ADVERTISEMENT

പരിഹസിച്ചും വേദനിപ്പിച്ചും ഇറക്കി വിട്ടിടത്ത് തന്നെ, ഒഴിവാക്കാൻ പാറ്റാത്ത സാന്നിധ്യമായി തിരിച്ചുവന്ന അനുഭവമാണു പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർക്ക് പറയാനുള്ളത്. കേരളത്തിന്റെ ട്രാൻസ് വ്യക്തികളുടെ ചരിത്രത്തിൽ തിളക്കമാർന്ന അധ്യായമാണ് ഇവരുടെ ജീവിതം. പേരിലെ ഇരട്ടത്വം യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും ആൺശരീരത്തിലെ പെൺമനസിൽ നിന്നു ട്രാൻസ് വനിതയായി രൂപപ്പെട്ട കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. രഞ്ജു രഞ്ജിമാർ രണ്ടുപേരല്ല. കരുത്തിന്റെ പര്യായമായ ട്രാൻസ് വനിതയാണ്. 

അഭിമുഖത്തിനായി ആലുവയിലെ രഞ്ജു രഞ്ജിമാരുടെ വീട്ടിലെത്തുമ്പോൾ അവർ നേതൃത്വം നൽകുന്ന 'ദ്വയ' എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റേജ് ഷോ കഴിഞ്ഞെത്തിയ നിരവധി ട്രാൻസ് സുഹൃത്തുക്കളുണ്ടായിരുന്നു. ഒപ്പം രഞ്ജുവിന്റെ ഓമനിച്ചു വളർത്തുന്ന പൂച്ചകളും നായ്ക്കുട്ടികളും. ട്രാൻസ് വ്യക്തികൾക്ക് ഏതു സമയത്തും കയറിച്ചെല്ലാവുന്ന ഒരു ഇടമാണ് രഞ്ജു രഞ്ജിമാരുടെ വീട്. അങ്ങനെ ഒരിടം നിർമ്മിച്ചെടുക്കുന്നതിൽ ഒരുപാടു വർഷത്തെ പരിശ്രമവും കഠിനാധ്വാനവുമുണ്ട്. നിയമസഭയിൽ ട്രാൻസ് വ്യക്തികൾക്കായി സംസാരിക്കാൻ അവരുടെ ഇടയിൽ നിന്നൊരു എംഎൽഎ വരണമെന്നാണ് രഞ്ജു രഞ്ജിമാരുടെ സ്വപ്നം. അതൊരു വെറും സ്വപ്നമല്ല. അങ്ങനെ ഒരു കാലത്ത് കണ്ട സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമാക്കിയ ചരിത്രമുണ്ട് രഞ്ജു രഞ്ജിമാർക്ക്. പിന്നിട്ട വഴികളെക്കുറിച്ച് മനോരമ ഓൺലൈനുമായി നടത്തിയ ദീർഘസംഭാഷണത്തിൽ രഞ്ജു രഞ്ജിമാർ ഓർത്തെടുക്കുന്നു.  

ഒരു ഫ്ലാഷ്ബാക്ക്

renju-renjimar

പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ രഞ്ജുവിനെ ജീവിതം കൊണ്ടെത്തിച്ചത് ഇഷ്ടികക്കളത്തിലായിരുന്നു. പഠിക്കാനുള്ള മോഹം ഉണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കൊച്ചിയിലെ ഒരു അഭിഭാഷകന്റെ വീട്ടിൽ ജോലിയ്ക്കെത്തിയത്. തുടർന്നു പഠിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്. എന്നാൽ ആ വീട്ടിലെ അടുക്കളപ്പണിയായിരുന്നു രഞ്ജുവിനെ കാത്തിരുന്നത്. എന്നിട്ടും കിട്ടിയ ഇടവേളകളിൽ രഞ്ജു ടൈപ്പും ഷോർട്ട്ഹാൻഡും പഠിച്ചെടുത്തു. എറണാകുളത്തു വന്നപ്പോഴാണ് തന്നെപ്പോലുള്ളവർ വേറെയും ഉണ്ടെന്ന് രഞ്ജു തിരിച്ചറിഞ്ഞതും അവരെ പരിചയപ്പെട്ടതും. അവർക്കൊപ്പം ജീവിക്കാനായി പിന്നെ മോഹം. അങ്ങനെ അഭിഭാഷകന്റെ വീട്ടിൽ നിന്നും രഞ്ജു ഇറങ്ങിപ്പോന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനമായി രഞ്ജുരഞ്ജിമാർ ഇന്നും ഓർക്കുന്നത് അതാണ്. ചെന്നുപെട്ടത് തെറ്റായ കൂട്ടുകെട്ടിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായി. ഒടുവിൽ ആ കൂട്ടുകെട്ടിൽ നിന്ന് പുറത്തു കടന്ന് സ്വയം പര്യാപ്തയാകാൻ രഞ്ജു തീരുമാനിച്ചു. ഇന്നു ലോകമറിയുന്ന രഞ്ജു രഞ്ജിമാരുടെ തുടക്കം അവിടെ നിന്നാണ്. 

സ്വയം പഠിച്ചെടുത്ത മേക്കപ്പ്

മേക്കപ്പ് ചെയ്യാൻ രഞ്ജുവിനെ ആരും പഠിപ്പിച്ചു കൊടുത്തതല്ല. ചെറുപ്പത്തിൽ തന്നെ മെയ്ക്കപ്പ് ചെയ്യാൻ പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ വിവാഹമുണ്ടാകുമ്പോൾ അവർ രഞ്ജുവിനെ വിളിക്കും. അന്നൊന്നും ഇതാണ് തന്റെ ജീവിതം മാറ്റിമറിക്കാൻ പോകുന്നതെന്ന തിരിച്ചറിവൊന്നുമുണ്ടായിരുന്നില്ല. എറണാകുളത്ത് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയ സമയത്താണ് രഞ്ജുവിന്റെ മെയ്ക്കപ്പിലുള്ള കഴിവ് കേട്ടറിഞ്ഞ് ഒരു സുഹൃത്ത്  പരസ്യത്തിന് മേക്കപ്പ് ചെയ്യാൻ വിളിക്കുന്നത്. പ്രൊഫഷണലായി പഠിച്ചിട്ടില്ലെങ്കിലും മേക്കപ്പ് ചെയ്യാൻ ഇഷ്ടമായതുകൊണ്ട് ആ അവസരം രഞ്ജു ഉപയോഗപ്പെടുത്തി. അങ്ങനെ ചെറിയ അവസരങ്ങൾ രഞ്ജുവിനെ തേടിയെത്തി. ആർഎൽവി ഉണ്ണികൃഷ്ണൻ മാസ്റ്ററെ പരിചയപ്പെടുന്നത് ആയിടയ്ക്കായിരുന്നു. അതു വഴിത്തിരിവായി. യുവജനോത്സവത്തിൽ മെയ്ക്കപ്പ് ചെയ്തു തുടങ്ങിയ രഞ്ജു അതിൽ സജീവമായി. അങ്ങനെയുള്ള അവസരങ്ങളിലൂടെയാണ് സിനിമാതാരം ജ്യോതിർമയിയുമായും മുക്തയുമായും രഞ്ജു പരിചയത്തിലാകുന്നതും സിനിമയിലേക്കുള്ള അവസരം തുറക്കുന്നതും. 

മറികടന്നത് ഒത്തിരി പരിഹാസങ്ങളെന്ന് രഞ്ജു

"1995-96 കാലഘട്ടത്തിലാണ് ഞാൻ എറണാകുളത്ത് എത്തുന്നത്. എന്റെ ലിംഗ വ്യക്തിത്വം (gender identity) തുറന്നു പറയാവുന്ന സാഹചര്യമല്ല അന്ന്. എത്ര പെണ്ണത്തം ഉണ്ടെങ്കിലും അത്ര ആണത്തം കാണിച്ചു നിൽക്കേണ്ടി വരും. അല്ലാതെ ജീവിക്കാൻ പറ്റില്ല. 2014ലാണ് നൽസ വിധിന്യായം (NALSA Judgement) വരുന്നതും കൂടുതൽ ട്രാൻസ് വ്യക്തികൾ അവരുടെ വ്യക്തിത്വം തുറന്നു പറഞ്ഞതും. അതിനൊക്കെ മുൻപാണ് ഞാനെന്റെ വ്യക്തിത്വം പൊതുസമൂഹത്തിൽ തുറന്നുപറയുന്നത്. അതിനെന്നെ സഹായിച്ചത് ജാൻമണിയാണ്. അന്നു ഞാനൊരു ബിസിനസ് നടത്തുന്നുണ്ട്. നടി മുക്തയോടൊപ്പം സ്റ്റുഡിയോ റിവൈവ് എന്നൊരു സംരംഭം.

