ഇതെന്താ, കൊമ്പുള്ള പര്‍വതമോ? മാച്ചു പിച്ചുവിനെ വെല്ലുന്ന മനോഹര കാഴ്ച
Mail This Article
ഈ വർഷം ആദ്യം തന്നെ പെറുവിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാച്ചു പിച്ചുവിലേക്കു വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തി. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, മുൻപ് നാലായിരത്തോളം വിനോദസഞ്ചാരികളെ മാത്രമാണ് ഒരു ദിവസം മാച്ചു പിച്ചു സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നത്. 2024 ജനുവരി 1 മുതൽ പെറുവിലെ ടൂറിസം മന്ത്രാലയം ആ പരിധി 4,500 ആയി വർധിപ്പിച്ചു. അവധിദിനങ്ങളില്‍ അത് 5,600 ആയി ഉയർന്നേക്കാം.
പെറുവിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നാണ് മാച്ചു പിച്ചുവില്‍നിന്നുള്ള ടൂറിസ്റ്റ് വരുമാനം. 2019 ല്‍, കോവിഡിന് മുൻപ് ഏകദേശം, 46 ലക്ഷം സഞ്ചാരികള്‍ എത്തിയ മാച്ചു പിച്ചു ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. 2023 ൽ 22 ലക്ഷം വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിച്ചതെന്നു ടൂറിസം ബോർഡിന്‍റെ കണക്കുകള്‍ പറയുന്നു. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തിരക്കേറിയ മാച്ചു പിച്ചുവിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് പോകാന്‍ പറ്റിയ മറ്റൊരിടമുണ്ട് പെറുവില്‍. മാച്ചു പിച്ചുവിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ തെക്ക് കിഴക്കായി, കുസ്‌കോ മേഖലയിലെ അകോസ് ജില്ലയില്‍, അപുരിമാക് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന വഖ്‌റ പുകാര എന്ന കോട്ടയാണ് ഈ കാഴ്ച. ‘കൊമ്പുള്ള കോട്ട’ എന്നാണ് വഖ്‌റ പുകാരയുടെ അർഥം. മാച്ചു പിച്ചുവിനേക്കാൾ ഏകദേശം 1,700 മീറ്റർ ഉയരത്തിലാണ് ഈ കോട്ട. കൊമ്പുകള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ഭാഗങ്ങള്‍ ഈ കെട്ടിടത്തിനുണ്ട്. അതാണ് ഈ പേരിനു കാരണം.
ഇൻകാ സംസ്കൃതിയുടെ തലസ്ഥാനവും വിനോദസഞ്ചാര കേന്ദ്രവുമായ കുസ്‌കോയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും, സമീപകാലം വരെ പ്രദേശവാസികൾക്ക് പോലും ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു.
കുസ്കോയില്‍നിന്നു വഖ്‌റ പുകാരയിലേക്കുള്ള ട്രെക്കിങ് ടൂറുകള്‍ ഒരുക്കുന്ന നിരവധി ടൂര്‍ ഏജന്‍സികളുണ്ട്. ഇതല്ലെങ്കില്‍ നഗരത്തില്‍നിന്നു സംഗരാരയിലേക്ക് ബസ് പിടിക്കാം. അവിടെനിന്ന് ടാക്സിയില്‍ അക്കോകുങ്ക ട്രയൽഹെഡിലേക്ക് പോകണം. ട്രയല്‍ഹെഡിലെത്തിയാല്‍, ഓരോരുത്തരുടെയും ശാരീരിക ശേഷി അനുസരിച്ച് വഖ്‌റ പുകാരയിലേക്കുള്ള ട്രെക്കിങ്ങിന് ഏകദേശം രണ്ട് മുതൽ നാല് വരെ മണിക്കൂർ എടുക്കും.
അക്കോകുങ്ക ട്രയൽഹെഡിൽ നിന്നുള്ള പാത വളരെ എളുപ്പമാണ്. പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ മലമ്പ്രദേശങ്ങളിലൂടെയാണ് യാത്ര. പോകുന്ന വഴിയിൽ ലാമകളുടെ കൂട്ടങ്ങൾ, ഇൻക ടെറസുകൾ, പെട്രോഗ്ലിഫുകൾ ഉള്ള ഗുഹകൾ, കാട്ടുപൂക്കള്‍ നിറഞ്ഞ വയലുകൾ എന്നിവ കാണാം. ഈ വഴിയിലെ മറ്റൊരു കാഴ്ചയായ അപുരിമാക് മലയിടുക്ക് അതിമനോഹരമാണ്.
ക്ലാസിക് ഇന്‍ക ശൈലിയിലാണ് വഖ്‌റ പുകാരയുടെ നിര്‍മ്മാണം. ചുവരുകൾ, പടികൾ, ടെറസുകൾ, മികച്ച രീതിയില്‍ കൊത്തിയെടുത്ത കല്‍ മുറികൾ എന്നിവയെല്ലാം ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 2017 ജൂലൈയിൽ സാംസ്കാരിക മന്ത്രാലയം ഇതിനെ ദേശീയ സാംസ്കാരിക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു.
ഈ കെട്ടിടം ആരാണ് നിര്‍മിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. ഇന്‍കകള്‍ക്ക് മുന്‍പ്, കാഞ്ചികളാണ് ഈ കോട്ട ആദ്യം നിര്‍മിച്ചതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. കുസ്കോയുടെ തെക്കന്‍ പ്രവിശ്യകളില്‍ താമസിച്ചിരുന്ന കാഞ്ചികളും ഇന്‍കകളും തമ്മില്‍ അധികാരത്തര്‍ക്കങ്ങള്‍ പതിവായിരുന്നു. 1438 ല്‍ ഇന്‍ക സാമ്രാജ്യ രൂപീകരണത്തിന് മുന്‍പുതന്നെ, കാഞ്ചികൾ ഇവിടുത്തെ ആദ്യത്തെ റോഡുകളും പ്രധാന ക്ഷേത്രങ്ങളും പ്ലാറ്റ്ഫോമുകളും നിർമിച്ചിരിക്കാമെന്നു കണക്കാക്കപ്പെടുന്നു. പിന്നീട്, വെയ്ന ഖപാക്കിന്‍റെ ഭരണത്തിൻ കീഴിൽ ഇന്‍കകള്‍ ഇവിടം കയ്യേറുകയും പുതിയ ഘടനകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു.
വഖ്‌റ പുകാരയില്‍ സഞ്ചാരികള്‍ക്കു ക്യാംപ് ചെയ്യാം. പുലര്‍ച്ചെ മഞ്ഞിനിടയിലൂടെ സൂര്യോദയത്തിന്‍റെ കാഴ്ച ആസ്വദിക്കാം. ക്യാംപ് സൈറ്റ് അത്രയൊന്നും വികസിച്ചിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്കായി നാടൻ കുളിമുറികളും ശുദ്ധമായ വെള്ളവുമുണ്ട്. ഇവിടെ മൗണ്ടൻ ബൈക്കിങ്, കയാക്കിങ് തുടങ്ങിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്. എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ അരങ്ങേറുന്ന വഖ്‌റ പുകാര ഉത്സവ സമയത്തും ഒട്ടേറെ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.