ADVERTISEMENT

ഇറ്റലിയിലെ പോംപൈയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമെന്ന സ്ഥാനം കയ്യടക്കി അങ്കോർ വാട്ട്. കംബോഡിയയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന അങ്കോർ വാട്ട്, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്. പുതിയ കെട്ടിടങ്ങൾക്കോ ​​പദ്ധതികൾക്കോ ​​ഡിസൈനുകൾക്കോ നൽകുന്ന അനൗദ്യോഗിക തലക്കെട്ടാണ് ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്നത്. വാസ്തുവിദ്യാ വൈഭവമാണ് അങ്കോർ വാട്ടിനെ ഈ സ്ഥാനത്തെത്തിച്ചത്. കംബോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു അഞ്ചര കിലോമീറ്റര്‍ വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. 

Angkor wat. Image Credit: Travel Wild/istockphoto
Angkor wat. Image Credit: Travel Wild/istockphoto

നഗരം എന്ന വാക്കിന്‍റെ കംബോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന് സൂചിപ്പിക്കാനായി വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായത്.

വിസ്മയം പകരുന്ന ഘടന

സമമിതിയുടെയും കൃത്യതയുടെയും ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രത്തിന്‍റെ ഘടന. ഏകദേശം 500 ഏക്കർ വിസ്തൃതിയിൽ ക്ഷേത്രം പരന്നുകിടക്കുന്നു. താമരയുടെ ആകൃതിയിലുള്ള അഞ്ച് ഗോപുരങ്ങളാണ് ഇവിടെയുള്ളത്. ഇവ പുരാണങ്ങളില്‍ ദേവന്മാരുടെ വാസസ്ഥലമായി പറയുന്ന മേരു പർവതത്തെ പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്.

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിലുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്കു പ്രവേശനമുള്ളൂ. ചെങ്കല്ല് വിരിച്ച നടപ്പാതയിലൂടെയാണ് പ്രധാന ഗോപുരത്തിലേക്ക് എത്തുന്നത്. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷ്ണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു.

അപ്സരസുകളും ദൈവങ്ങളും നൃത്തം ചെയ്യും ചുവരുകള്‍

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ശക്തമായി കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ, ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറുകയായിരുന്നു. ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ എങ്ങും കാണാം.  രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം കൊത്തിവച്ചിരിക്കുന്നു. 

ക്ഷേത്രത്തിനു ചുറ്റും വിശാലമായ മുറ്റങ്ങളുണ്ട്‌. ഇവയും കലാപരമായി അലങ്കരിച്ചിരിക്കുന്നു. ചുറ്റുപാടും പണിതിട്ടുള്ള മുറികളിലും നിരവധി ചിത്രങ്ങളും ശില്പങ്ങളും കൊത്തുപണികളും കാണാം. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്‍റെയും താമരയുടെയുമെല്ലാം രൂപങ്ങൾ ഇതിലുണ്ട്.

ഗിസയിലെ പിരമിഡും ഭൂമിയുടെ സ്ഥാനവും

ശാസ്ത്രത്തെ കുഴപ്പിക്കുന്ന ചില പ്രത്യേകതകളും ക്ഷേത്രത്തിനുണ്ട്. ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തിൽ ദൃശ്യമായ ആകാശത്തിന്‍റെ അതേ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നു പറയപ്പെടുന്നു. ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന് (Phnom Bakheng) ചുറ്റുമായി 108 ഗോപുരങ്ങളുണ്ട്.  ഹിന്ദു - ബുദ്ധ വിശ്വാസമനുസരിച്ച് വളരെയധികം പ്രത്യേകതയുള്ള സംഖ്യയാണിത്‌. 72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്‍റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയുടെ സ്ഥാനം, നക്ഷത്രരാശികളെ അപേക്ഷിച്ച് ഓരോ എഴുപത്തിരണ്ട് വർഷത്തിലും ഒരു ഡിഗ്രി വീതം മാറും.  ഗിസയിലെ പിരമിഡിൽ നിന്നും 72 ഡിഗ്രി കിഴക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നതെന്നതു മറ്റൊരു പ്രത്യേകതയാണ്.

വിനോദസഞ്ചാരികളുടെ പ്രിയ ഇടം

കംബോഡിയയുടെ മുഖമുദ്രയായ ഈ ക്ഷേത്രം, രാജ്യത്തെ പ്രധാന വിനോദസഞ്ചാര  ആകർഷണമാണ്. കംബോഡിയ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. കംബോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിട്ടുണ്ട്.

English Summary:

Angkor Wat, a majestic temple complex is located in Cambodia, and it has been bestowed with the unofficial title of the Eighth Wonder of the World.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com