ചെറിപ്പൂക്കള്‍ വസന്തമൊരുക്കുന്ന മായക്കാഴ്ച കാണാം, ഷിലോങിൽ ചെറി ബ്ലോസം ഫെസ്റ്റിവല്‍

Mail This Article
ജപ്പാനിലെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ കാണാന്‍ ഇന്ത്യയില്‍ നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷംതോറും എത്തുന്നത്. എന്നാല്‍ ചെറിപ്പൂക്കള്‍ വിരിഞ്ഞ് പാതയോരങ്ങളില്‍ മുഴുവനും മനോഹരമായി പരന്നുകിടക്കുന്ന കാഴ്ച കാണാന്‍ ഇനി ജപ്പാനില്‍ പോകേണ്ട, ഈ വര്‍ഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ മേഘാലയയിലെ ഷിലോങില്‍ വേദിയൊരുങ്ങി. നവംബര്‍ 17 – 19 വരെയാണ് ഈ വര്‍ഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ ഷിലോങില്‍ അരങ്ങേറുന്നത്. റി ഭോയ് ജില്ലയില്‍പ്പെടുന്ന ഭോയിറിംബോംഗിലുള്ള മദൻ കുർക്കലാങ്ങിലെ ആർബിഡിഎസ്എ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഷിലോങിലെ തെരുവോരങ്ങളും പാതകളും പിങ്ക് നിറമുള്ള ചെറിപ്പൂക്കള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ഇപ്പോള്‍.
പ്രകൃതിയുടെയും സംസ്കാരത്തിന്‍റെയും സംഗീതത്തിന്‍റെയും കലയുടെയും സമന്വയമാണ് ഇക്കൊല്ലത്തെ ആഘോഷം. ഈ വർഷത്തെ എഡിഷനിൽ ഒട്ടേറെ പോപ്പ് താരങ്ങളും ഡിജെകളും മാറ്റുരയ്ക്കും. റൊണാന്‍ കീറ്റിങ് (ബോയ്‌സോണ്‍), ഗ്രാമി ജേതാവായ ആര്‍ ആന്‍ഡ് ബി ആര്‍ട്ടിസ്റ്റ് നെ-യോ, ഡിജെ മ്യൂസിക് പ്രൊഡൂസര്‍ ജൊനാസ് ബ്ലൂ, ഇന്ത്യന്‍ ബാന്‍ഡായ സനം, ഡിജെ പിങ്ക് പാണ്ട തുടങ്ങിയവര്‍ ഇക്കുറി പരിപാടിയുടെ ഭാഗമാകും. കൂടാതെ, കോസ്‌പ്ലേ മത്സരങ്ങളും സൗന്ദര്യമത്സരങ്ങളും മുതൽ ഗാനമേള മത്സരങ്ങൾ, ഗ്രാഫിറ്റി, ആർട്ട് ഇൻസ്റ്റാളേഷനുകൾ, കരോക്കെ മത്സരങ്ങൾ, ഫെറിസ് വീൽ, സിപ്‌ലൈൻ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വരെ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഉണ്ടാകും.
ഈ വര്‍ഷം പ്രതിദിനം 30,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേഘാലയ ടൂറിസം മന്ത്രി പോൾ ലിങ്‌ദോ പറഞ്ഞു. പരിപാടി അവസാനിക്കുമ്പോഴേക്കും ഒരു ലക്ഷം സഞ്ചാരികള്‍ സംസ്ഥാനത്തെത്തും. ഈ സന്ദർശകരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ള വിനോദസഞ്ചാരികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേഘാലയയില്‍ നിന്നും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടാകും. സന്ദര്‍ശകര്‍ക്ക് 1200 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു ദിവസത്തേക്ക് മാത്രമായും മൂന്ന് ദിവസത്തേക്കുള്ള പാക്കേജായും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനാകും.