sections
MORE

അസൂയമൂത്ത് കാമുകൻ ചതിച്ചു; ആദ്യം തകർന്നു, ഇന്ന് ലോകമറിയുന്ന ഫാഷൻ ബ്ലോഗർ

Nikita. Photo Credit:  Face book Humans Of Bomaby
നികിത. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ചിലബന്ധങ്ങൾ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മുറിച്ചു മാറ്റുമ്പോഴാണ് ജീവിതം സുന്ദരമാകുക എന്ന് ചിലരെങ്കിലും തിരിച്ചറിയുക ഒരുപാട് വൈകിയാകും. ആ തിരിച്ചറിവ് ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിച്ചെന്നു വരും. വ്യക്തിത്വത്തെപ്പോലും തകർത്തു കളയാൻ പോന്ന ഒരു ബന്ധത്തിൽ നിന്ന് എന്നന്നേക്കും മുക്തി നേടി തന്റെ സ്വപ്നത്തിന്റെ പിറകേ സഞ്ചരിച്ച് വിജയിച്ചതിനെക്കുറിച്ചാണ് ഇവിടെ ഒരു പെൺകുട്ടി പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെ നികിത സ്വന്തം കഥ പറയുന്നതിങ്ങനെ :-

'' വളരെ ആത്മവിശ്വാസമുള്ള ഒരു കുട്ടിയായാണ് ഞാൻ വളർന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നം കണ്ടവൾ. ഫാഷനോട് എന്നുമെനിക്ക് പാഷനായിരുന്നു. സ്കൂളിലും കോളജിലും മിടുക്കിയായി ഞാൻ പഠിച്ചു. കോളജ് സമയത്ത് ട്യൂഷനു ചേരാൻ തീരുമാനിച്ചതോടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. എന്റെ കോളേജിൽ നിന്നൊക്കെ ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അവിടുത്തെ ഒരു ആൺകുട്ടിയായിരുന്നു. അവനെ കണ്ടപ്പോൾ എനിക്കും ഇഷ്ടം തോന്നി. സുഹൃത്തുക്കൾ വഴി അവന്റെ ബിബിഎം പിൻ സംഘടിപ്പിച്ച് അവനുമായി ചാറ്റിങ് തുടങ്ങി.

പിന്നെ ഞങ്ങൾ മീറ്റ് ചെയ്യാൻ തുടങ്ങി. പരസ്പരം ഇഷ്ടമാണെന്നറിഞ്ഞപ്പോൾ രണ്ടു മൂന്നു മാസത്തിനകം ഡേറ്റിങ് തുടങ്ങി. എല്ലാ കോളേജ് റൊമാൻസും പോലെ സുന്ദരമായി അത് തുടർന്നു. മൂന്നുവർഷം കടന്നുപോയതറിഞ്ഞില്ല. കോളജ് കാലം അവസാനിച്ചപ്പോൾ എനിക്കെന്റെ ഭാവിയെക്കുറിച്ച് ആശങ്കതോന്നിത്തുടങ്ങി. പക്ഷേ ഒരു വലിയ കമ്പനിയിൽ നിന്ന് ജോബ് ലെറ്റർ വന്നപ്പോൾ എനിക്ക് സന്തോഷമായി. പക്ഷേ അവന് അപ്പോഴും ജോലിയൊന്നും തരമായില്ല. അതുകൊണ്ട് ജോലിക്കു പോകരുതെന്നും അവനോടൊപ്പം പോസ്റ്റ്ഗ്രാജ്വേഷന് ചേരണമെന്നും അവനെന്നോടു പറഞ്ഞു. ജോലിക്കു പോകുന്നത് എന്തോ മോശം കാര്യമാണെന്ന മട്ടിലാണ് അവൻ അന്നൊക്കെ സംസാരിച്ചിരുന്നത്. 

ഭാവിയെക്കുറിച്ച് കൃത്യമായ ഒരു തീരുമാനം എടുക്കാൻ കഴിയാതിരുന്ന ഞാൻ ഒടുവിൽ അവന്റെ വാക്കുകളെ അനുസരിച്ചു. മികച്ച സർവകലാശാലകളിലെ പ്രവേശന പരീക്ഷ ഞങ്ങളിരുവരും ചേർന്നെഴുതി. എനിക്ക് പ്രവേശനം ലഭിക്കുകയും അവന് പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്തതോടു കൂടി അവന്റെ മട്ടുമാറി. അന്നു മുതൽ അവൻ എന്നെ അവഗണിക്കാൻ തുടങ്ങി. ഞാൻ അവന്റെ ആരുമല്ല എന്ന മട്ടിലൊക്കെ പെരുമാറിത്തുടങ്ങി.

ഒരിയ്ക്കൽ രാത്രിയിൽ വീട്ടിലേക്കു പോകുന്ന സമയത്ത് എന്റെ കാർഡ്രൈവർ പെട്ടന്ന് തളർന്നു വീണു. വിജനമായ വഴിയാണ്. എനിക്ക് ഡ്രൈവിങ്ങും അറിയില്ല. അതിനടുത്തെവിടെയോ ആണ് അവന്റെ വീട്. അതുകൊണ്ട് സഹായത്തിനായി അവനെ വിളിക്കുകയും സഹായമഭ്യർഥിച്ച് മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു. പക്ഷേ അവൻ എന്റെ കോളുകളോട് പ്രതികരിക്കുകയോ എന്നെ സഹായിക്കാനവിടെ എത്തുകയോ ചെയ്തില്ല. ഒടുവിൽ എന്റെ മറ്റു ചില സുഹൃത്തുക്കൾ ചേർന്നാണ് ആപത്ഘട്ടത്തിൽ നിന്നും എന്നെ രക്ഷിച്ചത്.

ആ സംഭവത്തിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ക്ഷമാപണവുമായി എന്നെ സമീപിച്ചു. ആ സമയത്താണ് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തു വന്ന് അവനോട് വഴക്കിട്ടു മടങ്ങിയത്. അവൻ അവളെ ചതിച്ചു എന്നായിരുന്നു അവളുടെ ആരോപണം. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ അവൻ കുറ്റസമ്മതം നടത്തി. എന്നോടൊപ്പം ആയിരിക്കാൻ വേണ്ടിയാണ് അവളെ വഞ്ചിച്ചത് എന്ന് എന്നോടു പറഞ്ഞു. അവന്റെ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിച്ചു. അവനെ ഇനിയൊരിക്കലും കാണരുതെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അത് എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ഒരു തീരുമാനമായിരുന്നു. പക്ഷേ അവനൊപ്പം ചിലവഴിച്ച ദിവസങ്ങൾ സമയനഷ്ടമല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് അവിടംകൊണ്ടു തന്നെ എന്നെന്നേക്കുമായി ആ ബന്ധം ഉപേക്ഷിക്കാൻ ഞാൻ മാനസികമായി തയാറെടുത്തു.

ഒരു കോർപറേറ്റ് ജോലി ലഭിക്കാൻ ഇതിലും കൂടുതൽ പഠിക്കേണ്ടെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് എന്റെ ആഗ്രഹം പോലെ ഞാനൊരു ഫാഷൻ ബ്ലോഗ് തുടങ്ങി. എന്നും എന്റെ മനസ്സിലുണ്ടായിരുന്ന മോഹത്തിനു പിന്നാലെ സഞ്ചരിക്കാൻ ‍ഞാൻ തീരുമാനിച്ചു. ഇപ്പോൾ ആരും എന്നെ പിന്തിരിപ്പിക്കാനില്ല. അതുകൊണ്ട് മനസ്സും ശരീരവും ആ ലക്ഷ്യത്തിനുവേണ്ടി പൂർണ്ണമായി സമർപ്പിച്ചു. എന്റെ ബ്ലോഗ് വിജയകരമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. റിയാനയുടെ അഭിമുഖമെടുക്കാൻ ന്യൂയോർക്കിൽ പോകാൻ സാധിച്ചു. ലണ്ടൻ ഫാഷൻ വീക്കിലേക്ക് ക്ഷണം ലഭിച്ചു. ഞാൻ ചെയ്യുന്ന ഓരോ കുഞ്ഞുകാര്യങ്ങളും ഇപ്പോഴെനിക്ക് സന്തോഷം നൽകുന്നുണ്ട്.

ഒരിയ്ക്കൽ ഞാൻ ഒരുപാടു സ്നേഹിച്ച ഒരാൾ എന്നെ എല്ലാക്കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. പക്ഷേ ഇന്ന് എന്നെ പിന്തുണയ്ക്കുന്ന ഒരുപാടു പേരുണ്ട്. ഇപ്പോൾ എനിക്കദ്ഭുതമാണ് തോന്നുന്നത്. എന്നെത്തന്നെ സംശയിക്കുന്നത് ഞാൻ നിർത്തി. ആരെങ്കിലും എന്നെ നിർവചിക്കാൻ ഞാൻ അനുവദിക്കാറില്ല. കാരണം, ഇപ്പോൾ എനിക്ക് എന്റെ മൂല്യമറിയാം.''- അവൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA