കടലിലൂടെ ഉല്ലാസയാത്ര; കോർഡേലിയയുടെ വിശേഷങ്ങളുമായി സുഹാസിനി
Mail This Article
ഇന്ത്യയുടെ സ്വന്തം ക്രൂസ് കപ്പലായ കോർഡേലിയ എംപ്രസിലെ യാത്രയുടെ വിശേഷങ്ങളുമായി നടി സുഹാസിനി. കപ്പലിനുള്ളില്‍നിന്ന് എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘‘ഇന്ത്യക്കാരുടെ സ്വന്തം ക്രൂസ് കോർഡേലിയ എംപ്രസിൽനിന്ന് ഹലോ. ഇന്ത്യക്കാരും ക്രൂസ് അനുഭവം നേടുന്നു’’ – സുഹാസിനി കുറിച്ചു. രാജ്യത്തെ ആദ്യത്തെ പ്രീമിയം ക്രൂസ് ലൈനറാണ് കോർഡേലിയ ക്രൂസ്. ഇന്ത്യന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ആതിഥ്യ മര്യാദയും ഒപ്പം ലോകോത്തര സൗകര്യങ്ങളും ആഡംബരങ്ങളും ഒത്തുചേര്‍ന്ന കോർഡേലിയ, സ്വന്തം വീടിനുള്ളിലെന്ന പോലെയുള്ള പരിചരണവും അനുഭവങ്ങളുമാണ് സഞ്ചാരികള്‍ക്കു നല്‍കുന്നതെന്ന് കപ്പൽ കമ്പനി പറയുന്നു.
കോർഡേലിയയുടെ 1990 ൽ യാത്ര തുടങ്ങിയ കപ്പലാണ് കോർഡേലിയ എംപ്രസ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനികളിലൊന്നായ റോയൽ കരീബിയന്‍റെ ‘എംപ്രസ് ഓഫ് ദ് സീസ്’ എന്ന കപ്പലാണ് കോർഡേലിയ എന്ന പേരിൽ ഇന്ത്യയിലെത്തിയത്. ആദ്യം ഇതിന്‍റെ പേര് 'നോർഡിക് എക്സ്പ്രസ്' എന്നായിരുന്നു. തുടർന്ന് എംപ്രസ് എന്നും പിന്നീട് എംപ്രസ് ഓഫ് ദ് സീസ് എന്നുമാക്കി. 2020 ലാണ് കോർഡേലിയ ക്രൂസ് എന്ന ഇന്ത്യൻ കമ്പനി ഈ കപ്പല്‍ സ്വന്തമാക്കിയത്.
കോവിഡ് പ്രതിസന്ധിയിൽനിന്നു ടൂറിസം തിരികെയെത്തിയപ്പോൾ, ഇന്ത്യന്‍ യാത്രക്കാർക്ക് ഏറേ ആവേശം നൽകിയ ഒന്നായിരുന്നു കോർഡേലിയയിലെ കടല്‍യാത്രകള്‍. ചെന്നൈയിൽ നിന്നുള്ള വിവിധ കോർഡേലിയ ക്രൂസ് പാക്കേജുകൾ സഞ്ചാരികള്‍ക്കു തിരഞ്ഞെടുക്കാം. വിശാഖപട്ടണം, പുതുച്ചേരി എന്നിവിടങ്ങളിലേക്കു കടലിലൂടെ യാത്ര ചെയ്യാം. കപ്പലില്‍ ഒരുസമയം ഏകദേശം, 1800 അതിഥികൾക്ക് താമസ സൗകര്യമുണ്ട്. ആകെ 796 ക്യാബിനുകളാണ് ഉള്ളത്. പരിചരണത്തിനായി ആയിരത്തോളം പേര്‍ അടങ്ങുന്ന ക്രൂ സജീവമാണ്.
692 അടി നീളമുള്ള കപ്പലില്‍ 11 ഡെക്കുകൾ ഉണ്ട്. സ്റ്റാർലൈറ്റ്, ചോപ്സ്റ്റിക്സ് എന്നീ റസ്‌റ്റോറന്റുകളും ഫുഡ് കോർട്ടും സ്വകാര്യ ഡൈനിങ് അനുഭവത്തിനായി ഷെഫ്സ് ടേബിളുമുണ്ട്. ചെയർമാന്‍സ് ക്ലബ്, കണക്‌ഷൻ ബാർ, പൂൾ ബാർ എന്നിങ്ങനെ 3 ബാറുകളും സ്പാ, സലൂണ്‍ മുതലായവയും കപ്പലിലുണ്ട്. കാസിനോ, മാർക്വീ തിയേറ്റർ, ഡൈവ്-ഇൻ തിയേറ്റർ, ഓപ്പൺ എയർ ഷോകൾ, സ്റ്റാൻഡ്-അപ് കോമഡി, മാജിക് ഷോകൾ, ലൈവ് ബാൻഡ്സ്, ജിം, ഫിറ്റ്നസ് സെന്‍റര്‍, ഡിജെ പാർട്ടികൾ, കിഡ്‌സ് സോൺ മുതലായവയും കപ്പലില്‍ ഒരുക്കിയിട്ടുള്ള വിനോദങ്ങളില്‍പ്പെടുന്നു.
വൺ വേ, റൗണ്ട് ട്രിപ്പ് ക്രൂസ് എന്നിങ്ങനെ വിവിധ പാക്കേജുകളാണ് യാത്രയ്ക്കായി ഉള്ളത്. ഇന്റീരിയർ റൂം, ഓഷ്യൻ വ്യൂ റൂം, മിനി സ്യൂട്ട്, സ്യൂട്ട്, ചെയർമാന്‍സ് സ്യൂട്ട് എന്നിങ്ങനെ അഞ്ചുതരം താമസ സൗകര്യങ്ങളുമുണ്ട്. മുതിർന്ന ഒരാൾക്ക് 20,000 രൂപ മുതൽ 80,000 രൂപ വരെയാണ് പാക്കേജിന് ചെലവ് വരുന്നത്. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പൽ യാത്ര, സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്.
2022 മേയ് മുതൽ കപ്പൽ ചെന്നൈയില്‍നിന്നു ശ്രീലങ്കയിലെ കൊളംബോ, ഗാലി, ട്രിങ്കോമാലി, ജാഫ്ന തുടങ്ങിയ ഇടങ്ങളിലേക്കു യാത്ര നടത്തും. മുംബൈ- ഗോവ- മുംബൈ, മുംബൈ- ദിയു- മുംബൈ, കൊച്ചി- ലക്ഷദ്വീപ്- മുംബൈ, മുംബൈ- ലക്ഷദ്വീപ്- മുംബൈ തുടങ്ങിയ വിവിധ റൂട്ടില്‍ യാത്രകള്‍ ഒരുക്കുന്നു.
വിനോദ യാത്രയ്ക്കു മാത്രമല്ല, ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടിയും കപ്പല്‍ ബുക്ക് ചെയ്യാം. ലോഞ്ചുകൾ, ചാരിറ്റി ഇവന്റുകൾ, തീം ഇവന്റുകൾ, ബോർഡ് മീറ്റിങ്ങുകൾ, ട്രേഡ് ഷോകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്.
ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി കോർഡേലിയ ക്രൂസ് ഐആർസിടിസിയുമായി ധാരണയായിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വെബ്സൈറ്റായ ഐആർസിടിസി ടൂറിസം ഡോട്ട് കോമിൽ നിന്നു ടിക്കറ്റ് ബുക്കു ചെയ്യാം.