ADVERTISEMENT

ഒരു കാലത്ത് തീവ്രവാദത്തിന് പേരുകേട്ടതായിരുന്നു ആസാമിലെ ദിമ ഹസാവോ ജില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശം അറിയപ്പെടുന്നത് വടക്ക്കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ തോറ്റു പോകുന്ന പ്രകൃതിഭംഗിക്കും കൊതിപ്പിക്കുന്ന കാലാവസ്ഥയ്ക്കുമൊപ്പം വൃത്തിക്കും ദിമ ഹസാവോ പ്രസിദ്ധമാണ്. വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ ടൂറിസം മേഖല. സാഹസികത, പരിസ്ഥിതി, ഗ്രാമീണത, കൃഷി, സാംസ്കാരികം, ഉത്സവം എന്നിങ്ങനെ അഞ്ച് മേഖലകളില്‍ ടൂറിസം സർക്യൂട്ടുകൾ ഒരുക്കുന്നുണ്ട്. കൂടാതെ, സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത മേഖലയായി വികസിപ്പിക്കാനും ദിമ ഹസാവോയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജില്ലയാക്കാനും ലക്ഷ്യമിടുന്നു.

A rail tunnel passing through the mountain in Dima Hasao, Assam. Image Credit :  SAMUEL TUMUNG
A rail tunnel passing through the mountain in Dima Hasao, Assam. Image Credit : SAMUEL TUMUNG

ഡെസ്റ്റിനേഷൻ വെഡ്ഡിങുകൾ കൂടി വരുന്ന ട്രെന്‍ഡിനൊപ്പം സഞ്ചരിക്കാനും ദിമ ഹസാവോ മുൻപിലുണ്ട്. ഇവിടെയുള്ള ഉമ്രാങ്സോയെ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ടൂറിസം സ്ഥലമായി വികസിപ്പിച്ചിട്ടുണ്ട്. വളരെ മനോഹരമായ ഈ പ്രദേശത്ത് ഒരു ഗോൾഫ് കോഴ്‌സും ഉണ്ട്.

ദിമാ ഹസാവോ ആസാമിലെ മറ്റ് ഭാഗങ്ങളുമായും രാജ്യവുമായും റോഡ്, റെയിൽവേ ശൃംഖല വഴി നല്ല ബന്ധമുള്ളതാണ്. തുരങ്കങ്ങളിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്ന റെയില്‍പ്പാതകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. മലയോര നദികളുടെ തീരങ്ങളിലൂടെയും അവയ്ക്ക് മുകളിലുള്ള ഡസൻ കണക്കിന് വിന്റേജ് പാലങ്ങളിലൂടെയും ഈ ട്രെയിന്‍ യാത്ര സഞ്ചാരികളെ കൊണ്ടുപോകും. 2021 ഓഗസ്റ്റിൽ ഗുവാഹത്തിക്കും ഹാഫ്‌ലോങ്ങിനുമിടയിൽ വിസ്റ്റാഡോം ടൂറിസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചതിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണം കൂടി.

അതിമനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമുള്ള ഹാഫ്‌ലോങ് നഗരം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കേ പ്രസിദ്ധമാണ്. കൊളോണിയൽ ശൈലിയിൽ ഇപ്പോഴും നന്നായി പരിപാലിച്ചിരിക്കുന്ന നഗരത്തില്‍, നിരവധി തോട്ടങ്ങളും നന്നായി ആസൂത്രണം ചെയ്ത നടപ്പാതകളും വാഹന ഗതാഗതയോഗ്യമായ റോഡുകളും റസിഡൻഷ്യൽ ഹൗസുകളും ബംഗ്ലാവുകളും ഗോൾഫ് കോഴ്‌സ്, മോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ എന്നിവയുമെല്ലാമുണ്ട്.

Traditional method of jhum cultivation done in Dima Hasao District of Assam. Image Credit :  SAMUEL TUMUNG
Traditional method of jhum cultivation done in Dima Hasao District of Assam. Image Credit : SAMUEL TUMUNG

ഹഫ്‌ലോംഗിൽ നിന്നു 9 കിലോമീറ്റർ അകലെയാണ് ലോകപ്രശസ്ത ജതിങ്ക ഗ്രാമം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ-നവംബർ മാസങ്ങളിൽ ഇവിടേക്കു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാന്‍ ലോകമെമ്പാടുമുള്ള പക്ഷിശാസ്ത്രജ്ഞരും വിനോദസഞ്ചാരികളുമെത്തുന്നു. 

ദിമാ ഹസാവോയിലെ മറ്റ് സ്ഥലങ്ങളായ ഹജോംഗ് തടാകം, ലൈസോംഗ്, മൈബാംഗ്, ഉമ്രാങ്‌സോ എന്നിവിടങ്ങളില്‍ പർവതാരോഹണം, ട്രാക്കിംഗ്, റാഫ്റ്റിംഗ്, വാട്ടർ സ്‌പോർട്‌സ്, ഇക്കോ ടൂറിസം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളുണ്ട്.

English Summary:

Dima Hasao district is one of two autonomous hill districts of Assam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com