ADVERTISEMENT

അവിശ്വസനീയം എന്നു തോന്നുന്ന കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന മുഖവുരയോടെയാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ആ യുവതി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. അച്ഛന്റെ ഓർമദിനത്തിൽ യുവതി പറത്തിയ ഹീലിയം ബലൂൺ 17,00 കിലോമീറ്റർ പിന്നിട്ട് പോളണ്ടിലെത്തി എന്ന ശുഭവാർത്തയാണ് യുവതിയെ തേടിയെത്തിയത്.

2018 സെപ്റ്റംബർ 2 ന് പറത്തിയ ബലൂൺ കാതങ്ങൾ താണ്ടി പോളണ്ടിലെത്തിയ സന്ദേശം തനിക്ക് ലഭിച്ചതിനെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ :-

''ചിലപ്പോഴൊക്കെ ആകാശത്തിന്റെ അനന്തതയിലേക്കു നോക്കി ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. ആ ബലൂണും ആകാശത്തുള്ള എന്റെ അച്ഛന്റെ അടുത്തെത്തിക്കാണും എന്നായിരുന്നു എന്റെ പ്രതീക്ഷ''. നിക്കോള ബൗളർ എന്നാണ് ആ മകളുടെ പേര്. നഴ്സ് ആയി ജോലിചെയ്യുകയാണ്. '' എന്റെ അച്ഛൻ അധികം യാത്രയൊന്നും ചെയ്യാത്ത ഒരാളാണ്. ഒരുപാട് ദൂരെയൊന്നും പോയിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ ബലൂൺ ഇത്രദൂരമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. ഇതെല്ലാം കണ്ട് അച്ഛനൊരുപാട് ചിരിച്ചിട്ടുണ്ടാകും''.- നിക്കോള പറയുന്നു.

2018 സെപ്റ്റംബർ 2 ന് അച്ഛന്റെ ഓർമദിനത്തിലാണ് നിക്കോളയും ഭർത്താവും ചേർന്ന് കുറേ ബലൂണുകൾ പറത്തി വിട്ടത്. അതിൽ നക്ഷത്രാകൃതിയിലുള്ള ബലൂണിന്റെ ഒരു ഭാഗത്ത് ഒരു കുറിപ്പും മറുഭാഗത്ത് ഒരു ഫോൺ നമ്പറും കുറിച്ചാണ് നിക്കോള ബലൂൺ പറത്തിയത്. '' എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല അച്ഛാ'' എന്ന് കുറിച്ചുകൊണ്ടാണ് അച്ഛന്റെ പേരും ബലൂൺ പറത്തിയ ഡേറ്റും ഉൾപ്പെടയുള്ള കാര്യങ്ങളെഴുതിയ ബലൂൺ നിക്കോൾ പറത്തിയത്. ബലൂണിന്റെ മറുവശത്ത് തന്റെ ഫോൺ നമ്പറിനൊപ്പം മറ്റൊരു കുറിപ്പുമെഴുതാൻ നിക്കോള മറന്നില്ല. ' എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയാനാണ്, ദയവായി ഈ നമ്പറിൽ എനിക്ക് മെസേജ് ചെയ്യൂ, നിക്കോള'' എന്നായിരുന്നു അവരുടെ കുറിപ്പ്.

സംഭവത്തെക്കുറിച്ച് നിക്കോളിന്റെ ഭർത്താവ് പറയുന്നതിങ്ങനെ :-

''നിക്കോളിന്റെ അച്ഛൻ ഡെറിക്ക് വുഡിനെ അടക്കിയ സെമിത്തേരിയുടെ സമീപത്തുള്ള മരക്കൂട്ടങ്ങൾക്കിടയിലേക്കായിരുന്നു ആ ബലൂണുകളത്രയും പറന്നു പോയത്. അർബുദം ബാധിച്ച് 68–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. ഭാര്യ പറത്തിവിട്ട ബലൂൺ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് അവൾ ഒരിക്കലും കരുതിയില്ലെന്നും അയാൾ പറയുന്നു.

വടക്കു കിഴക്കൻ പോളണ്ടിലെ ട്രോസ്കോവോ എന്ന ഗ്രാമത്തിലെ കർഷകനായ റഡോസ്ലാവ് ഗച്ച് ബലൂണും സന്ദേശവും കണ്ട് നിക്കോളിന് സന്ദേശമയച്ചതോടെയാണ് താൻ പറത്തിവിട്ട ബലൂൺ 1700 കിലോമീറ്റർ സ‍ഞ്ചരിച്ചെന്ന വാർത്ത നിക്കോള അറിയുന്നത്. കന്നുകാലികളെ മേയ്ക്കാൻ വിട്ട് വീടിനു പുറത്തു കിടക്കുമ്പോഴാണ് ആ കർഷകൻ ബലൂൺ കണ്ടത്.

ബലൂൺ കണ്ടെടുത്തപ്പോൾ നിക്കോളിന് സന്ദേശമയയ്ക്കാൻ തോന്നിയതിനെക്കുറിച്ച് കർഷകൻ പറയുന്നതിങ്ങനെ :-

''ആ ബലൂൺ കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും തോന്നി. അച്ഛനെ ഓർത്തുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ ദിവസം മകൾ പറത്തിവിട്ട ബലൂൺ. അതറിഞ്ഞപ്പോഴാണ് ബലൂണിലെഴുതിയ നമ്പറിലേക്ക് വിളിക്കാൻ തോന്നിയത്''.

ബലൂണിനെക്കുറിച്ചുള്ള സന്ദേശം കിട്ടിയതിനെക്കുറിച്ച് നിക്കോള പറയുന്നതിങ്ങനെ :-

''നിങ്ങളുടെ അച്ഛൻ യാത്രചെയ്ത് ഈ ഗ്രാമത്തിലെത്തിയിട്ടുണ്ട്'. പോളണ്ടിലെങ്ങനെ അത് ഉച്ചരിക്കുമെന്നൊന്നും എനിക്ക് മനസ്സിലായില്ല. തുടക്കത്തിൽ ആരോ എന്നെ പറ്റിക്കുകയാണെന്നാണ് ഞാൻ കരുതിയത്. ആ മെസേജ് വന്ന നമ്പർ ഞാൻ ഗൂഗിൾ ചെയ്തു. അതു പോളണ്ടിലെ നമ്പർ ആണെന്ന് ഉറപ്പു വരുത്തി. അത്രയും ദൂരം ഒരു ബലൂൺ സഞ്ചരിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല''.

അച്ഛന്റെ മൃതശരീരം അടക്കം ചെയ്ത ശ്മശാനത്തിന് സമീപം, നിറയെ പൂക്കളിട്ടു മൂടിയ കല്ലറയുടെ അരികിലിരുന്നാണ് തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് നിക്കോള തുറന്നു പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com