ADVERTISEMENT

ജോയിസ്,വയസ്സ് എഴുപത്തിയഞ്ച്. ഭർത്താവ് കഴിഞ്ഞ മാസം മരിച്ചു. ശരിക്കും അങ്ങനെയല്ല ജോയിസിനെ പരിചയപ്പെടുത്തേണ്ടത്. വയസ്സ് എഴുപത്തിയഞ്ച് ആയ താമരപ്പൂവ് പോലെ വിടർന്ന മുഖമുള്ള സുന്ദരിയായ സ്ത്രീ എന്നാണ്. ജോയിസ് പക്ഷേ ഓർമിപ്പിച്ചത് കസാൻദ്സാക്കിസിന്റെ സോർബ ദ ഗ്രീക്കിലെ ബുബുലീനയെ ആണ്. യുദ്ധത്തിലെ വീര നായകന്മാരുടെ പ്രിയപ്പെട്ട ഭാര്യയായിരുന്ന മാഡം ഹോട്സൺ , അഥവാ സോർബയുടെ ബുബുലീന. 

ടോമി സ്റ്റോവൾ ചെയ്ത "റൂം ഫോർ റെന്റ്" എന്ന ചിത്രത്തിലാണ് ജോയ്‌സ്(ലിൻ ഷായെ) ഒരു വിഷാദ കാവ്യം പോലെ മുഖം തുടച്ച് ഇറങ്ങി വരുന്നത്. അവരുടെ ഭർത്താവ് മരിച്ചിട്ട് അന്നേയ്ക്ക് ഒരു മാസമാകുന്നതേയുണ്ടായിരുന്നുള്ളൂ. വിഷാദത്താൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇലകൾ കൊഴിഞ്ഞ ഒരു മരമായിരുന്നു ജോയിസ്. പക്ഷേ നിരന്തരം മുളകൾ പൊട്ടി തളിർത്തുകൊണ്ടിരിക്കുന്ന ഒരു ഹൃദയം അവരുടെ ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ട്. അതത്ര എളുപ്പമല്ല, വയസ്സായ, മുടി നരച്ച ഒരു സ്ത്രീയെ കാമുകിയാക്കാനും പ്രണയിക്കാനും ആരെ കൊണ്ട് കഴിയുമെന്നാണ്.

ഒരുപക്ഷേ സോർബയ്ക്ക് കഴിയുമായിരിക്കണം. കാരണം അയാൾ സോർബയാണ്. തന്നെക്കാൾ പ്രായമുള്ള മാഡം ഹോട്സണെ പ്രണയിച്ച് അവളെ പ്രണയലോലുപയാക്കി, തഴുകി, താരാട്ടി, താലോലിച്ച് ബുബുലീന എന്നുറക്കെ വിളിച്ച് അവളുടെ ഹൃദയത്തെ യൗവനമാക്കി നിലനിർത്താൻ എല്ലാ പുരുഷന്മാരും സോർബമാർ അല്ലല്ലോ. 

ജോയിസ് ആഗ്രഹിച്ചത് തന്റെ ഉടലിന്റെ ബാക്കി നിൽക്കുന്ന ആഗ്രഹ പൂർത്തീകരണമല്ല, മറിച്ച് കരുത്തുറ്റ കൈകളുടെ സംരക്ഷണവും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ഹൃദയത്തിന്റെ സ്നേഹവുമാണ്. തന്നെ തിരഞ്ഞു ഉപദ്രവിക്കാനെത്തുന്നവരിൽ നിന്നും രക്ഷിക്കാൻ പ്രാപ്തനായ ഒരു പുരുഷനെയാണ്. പ്രണയത്തിൽ ജീവിക്കാൻ കൊതിച്ചവൾ. പ്രായം എത്രയായാലും ആ പ്രണയത്തിന്റെ തീവ്രമായ ഉന്മാദം ആത്മാവിനെ വിട്ടു പോകുന്നതെല്ലെന്ന് മനസിലാക്കിയവൾ. ജീവിക്കാൻ പണം വേണ്ടതുകൊണ്ട് മാത്രമല്ല ഏകാന്തമായ ജീവിതത്തിൽ ഒന്ന് ചിരിക്കാനും ആരോടെങ്കിലും സംസാരിക്കാനും വേണ്ടി കൂടിയാണ് തന്റെ മുറിയുടെ മുകൾ നില ജോയിസ് വാടകയ്ക്ക് നൽകാൻ തയാറാകുന്നത്. അവിടെ വരുന്ന ബോബ് എന്ന യുവാവിനെ ജോയിസ് പ്രണയിക്കുന്നത് എന്തുകൊണ്ടാവും?

വളരെ ഒബെസ്സസ്സീവ് ആയ ഒരു പ്രണയമാണ് ജോയിസ് അനുഭവിക്കുന്നത്. താൻ ഒരിക്കലും ബോബിനു ചേരുന്ന വ്യക്തി അല്ലെന്നു ഉള്ളു കൊണ്ട് തോന്നുമ്പോഴും അയാളുടെ വ്യക്തിത്വവും കരുതലും ജോയിസിനെ സന്തോഷിപ്പിക്കുന്നു.അവനിലേക്ക് ചേർന്ന് നില്ക്കാൻ അവർ ആഗ്രഹിക്കുന്നു. ആഗ്രഹം കഥകളായി പറഞ്ഞു വയ്ക്കുന്നു. ഒക്കെയും അവരുടെ അതിജീവനത്തിന്റെ മോഹങ്ങളാണ്. കരച്ചിൽ നിറഞ്ഞ കണ്ണുകൾ തുടച്ച് ജോയിസ് അവിടം മുതൽ ബോബിനു വേണ്ടി അണിഞ്ഞൊരുങ്ങുന്നു. 

ഉടലിനെ മിനുക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ പോലും ശരീര വടിവുകൾ എടുത്തു കാട്ടുന്ന വസ്ത്രങ്ങൾ അണിയുകയും ഒരു ഇടവേളയ്ക്ക് ശേഷം ചുണ്ടിൽ ചായം പുരട്ടുകയും ചെയ്യുന്നു. ഏകാന്തമായ ജീവിതത്തിനു മേൽ ഒരു വസന്തകാലം എത്തിയതായിരുന്നു അത്. മഞ്ഞു വീണു  മരവിച്ചു പോയ കാലത്തിനു മേൽ വസന്തത്തിന്റെ പിറവി അങ്ങനെയായിക്കണം. പതുക്കെ സൂര്യന്റെ പ്രഭ വീണു മഞ്ഞുരുകി ചെടിയുടെ ആത്മാവിനെ തൊട്ടുണർത്തി മുളപ്പിച്ചെടുക്കുന്ന വസന്തത്തെ പോലെയാണ് പ്രണയം.  

ഏതു വലിയ ഏകാകിയുടെയും ജീവിതത്തെ അത് വാചാലമാക്കി മാറ്റിക്കളയും. അവർ സ്വയം രാജകുമാരിയും മനോഹരിയും ഒക്കെ ആയിപ്പോകും. അതുതന്നെയാണ് ജോയിസിനും സംഭവിച്ചത്. ബോബ് അറിയാതെ അവർ ബോബിനെ പ്രണയിച്ചു അവന്റെ കരുതലുകൾ അവന്റെ പ്രണയമാണെന്ന് കരുതി. അതങ്ങനെയല്ലെന്നറിയുമ്പോഴും ആ മിഥ്യയിൽ ജോയിസ് ജീവിച്ചു. 

പിന്നെന്തിനാവും ജോയിസ് ബോബിനെ കൊലപ്പെടുത്തുന്നത്? ഒരിക്കലും തന്റേതാവില്ല എന്നറിഞ്ഞതുകൊണ്ട് മാത്രമല്ല, ഉപേക്ഷിച്ച് പോകുന്നു എന്ന വേദന അവർക്ക് സമ്മാനിച്ച അകാരണമായ ഭയവും അനാഥത്വവും അവരെ കൊലപാതകിയാക്കിയതാകാനേ തരമുള്ളൂ. മനസ്സുകളെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്ന് മനസ്സിലാവുന്നതേയില്ല. പ്രായം കൂടിയവർ, പ്രത്യേകിച്ച് സ്ത്രീകൾ പ്രണയ രാഹിത്യമനുഭവിച്ച് ശിഷ്ടജീവിതം സമൂഹത്തിന്റെ നിയമങ്ങൾക്കനുസരിച്ച് ജീവിച്ചു തീർക്കണമെന്നാണ് സദാചാര മതം. എന്നാൽ ചില മനുഷ്യരുണ്ട്, നിയമങ്ങൾ ബാധകമല്ലാത്തവർ. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കും. അവർക്ക് പ്രണയിക്കാൻ പ്രായമോ മതമോ ജീവിതമോ പോലും പ്രശ്നമല്ല. 

ഇതിൽ സോർബയെ പോലെ ഒരാളുടെ പ്രണയ ചിന്തകൾ ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. ഒരാളോടുള്ള പ്രണയമല്ല അയാളെ വിശുദ്ധനാക്കുന്നത്, പ്രണയങ്ങളെയെല്ലാം അതിന്റെതായ പൂർണതയോടെ നിലനിർത്താനും കൊണ്ട് പോകാനുമുള്ള അയാളുടെ കഴിവാണ് പ്രസക്തം. മിസിസ് ഹോട്സണെ സോർബ പ്രണയിച്ചത് അതേ പൂർണതയോടെ തന്നെയാണ്. ഉന്മാദങ്ങളുടെ പരിശുദ്ധ വീഞ്ഞുകൊണ്ടാണ് അയാൾ അവർക്ക് സ്വപ്‌നങ്ങൾ നെയ്യാൻ പരിശീലനം നൽകിയത്. ഏകാന്തവതിയും പ്രായമേറിയവളുമായ ഒരു സ്ത്രീയുടെ ഏറ്റവും വലിയ വിഷാദം തനിച്ചാകൽ തന്നെയെന്നതിൽ സോർബയ്ക്ക് സംശയമേതുമുണ്ടായിരുന്നിരിക്കില്ല. 

അങ്ങനെ തന്നെ തിരിച്ചറിഞ്ഞ ഒരുവനോട് ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന ആദരവിനും അളവുകളില്ല. അയാൾക്ക് വേണ്ടി അവൾ മഹാരാജ്ഞിയാകും. ലോക സുന്ദരിയെ പോലെ വസ്ത്രമണിയുകയും മുഖത്തെ ഒരുക്കുകയും ചെയ്യും . ഇതൊക്കെ തന്നെയാവില്ലേ ജോയിസും ആഗ്രഹിച്ചിട്ടുണ്ടാവുക. പക്ഷേ സത്യമറിയുമ്പോൾ ജോയിസിൽ നിന്ന് ഓടിയൊളിക്കുന്ന ബോബ് പക്ഷേ കാഴ്ചയിലെന്നല്ല ഒരിടത്തും കുറ്റവാളിയല്ല. അയാൾ ജോയിസിനെ പ്രണയിച്ചിട്ടുണ്ടായിരുന്നില്ല, ഒരമ്മയുടെ കരുതലിനപ്പുറം അയാൾ അവരെ സംരക്ഷിച്ചിട്ടുമുണ്ടായിരുന്നില്ല. എല്ലാം ജോയിസിന്റെ വിഭ്രമാത്മകമായ മനസ്സിന്റെ സാക്ഷ്യപ്പെടുത്തൽ മാത്രം. 

പ്രണയരാഹിത്യമാണ് ഒരുപക്ഷേ മനുഷ്യൻ അനുഭവിക്കുന്ന വലിയ സങ്കടങ്ങളിൽ ഒന്ന്. വിശപ്പിന്റെ നിലവിളികൾ പോലും അടക്കി നിർത്താൻ കഴിഞ്ഞ ജോയിസിന് പക്ഷേ ആത്മാവിന്റെ മുട്ടിവിളികൾ പോലും താങ്ങാനുള്ള കരുത്തുണ്ടായില്ല. കരുത്തുള്ള ഒരു ഹൃദയം അവർക്ക് അത്രയ്ക്ക് ആവശ്യമുള്ള ഒന്നായിരുന്നു. പക്ഷേ ഒടുവിൽ  അതിൽ നിന്നൊക്കെ പുറത്തിറങ്ങി യാത്ര പോകുന്ന ജോയിസ് പുറമേയ്ക്കുള്ള കാഴ്ച്ചയിൽ നൽകുന്നത് സ്വാർത്ഥയായ ഒരു സ്ത്രീ എന്നതാണെങ്കിൽ ശരിക്കും അതൊരു ഒളിച്ചോടലാണ് . പല സത്യങ്ങളിൽ നിന്നും അവനവനിൽ നിന്ന് തന്നെയുമുള്ളൊരു ഒളിച്ചോട്ടം . അതിനു താൻ കൊലപ്പെടുത്തിയ ബോബിന്റെ കാശെടുക്കാനും ജോയിസിന് മടിയില്ല.മനുഷ്യന്റെ, പ്രത്യേകിച്ച് സ്ത്രീയുടെ മനസ്സുകളുടെ സഞ്ചാരം അങ്ങനെ ഏതെല്ലാം വഴികളിലൂടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com