ADVERTISEMENT

ഒരിക്കൽ പ്രണയത്തിലായിരുന്നാൽ പിന്നെ പിരിഞ്ഞു പോയാൽപോലും വിട്ടു പോകാൻ അനുവദിക്കാത്ത ചിലരുണ്ട്. നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ, മറക്കാൻ പറ്റാത്തത് കൊണ്ടല്ലേ എന്നൊക്കെ സംസാരിക്കുന്നവർ. പക്ഷേ ഇത്തരക്കാരുടെ അപകടവശങ്ങൾ മനസ്സിലാക്കാൻ കഴിയുക ഒരു സാഹചര്യം വരുമ്പോൾ മാത്രമാണ്. അതുതന്നെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതും. പ്രണയമാണെങ്കിലും സൗഹൃദമാണെങ്കിലും മറ്റെന്തു ബന്ധമാണെങ്കിലും ഒരാളിൽനിന്ന് ഇറങ്ങിപ്പോകാൻ മറ്റൊരാൾ തീരുമാനിക്കുന്നത് എന്തെങ്കിലും കാരണങ്ങളുടെ പുറത്താകും. എന്നാൽ ഒരിക്കൽ അങ്ങനെ പോയിക്കഴിഞ്ഞാൽ അവരുടെ തീരുമാനത്തെ ബഹുമാനിച്ച് മാറി നിൽക്കുക എന്നതാണ് ബുദ്ധിപരം. പലപ്പോഴും ആശ്രിതത്വവും ആഴത്തിലുള്ള സ്നേഹവും തോന്നുന്ന ഇടങ്ങളിൽനിന്ന് വൈകാരികമായി ഒരാൾ ഇറങ്ങിപ്പോയിട്ടും മടങ്ങാൻ പറ്റാത്തവരുണ്ട്. പക്ഷേ അതിന്റെ ബാക്കിയായി, പോയവരെ പിന്തുടർന്ന് നശിപ്പിക്കുക എന്ന പ്രവൃത്തി അതുവരെയുണ്ടായിരുന്ന സ്നേഹം എന്ന വാക്കിന്റെ പോലും അർഥം ചോർത്തിക്കളയും. 

ജോലി ഉപേക്ഷിച്ചു മന്ത്രവാദിനിയായി; പ്രതിമാസ വരുമാനം 7 ലക്ഷമെന്ന് യുവതി

കഴിഞ്ഞയാഴ്ചയാണ് യുവാവായ ഒരു സോഷ്യൽ മീഡിയ സുഹൃത്ത് വിളിക്കുന്നത്, സ്വകാര്യമായ കാര്യങ്ങൾ പറഞ്ഞു ചാറ്റ് പോലും ചെയ്യാറില്ലാത്ത ഒരുവൻ. കുറച്ചു സമയം സംസാരിക്കണം. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രണയിച്ചിരുന്ന പെൺകുട്ടി ഇപ്പോൾ മറ്റൊരുവനോടുള്ള പ്രണയം അയാളെ അറിയിച്ചിരിക്കുന്നു. അവൾക്കു വേണ്ടി ഇക്കഴിഞ്ഞ എത്രയോ മാസങ്ങളിലായി അവന്റെ സമയം, പണം എല്ലാം അവൻ മുടക്കിയിരിക്കുന്നു. അവൾക്ക് സമയം നൽകാൻ വേണ്ടി ഏതു നേരത്തും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ഒഴിവാക്കിയിരിക്കുന്നു. 

‘‘പണ്ട് കഥയെഴുതുമായിരുന്നു, ഇപ്പോൾ ഒരു കഥ എഴുതിയിട്ടു തന്നെ എത്രയോ മാസങ്ങളായി!’’ – അവൻ പറയുന്നു. ഒരിക്കലും മറ്റൊരാൾക്കു വേണ്ടി അവൾ തന്നെ ഉപേക്ഷിക്കുമെന്നു അവൻ കരുതിയിരുന്നില്ല. പക്ഷേ ഒരിക്കൽ, ഇനിയീ ബന്ധം നമുക്ക് തുടരേണ്ട എന്ന ഒറ്റ വാചകത്തിൽ എല്ലാം ഒഴിവാക്കി അവൾ ഇറങ്ങിപ്പോയി. കൂടെയുള്ള സുഹൃത്തുക്കളോടു പോലും അത് പറയാൻ അവനു ബുദ്ധിമുട്ടു തോന്നി. തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി സമപ്രായക്കാരായ സുഹൃത്തുക്കൾ ചെയ്യുന്നത് അവളുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും തന്നെയാകുമല്ലോ. അവൾ സുഖമായിരിക്കട്ടെ!, അവൻ പറഞ്ഞു നിർത്തുമ്പോൾ മനുഷ്യർ ഇങ്ങനെയുമുണ്ടല്ലോ എന്ന് സമാധാനത്തോടെ ചിന്തിക്കുന്നു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ കോട്ടയത്തെ പെൺകുട്ടിയുടെ ആത്മഹത്യ. അതിനു കാരണമായ ഒരുവന്റെ ഫെയ്‌സ്ബുക് പോസ്റ്റുകൾ തപ്പി പായുന്ന സോഷ്യൽ മീഡിയ. 

