വിയറ്റ്നാം യാത്രയുമായി അപർണ; 10 ദിവസത്തേക്ക് ഒരാൾക്ക് ശരാശരി 40,000 മുതൽ 1 ലക്ഷം രൂപ
Mail This Article
ഫഹദ് ഫാസിലിന്‍റെ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നടിയാണ് അപര്‍ണ ദാസ്. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം മനോഹരം, വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലുമൊക്കെ അപർണ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയങ്കരിയായ താരം ഇപ്പോഴിതാ വിയറ്റ്‌നാമില്‍ പുതുവര്‍ഷ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.
മിക്ക സെലിബ്രിറ്റികളുടെയും ഇഷ്ടയിടമായി മാറുകയാണ് വിയറ്റ്‌നാം. വിയറ്റ്‌നാമില്‍ സാഹസിക സഞ്ചാരികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളുണ്ട്. ഇന്ത്യൻ സഞ്ചാരികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വിദേശരാജ്യമാണ് വിയറ്റ്നാം. 10 ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് ശരാശരി 40,000 മുതൽ 1 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്. തലസ്ഥാനമായ ഹാനോയില്‍ നിന്ന് വളരെ എളുപ്പത്തില്‍ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു യാത്ര ചെയ്തെത്താനാകും.
ഹാലോംഗ് ബേ
ഹാലോംഗ് ബേയില്‍ നിന്നുള്ള ചിത്രമാണ് അപർണ പങ്കിട്ടതിൽ ആദ്യത്തേത്. ക്രൂയിസിങിനിടെ എടുത്ത ചിത്രത്തില്‍, കടലിലേക്ക് നോക്കിനില്‍ക്കുന്ന അപർണയെ കാണാം. വിയറ്റ്നാമിലെ ക്യൂവ വാൻ, ബാ ഹാംഗ്, കോംഗ് സൊ, വോങ് വിയംഗ് എന്നിങ്ങനെ നാല് മത്സ്യബന്ധനഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫ്ലോട്ടിങ് വില്ലേജാണ് ഹാലോംഗ് ബേ. ഒരുകാലത്ത്, മത്സ്യത്തൊഴിലാളികൾക്ക് മീൻ വിൽക്കാനുള്ള സ്ഥലമായിരുന്ന ഹാലോംഗ് ബേ പിന്നീട് ഒരു ഫ്ലോട്ടിങ് വില്ലേജായി മാറുകയായിരുന്നു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഹാലോങ് വളരെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്..
വിയറ്റ്നാമിലെ ഏറ്റവും ഏറ്റവും പ്രശസ്തമായ ഒരു തെരുവാണ് ഹാനോയ് ട്രെയിന്‍ സ്ട്രീറ്റ്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഇഞ്ചുകള്‍ മാത്രം അകലെയുള്ള സിംഗിള്‍ ലൈന്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ട്രാക്കിൽ നിന്ന് ഏകദേശം ഒരു മീറ്റർ മാത്രം അകലെയായി ഇരുപതോളം കഫേകളുമുണ്ട്. ട്രെയിന്‍ വരാത്ത സമയത്ത്, സന്ദർശകർക്ക് ട്രാക്കിലൂടെ സഞ്ചരിക്കാം, സെൽഫികൾ എടുക്കാം. ട്രെയിൻ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ്, കഫേ നടത്തിപ്പുകാര്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കും.
കാറ്റ് ബാ ദ്വീപ്, ബാ ബീ തടാകം, ഫോങ് നാ നാഷണൽ പാർക്ക്, ക്യാറ്റ് ടിയാൻ നാഷണൽ പാർക്ക്, ബ്യൂൺ മാ തൂത്ത്, ലൈ സോൺ ദ്വീപ്, ബെൻ തൻ മാർക്കറ്റ് തുടങ്ങിയവ വിയറ്റ്‌നാമില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.