ADVERTISEMENT

മലയാളികളുടെ തീവണ്ടി യാത്രയുടെ രീതിയും സ്വഭാവവും മാറ്റിയ ഒന്നായിരുന്നു വന്ദേഭാരത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു കേരളത്തിന്റെ മണ്ണിൽ വന്ദേഭാരത് എത്തിയത്. ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വന്ദേഭാരതിലേക്ക് അടുപ്പിക്കില്ല എന്ന വാദങ്ങൾ വന്ദേഭാരത് ഓടി തുടങ്ങിയപ്പോൾ തന്നെ അപ്രസക്തമായിരുന്നു. വന്ദേഭാരത് സർവീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിൽ ആയിരുന്നു. ഏപ്രിൽ 26ന് കാസർകോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നു കാസർകോടിനും കാസർകോടു നിന്ന് തിരുവനന്തപുരത്തേക്കും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്.

51 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഇതിൽ തന്നെ യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെൻസിയിലും കേരളത്തിലെ വന്ദേഭാരത് വളരെ മുന്നിലാണ്. അതായാത് ഇറങ്ങിയും കയറിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്. 1100 ഓളം സീറ്റുകളാണ് 16 റേക്കുള്ള വണ്ടിയിലുള്ളത്. 2023 ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.

രണ്ടാം വന്ദേഭാരത് കൂടി ലഭിച്ച സന്തോഷത്തിലാണ് കേരളം ഇപ്പോൾ. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേക്കും മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുമാണ് രണ്ടാമത്തെ വന്ദേഭാരത്. ആദ്യ വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 200 ശതമാനത്തിന് അടുത്തായിരുന്നെങ്കിൽ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഒക്യുപ്പെൻസി നിരക്ക് 165 ശതമാനത്തിന് മുകളിലാണ്. യാത്രക്കാർക്ക് അനുയോജ്യമായ രീതിയിലാണ് വന്ദേഭാരത് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നു കാസർകോടിനുള്ള വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വന്ദേഭാരത് (20634) ഉച്ചയ്ക്ക് 1.20ന് കാസർകോട് എത്തും.  ഉച്ചയ്ക്ക് 2.30ന് കാസർകോടു നിന്നു പുറപ്പെടുന്ന വന്ദേഭാരത് (20633) രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. അതേസമയം, മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 06.15ന് പുറപ്പെടുന്ന വന്ദേഭാരത് വൈകുന്നേരം 3.05 ആകുമ്പോൾ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്നു വൈകുന്നേരം 4.05ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. മറ്റു വണ്ടികളുടെ സമയക്രമങ്ങളെ ബാധിക്കാതിരിക്കാൻ വന്ദേഭാരതിന്റെ സമയക്രമം രണ്ടു തവണ മാറ്റിയിരുന്നു.

വന്ദേഭാരത് വന്നതിനു ശേഷം ചില മാറ്റങ്ങൾ

തീവണ്ടികളുടെ വേഗം കൂട്ടാൻ പാളത്തിൽ പണി തുടങ്ങിയത് വന്ദേഭാരത് വന്നതിനു ശേഷമാണ്. വേഗം 130 കിലോമീറ്ററിൽ എത്തിക്കാൻ പുതിയ സിഗ്നലിങ്ങ് സംവിധാനം, വളവു നികത്തൽ ഉൾപ്പെടെയുള്ളവ തുടങ്ങി. ഓട്ടോമാറ്റിക് വാതിലുകളാണ് വന്ദേഭാരതിന്റേത്. വണ്ടിയിൽ ഓടിക്കയറലും വാതിൽക്കൽ നിൽക്കുന്നതുമായ ചില ശീലങ്ങളെല്ലാം വന്ദേഭാരത് വന്നതോടു കൂടി മാറി. 

വന്ദേഭാരത് സൂപ്പർ ഹിറ്റ് ആയതോടെ വന്ദേ ഭാരത് മെട്രോയുടെ പണിപ്പുരയിലാണ് ഇന്ത്യൻ റെയിൽവേ. വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. അതേസമയം, അടുത്ത മാസം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കുകളിൽ ഇറങ്ങും. വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി  100 - 250 കിലോമീറ്റർ ആണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 1000 കിലോമീറ്ററിൽ അധികം വരുന്ന റൂട്ടുകളിൽ ആയിരിക്കും സർവീസ് നടത്തുക.

English Summary:

Kerala Celebrates One Year of Spectacular Vande Bharat Train Service – Record-Breaking Occupancy Revealed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com