ഞാൻ മുടി നീട്ടി വളർത്തുന്ന സമയമായിരുന്നു. പക്ഷേ, സ്റ്റുഡിയോയിൽ വരുന്നവർ, ഞാനിങ്ങനെ മുടി വളർത്തി സ്ത്രീകളെപ്പോലെ നടക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ മുടി മുറിച്ചു. ജാൻമണിയെ പരിചയപ്പെടുന്നത് ആ അവസരത്തിലാണ്. ആണിനും പെണ്ണിനും എന്ന പോലെ ട്രാൻസ് വ്യക്തികൾക്കും ഈ സമൂഹത്തിൽ തുല്യമായ അവകാശമുണ്ടെന്ന ബോധ്യം എന്നിൽ ഉറപ്പിച്ചത് അവളാണ്. ഒരു പുരുഷനോ സ്ത്രീയോ ജീവിക്കുന്ന പോലെ ഈ സമൂഹത്തിൽ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്."  

'അവരെ ലൈംഗികത്തൊഴിലാളികൾ ആക്കുന്നത് സമൂഹം'

സ്വന്തം ലിംഗ വ്യക്തിത്വം തിരിച്ചറിഞ്ഞ് അതിനു അനുസരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ പലരും വീട്ടിൽ നിന്നു പുറത്താക്കപ്പെടുന്നു. അവർ വീടിന് നാണക്കേടാണെന്നു പറഞ്ഞ് പടിയിറക്കി വിടുന്നവർ എത്തിച്ചേരുന്നത് തെരുവിലാണ്. ജീവിക്കാൻ പല ശ്രമങ്ങളും അവർ നടത്തും. ഒടുവിൽ ഒരു നിവൃത്തിയും ഇല്ലാത്ത സാഹചര്യത്തിലാണ് സ്വന്തം ശരീരം ഉപകരണമാക്കാൻ അവർ തീരുമാനിക്കുന്നത്. ഇതു വാങ്ങാൻ ചെല്ലുന്നവർ ഈ സദാചാരം പറയുന്നവരാണ്. പണം കൊടുത്ത് സെക്സ് ആസ്വദിക്കാൻ ചെല്ലുന്ന ഇവരിൽ ആരെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുകയോ ഒരു തൊഴിൽ സാധ്യത തുറന്നു കൊടുക്കുകയോ ചെയ്യുന്നില്ല. രാത്രിയുടെ മറ പറ്റി ഇവരെല്ലാവരും വരും. പകൽ കാണുമ്പോൾ മുഖം തിരിച്ചു നടന്നു കളയും. ഞാൻ സെക്സ് വർക്കിനെ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ, അതിനെ ഞാനൊരു തെറ്റായി കാണില്ല. അങ്ങനെ പോകേണ്ടി വരുന്നത് അവരുടെ നിവൃത്തികേട് കൊണ്ടാണ്. ലോകത്താരും തന്നെ ലൈംഗികത്തൊഴിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് വരുന്നവരല്ല. അവരുടെ സാഹചര്യമാണ് അവരെ അങ്ങനെയാക്കുന്നത്.

കാണുന്നത് ലൈംഗിക തൊഴിലാളികളായി

പൊതുസമൂഹം തെറ്റിദ്ധാരണയോടു കൂടിയാണ് ഇന്നും ട്രാൻസ് സമൂഹത്തെ നോക്കിക്കാണുന്നത്. ഞങ്ങൾ ലൈംഗിക തൊഴിലാളികൾ ആണെന്നാണ് അവരുടെ വിചാരം. ഞങ്ങൾ അങ്ങനെയുള്ളവരല്ല. ഒരുപാടു കഴിവുള്ള വ്യക്തികളാണ് ഞങ്ങൾ. എത്ര കഷ്ടപ്പെട്ടാലും, നമ്മോടൊപ്പം നിൽക്കാൻ പലരും തയ്യാറാവുന്നില്ല. ട്രാൻസ് വ്യക്തികൾ വന്നാൽ ആകെ ബഹളമായിരിക്കും. അവർക്ക് പെരുമാറാൻ അറിയില്ല. എന്നൊക്കെയുള്ള മിഥ്യാധാരണകൾ ഉള്ളിടത്തേക്കാണ് സ്റ്റേജ് ഷോകളും ഫാഷൻ ഷോകളുമായി ഞാനും കുട്ടികളും കടന്നു ചെല്ലുന്നത്.

ട്രാൻസ് വ്യക്തികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ നമുക്ക് കഴിയാവുന്നത് ചെയ്യണമെന്നാണ് ഞാനെപ്പോഴും എന്റെ കുട്ടികളോടു പറയാറുള്ളത്. അതിന് വിദ്യാഭ്യാസം വേണം. നല്ല വിദ്യാഭ്യാസം ലഭിച്ചാൽ നല്ല രീതിയിൽ പെരുമാറാൻ കഴിയും. നല്ല വ്യക്തിയാകാൻ കഴിയും. പിന്നെ, നല്ല കലാകാരിയാണെങ്കിൽ, നമ്മുടെ കലാപ്രകടനം കണ്ട് ശത്രു ആണെങ്കിൽ പോലും അവർ അറിയാതെ കയ്യടിക്കും. അത്രയ്ക്കും ശക്തിയുണ്ട് കലകൾക്ക്! 

അവർക്ക് അറിയേണ്ടത് ശരീരത്തെപ്പറ്റി

ജനങ്ങളുടെ ക്യൂരിയോസിറ്റി ഒരിക്കലും അവസാനിക്കില്ല. സ്ത്രീയെപ്പോലെ സ്തനങ്ങളുണ്ടോ വജൈനയുണ്ടോ എന്നൊക്കെയാണ് അവർക്ക് അറിയേണ്ടത്. ആ സംശയങ്ങൾ അങ്ങനെ തന്നെ നിലനിൽക്കട്ടെ. പിന്നെ, ട്രാൻസ് വ്യക്തികൾ അമിതമായി മെയ്ക്കപ്പ് ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നവരുണ്ട്. ട്രാൻസ് അല്ലാത്തവരും അമിതമായി മെയ്ക്കപ്പ് ചെയ്ത് ഷോപ്പിങ് മാളുകളിലും പൊതുസ്ഥലങ്ങളിലും വരാറുണ്ടല്ലോ. അതിൽ പ്രശ്നമില്ലാത്തവർക്ക് ട്രാൻസ് സമൂഹത്തിനോടു മാത്രമെന്തിനാണ് ഈ അസ്വസ്ഥത? ട്രാൻസ് പുരുഷന്മാരുടെ അവസ്ഥയും പരിതാപകരമാണ്. കാരണം, അവർ പുറത്തേക്കു വരുമ്പോൾ സമൂഹം കാണുന്നത് അവരുടെ സ്ത്രീശരീരമാണ്. മനസിന്റെ വൈവിധ്യത്തെ ആരും കാണില്ല. എത്രയോ പ്രശ്നങ്ങൾ അവർ അഭിമുഖീകരിക്കേണ്ടി വരും. ഇവയെല്ലാം മറികടന്നു സ്വയംപര്യാപ്തരായി മുഖ്യധാരയിലേക്ക് വന്നെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതു എളുപ്പമല്ല. എങ്കിലും അസാധ്യമല്ല.  

ഒരു വിവാഹമുണ്ടാകുമോ?

നിരവധി ട്രാൻസ് വ്യക്തികളുടെ വിവാഹത്തിന് മുൻകൈ എടുക്കുന്ന രഞ്ജു രഞ്ജിമാർ എന്നാണ് സ്വയം ഒരു വിവാഹം കഴിക്കുക? ഒരു പുഞ്ചിരിയോടെ രഞ്ജു രഞ്ജിമാർ പറഞ്ഞു തുടങ്ങി– "ഒരു സ്ത്രീ എന്ന നിലയിൽ വിവാഹം ചെയ്യണമെന്നും കുട്ടിയെ ദത്തെടുത്തു വളർത്തണമെന്നും എനിക്കും ആഗ്രഹമുണ്ടായിരുന്നു. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോൾ അഥിൽ ഞാനൊരു കുഞ്ഞിനെ സ്കൂളിൽ കൊണ്ടു വിടുന്ന രംഗമുണ്ടായിരുന്നു. യഥാർത്ഥത്തിൽ കരഞ്ഞാണ് ഞാനതു ചെയ്തത്. എന്നാണ് എനിക്കിങ്ങനെ ചെയ്യാൻ ഭാഗ്യമുണ്ടാവുക എന്നായിരുന്നു എന്റെ മനസിൽ! എന്നാൽ ഇപ്പോൾ എന്റെ മനസ് മരവിച്ചു. ഒന്നു രണ്ടു മാസത്തേക്കുള്ളതല്ലല്ലോ.. ഒരു ജീവിതകാലം മുഴുവൻ വേണ്ടതല്ലേ. അങ്ങനെ കൊടുക്കാൻ എനിക്കിപ്പോൾ സമയം ഇല്ലാത്തതുപോലെ. ഒരുപാടു ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. അതിനിടയിൽ വിവാഹജീവിതം ശരിയാകില്ലെന്നു തോന്നി. അതുകൊണ്ട് എന്റെ വിവാഹ സ്വപ്നം മാറ്റി വച്ച്, പിള്ളേരുടെ വിവാഹങ്ങൾ നടത്തുന്ന തിരക്കിലാണ് ഞാൻ!" 

English Summary: An Interview with Transgender Make Up Artist Renju Renjimar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com