 

പ്രണയത്തിലായിരുന്ന സമയത്ത് ചിത്രങ്ങളും എഴുത്തുകളും സന്ദേശങ്ങളും ഒക്കെ കൈമാറിയിട്ടുണ്ടാവാം. പക്ഷേ ഒരിക്കൽ ആ ബന്ധം ഉപേക്ഷിക്കപ്പെട്ടാൽ അവയ്ക്കൊന്നും വിലയില്ലാതാകും. എത്രയോ കാലം മുൻപു തന്നെ പെൺകുട്ടികൾക്കെതിരെ ഇത്തരത്തിലുള്ള പ്രണയത്തിന്റെ അവശേഷിപ്പുകൾ ആയുധമാക്കി മാറ്റുന്നുണ്ട്. കുറച്ചു കാലം മുൻപു വരെ പെൺകുട്ടികൾക്ക് അതൊരു ഭയപ്പെടുത്തുന്ന യാഥാർഥ്യം കൂടിയുമായിരുന്നു, എന്നാൽ പൊതുവെ കാലം പൊടുന്നനെ മാറുകയും പെൺകുട്ടികൾക്ക് ഇത്തരത്തിലുള്ള ഭയപ്പാടുകൾ കുറഞ്ഞു വരുകയും ചെയ്യുന്നുണ്ട്. അതു മാത്രമല്ല കാരണം. പുതുതലമുറയിൽപ്പെട്ട ആൺകുട്ടികളുടെ ചിന്തകൾക്കും കാതലായ മാറ്റങ്ങളുണ്ട്. ഒരാൾ നഷ്ടപ്പെട്ടാൽ സർവവും ഇല്ലാതായിപ്പോയെന്ന ചിന്തയിൽനിന്ന് അവർക്ക് പെട്ടെന്നു തിരിച്ചു വരാനും ജീവിതം പിന്നെയും ബാക്കി കിടപ്പുണ്ട് എന്നു മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. അതുപോലെ പരസ്പര ബഹുമാനവും ആദരവും സ്ത്രീകളും അർഹിക്കുന്നുണ്ട് എന്ന മനസ്സിലാക്കലും അവരിൽ പലർക്കുമുണ്ട്. എന്നാൽ അത്തരത്തിൽ ബോധം പോലുമില്ലാത്ത പലരും ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവുകളാണ് ഇപ്പോഴും നടക്കുന്ന അപമാനങ്ങളും ആത്മഹത്യകളും. 

 

ഒരു പ്രണയത്തിന്റെ നഷ്ടമോ ഒരു വ്യക്തിയുടെ പടിയിറങ്ങലോ ഒന്നിന്റെയും അവസാനമല്ല. നഷ്ടം ജീവിതത്തിൽ എല്ലാ കാലത്തും പല രീതിയിൽ സംഭവിക്കാം. അതിൽനിന്നൊക്കെ മുന്നോട്ടു പോയിട്ടുള്ളവർ തന്നെയാണ് ജീവിതത്തെ അറിഞ്ഞവർ. ടോക്സിക് ആയ ഇത്തരം ബന്ധങ്ങളെ നേരത്തേ കണ്ടെത്തി അതിൽനിന്ന് ഇറങ്ങിപ്പോരാൻ പങ്കാളി ഉറപ്പായും തയാറാകണം. 

വർഷങ്ങൾക്കു മുൻപു നടന്ന മറ്റൊരു കഥയിൽ വില്ലത്തി കാമുകിയായ പെൺകുട്ടിയായിരുന്നു. വിവാഹം കഴിക്കാൻ തയാറായ സുഹൃത്തിനെ ഏതു സമയത്തും മറ്റു പെൺകുട്ടികളുമായുള്ള ബന്ധങ്ങളെ കുറിച്ച് പറഞ്ഞു അപമാനിക്കുക, അയാളെ കുറിച്ച് അയാളുടെ സുഹൃത്തുക്കളെ വിളിച്ചു മോശമായി സംസാരിക്കുക എന്നതൊക്കെ ആ പെൺകുട്ടിയുടെ ഹോബിയായിരുന്നു. 

‘‘അവൻ എനിക്ക് നഷ്ടപ്പെടരുത്, അവനില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അവനെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും.’’അവളിൽനിന്ന് ഇതിനു കാരണമായി കേട്ട വാചകങ്ങൾ!പ്രണയം തോന്നുന്ന ആളോട് ആശ്രിതത്വം തോന്നുക അത്ര മോശപ്പെട്ട കാര്യമല്ല, പക്ഷേ എന്തും അമിതമായാൽ അപകടം തന്നെയാണ്. കൂടുതൽ ആകുമ്പോഴാണ് അത് ടോക്സിക് എന്ന ഗണത്തിലേക്ക് മാറ്റപ്പെടുന്നതും. മറ്റൊരാളോടും സംസാരിക്കാനോ ശ്വസിക്കാനോ പോലും ഇടമോ സമയമോ ഒന്നും നൽകാതെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സ്നേഹത്തിൽ ഒരുപാട് അപകടമുണ്ട്. അത് സ്നേഹമല്ല, സ്വാർഥതയാണ് എന്നതാണ് പ്രധാന കാരണം. ഇത്തരം ടോക്സിക് ബന്ധങ്ങളിൽനിന്ന് പുരുഷനായാലും സ്ത്രീയായാലും പുറത്തു കടക്കേണ്ടതുണ്ട്. 

മൂക്കിന് ശസ്ത്രക്രിയ നടത്തിയതോടെ വലിയ മാനസിക പ്രശ്നമുണ്ടായി: പ്രിയങ്ക ചോപ്ര

ഇറങ്ങിപ്പോയവരെ ബഹുമാനിക്കാൻ നിന്നില്ലെങ്കിലും, അവർക്കും തങ്ങൾക്കും പുറത്ത് ഒരു ജീവിതമുണ്ടെന്നും അവർക്കും വേണ്ടപ്പെട്ട ഒരുപാട് പേർ ഉണ്ടെന്നും എന്നാണു മനുഷ്യർ തിരിച്ചറിയുക? സ്നേഹം എന്നാൽ സ്വാർഥതയല്ല എന്ന് എത്രയോ കാലമായി പറഞ്ഞു പഴകി തേഞ്ഞ വാചകമാണ്! പക്ഷേ എന്തു പ്രയോജനം? ഇപ്പോഴും സോഷ്യൽ മീഡിയ എന്ന, പത്രാധിപർ ഇല്ലാത്ത ഇടം വിശാലമായി അവർക്കു മുന്നിലുണ്ട്. ഇഷ്ടപ്പെടാത്തവരെ അപമാനിക്കാൻ മികച്ചൊരു ഇടമായി അവർ അതിനെ വാഴ്ത്തുന്നു. അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു, ശരീരം കൂട്ടി ചേർത്ത് അപമാനിക്കുന്നു, ചിത്രങ്ങളിട്ട് ആത്‌മഹത്യയിലേയ്ക്ക് നയിക്കുന്നു. സ്ത്രീകളോടുള്ള മനോഭാവം പൊതുബോധത്തിൽനിന്നു മാറാൻ ഇനിയും എത്ര കാലമെടുക്കും? പുതു തലമുറയിൽ പ്രതീക്ഷയുണ്ട്, എന്നാൽ തീർച്ചയായും പ്രതീക്ഷിക്കാൻ പറ്റാത്തവരുമുണ്ട്. അവരുടെയും കൂടിയാണല്ലോ ലോകം. പക്ഷേ ധൈര്യം ഒരിക്കലും ചോർന്നു പോകാത്ത ‌, അപമാനങ്ങൾക്കും മീതെ തൂവൽ വിരിച്ചു കൊണ്ട് ഫീനിക്സ് പക്ഷിയാകുന്ന പെൺകുട്ടികളിലാണ് കാലത്തിന്റെ പ്രതീക്ഷ.

 

English Summary: Kottayam Woman Death Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT