ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ്  ഫലം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അപ്രതീക്ഷിതമായിരുന്നെങ്കിലും വോട്ടെണ്ണുന്നതിനുമുമ്പുതന്നെ പരാജയം മുന്‍കൂട്ടിക്കണ്ട ഒരു സ്ഥാനാര്‍ഥിയുണ്ട്. പരാജയപ്പെടുമെന്നും അതിന്റെ കാരണക്കാര്‍ ആരൊക്കെയെന്നും എന്തു പരിഹാര നടപടികളാണു വേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ കത്തിലൂടെ അറിയിച്ച നേതാവ്. തഴക്കവും പഴക്കവും വന്ന രാഷ്ട്രീയ നേതാവല്ല പരാജയം മുന്‍കൂട്ടിക്കണ്ടത് മറിച്ച് ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍. ലോക്സഭാ ഫലം വരുന്നതിനുമുമ്പു തന്നെ ഊര്‍മിള നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തായതോടെയാണ് മഹാരാഷ്ട്രയിലും മുംബൈ കോണ്‍ഗ്രസിലും നടന്ന അടിയൊഴുക്കുകളും ഗ്രൂപ്പുവഴക്കുകളും മറനീക്കി പുറത്തുവന്നിരിക്കുന്നത്. 

mumbai-urmila

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന്റെ രണ്ട് അനുയായികളെയാണ് കത്തില്‍ ഊര്‍മിള പ്രധാനമായും കുറ്റപ്പെടുത്തിയിരിക്കുന്നത്. മേയ് 16-നാണ് കത്ത് എഴുതിയത്. രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനത്തിനും ഒരാഴ്ച മുമ്പ്. സന്ദേഷ് കൊണ്ട്‍വില്‍കര്‍, ഭൂഷണ്‍ പാട്ടീല്‍ എന്നിവരെ ഊര്‍മിള കത്തില്‍ പേരെടുത്തുതന്നെ വിമര്‍ശിക്കുന്നുണ്ട്. ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളടക്കം ഉന്നയിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മിലിന്ദ് ദേവ്റയെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത്.

തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തികഞ്ഞ പരാജയമായിരുന്നുവെന്ന് ഊര്‍മിള ചൂണ്ടിക്കാട്ടുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പ്രവര്‍ത്തകരെ കൂട്ടാനോ റാലികൾ സംഘടിപ്പിക്കാനോ ഒന്നും കഴി‍ഞ്ഞില്ല. സത്യസന്ധതയും ആത്മാര്‍ഥതയും ഇല്ലാതെയാണ് സഞ്ജയ് നിരുപത്തിന്റെ സഹായികള്‍ പ്രവര്‍ത്തിച്ചതെന്നും ഒരിക്കലെങ്കിലും വിജയപ്രതീക്ഷ ഉണര്‍ത്താന്‍ നേതാക്കള്‍ക്ക് ആയില്ലെന്നും അവര്‍ ആരോപിക്കുന്നു. 

പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചുമതലയുണ്ടായിരുന്നവരാണ് സന്ദേഷും ഭൂഷണ്‍ പാട്ടീലും. ബോറിവ്‍ലിയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും എന്‍സിപി നേതാവ് ശരദ് പവാറും അഭിസംബോധന ചെയ്ത റാലി സംഘടിപ്പിച്ചത് മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയായിരുന്നു. തനിക്ക് ആ സംഭവം വലിയ മാനസിക പ്രയാസമാണുണ്ടാക്കിയതെന്നും ഊര്‍മിള ഓര്‍മിക്കുന്നു.

INDIA-ENTERTAINMENT-BOLLYWOOD

ഇതിനുപുറമെ, സന്ദേഷ് തന്റെ കുടുംബംഗങ്ങളെ വിളിച്ച് നിരന്തരമായി പണവും ആവശ്യപ്പെട്ടത്രേ. തിരഞ്ഞെടുപ്പ് ചെലവിനു പണം വേണമെന്നായിരുന്നു നിലപാട്. കോണ്‍ഗ്രസ് ട്രഷറര്‍ അഹമ്മദിനെ വിളിച്ച് കൂടുതല്‍ പണം ആവശ്യപ്പെടാനും അവര്‍ കുടുംബാംഗങ്ങളോടു പറഞ്ഞു. നോര്‍ത്ത് മുംബൈ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് സുത്രാലെയോട് ഇരുവരും ഒരു ബഹുമാനവും കാണിച്ചില്ലെന്നും ഊര്‍മിള കുറ്റപ്പെടുത്തുന്നു. സഞ്ജയ് നിരുപത്തിന്റെ രണ്ട് അനുയായികള്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട ഊര്‍മിള, സംഘടനാ തലത്തില്‍ കൂടുതല്‍ മാറ്റങ്ങളില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും മുന്നറിയിപ്പു നല്‍കുന്നു. പാര്‍ട്ടിതലത്തില്‍ സഹായമോ സംഘാടനമോ ഇല്ലായിരുന്നെങ്കിലും താന്‍ അന്തസ്സായിത്തന്നെ മല്‍സരിച്ചുവെന്നും മോശമല്ലാതെ വോട്ടുപിടിച്ചുവെന്നും അവകാശപ്പെട്ട ഊര്‍മിള, പാര്‍ട്ടിയുടെ ഭാവിക്കുവേണ്ടിയാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഊര്‍മിളയുടെ കത്ത് പരസ്യമായതിനുശേഷം സഞ്ജയ് നിരുപം കുറ്റപ്പെടുത്തുന്നത് സംസ്ഥാന പ്രസിഡന്റായിരുന്ന മിലിന്ദ് ദേവ്റയെയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന യുവനേതാക്കന്‍മാര്‍ ചില കത്തുകള്‍ പുറത്തുവിട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. ഇതിന് മിലിന്ദ് േദേവ്റ ഉടന്‍ മറുപടി പറയുകയും ചെയ്തു:

വ്യക്തികളെക്കാളും വലുതാണ് പാര്‍ട്ടിയും പാര്‍ട്ടിയും ആദര്‍ശങ്ങളും. ചില കോണുകളില്‍നിന്നു വരുന്ന എതിര്‍പ്പുകളെ പാര്‍ട്ടി അവഗണിക്കുകയാണു വേണ്ടത്. തകര്‍ച്ചയും ഉയര്‍ച്ചയും കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോഴത്തെ തകര്‍ച്ചയേയും അതിജീവിക്കാന്‍ പാര്‍ട്ടിക്കു കഴിയും- ദേവ്റ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സക്കീര്‍ അഹമ്മദും സഞ്ജയ് നിരുപത്തിന്റെ നിലപാടുകളിലുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി മഹാരാഷ്ട്രയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലെ  ഗ്രൂപ്പുവഴക്ക് മൂർച്ഛിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കത്തും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com