ADVERTISEMENT

വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും ജോലി സാധ്യതകളും അവസരങ്ങളും വര്‍ധിക്കുകയും ചെയ്യുമ്പോഴും  ശമ്പളം ലഭിക്കുന്ന ജോലികളോട് ഇന്ത്യന്‍ സ്ത്രീകള്‍ മുഖം തിരിക്കുകയാണോ എന്നത് ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. നമ്മുടെ വനിതകള്‍ എവിടെപ്പോകുന്നു. പ്രത്യേകിച്ചും ശമ്പളം ലഭിക്കുന്ന ജോലികളില്‍നിന്ന്  അവര്‍ ഓടിയൊളിക്കുകയാണോ ..?  

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളില്‍ അതിശയപ്പെടുത്തുന്ന രീതിയില്‍ കുറഞ്ഞതോടെയാണ് ഈ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിച്ചതും സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതും. 

സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണ്. കോളജുകളില്‍നിന്ന് പുറത്തിറങ്ങു ന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടുന്നു. സ്വാഭാവികമായും കൂടുതല്‍ വനിതകള്‍ ജോലിക്കാരായി മാറണം. പക്ഷേ, ഇക്കഴിഞ്ഞ ദശകത്തിലെ കണക്കുകള്‍ തരുന്ന സൂചന കൂടുതല്‍ വനിതകള്‍ ജോലിയോട് ആഭിമുഖ്യം കാണിക്കുന്നില്ല എന്നാണ്. സ്ത്രീകള്‍ സൃഷ്ടിക്കുന്ന സമ്പത്തിന്റെ കണക്കില്‍ ഇന്ത്യ പിന്നാക്കം പോകുകകൂടിയാണ്. ഇക്കാര്യത്തില്‍ ഏതാനും അറബ് രാജ്യങ്ങള്‍ക്കും  പാക്കിസ്ഥാനും തൊട്ടുമുന്നില്‍ മാത്രമാണ് ഇന്ത്യയുടെ സ്ഥാനം. 

ജോലി ചെയ്യുന്ന പ്രായത്തിലുള്ള സ്ത്രീകളില്‍ 23 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ജോലി ചെയ്യുന്നതെന്നാണ് 2017-18 ലെ ലേബര്‍ ഫോഴ്സ് സർവേ ചൂണ്ടിക്കാട്ടുന്നത്. 2011-12 ല്‍ ഇത് 31 ശതമാനമായിരുന്നു. 2004-05 കാലത്ത് 43 ശതമാനം വരെ ഉയരുകയും ചെയ്തിരുന്നു. സ്കൂളുകളില്‍നിന്നും കോളജുകളില്‍നിന്നും കൊഴിഞ്ഞുപോകുന്ന വരുടെ എണ്ണം കൂടുകയാണെന്നാണ് ഇതു കാണിക്കുന്നത്. ഗ്രാമീണ സ്ത്രീകളിലാണ് ഈ പ്രവണത കൂടുതലായും കാണപ്പെടുന്നത്. 2000 തുടക്കത്തില്‍ ഗ്രാമങ്ങളിലെ 49 ശതമാനം സ്ത്രീകള്‍ ജോലിക്കാരായിരുന്നെങ്കില്‍ ഇപ്പോഴത് ഇരുപതു ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. 

ഒഡിഷയില്‍നിന്നുള്ള മനസ്വിനി ദത്ത നെയ്ത്തുവ്യവസായവുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നത്. തലസ്ഥാനമായ ഭുവനേശ്വറില്‍ ഒരു കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ അവര്‍ക്ക് മാസം 8500 രൂപയ്ക്ക് ജോലി ലഭിച്ചിരുന്നു. പക്ഷേ അസുഖം മൂലം അവര്‍ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് തിരിച്ചുവന്ന് പാരമ്പര്യ തൊഴിലില്‍ പങ്കാളിയായി. അവരുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇതേ തൊഴില്‍ തന്നെ ചെയ്യുന്നവരാണ്. പുരുഷന്‍മാര്‍ പുറത്തുപോയി ജോലി ചെയ്യുന്നവരും. 

ജോലി ചെയ്ത് കുടുംബത്തിനുവേണ്ടി സ്വത്ത് സമ്പാദിക്കുന്നവരില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ കണക്കുകളില്‍ ഉള്‍പ്പെടാതെ പോകുന്നുമുണ്ട്. വീട്ടുജോലിക്കു പുറമെ നിര്‍മാണ സ്ഥലത്തും മറ്റും പോയി പണിയെടുക്കുന്ന എണ്ണമറ്റ സ്ത്രീകള്‍ തന്നെ ഉദാഹരണം. അവരുടെ ജോലി ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്തുന്നില്ല. അവര്‍ സൃഷ്ടിക്കുന്ന സമ്പത്തും രേഖകളില്‍ വരുന്നില്ല. 

ബംഗാളിലെ ഏഴു ജില്ലകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയ ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയത് 16 ശതമാനത്തില്‍നിന്ന് 52 ശതമാനത്തിലേക്ക് അവിടങ്ങളിലെ സ്ത്രീകള്‍ ജോലി ചെയ്യുന്ന നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ വിവിധ പദ്ധതികളെത്തുടര്‍ന്ന് സ്കൂളിലും കോളജിലും പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇവരില്‍ ഒരുഭാഗം കുട്ടികള്‍ ജോലിക്കുപോകുന്നവരായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ജോലി ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചതോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നു. ഇക്കഴിഞ്ഞ വര്‍ഷം രാജ്യത്തെ 70000 ല്‍ അധികം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ നേരിട്ടുകണ്ടു സംസാരിച്ചപ്പോള്‍ നാന്ദി ഫൗണ്ടേഷന്‍ കണ്ടെത്തിയത് നാലു കുട്ടികളില്‍ മൂന്നുപേരും 21 വയസ്സിനു ശേഷം മാത്രം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്. ഭൂരിപക്ഷം പേരും ബിരുദം നേടണം എന്നും ആഗ്രഹിക്കുന്നുണ്ട്. 

കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണവും മറ്റൊരു പ്രത്യേകതയാണ്. കൃഷി മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഇതുമൂലം കുറഞ്ഞിട്ടുണ്ട്. വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും കുടുംബം നോക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജോലിയോ അവര്‍ സൃഷ്ടിക്കുന്ന സമ്പത്തോ കണക്കുകളില്‍ വരുന്നില്ല എന്നതാണ് മറ്റൊരു കാരണം. 

എന്തായാലും രാജ്യത്ത് ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ അതേ എണ്ണത്തില്‍ സ്ത്രീകളും ജോലി ചെയ്യുകയാണെങ്കില്‍ രാജ്യത്തിന്റെ മൊത്തം ഉത്പാദനം ഇന്നത്തേതിലും എത്രയോ ഇരട്ടി ഉയരുമായിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. ഇന്നല്ലെങ്കില്‍ നാളെ അത്തരൊരു സുദിനത്തിലേക്ക് രാജ്യം ഉണരുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്ന പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT