sections
MORE

പ്രണയത്തകർച്ച പോലും പോസിറ്റീവാകും ഈ 3 കാര്യങ്ങൾ ശീലിച്ചാൽ

Breakup
പ്രതീകാത്മക ചിത്രം
SHARE

ഒരിക്കൽ പ്രണയം തകർന്നാൽ പിന്നെ ജീവിതം തന്നെ അങ്ങു തീർന്നുപോയെന്നു ചിന്തിച്ച് ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് ഉൾവലിഞ്ഞു പോകാറുണ്ട് പലരും. എന്നാൽ പ്രണയത്തകർച്ചയ്ക്കു പോലും ജീവിതത്തിൽ പല പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. നിസ്സാരമെന്നു തോന്നുന്ന മൂന്നു കാര്യങ്ങൾ ശീലമാക്കിയാൽ പ്രണയത്തകർച്ചയെ അതിജീവിക്കാമെന്നും അവർ ഉറപ്പു പറയുന്നു.

പ്രണയത്തകർച്ചയിൽ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള രണ്ടുകാര്യങ്ങളണ്ട്. വൈകാരികമായ ആശ്രയത്വം നഷ്ടപ്പെടലും പ്രണയിച്ചിരുന്ന വ്യക്തിയുടെ അസാന്നിധ്യവും. പ്രണയിച്ചിരുന്ന കാലത്ത് പങ്കാളിയുടെയൊപ്പം ചിലവഴിച്ച സുന്ദരമായ നിമിഷങ്ങളിലെ ഓർമ്മകൾ മനസ്സിലേക്കെത്തുമ്പോൾ വല്ലാതെ അസ്വസ്ഥത തോന്നും. മനസ്സ് ശൂന്യമാക്കപ്പെട്ടതു പോലെയും ആകെ ആശയക്കുഴപ്പത്തിൽപ്പെട്ടതു പോലെയും തോന്നും. സ്വയം എന്തു ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിൽ എത്തിപ്പെടും. അത്തരം ചിന്തകൾ ദിനചര്യകളെപ്പോലും ബാധിച്ചെന്നുമിരിക്കും. ഒടുവിൽ ഓർമകളെ മനസ്സിന്റെ ഒരു കോണിലേക്ക് പിൻതള്ളി ഒറ്റയ്ക്കുള്ള ജീവിതവുമായി പതുക്കെ പൊരുത്തപ്പെടാൻ തുടങ്ങും.

501646960

അപ്രതീക്ഷിതമായ ഇത്തരം സന്ദർഭങ്ങളിൽ മനസ്സു തളരരുത്. പ്രണയത്തകർച്ചയ്ക്കുള്ള യഥാർഥ കാരണത്തെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക. ഹൃദയത്തിനുണ്ടായ മുറിവിനെ പോസിറ്റീവ് ചിന്തകൾകൊണ്ട് നേരിടുക. പ്രണയത്തകർച്ചയ്ക്കു ശേഷവും ജീവിതം എത്രമാത്രം സുന്ദരമാക്കാമെന്ന് ചിന്തിക്കുക.

1. ഓർമ്മകളിൽ കടിച്ചു തൂങ്ങരുത്

നഷ്ടപ്പെട്ടു പോയ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ഓർത്തു കരഞ്ഞ് ദിവസങ്ങൾ പാഴാക്കാതെ കഴിഞ്ഞ കാര്യങ്ങളെ സ്വയം അപഗ്രഥിക്കുക. പ്രണയത്തെക്കുറിച്ചും അതു നഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ചും ഏറ്റവുമടുത്ത സുഹൃത്തിനോട് മനസ്സു തുറക്കുക. ചിലപ്പോൾ മൂന്നാമതൊരാളുടെ കാഴ്ചപ്പാടുകളിലൂടെ കാര്യങ്ങളെ അപഗ്രഥിച്ചാൽ പ്രണയം എന്തുകൊണ്ട് തകർന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാനാകും. ആ ബന്ധത്തിൽ നിന്നപ്പോൾ തിരിച്ചറിയാതിരുന്ന കാര്യങ്ങൾ, പ്രണയത്തകർച്ച സംഭവിച്ച സമയത്ത് മനസ്സു കലങ്ങിയതിനാൽ വ്യക്തമാകാതിരുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ ഒരു സുഹൃത്തിന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചേക്കാം.

2. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം

ഇഷ്ടമുള്ള ഒരുപാടു കാര്യങ്ങൾ ചെയ്യാനുള്ള സമയം കൂടി പ്രണയത്തിനും പങ്കാളിക്കുമായി വീതിച്ചു നൽകിയവർക്ക് പ്രണയത്തകർച്ച നൽകുന്നത് ആവശ്യത്തിലേറെ സമയം കൂടിയാണ്. കിട്ടുന്ന സമയം കഴിഞ്ഞ കാലത്തെ മോശം അനുഭവങ്ങളെക്കുറിച്ച് ഓർത്തിരിക്കാതെ. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനായി ആ സമയം വിനിയോഗിക്കാൻ ശീലിക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ആത്മാർഥതയോടെ ചെയ്യാനായി അത്തരം സമയം വിനിയോഗിച്ചാൽ മനസ്സിലേക്ക് നെഗറ്റീവ് ചിന്തകളോ, മുറിവേൽപ്പിക്കുന്ന ഓർമകളോ കടന്നു വരില്ല. വ്യക്തിപരമായ വളർച്ചയ്ക്കും ഇത്തരം ഹോബികൾ സഹായിക്കും.

520123706

3. തിരക്കിനിടയിൽ മറന്നുപോയവരിലേക്ക് തിരികെപ്പോകാം

പ്രണയത്തകർച്ചയിൽ ഒറ്റയ്ക്കിരിക്കാതെ ഇഷ്ടപ്പെട്ടവരുടെ അരികിലേക്കു മടങ്ങാം. അവരോടൊപ്പം സമയം ചിലവഴിക്കാം. അതു ബന്ധുക്കളാകാം, സുഹൃത്തുക്കളാകാം. മനസ്സിനിണങ്ങിയ ആരുമാകാം. ഒറ്റദിവസം കൊണ്ട് പ്രണയത്തകർച്ചയിൽ നിന്ന് മോചനം നൽകാൻ അത്തരം കാര്യങ്ങൾ സഹായിക്കും എന്നല്ല പറഞ്ഞു വരുന്നത്.

524176927

വിഷാദത്തിൽ മുങ്ങി ഇരുട്ടുമുറിയിൽ ഒറ്റയ്ക്കു കഴിച്ചു കൂട്ടുന്നതിനേക്കാൾ ആശ്വാസം നൽകും ഇത്തരം കൂടിച്ചേരലുകൾ. എന്നിട്ടും വിഷമത്തിൽ നിന്ന് കരകയറാൻ കഴിയുന്നില്ല എന്നു തോന്നുകയാണെങ്കിൽ ഏറ്റവുമടുത്ത സുഹൃത്തിനൊപ്പം ഒരു യാത്രപോകാം. ചുറ്റുമുള്ളവർ എത്രയൊക്കെ സഹായിച്ചാലും എന്താണ് സന്തോഷം നൽകുന്നത് എന്നു തിരിച്ചറിഞ്ഞ് അത്തരം ഇടങ്ങളിൽ ആയിരിക്കാൻ ശ്രദ്ധിച്ചാൽ തീർച്ചയായും പ്രണയത്തകർച്ചയിൽ നിന്ന് കരകയറാൻ സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA