ADVERTISEMENT

സമൂഹമാധ്യമത്തില്‍ ആഭാസകരമായ പോസ്റ്റിലൂടെ അധിക്ഷേപിച്ചതിനെതിരെ ട്വിറ്ററിലൂടെ പൊലീസില്‍ പരാതി നല്‍കി ബോളിവുഡ് നടി റിച്ച ഛദ്ദ. പരാതി ലഭിച്ചിട്ടുണ്ടെന്നോ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചോ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നടിയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയാണ് റിച്ച ഛദ്ദ. വിവിധ വിഷയങ്ങളില്‍ തന്റെ സ്വതന്ത്രമായ  അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടികാട്ടിയിട്ടുമില്ല. പക്ഷേ, ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണവും നടി നേരിടാറുണ്ട്. 

അടുത്തിടെ, തന്നെ ആക്ഷേപിച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതം റിച്ച സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതുപോലെയുള്ള അശ്ലീല പരാമര്‍ശങ്ങളാണ് താന്‍ നേരിടുന്നതെന്ന് സമൂഹമാധ്യമ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, ഒരാള്‍ റിച്ചയ്ക്ക് എതിരെ അശ്ലീലം പോസ്റ്റ് ചെയ്ത വ്യക്തിയെ കണ്ടെത്തി അയാളുടെ പേര് അറിയിച്ചു. അശ്ലീല പരാമര്‍ശം പോസ്റ്റ് ചെയ്ത വ്യക്തിയുടെ പേര് സഹിതമാണ് റിച്ച ഇപ്പോള്‍ ജോധ്പൂര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്. അതും ട്വിറ്ററിലൂടെ. 

ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതം സുരക്ഷിതമല്ലെന്ന് റിച്ച നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് ചിലരെ പ്രകോപിതരാക്കിയിരുന്നു. അവര്‍ നിരന്തരമായി റിച്ചയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് അടുത്തിടെ വീണ്ടും റിച്ചയെ ആഭാസകരമായ പരാമര്‍ശത്തിലൂടെ തളര്‍ത്താന്‍ ശ്രമിച്ചതും.

പക്ഷേ, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റിച്ച. സ്ത്രീകള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്നു താന്‍ പറഞ്ഞത് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നതായും നടി പറയുന്നു. ഇഷ്ടമില്ലാത്ത അഭിപ്രയം പറയുന്നവരെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് ചിലരുടെ രീതി. സ്ത്രീകള്‍ക്കെതിരെ പ്രത്യേകിച്ചും മോശം സമീപനമാണ് പലരും പുലര്‍ത്തുന്നത്. തനിക്കിത് നിശ്ശബ്ദയായി സഹിക്കാനാകില്ലെന്നും പ്രതികരിക്കുകതന്നെ ചെയ്യുമെന്നും റിച്ച ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. 

മാനഭംഗക്കേസുകളിലക്കുറിച്ചു പരാമര്‍ശിക്കുന്ന സെക്‌ഷന്‍ 375 അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രത്തിലാണ് റിച്ച ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അക്ഷയ് ഖന്നയാണ് സഹനടന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com