ADVERTISEMENT

കുത്തബ് മിനാറും അതിനടുത്തുള്ള ഇരുമ്പുതൂണും കണ്ടിട്ടില്ലാത്തവർ ഡൽഹിയിൽ ചുരുക്കമാവും. രണ്ടു ദശകം മുമ്പ് തൂണിനുചുറ്റും ഒരു കമ്പിവേലി കെട്ടുന്നതു വരെ പുറം തിരിഞ്ഞുനിന്ന് തൂണിനെ കെട്ടിപ്പിടിക്കുക എന്നത് സന്ദർശകരുടെ വിനോദമായിരുന്നു. തിരിഞ്ഞുനിന്ന് തൂണിനുചുറ്റും കൈകൾ കൂട്ടിച്ചേർക്കാൻ സാധിക്കുന്നവർക്ക് രാജയോഗമുണ്ടാകുമെന്നായിരുന്നു വിശ്വാസം.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു കുത്തബ് മിനാർ നിർമിച്ചത്. അതിന് ഏതാണ്ട് ഏഴോ എട്ടോ നൂറ്റാണ്ടു മുമ്പാണ് ഈ തൂൺ നിർമിച്ചതെന്നാണ് കണക്കാക്കുന്നത്. ഇന്നും തുരുമ്പിച്ചിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

പൗരാണിക ഇന്ത്യയിലെ ലോഹശാസ്ത്രത്തിന്റെ (മെറ്റലർജി) മികവായി ഇതിനെ ഇന്നും വാഴ്ത്തുന്നു. വിക്രമാദിത്യൻ എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രഗുപ്‌തൻ രണ്ടാമനാണ് എഡി നാലാം നൂറ്റാണ്ടിൽ ഇത് നിർമിച്ചതെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ചന്ദ്രഗുപ്‌തൻ രണ്ടാമൻ തന്നെയായിരുന്നോ വിക്രമാദിത്യൻ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ട് മൂന്നുതവണ ഈ തൂൺ പിഴുതെടുത്തതായി ചരിത്രത്തിൽ തെളിവുകളുണ്ട്. തൂണിന്റെ ഇന്നത്തെ സ്ഥ‌ാനത്തായിരുന്നില്ല അത് ആദ്യം നിന്നിരുന്നത്. വിഷ്ണുപാദം എന്ന കുന്നിന്റെ മുകളിലാണ് ഇത് സ്ഥാപിക്കുന്നതെന്ന് ഇതിന്റെ സ്‌ഥാപകൻ തൂണിൽ എഴുതിച്ചേർത്തിട്ടുണ്ട്. എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ ഡൽഹി ഭരിച്ചിരുന്ന തോമർ രാജാക്കന്മാരാണ് തൂൺ ഇവിടെ കൊണ്ടുവന്ന് സ്‌ഥാപിച്ചത്. അതായിരുന്നു ആദ്യത്തെ പിഴുതെടുക്കൽ.

തൂണിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ രസകരമാണ്. സർപ്പരാജാവായ വാസുകിയുടെ ഫണത്തിന്മേലാണ് തൂൺ നിൽക്കുന്നതെന്നായിരുന്നു ഒരു വിശ്വാസം. അക്കാര്യം പരിശോധിക്കാൻ ഒരു തോമർ രാജാവ് തൂൺ പിഴുതുനോക്കിയപ്പോൾ തൂണിന്റെ അടിയിൽ രക്തക്കറ കണ്ടുവെന്നൊരു കഥയുമുണ്ട്. അതാണ് രണ്ടാമത്തെ പിഴുതെടുക്കലായി കണക്കാക്കുന്നത്. ഏതായാലും അധികം താമസിയാതെ തോമർ രാജവംശം തകർന്നു.

മണ്ണിനു മുകളിലേക്ക് തൂണിന് എത്രയും ഉയരമുണ്ടോ അത്രയും തന്നെ മണ്ണിനടിയിലേക്കുമുണ്ടെന്നായിരുന്നു മറ്റൊരു വിശ്വാസം. ഇത് പരിശോധിക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വളരെയധികം പുരാവസ്തു ഉദ്ഖനനം നടത്തിയ അലക്സാണ്ടർ കണ്ണിങ്ഹാം തൂൺ പിഴുതെടുത്തു. നോക്കിയപ്പോൾ മണ്ണിനടിയിലേക്ക് വെറും ഇരുപത് ഇഞ്ചായിരുന്നു തൂണിന്റെ നീളം.

English Summary:

Ancient rust proof Iron pillar at Qutub Minar, Delhi, India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com