ര പേടകങ്ങള്‍ ഉപയോഗിച്ചുള്ള സമുദ്ര യാത്രകളുടെ പ്രചാരം വര്‍ധിക്കുന്നത്. എങ്കിലും ഇന്നും സമുദ്ര പേടകങ്ങളില്‍ കയറിയുള്ള യാത്രകള്‍ അപൂര്‍വമാണ്. പത്തു ദിവസം നീളുന്ന കെന്‍സിംങ്ടണ്‍ ടൂര്‍സിന്റെ യാച്ച് ട്രിപ്പിന് ഏഴു ലക്ഷം ഡോളറാണ് അവര്‍ ഈടാക്കുന്നത്. ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ബഹാമാസില്‍ സമുദ്രത്തില്‍ 600 അടിയോളം ആഴത്തിലേക്ക് സമുദ്ര പേടകത്തില്‍ യാത്ര ചെയ്യാനാവുമെന്നതാണ്. 

 

99 ശതമാനം സമുദ്ര പേടക യാത്രകളും പരമാവധി 150 അടി വരെ ആഴത്തിലാണ് സഞ്ചരിക്കാറ്. ഇത്തരം യാത്രകള്‍ക്കു തന്നെ രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ എടുക്കാറുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ മുങ്ങി പോയ വിമാനങ്ങളും യുദ്ധക്കപ്പലുകളും കാണാനും ആഴക്കടലിലെ ജീവികളേയും മറ്റും കാണാനുമൊക്കെ ഇത്തരം യാത്രകള്‍ വഴി സാധിക്കും. സാധാരണ സമുദ്ര പേടക യാത്രകളെ ടൈറ്റന്റെ ടൈറ്റാനിക്കിനെ തേടി പോയ യാത്രയുമായി താരതമ്യപ്പെടുത്താന്‍ പോലുമാവില്ല. കാരണം 12,500 അടി ആഴത്തിലേക്കാണ് ടൈറ്റന്‍ അഞ്ചു പേരേയും കൊണ്ട് ഊളിയിട്ടത്. 

 

ടൈറ്റാനിക് ടൂറിസം

1912ല്‍ മുങ്ങിയ ടൈറ്റാനിക് 1985ലാണ് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ കണ്ടെത്തുന്നത്. 2009ല്‍ സ്ഥാപിച്ച ഓഷ്യന്‍ഗേറ്റ് കഴിഞ്ഞ രണ്ടു വര്‍ഷമായി ടൈറ്റാനിക്കിലേക്കുള്ള സമുദ്ര പേടക യാത്രകളുമായി സജീവമാണ്. 2010 മുതല്‍ ഒരു ഡസനിലേറെ തവണ ടൈറ്റാനിക്കിന് അടുത്തേക്കെത്തുന്ന യാത്രകള്‍ നടത്താന്‍ ഓഷ്യന്‍ ഗേറ്റിന് സാധിച്ചിട്ടുണ്ട്. 

 

ടൈറ്റാനിക് ടൂറിനായുള്ള ഒരു ടിക്കറ്റിന് ഏകദേശം രണ്ടു കോടി രൂപയാണ് (2.50 ലക്ഷം ഡോളര്‍) ഓഷ്യന്‍ഗേറ്റ് ഈടാക്കുന്നത്. എന്നാല്‍ ഈ ടിക്കറ്റില്‍ കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ നിന്നും അറ്റ്‌ലാന്‍ഡിക്കില്‍ 650 കിലോമീറ്റര്‍ അകലെയുള്ള ടൈറ്റാനിക് മുങ്ങിയ പ്രദേശത്തേക്കുള്ള യാത്രയുടെ ചിലവുകള്‍ ഉള്‍പ്പെടില്ല. എട്ടു ദിവസമാണ് ടൈറ്റാനിക് ടൂര്‍ നീളുകയെന്ന് കമ്പനിയുടെ വെബ് സൈറ്റ് പറയുന്നു. 

 

ഓഷ്യന്‍ ഗേറ്റ് മാത്രമല്ല ടൈറ്റാനിക് ടൂര്‍ നടത്തുന്ന കമ്പനി. ബ്രൗണ്‍ ആന്‍ഡ് ഹഡ്‌സന്‍ 2,93,535 ഡോളറാണ് ടൈറ്റാനിക് ടൂറിന്റെ ടിക്കറ്റിന് ഈടാക്കുന്നത്. കാനഡയില്‍ നിന്നും അറ്റ്‌ലാന്‍ഡിക്കിലെ ടൈറ്റാനിക് കിടക്കുന്ന ഭാഗത്തേക്കുള്ള കപ്പല്‍യാത്രയും ഈ ടിക്കറ്റ് ചിലവില്‍ ഉള്‍പ്പെടും. മാത്രമല്ല യാത്രക്ക് മാസങ്ങള്‍ മുമ്പു തന്നെ ആരംഭിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും ക്ലോസ്‌ട്രോഫോബിയ പോലുള്ള അപകട സാധ്യതയെക്കുറിച്ചും വിശദമാക്കുമെന്നും ഇവര്‍ പറയുന്നു. ടൈറ്റാനിക് ടൂറിസം അത്യപൂര്‍വ യാത്രയുടെ സാധ്യതയാണ് തുറന്നതെങ്കില്‍ ടൈറ്റന്റെ അപ്രത്യക്ഷമാവല്‍ ഈ യാത്രയിലെ അപകട സാധ്യതകൂടിയാണ് തെളിയിക്കുന്നത്.

 

Content Summary :  Submersible tourism is a rapidly growing industry that allows tourists to explore the underwater world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com