sections
MORE

രക്ഷാപ്രവർത്തനത്തിനായി പരസ്യപ്പെടുത്തിയ നമ്പറിൽ പഞ്ചാര സന്ദേശം അയയ്ക്കുന്നവരോട്

Woman Received Bad Message
പ്രതീകാത്മക ചിത്രം
SHARE

രണ്ടാം പ്രളയത്തെയും കേരളം അതിജീവിക്കുമ്പോൾ ഓർക്കേണ്ടത് പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരക  ജിഞ്ചർ സീയുടെ വാക്കുകളാണ്. ' No matter the natural disaster I've covered, whether it's a wildfire or flood, I always come back with a much greater perspective'. ഓരോ ദുരന്തത്തിന് ശേഷവും ഓരോ മനുഷ്യനും തിരികെയെത്തുന്നത് ഉള്ളിലൊരു നാരു തിരിയുടെ പ്രതീക്ഷ വച്ചുകൊണ്ടാണ്. കിടക്കാൻ വീടില്ലെങ്കിലും തിരികെ വരുമ്പോൾ നേരത്തെ ഒപ്പമുണ്ടായിരുന്നവരിൽ പലരും കൂടെയില്ലെങ്കിലും ഇനിയും ആദ്യം മുതൽ തങ്ങൾക്കും ജീവിച്ചു തുടങ്ങണമല്ലോ എന്നവർ വിചാരിച്ചു തുടങ്ങുന്ന ആ ബിന്ദുവിൽ വച്ച് പ്രതീക്ഷയെന്ന മെഴുകുതിരി വെളിച്ചം അവരിലെരിഞ്ഞു കത്താൻ തുടങ്ങും.ഒരുപക്ഷേ ഇത്തരത്തിലൊരു വിളക്ക് ആദ്യം കത്തുക ആ കുടുംബത്തിലെ സ്ത്രീകളുടെ ഉള്ളിലാണ്. 

രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തെ അപേക്ഷിച്ച് പത്തൊൻപതിലേക്ക് വരുമ്പോൾ മഴ വീണ്ടും സംഹാരത്തിന്റെ ശക്തി വർധിപ്പിച്ചതായാണ് നാം കണ്ടത്. പുഴ കവിഞ്ഞൊഴുകിയതിന്റെ പിന്നാലെ മലയോര മേഖലകൾക്ക് നേരിടേണ്ടി വന്നത് അതിശക്തമായ ഉരുൾപൊട്ടലുകൾ കൂടിയായിരുന്നു. രണ്ടു ഗ്രാമങ്ങൾ അപ്പാടെ മലയെടുത്തു. അവിടെ താമസിച്ചിരുന്നവർക്ക് തങ്ങളുടെ ബന്ധുക്കളെയും വീടും നഷ്ടമായി. എന്നാൽ നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടവർക്ക് ഒരിക്കലും തിരികെ വരാനുള്ള സാധ്യതകളില്ല. ഇഷ്ടത്തിനനുസരിച്ച് നിർമ്മിച്ചിരുന്നു വീടുകൾ അതുപോലെ തിരികെ പണികഴിപ്പിക്കാനുള്ള മാർഗ്ഗങ്ങളുമില്ല. പക്ഷേ എന്നിട്ടും മുന്നിൽ നീണ്ടു കിടക്കുന്ന ജീവിതത്തിലേയ്ക്ക് അവർക്ക് നടന്നു പോയേ പറ്റൂ. ആ ധീരതയെ തന്നെയാണ് പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം എന്ന വിശേഷിപ്പിച്ചതും. 

പ്രളയം മനുഷ്യരെ ബാധിക്കുന്നത് പല തരത്തിലാണ്. മനസ്സുറപ്പുള്ള സ്ത്രീകൾക്ക് അതിനെ അതിജീവിക്കാൻ ഒരുപക്ഷേ കുറച്ചുകൂടി എളുപ്പമായിരിക്കും. എന്നാൽ അവർ നേരിടുന്ന പല ബുദ്ധിമുട്ടുകളെയും ഈ പ്രളയവും ഓർമ്മിപ്പിച്ചു. കഴിഞ്ഞ പ്രളയത്തിൽ ആർത്തവ സമയത്തെ പ്രളയത്തെ കുറിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിൽ സംസാരിക്കുന്ന ഒരു സ്ത്രീ സുഹൃത്തുണ്ടായിരുന്നു. അരയ്‌ക്കൊപ്പവും കഴുത്തൊപ്പവുമുള്ള വെള്ളക്കെട്ടിൽ നിന്ന്   ആർത്തവത്തോടെ പുറത്തേക്കു വരുന്ന സ്ത്രീകൾ  കുറവാണെങ്കിൽപ്പോലും അവരുടെ ബുദ്ധിമുട്ട് അതിരൂക്ഷമാണെന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ കഴിഞ്ഞ പ്രളയത്തിനൊടുവിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വസ്തു നാപ്കിനുകൾ തന്നെയായിരുന്നു. 

ആൺകുട്ടികൾക്ക് വരെ വിസ്പർ എന്ന കേട്ടാലോ സ്റ്റേ ഫ്രീ എന്ന് കേട്ടാലോ ബുദ്ധിമുട്ടു കൂടാതെ കൈകാര്യം ചെയ്യാമെന്നായി. പല പെൺകുട്ടികളുടെയും അനുഭവങ്ങൾ വായിച്ച് സ്ത്രീകളുടെ ഇത്തരം സ്വകാര്യ ബുദ്ധിമുട്ടുകളെ പുരുഷന്മാർ മനസിലാക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്തു. തീണ്ടാരിത്തുണി ആരും കാണാതെ നനച്ച് അകത്തെ മുറിയിൽ വിരിച്ചിടണമെന്നു പറഞ്ഞ പഴയ കാരണവത്തിമാരുടെ പ്രസ്താവനകളെ നമ്മുടെ പുതിയ തലമുറ കഴിഞ്ഞ പ്രളയത്തോടൊപ്പം ഒഴുക്കിക്കളഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ദുരന്ത പ്രളയത്തിൽ ദുരിത ബാധിതർക്കുള്ള സാധനങ്ങൾ കൂട്ടിയെടുക്കുന്നവർ ആദ്യം തന്നെ നാപ്കിനുകളും കരുതാൻ ആരംഭിച്ചു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കുണ്ടാവുന്ന അണുബാധ പൊതുവെ മഴക്കാലത്താണ് വർധിക്കുക. താൽക്കാലികമായി ജീവൻ രക്ഷപെട്ടതിൽ സന്തോഷിക്കുന്ന മനുഷ്യർക്ക് അത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക പിന്നീടുള്ള ദിവസങ്ങളിലാണ്. ഊഷ്മാവിൽ വ്യത്യാസം വരുന്ന ശരീര രഹസ്യ ഭാഗങ്ങൾ വൃത്തിയാക്കിയും ഈർപ്പമില്ലാതെയും സൂക്ഷിക്കാൻ സ്ത്രീകൾക്ക്  വൃത്തിയുള്ള അടിവസ്ത്രങ്ങൾ പ്രധാനമാണ്. 

ഊർജ്ജസ്വലമായി ദുരിത സഹായ പ്രവർത്തനങ്ങൾക്കായി മുന്നിൽ നിൽക്കുന്ന പെൺകുട്ടികളെ കാണുമ്പോഴാണ് സ്നേഹം കടലായി കണ്ണിൽ പെരുകുന്നത്. പുരുഷന്മാർക്കൊപ്പം തന്നെ പ്രളയജലത്തെ നേരിട്ട് കയറിൽ പിടിച്ച് രക്ഷാപ്രവർത്തനം നടത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുന്നതല്ല. തെരുവുകൾ തോറും നടന്നു കടകളിൽ ഇരന്നും ഇരക്കാതെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള  സാധനങ്ങൾ ആവശ്യപ്പെടുന്ന പെൺകുട്ടികളുടെ കാഴ്ച കൊച്ചിയിലായിരുന്നു. 

വെറുപ്പിന്റെയും സ്നേഹത്തിന്റെയും അവഗണനയുടെയും കാഴ്ചകളാൽ തളരാതെ അവരിപ്പോഴും തങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ പ്രവർത്തനങ്ങളുമായി ഉറക്കമില്ലാതെ, കൃത്യമായി ഭക്ഷണമില്ലാതെ നടന്നുകൊണ്ടേയിരിക്കുന്നു. പ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ മുതൽ കഴിഞ്ഞ വർഷത്തെ പോലെ സമൂഹമാധ്യമങ്ങളിൽ  ഉറക്കം കളഞ്ഞിരിക്കുന്ന സേവന വാർത്തകൾ പങ്കിടുന്ന രക്ഷാപ്രവർത്തകർക്ക് വാർത്തകൾ കൈമാറ്റം ചെയ്യുന്ന സ്ത്രീകളുമുണ്ട്. 

"ക്യാംപിലാണോ?

-അല്ല,

"പണിയുള്ള സമയമാണ്. ഇറങ്ങിയാൽ ഇൻജെക്‌ഷൻ വയ്ക്കണം

-ശരി

"കുഞ്ഞു ഇൻജെക്‌ഷനാണ്. കുർത്ത പൊക്കി, ലെഗ്ഗിങ്‌സ് താഴ്ത്തി...-

പ്രളയകാലത്തിൽ പോലും സ്ത്രീകളുടെ ശരീരത്തെ വർണിച്ച് നിർവൃതിയടയുന്ന പുരുഷന്മാരെ കുറിച്ച് ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ആക്റ്റീവായ എല്ലാ സ്ത്രീകൾക്കും പറയാനുണ്ടാകും. രക്ഷാപ്രവർത്തനങ്ങൾക്കായി സ്വന്തം മൊബൈൽ നമ്പറുകൾ പരസ്യപ്പെടുത്തിയതിനാൽ അതിലേക്ക് നിരന്തം വരുന്ന ഫോൺ വിളികൾ, വിഡിയോ കോളുകൾ, വാട്സാപ്പ് ചാറ്റുകൾ, മെസൻജറിൽ ആവർത്തിക്കപ്പെടുന്ന സംസാരങ്ങൾ, തൽക്കാലം ഇതേക്കുറിച്ചൊന്നും പൊതുവിടത്തിൽ പരസ്യപ്പടുത്താൻ സമയമില്ലെന്ന് പറഞ്ഞ് ഇത്തരം അപമാനങ്ങളുടെ കണക്കുകൾ അവർ പിന്നത്തേയ്ക്ക് മാറ്റി വയ്ക്കുന്നു. 

പ്രളയം അവസാനിച്ചിട്ടില്ല, പലയിടങ്ങളിലും ജലനിരപ്പുയർന്നുകൊണ്ടേയിരിക്കുന്നു. രക്ഷാപ്രവർത്തനം അവസാനത്തിലേയ്ക്ക് എത്തിയിട്ടുമില്ല, അതുകൊണ്ട് തന്നെ സമയം ചിലവിടേണ്ടത് എവിടെയാണെന്ന് അവർക്കറിയാം. എങ്കിലും സേഫ് സോണുകളിൽ ഇരുന്നുകൊണ്ട് ജോലിയും ആരോഗ്യവും സമയവും കളഞ്ഞു പൊതു പ്രവർത്തനത്തിനായി ഇറങ്ങുന്ന പെൺകുട്ടികളെ അപമാനിക്കുന്ന പുരുഷന്മാരെ ഏതു ഗണത്തിൽ പെടുത്തണമെന്ന് അവർ അതിശയപ്പെടുന്നുണ്ട്. 

ഒരു പ്രവർത്തനത്തിനും ഇറങ്ങാൻ കഴിയാതെ പോയ പലരുമുണ്ട്. കയ്യിൽ സാമ്പത്തികമായി സഹായിക്കാനുള്ള ത്രാണിയില്ലാത്തവർ, ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർ... പക്ഷേ "ഇതാ ഞാൻ വരച്ച ചിത്രം ... അഞ്ഞൂറ് രൂപയിൽ കുറയാത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിച്ച് സർട്ടിഫിക്കറ്റ് കാട്ടിയാൽ ഈ ചിത്രം അയച്ചു തരാം" എന്ന് പറയുന്നവർ മുതൽ , സർട്ടിഫിക്കറ്റ് കാട്ടിയാൽ എന്റെ പുതിയ പുസ്തകം അയച്ചു തരാം എന്ന് പറയുന്നവർ വരെയുണ്ട്. കൂടുതലും പെൺകുട്ടികൾ. എന്നാൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അതി തീവ്രമായി ഹൃദയത്തിൽ പേറുന്നവർ. അവരെ തോൽപ്പിക്കാൻ ആർക്കാണ് കഴിയുക.

രക്ഷാപ്രവർത്തനത്തിന്റെ മുക്കാൽ ഭാഗവും കയ്യടക്കിയിരിക്കുന്ന , ജീവനും ജീവിതവും സമയവും എല്ലാം അതിൽ സമർപ്പിച്ചിരിക്കുന്ന പ്രിയപ്പെട്ട പുരുഷന്മാരെ ഓർക്കാതെ പോയാൽ തന്നെ ഇതൊരു സ്ത്രീവിരുദ്ധ കുറിപ്പായിപ്പോകും. സ്ത്രീയില്ലാതെ എവിടെയാണ് പുരുഷന് നിലനിൽപ്പ്, അതുപോലെ തന്നെ തിരിച്ചും. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട മനുഷ്യരെ നിങ്ങൾ പൊളിയാണ്... പ്രത്യേകിച്ച് പെണ്ണുങ്ങളെ നിങ്ങൾ പൊപ്പൊളിയാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA