sections
MORE

ഇനിയൊരു മകളും പട്ടിണി കിടന്ന് മരിക്കരുത്; പെൺമക്കൾ പ്രതികരിക്കാൻ പഠിക്കട്ടെ

Dowry Death
സ്ത്രീധനപീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ പട്ടിണി കിടന്നു മരിച്ച തുഷാര
SHARE

വാർത്തകളിലെങ്ങും സ്ത്രീ മുഖങ്ങളാണ്. സ്വന്തം കുഞ്ഞിനെ അതിരു കടന്നു കാമുകൻ ഉപദ്രവിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ അവൻ മരണത്തോടു പൊരുതുന്നത് കാണേണ്ടി വരുന്ന ഒരു സ്ത്രീയുടെ വാർത്ത കാണുമ്പോൾ തന്നെയാണ് പട്ടിണി മൂലം മരണപ്പെടേണ്ടി വന്ന മറ്റൊരു പെൺകുട്ടിയുടെ വാർത്തയും മാധ്യമങ്ങളിൽ നിറയുന്നത് ഇടനെഞ്ചിൽ ചോര പൊടിയും പോലെ ഒരനുഭവമാണ് ഓരോ വാർത്തകളും. 

എന്നെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? എന്നും ഭക്ഷണം കഴിക്കുന്ന സമയമാകുമ്പോൾ വയറിനുള്ളിലാണോ അതോ ഏതോ അവയവങ്ങൾക്കുള്ളിൽ നിന്നാണോ എന്നത് പോലെ ഒരു ഞരമ്പിങ്ങനെ പിടച്ചുണരും, പിന്നെ ഇടിഞ്ഞു താഴും, അതിന്റെ അവർത്തനത്തിൽ എരിച്ചിലുണ്ടാകും, ചിലപ്പോൾ ഞരമ്പുകളെല്ലാം ഒന്നിച്ചങ്ങനെ മുകളിലേയ്ക്ക് പൊന്തി തൊണ്ടക്കുഴി വന്നു പുറത്തേയ്ക്ക് തള്ളി വരും പോലെ തോന്നും, തല പൊട്ടിപ്പിളരും. ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമാണ്, പക്ഷേ ആ വിശപ്പ് ആവർത്തിക്കപ്പെടുമ്പോൾ അത് ശരീരം സ്വീകരിക്കും, പിന്നെ അതിനനുസരിച്ച് ശരീരം പൊരുത്തപ്പെടും,

thushara-death-house
തുഷാര

പക്ഷേ പതുക്കെ പതുക്കെ മെലിഞ്ഞു മെലിഞ്ഞു ശാരീരികമായി മരവിക്കപ്പെട്ട്, അതു പതുക്കെ നിശ്ചലമായി തീരും. കൊല്ലം ഓയൂരിൽ പട്ടിണി മൂലം ഒരു പെൺകുട്ടി, ഒരു ഇരുപത്തിയേഴുകാരി കൊല്ലപ്പെട്ടിരിക്കുന്നു. ഇല്ലായ്മ കൊണ്ടോ ദാരിദ്രം കൊണ്ടോ ഉള്ള ഭക്ഷണമില്ലായ്മയായിരുന്നില്ല അവൾ അനുഭവിച്ചത് എന്നറിയുമ്പോഴാണ് ആ മരണം എത്ര ക്രൂരമാണെന്ന് മനസ്സിലാവുക.അത് സ്ത്രീധനം കാരണമായിരുന്നു. സ്ത്രീധനം നൽകാത്തത് മൂലം അമ്മായിയമ്മയും ഭർത്താവും അവൾക്ക് ഭക്ഷണം നൽകാത്തതുകൊണ്ടാണ് അവൾ മരിച്ചത്.

സ്ത്രീധനം ഇന്നത്തെ കാലത്തും ഇത്ര വലിയ പ്രശ്നമാണോ എന്ന് ഉറപ്പായും അതിശയം തോന്നും. കാരണം സമൂഹ മാധ്യമങ്ങളൊക്കെ ഇത്രയധികം ഏതു വിഷയവും ചർച്ച ചെയ്യുമ്പോൾ കേരളത്തിന്റെ തെക്കു നിന്നൊരു പെൺകുട്ടി ആ പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ സ്ത്രീധനം കാരണം ഭക്ഷണം ലഭിക്കാതെ കൊല്ലപ്പെട്ടു എന്ന വാർത്ത വരുന്നത്. കഴിഞ്ഞ ഒരു വർഷമായി, അതായത് കല്യാണം കഴിഞ്ഞതിൽ പിന്നെ പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ പോലും അവൾക്ക് അവകാശമുണ്ടായിരുന്നില്ല. പീഡനം ഉണ്ടായിരുന്ന വിവരം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എങ്കിലും അവളെ അപകടപ്പെടുത്തുമോ എന്ന് ഭയന്ന് അവർ പോലീസിൽ പരാതിപ്പെടാൻ മടിച്ചു, പക്ഷേ എന്തുകൊണ്ട് മകളുടെ വീടിന്റെ അടുത്തുള്ള പഞ്ചായത്തുമായി ബന്ധപ്പെട്ടു നേരിൽ സംസാരിക്കാൻ പോലും മാതാപിതാക്കൾ മടി കാണിച്ചു എന്നത് ചോദ്യമാണ്. 

Rape Girl

പെൺകുട്ടിയുടെ ഭർത്താവും അമ്മായിയമ്മയും ചേർന്നാണ് ആ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്, പഞ്ചസാര വെള്ളവും അരി കുതിർത്തതും നൽകിയപ്പോഴും ഒരു ഭാര്യ എന്ന പദവി പോയിട്ട് മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെയിരുന്നിട്ടും ആ പെൺകുട്ടിയ്ക്ക്  യാതൊരു വിധത്തിലും പ്രതികരിക്കാതിരുന്നതാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് സ്ത്രീധനത്തിന്റെ കാര്യത്തിൽ കോട്ടയത്ത് ഒരു അമ്മായിയച്ഛൻ മരുമകളെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. 

സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും നിയമപരമായി തെറ്റായി തുടരുമ്പോഴാണ് ഇപ്പോഴും നമ്മുടെ കേരളത്തിൽ നമുക്ക് ചുറ്റും നമ്മളറിയാതെ സ്ത്രീധനത്തിന്റെ പേരിൽ വിവിധതരത്തിലുള്ള പീഡനങ്ങൾ അരങ്ങേറുന്നത്. സ്ത്രീ എന്നത് തന്നെ ഒരു ധനമായി കാണുന്ന മാനസിക വളർച്ച ഇപ്പോഴും നമ്മുടെ സമൂഹം നേടിയിട്ടില്ല. അവളെ വളർത്തുന്നത് തന്നെ വീട്ടു ജോലികൾ ചെയ്യുവാനും ഭർത്താവിന്റെ കിടപ്പു മുറിയിലെ ഉപകരണം മാത്രമാക്കാനുമാണ്. മാനസികമായും ശാരീരികമായും തളർന്നു കിടക്കുമ്പോൾ പോലും ഈ ജോലികളൊന്നും "ചെയ്യാൻ പറ്റില്ല" എന്നൊരു വാചകം അവൾ ഉറക്കെ പറയില്ല. ഒരു പാവയെ പോലെ പ്രതികരണമില്ലാതെ ഓരോ ജോലിയും ചെയ്യും. ഇതൊക്കെ പറയുമ്പോഴും ഇങ്ങനെയൊക്കെ ഇപ്പോൾ, , ഈ കാലത്തും നടക്കുമോ എന്ന സംശയം ബാക്കി നിൽക്കുന്നു . പക്ഷേ വാർത്തയിലെ ആ ഇരുപത്തിയേഴുകാരി പെൺകുട്ടിയുടെ ആർദ്രമായ മുഖത്തേയ്ക്ക് നോക്കുമ്പോൾ ആരുമറിയാതെ ചുറ്റും എന്തൊക്കെ നടക്കുന്നു എന്നോർത്ത് അമ്പരക്കുന്നു.

domestic-violence-01

റിമ കല്ലിങ്കൽ മീൻ വറുത്തതിന്റെ കഷ്ണം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഫെമിനിസ്റ്റ് ആയെന്ന് പറയുമ്പോൾ അതിലെ പുറമെ അർഥം കണ്ടു അവരെ പരിഹസിക്കാനായിരുന്നു പലരുടെയും താൽപ്പര്യം. പക്ഷേ പല വീടുകളുടെയും ഇന്നത്തെയും അവസ്ഥ അതൊക്കെ തന്നെ. ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചുള്ള ഒരു വീട്ടിൽ ആൺകുട്ടികളുടെ സ്ഥാനം കഴിഞ്ഞു തന്നെയാണ് ഇപ്പോഴും പെൺകുട്ടികൾ. ഇടപെടലുകൾ കാരണം പല കുടുംബങ്ങളും മാറി വരുന്നുണ്ടെങ്കിലും പാരമ്പര്യത്തിന്റെ അടിച്ചമർത്തൽ പേറുന്ന വീടുകളിൽ ഭാര്യമാർ ഇപ്പോഴും അടുക്കളകളിൽ മാത്രമായി ഒതുങ്ങിക്കൂടുന്നു.

ഇതൊന്നും പാടെ റദ്ദു ചെയ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ ചുറ്റുമുള്ള പല വീടുകളിലും നടന്നുകൊണ്ടേയിരിക്കുന്നു. ഇനിയും വാർത്തകളും ഉണ്ടായേക്കാം, അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാൻ എളുപ്പമാണ് പക്ഷേ പെൺകുട്ടികൾ അവരുടെ വീടുകളിൽ ഒച്ചയുയർത്താൻ പഠിച്ച് തന്നെ വളരണം എന്നതാണ് ഇത്തരം വാർത്തകൾ നൽകുന്ന സൂചന.  അനീതികളും തനിക്കു നേരെയുയരുന്ന വിരലുകളെയും അറിഞ്ഞും പ്രതികരിച്ചതും വളരുന്ന പെൺകുട്ടികൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾക്ക് തുനിയാൻ ഒരു ഭർതൃ വീട്ടുകാർക്കുമാവില്ല. 

x-default

സ്ത്രീ തന്നെ ധനമാണെന്നു ആൺകുട്ടികളെയും പെണ്ണാണ് ഏറ്റവും ഉറച്ച മൂല്യമുള്ള സ്വത്വബോധമെന്നും ഈ രണ്ടു കൂട്ടരെയും വളർത്തുമ്പോൾ തന്നെ പറഞ്ഞു പഠിപ്പിക്കാതെ സ്ത്രീധനം എന്ന ആചാരം ഇനിയും അപ്രത്യക്ഷമാകാൻ പോകുന്നില്ല. എങ്കിലും ആഗ്രഹിക്കുന്നു, ഇനിയും ഇത്തരം വാർത്തകൾ ഉണ്ടാകാതെയിരിക്കട്ടെ. ഒരാളും വിശന്നു പൊരിഞ്ഞു മരിക്കാൻ ഇടയാകാതെയിരിക്കട്ടെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA