പിറ്റേന്ന് അവൾ തൂങ്ങിനിന്നു, തലയ്ക്കു പിന്നിൽനിന്ന് ചോരയൊലിച്ചിരുന്നു: വെളിപ്പെടുത്തി നിഷയുടെ മാതാപിതാക്കൾ

Nisha
നിഷയും മാതാപിതാക്കളും
SHARE

സ്ത്രീധന പീഡനത്തെത്തുടർന്നു ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ കേസ് മറ്റനേകം വിസ്മയമാരിലേക്ക് വെളിച്ചം വീശുകയാണ്. 2020 ഓഗസ്റ്റ് നാലിനു പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട നിഷ സജി എന്ന ഇരുപത്തിയെട്ടുകാരി സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇരയാണ്. 2012ലായിരുന്നു നിഷയുടെയും കടമ്പഴിപ്പുറം സ്വദേശിയായ സജിയുടെയും വിവാഹം. ഏതു സാഹചര്യങ്ങളെയും സ്വയം അതിജീവിക്കാൻ കരുത്തുള്ള, വിളിച്ചാൽ വിളിപ്പുറത്ത് മാതാപിതാക്കൾ രക്ഷയ്ക്കായി എത്തും എന്നുറപ്പുള്ള, മൂന്നു മക്കളുടെ അമ്മയായ നിഷ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞു കേസ് ഫയൽ അടക്കുമ്പോൾ തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകളുടേത് കൊലപാതകമാണെന്നും തെളിവുകൾ നിരത്തി പറയുകയാണ് നിഷയുടെ മാതാപിതാക്കൾ.

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ക്രൂശിക്കപ്പെട്ടിരുന്ന നിഷ മരണപ്പെടുന്നതിന് ഒരു മാസം മുൻപു മാത്രമാണ് ഭർതൃ വീട്ടിൽ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകളും പണത്തിനു വേണ്ടിയുള്ള പീഡനങ്ങളും ഭർത്താവിൽനിന്നും അയാളുടെ അച്ഛനിൽനിന്നും വരെ കേട്ടിരുന്ന അസഭ്യങ്ങളും വീട്ടുകാരോടു തുറന്നു പറയുന്നത്. ഇതേത്തുടർന്ന് ഇനി ആ വീട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്ന് നിഷയുടെ അച്ഛനായ പാലപ്പുറം വാലോലിക്കേൽ വീട്ടിൽ വർഗീസ് തീർത്തു പറഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം നിഷയുടെ വീട്ടിലെത്തിയ ഭർത്താവ് സജിയും വീട്ടുകാരും ചേർന്ന്, ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും നന്നായി ജീവിക്കാമെന്നും നൽകിയ ഉറപ്പിന്മേലാണ് വർഗീസ് മകളെയും കൊച്ചു മക്കളെയും ഭർത്താവിന്റെ കൂടെ പറഞ്ഞയയ്ക്കുന്നത്. ജൂലൈ 24നാണ് നിഷ ഭർതൃവീട്ടിലേക്ക് പോകുന്നത്. ഓഗസ്റ്റ് 4നു നിഷ ആത്മഹത്യ ചെയ്‌തെന്ന ഫോൺ സന്ദേശമാണ് വർഗീസിന് ലഭിക്കുന്നത്.

‘എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കാരണം അവളെയും മക്കളെയും ഞാൻ നോക്കും എന്ന ഉറപ്പ് അവൾക്കുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേന്നു രാത്രി എന്നെ അവൾ വിളിച്ചിരുന്നു, വീട്ടിലേക്ക് ഉടൻ മടങ്ങി വരണമെന്നും അവിടെ നിൽക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു. അതു പ്രകാരം നേരം വെളുത്തിട്ടു മോളെ കൂട്ടികൊണ്ടുപോരാൻ ഇരിക്കുകയായിരുന്നു ഞാൻ. എന്നാൽ നേരം വെളുത്തപ്പോൾ കേട്ടത് അവളുടെ മരണ വാർത്തയാണ്. പിന്നീട് നടന്നതെല്ലാം അസ്വാഭാവികമായ കാര്യങ്ങളായിരുന്നു. ആശുപത്രിയിൽ എത്തിയ ഞങ്ങൾ കണ്ടത് അനാഥ പ്രേതം പോലെ കിടക്കുന്ന മോളുടെ ശരീരമാണ്. ആ പരിസരത്തൊന്നും ഭർത്താവോ വീട്ടുകാരോ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി മാറ്റുമ്പോഴാണ് തലയ്ക്ക് പിന്നിൽനിന്നു രക്തം ഒഴുകുന്നത് ഞങ്ങൾ കണ്ടത്. തൂങ്ങി മരിച്ചാൽ എങ്ങനെയാണ് ഇത്തരത്തിൽ ഒരു മുറിവുണ്ടാകുന്നത്. ഇക്കാര്യം ഞങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത്തരം ഒരു മുറിവിനെപ്പറ്റി ഒന്നും വന്നില്ല. ഇതെഴുതിയ വനിതാ പോലീസ് അടുത്ത ദിവസങ്ങളിൽ സ്ഥലം മാറി പോകുകയും ചെയ്തു...’ വർഗീസ് പറയുന്നു

22  പവൻ സ്ത്രീധനം, എല്ലാം വിറ്റു തീർത്തതോടെ ഉപദ്രവം തുടങ്ങി

ഫാഷൻ ഡിസൈനിങ് കഴിഞ്ഞു നിൽക്കുമ്പോഴായിരുന്നു ബന്ധുക്കൾ വഴി നിഷയ്ക്ക് സജിയുടെ വിവാഹാലോചന വരുന്നത്. വിവാഹം നടക്കുന്ന സമയത്ത് വാട്ടർ അതോറിറ്റിയിലെ ഡ്രൈവർ ആയിരുന്നു സജി. 5 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വർണം നൽകിയാണ് ഓട്ടോ ഡ്രൈവറായ വർഗീസ് മകളെ വിവാഹം ചെയ്തു നൽകിയത്. എന്നാൽ വിവാഹശേഷം ഓരോരോ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് സജി നിഷയുടെ സ്വർണം ഒന്നൊന്നായി വിറ്റു. ഇതിനിടയ്ക്ക് വാട്ടർ അതോറിറ്റിയിലെ ജോലി നഷ്ടമാകുകയും ബന്ധുക്കൾ മുഖാന്തിരം അട്ടപ്പാടിയിലെ ഒരു എസ്റ്റേറ്റിന്റെ സൂപ്പർവൈസർ ആയി ജോലിയിൽ കയറുകയും ചെയ്തു. എന്നാൽ ആ ജോലിയിലും അധികം തുടരാൻ സജിക്ക് ആയില്ല. അതോടെയാണ് സജിയുടെ തൊഴിലിലെ പിടിപ്പില്ലായ്മ നിഷയുടെ കുടുംബം ശ്രദ്ധിക്കുന്നത്. 

nisha-funeral2
നിഷയുടെ സംസ്കാരചടങ്ങിൽ നിന്ന്

ഇതിനിടക്ക് നിഷ ജോലിക്കു പോകാൻ തുടങ്ങിയെങ്കിലും ഗർഭിണി ആയതോടെ അതുപേക്ഷിച്ചു. 2016ൽ സജി വിദേശത്തു ജോലിക്കു പോയി. എന്നാൽ 2020ൽ കൊറോണയെത്തുടർന്ന് ജോലി നഷ്ടമായി തിരിച്ചെത്തുകയായിരുന്നു. സാമ്പത്തികമായി പിന്നിലായ ആ സമയത്ത് കൂടുതൽ പണം വീട്ടിൽനിന്നും കൊണ്ടു വരുന്നതിനായി നിഷയ്ക്ക് സമ്മർദമുണ്ടായിരുന്നു. ‘ചേച്ചിക്ക് 22 പവനും കുട്ടികൾക്കായി 5 പവനും ഞങ്ങൾ നൽകിയിരുന്നു. ഇതെല്ലാം അയാൾ വിറ്റു. ചേച്ചിയുടെ കയ്യിൽ കൊടുത്തിരുന്ന എന്റെ ഒരു സ്വർണ ലോക്കറ്റ് വരെ വിറ്റു. പണിയെടുക്കാതെ ജീവിക്കാനായിരുന്നു താൽപര്യം. ഒരു ജോലിയിലും സ്ഥിരം പിടിച്ചു നിൽക്കില്ലായിരുന്നു. ചേച്ചിയെ അയാൾ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് നേരത്തെ അറിഞ്ഞില്ല. അവിടെ ആണ് ഞങ്ങൾക്ക് ഒന്നും ചെയ്യാനാവാതെ പോയത്..’– നിഷയുടെ സഹോദരൻ നിഷിൽ പറയുന്നു.

മരണത്തിന് ഒരു മാസം മുൻപ് വീട്ടിൽ

‘അച്ഛനമ്മമാരെന്ന നിലയിൽ ഞങ്ങളുടെ വിചാരം, ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടെങ്കിലും ഇരുവരും നന്നായി ജീവിക്കുന്നുണ്ട് എന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് മനസ്സിലാക്കാൻ വൈകി. മരണത്തിന് ഒരു മാസം മുൻപാണ് കുട്ടികളുമായി നിഷ വീട്ടിലേക്കു വരുന്നത്. അന്നാണ് ഭർത്താവിന്റെ വീട്ടിൽ നേരിട്ട എല്ലാവിധ പീഡനങ്ങളും കൂടുതൽ സ്വർണത്തിനു വേണ്ടി സജി ചെലുത്തുന്ന സമ്മർദങ്ങളും ഭർത്താവിന്റെ അച്ഛനിൽനിന്നുവരെ നേരിടേണ്ടി വരുന്ന അസഭ്യങ്ങളെക്കുറിച്ചുമെല്ലാം അവൾ പറയുന്നത്. അവൾ വീട്ടിലേക്ക് വരുന്നതിന്റെ അന്ന് പുലർച്ചയെ നാല് മണിക്ക് തൊടിയിൽനിന്നും കറിവേപ്പില പറിവച്ചുവച്ചില്ലെന്നു പറഞ്ഞായിരുന്നു മർദനം. നിസ്സാരകാര്യങ്ങൾക്കു വരെ മർദനം തുടങ്ങിയതോടെയാണ് അവൾ ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞത്. ഇനി അങ്ങോട്ട് പോകണ്ട എന്നുതന്നെയാണ് ഞാൻ പറഞ്ഞത്. പക്ഷേ അവർ മാപ്പ് പറഞ്ഞു വിളിക്കാൻ വന്നതോടെ എല്ലാം പിടിവിട്ടു പോയി...’ വർഗീസ് പറയുന്നു.

ഇനി തെറ്റുകൾ ആവർത്തിക്കില്ലെന്ന ഉറപ്പിലാണു സജിയും കുടുംബവും വന്നു നിഷയെയും മക്കളെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയത്. ചെയ്തതെല്ലാം തെറ്റായി പ്പോയി എന്നും ഇനി നല്ല രീതിയിൽ ജീവിക്കാമെന്നും സജിയും കുടുംബവും നൽകിയ ഉറപ്പിന്മേലാണ് നിഷയും മക്കളും പോയത്. കടമ്പഴിപ്പുറത്തെ വീട്ടിൽ എത്തിയ ശേഷം നിഷയുടെ മാതാപിതാക്കൾ സ്ഥിരമായി മകളുടെ വിവരങ്ങൾ വിളിച്ചു ചോദിക്കുമായിരുന്നു. അസ്വാഭാവികമായ ഒരു കോൾ വന്നതു മരണപ്പെടുന്നതിനു തലേന്നാണ്. അന്ന്, തനിക്ക് ഇവിടെ തുടരാൻ കഴിയില്ലെന്ന് നിഷ അച്ഛനോടു പറഞ്ഞു. ഇത് പ്രകാരം തൊട്ടടുത്ത ദിവസം മകളെയും കൊച്ചുമക്കളെയും കൂട്ടിക്കൊണ്ടു വരാൻ വർഗീസ് തീരുമാനിച്ചു. എന്നാൽ നേരം പുലർന്നപ്പോൾ കേട്ടത് മകൾ തൂങ്ങി മരിച്ചെന്ന വാർത്തയാണ്.

അസ്വാഭാവികമായ സംഭവങ്ങൾ, അനാഥപ്രേതം പോലെ നിഷ

സജിയുടെ ബന്ധുക്കൾ വിളിച്ചു പറഞ്ഞത് പ്രകാരമാണ് കടമ്പഴിപ്പുറം സർക്കാർ ആശുപത്രിയിലേക്ക് വർഗീസും കുടുംബവും എത്തുന്നത്. അവിടെ എത്തിയപ്പോൾ കാണുന്നത് ഭർത്താവോ ബന്ധുക്കളോ അടുത്തില്ലാതെ അനാഥപ്രേതമായി കിടക്കുന്ന നിഷയുടെ ശരീരമാണ്. പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി നിഷയെ മാറ്റുമ്പോൾ തലയുടെ പിന്നിൽനിന്നു രക്തം ഒഴുകി. അതാണ് വർഗീസിനെയും കുടുംബത്തെയും കൂടുതൽ ഞെട്ടിച്ചത്.

‘തൂങ്ങി മരിച്ച ഒരാളുടെ തലയുടെ പിന്നിൽ മുറിവുണ്ടാകുമോ? അങ്ങനെയാണെങ്കിൽ അതിനു വ്യക്തമായ ഒരുത്തരം ഞങ്ങൾക്കു ലഭിക്കണ്ടേ? അതുണ്ടായില്ല. പോസ്റ്റ്‌മോർട്ടം ചെയ്യാൻ മൃതദേഹം മാറ്റുമ്പോഴാണ് ഈ മുറിവ് ശ്രദ്ധയിൽപെട്ടത്. ഇടനെ ഞങ്ങൾ എഫ്‌ഐആർ തയാറാക്കാൻ നിന്ന വനിതാ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. അവരതു കുറിച്ചിടുകയും ചെയ്തു. എന്നാൽ പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ ഒന്നും ഈ മുറിവിനെപ്പറ്റി അതിൽ പ്രതിപാദിച്ചുകണ്ടില്ല. ആ പോലീസ് ഉദ്യോഗസ്ഥ തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥലം മാറി പോവുകയും ചെയ്തു. 

എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്തെന്നു പറയുന്ന സ്ഥലവും സാഹചര്യവും ഞങ്ങൾക്ക് സംശയങ്ങൾ ഉണ്ടാക്കുന്നതാണ്. ബെഡ്‌റൂമിനോട് ചേർന്നുള്ള മുറിയിലാണ് തൂങ്ങി നിന്നത്. മോൾക്ക് ഉയരം കുറവായിരുന്നു. ഒരു കസേര വച്ചിട്ട് അതിനു മുകളിൽ ചിരവ വച്ച് കയറിയാണ് ആത്മഹത്യയ്ക്ക് കുരുക്കിട്ടതെന്നു പോലീസ് പറയുന്നു. അങ്ങനെ ആണെങ്കിൽ പോലും അവൾക്ക് ഉയരക്കുറവുള്ളതിനാൽ എത്തില്ല. കുടുക്ക് എറിഞ്ഞു പിടിച്ചുകാണാമെന്നാണ് പോലീസ് പറഞ്ഞത്. പക്ഷേ, തൂങ്ങി മരിക്കുമ്പോൾ താഴെയുള്ള കസേരയും ചിരവയുമെല്ലാം മാറിക്കിടക്കണ്ടേ? അതും ഉണ്ടായില്ല. സാധാരണ തൂങ്ങി മരണങ്ങളിൽ മരണ വെപ്രാളത്തിൽ കണ്ണ് തുറിക്കുക, മലമൂത്ര വിസർജനം നടത്തുക, ശ്വാസം കിട്ടാതെ തുടയിൽ അമർത്തി മാന്തുക തുടങ്ങി എന്തെങ്കിലും ഒരു കാര്യം ചെയ്തതായി കാണാം. എന്നാൽ നിഷയുടെ കാര്യത്തിൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഉറങ്ങിക്കിടക്കുന്ന പോലെയാണ് എന്റെ മോൾ മരിച്ചു കിടന്നത്'' വർഗീസ് പറയുന്നു.

പോസ്റ്റുമോർട്ടത്തിന് കയറ്റിയപ്പോൾ ബന്ധുവായ ഒരാൾ കൂടെ കയറിയിരുന്നു. പോലീസ് ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു. ആ സമയത്തു ശരീരത്തിൽ അടിയേറ്റ പാടുകൾ നിരവധി കണ്ടതാണ്. എന്നാൽ പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മരണകാരണമായ ഒന്നും ഇല്ലെന്നായിരുന്നു. മരണകാരണം അല്ലെങ്കിലും അവർക്കു ശാരീരിക പീഡനം നേരിട്ടു എന്നതിനുള്ള തെളിവല്ലേ ആ ചതവുകൾ? പോലീസ് എന്തുകൊണ്ടാണ് അതിനു വേണ്ടത്ര പരിഗണന നൽകാതെ പോയത്?  വർഗീസ് ചോദിക്കുന്നു.

സജി ഒളിവിൽ, പോലീസിന്റെ നിസ്സഹകരണം

നിഷയുടെ മരണത്തെ തുടർന്നുള്ള ദിവസങ്ങളിൽ സജിയും കുടുംബവും ഒളിവിലായിരുന്നു എന്നു വർഗീസും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയാണ് എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ കേസിന്റെ ബലം പോയി. എന്നാൽ തങ്ങളുടെ സംശയങ്ങൾ എല്ലാം ചേർത്ത് പുനരന്വേഷണം ആവശ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നും മോശം അനുഭവമാണ് ഉണ്ടായതെന്ന് വർഗീസ് പറയുന്നു.

‘മരണത്തിനു മുൻപായി മോൾ വീട്ടിൽ വന്നു നിന്നപ്പോൾ അവൾക്കു മാനസിക സമ്മർദം നൽകി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുവിട്ടത് ഞാനാണെന്നും ഇത്തരത്തിൽ അവളെ ആത്മഹത്യയിലേക്ക് നയിച്ചതും ഞാനാണെന്നും പറഞ്ഞ് എനിക്കെതിരെ കേസ് എടുക്കുമെന്നാണ് ആ സാർ പറഞ്ഞത്. വലിയ അറിവോ പിടിപാടോ ഇല്ലാത്ത ഞാൻ എന്ത് ചെയ്യാനാണ്? എന്നിട്ടും ഞാൻ എന്റെ മോൾക്ക് വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്തു. സജിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി, അപ്പോൾ മൊബൈലിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് മംഗലാപുരം ആയിരുന്നു. അവൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഒളിവിൽ പോകുന്നത്?

സിവിൽസ്റ്റേഷനിലെ വനിതകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സെല്ലിൽ ഞാൻ പരാതിയുമായി പോയി. പക്ഷേ, അവിടെ പരാതി സ്വീകരിച്ചില്ല. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്ക് ഞങ്ങൾ പരാതി നൽകി. വനിതകൾക്ക് വേണ്ടി, ഇത്തരം പരാതികൾ സ്വീകരിക്കുന്ന മറ്റു കേന്ദ്രങ്ങളെപ്പറ്റിയുള്ള അറിവ് അന്ന് ഞങ്ങൾക്കില്ലായിരുന്നു. അതിനാൽ അറിയാവുന്നിടത്തൊക്കെ പരാതിയുമായി ചെന്നു. പക്ഷേ, സ്വാധീനം ഇല്ലാത്ത ഞങ്ങളുടെ പരാതികൾ എവിടെയും ശ്രദ്ധിക്കപ്പെട്ടില്ല...’ വർഗീസ് പറയുന്നു. ചില സാമൂഹ്യപ്രവർത്തകരുടെയും അയൽവാസികളുടെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിപ്പിക്കാനും മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും ഫലവത്തായില്ല.

കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല

നിഷയുടെ മരണശേഷം നിഷയുടെ മൂന്നു ആൺമക്കളെയും ചൈൽഡ് കെയറിൽനിന്ന് വർഗീസ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നിഷ മരിക്കുന്നതിന്റെ തലേന്ന് നിലം തുടയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സ്റ്റീൽ ദണ്ഡുകൊണ്ട് അമ്മയെ അച്ഛൻ അടിച്ചിരുന്നു എന്ന് മൂത്ത മകൻ ചൈൽഡ് കെയറിൽ പറഞ്ഞിരുന്നു. അച്ഛൻ എന്ന നിലയിൽ, അച്ഛന്റെ വീട്ടുകാർ എന്ന നിലയിൽ ഒരിക്കൽപോലും സജിയോ സജിയുടെ വീട്ടുകാരോ കുഞ്ഞുങ്ങളെ തേടി വന്നിട്ടില്ല. മൂത്തകുട്ടിക്ക് ഏഴു വയസ്സാകുന്നു. രണ്ടാമന് മൂന്ന് വയസ്സ് പ്രായം, മൂന്നാമന് ഒന്നര വയസ്സ്. 

മാതാപിതാക്കൾ ഇല്ലാത്ത ദുഃഖം അറിയിക്കാതെ കൊച്ചുമക്കളെ വളർത്താനാണ് വർഗീസും ഭാര്യ കുട്ടിയമ്മയും ശ്രമിക്കുന്നത്. മകൾ തങ്ങളോട് പറയാതെ പോയ, അവൾ അനുഭവിച്ച ദുഃഖങ്ങൾ ഇനിയുമുണ്ടെന്നാണ് ഈ മാതാപിതാക്കൾ വിശ്വസിക്കുന്നത്. കേസ് എവിടെയും എത്താതെ പോയി. കുറ്റം ആരോപിക്കപ്പെട്ട ആൾക്കു ജാമ്യവും കിട്ടി. നീതി നിഷേധിക്കപ്പെട്ടത് നിഷയ്ക്കും മൂന്നു പിഞ്ചു കുഞ്ഞുങ്ങൾക്കുമാണ്. വിസ്മയയുടെ കേസിനെ തുടർന്ന് സമാനമായ കേസുകൾ ചർച്ചയാവുകയും നീതിപീഠത്തിനു മുന്നിൽ വരികയും ചെയ്തപ്പോൾ, തങ്ങളുടെ മകൾക്കും പുനരന്വേഷണത്തിലൂടെ നീതി ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് നിഷയുടെ മാതാപിതാക്കൾ മുന്നോട്ടു വന്നിരിക്കുന്നത്.

English Summary: Mysterious Death of Nisha; Why there is not Much Investigations on this Case?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA