ADVERTISEMENT

ലൈംഗികാതിക്രമത്തിന്  ഇരയായതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട് ജയില്‍വാസവും അനുഭവിച്ച് വന്‍തുക പിഴയടയ്ക്കേണ്ട ഗതികേടിലാണ് ബെയ്ഖ് നൂറി മക്നൂണ്‍ എന്ന യുവതി. ഇന്തൊനേഷ്യയിലാണ് വിചിത്രമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇര കുറ്റവാളിയാക്കപ്പെട്ടിരിക്കുന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനത്തിനൊപ്പം ജോലിയില്‍ സ്ഥാനക്കയറ്റവുമുണ്ട്. രാജ്യത്തെ പൊലീസും കോടതികളും കൂടി ഉപേക്ഷിച്ചതോടെ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയാണ് നൂറി. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന തനിക്ക് ജീവിതം അവസാനിപ്പിക്കാതെ മറ്റൊരു വഴിയുമില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. 

41 വയസ്സുകാരിയായ നൂറി ഇന്തൊനേഷ്യയിലെ ലൊമ്പോക്ക് എന്ന ദ്വീപിലാണു താമസിക്കുന്നത്. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയും. ഒരു സ്കൂളില്‍ ബുക് കീപ്പറായാണ് ജോലി ചെയ്യുന്നത്. സ്കൂളിലെ പ്രിന്‍സിപ്പലില്‍നിന്നുമാണ് നൂറിക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നത്. തുടക്കത്തില്‍ തന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ആഗ്രഹം വെളിപ്പെടുത്തിയത്. മറ്റു സ്ത്രീകളുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചു വീമ്പുപറഞ്ഞ പ്രിന്‍സിപ്പല്‍ നൂറിയുമായി താന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബന്ധത്തെക്കുറിച്ചു വിശദമായി വിവരിക്കും. വിവരണം അമിതമാകുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്ന യുവതി തനിക്ക് ഛര്‍ദിക്കാന്‍ വരുന്നെന്നു പോലും പറഞ്ഞിട്ടുണ്ട്. 

തനിക്ക് അശ്ലീലസംഭാഷണത്തില്‍ താല്‍പര്യമില്ലെന്നും നിര്‍ത്താനും പറഞ്ഞാലും പ്രിന്‍സിപ്പല്‍ അവസാനിപ്പിക്കില്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയുമുണ്ട് നൂറിക്ക്. പിന്നീട് ഫോണിലും പ്രിന്‍സിപ്പല്‍ നൂറിയുമായി അശ്ലീല സംഭാഷണം തുടര്‍ന്നു. അസഹനീയമായപ്പോള്‍ യുവതി ഫോണ്‍സംഭാഷണം റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണം ഒരു സഹപ്രവര്‍ത്തക വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അയച്ചുകൊടുത്തു. ഫലം നൂറിക്ക് ജയില്‍വാസവും കനത്ത പിഴ അടയ്ക്കാനുള്ള ഉത്തരവും. 2012 മുതല്‍ പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമം നേരിടുന്ന യുവതിക്ക് 2017-ല്‍ രണ്ടുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. 

ജില്ലാക്കോടതി നൂറിയെ വെറുതെവിട്ടെങ്കിലും പരാതിക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നൂറിക്ക് ശിക്ഷ ലഭിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ട്രാന്‍സാക്‌ഷന്‍ നിയമം ഇന്തൊനേഷ്യയില്‍ കര്‍ശനമാണ്. ഈ നിയമമനുസരിച്ച് ഇലക്ട്രോണിക് തെളിവുകള്‍ കൈമാറ്റം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. ഇതാണ് നൂറിക്ക് കുരുക്കായത്. ഈ മാസമാദ്യം രാജ്യത്തെ പരമോന്നത കോടതി നൂറി കുറ്റക്കാരിയാണെന്നു കണ്ടെത്തി ശിക്ഷയും പുറപ്പെടുവിച്ചു. ആറുമാസത്തെ ജയിലും 35000 ഡോളര്‍ പിഴയും. 

പ്രിന്‍സിപ്പലിനെ ഒരു രീതിയിലും കുറ്റക്കാരനായി കാണാത്ത നിയമസംവിധാനം അദ്ദേഹത്തിന് ജോലിയില്‍ സ്ഥാനക്കയറ്റവും അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അദ്ദേഹം. 

ഇന്തൊനേഷ്യയിലെ നിയമസംവിധാനത്തിലെ പോരായ്മ വെളിച്ചത്തുകൊണ്ടുവന്ന കേസ് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും യുവതിക്ക് പിന്തുണയേറി ക്കൊണ്ടിരിക്കുന്നു. നൂറിക്ക് മാപ്പു കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുന്ന അപേക്ഷയില്‍ ഇതിനോടകം മൂന്നുലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. രാജ്യാന്തര തലത്തിലുള്ള സമ്മര്‍ദ്ദം ഏറിയതിനെത്തുടര്‍ന്ന് ശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രസിഡന്റും സംഭവത്തില്‍ ഇടപെട്ടു. നൂറിക്ക് മാപ്പുകൊടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് നൂറി അഭിഭാഷകനൊപ്പം ജക്കാര്‍ത്തയില്‍ എത്തി നിവേദനവും സമര്‍പ്പിച്ചു.

ഈയാഴ്ച തന്നെ സംഭവത്തില്‍ നൂറിക്ക് അനുകൂലമായി തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കുടുംബമാണ് പോരാട്ടത്തില്‍ നൂറിയുടെ കരുത്ത്. പെണ്‍മക്കളും ഭര്‍ത്താവും. തന്റെ ഭാര്യ നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാജ്യത്തെ വനിതകളെ പ്രചോദിപ്പിക്കുന്നതാണ് സംഭവമെന്നും ഭര്‍ത്താവ് ഇസ്നെയ്നി പ്രതികരിച്ചു. താന്‍ നിശ്ശബ്ദയായാല്‍ ആര് ശബ്ദമുയര്‍ത്തുമെന്നാണ് നൂറിയുടെ ചോദ്യം. തനിക്കുവേണ്ടി മാത്രമല്ല, പീഡനം നേരിടേണ്ടിവരുന്ന എല്ലാ യുവതികള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവര്‍ പറയുന്നു. 

നൂറിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്തൊനേഷ്യയില്‍ കഴിഞ്ഞമാസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് രണ്ടരലക്ഷത്തിലധികം ലൈംഗികാതിക്രമങ്ങളാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ വേറെയുമുണ്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയും മാറേണ്ടിയിരിക്കുന്നു. നൂറിയുടെ കേസ് രാജ്യത്തെ സ്ത്രീകളുടെ അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തിലേക്കാണു വെളിച്ചം വീശുന്നത്. ഈ കേസോടെ നിയമസംവിധാനങ്ങള്‍ മാറുകയാണെങ്കില്‍ അതായിരിക്കും നൂറി നടത്തുന്ന പോരാട്ടത്തിന്റെ ഏറ്റവും മികച്ച ഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT