ADVERTISEMENT

രാജ്യാന്തര വേദിയിൽ ഒരു രാജ്യത്തെ പ്രതിനിധീകരിക്കാൻ രണ്ടു സ്ത്രീകൾ. തിരുവനന്തപുരം ആതിഥേയത്വം വഹിച്ച 24-ാം രാജ്യാന്ത ചലച്ചിത്രോത്സവമാണ് രണ്ടു സ്ത്രീകളിലൂടെ ഒരു രാജ്യം പ്രതിനിധീകരിക്കപ്പെടുന്ന വിസ്മയത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശ്. 

ലോക സിനിമാ വിഭാഗത്തിൽ ആ രാജ്യത്തു നിന്ന് ഒരു സിനിമയുണ്ടായിരുന്നു. മെയ്ഡ് ഇൻ ബംഗ്ലദേശ്. ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം. സംവിധായിക 38 വയസ്സ് മാത്രമുള്ള റുബായിയത്ത് ഹുസ്സൈൻ. 

കാൻ ചലച്ചിത്രമേള ജൂറിയിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമാ നിരൂപക സാദിയ ഖാലിദ് ആകട്ടെ തിരുവനന്തപുരത്ത് എത്തുകയും ചർച്ചകളിലും മറ്റും പങ്കെടുത്ത് തന്റെ ആശയങ്ങൾ ശക്തമായി ഉന്നയിക്കുകയും ചെയ്തു. സാദിയയും റുബായിയത്തും ചെറുപ്പക്കാരികളാണ്. ബംഗ്ലാദേശിന്റെ മാറുന്ന മുഖത്തിന്റെ അടയാളങ്ങൾ. യാഥാസ്ഥിതിക സമൂഹത്തിന്റെ കർശന നിയമങ്ങളെപ്പോലും ലംഘിച്ച് സ്വപ്നങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിച്ച ധീരരായ വനിതാ സിനിമാ പ്രവർത്തകർ.

ഓൺലൈൻ ലോകത്ത് സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒരു സംഘം പുരുഷൻമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സാദിയ പറയുന്നു. സിനിമയെ വിമർശിച്ച് ലേഖനമെഴുതിയാൽ ഓൺലൈൻ ലോകത്തേക്ക് എത്തിനോക്കാൻപോലും കഴിയാത്ത രീതിയിൽ താൻ വിമർശിക്കപ്പെടാറുണ്ടെന്ന് അവർ തുറന്നുപറഞ്ഞു. വിമർശനങ്ങൾ അധികവും ഉന്നയം വയ്ക്കുന്നത് സ്ത്രീകളെയാണ്. അതു താരതമ്യേന അപകട രഹിതമാണെന്നു പലരും വിചാരിക്കുന്നു. സ്ത്രീയാണ് എന്ന വസ്തുത തന്നെ അപമാനിക്കപ്പെടാൻ മതിയായ കാരണമാണെന്നും സാദിയ പറയുന്നു. 

പുരുഷ കേന്ദ്രീകൃത ലോകമാണ് ബംഗ്ലാദേശിൽ. ഇന്നും സ്ത്രീകൾക്ക് പരിമിതമായ സ്വാതന്ത്ര്യം മാത്രം അനുവദിക്കപ്പെട്ടിരിക്കുന്ന രാജ്യം. രാഷ്ട്രീയ അസ്ഥിരതയാണ് മറ്റൊരു പ്രശ്നം. ആഗ്രഹിച്ചാലും സ്ത്രീകൾ മുൻനിരയിലേക്ക് കടന്നുവരാൻ മടിക്കും. പക്ഷേ, അടുത്തകാലത്തായി കുറച്ചു സ്ത്രീകൾ തങ്ങളെ കാത്തിരിക്കുന്ന അപമാനങ്ങളെയും പരിഹാസങ്ങളെയും കൂസാതെ ധൈര്യത്തോടെ എഴുതുന്നു. സിനിമ സംവിധാനം ചെയ്യുന്നു. യാത്ര ചെയ്യുന്നു. വായിക്കുന്നു. തങ്ങളുടെ ആശയങ്ങൾ ഉറച്ച ശബ്ദത്തിൽ വിളിച്ചുപറയുന്നു- സാദിയ പറയുന്നു. സാദിയ പ്രശംസിക്കുന്ന പുതിയ ബംഗ്ലാദേശിന്റെ വക്താക്കളാണ് റുബായിയത്ത് ഹുസ്സൈനും. 

2011 ലാണ് റുബായിയത്ത് ആദ്യ സിനിമ സംവിധാനം ചെയ്തത്-മെഹർജാൻ. 1971-ൽ ബംഗ്ലാദേശിനെ മോചിപ്പിക്കാൻ വേണ്ടി നടത്തിയ യുദ്ധകാലത്ത് ഒരു പാക്ക് പട്ടാളക്കാരനുമായി ബംഗാളി യുവതിയുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ റിലീസ് രാജ്യത്ത് വലിയ വിവാദങ്ങളുണ്ടാക്കി. ഒരാഴ്ചയ്ക്കകം വിതരണക്കാർ സിനിമ തിയറ്ററുകളിൽനിന്നു പിൻവലിച്ചു. പക്ഷേ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ മെഹർജാനു ലഭിച്ചത് പ്രസസ്തി. 

2015 ൽ രണ്ടാം സിനിമ- അണ്ടർ കൺസ്ട്രക്ഷൻ. ഒരു യുവതിയുടെ അസന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.  ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ‌ പ്രദർശിപ്പിച്ച മെയ്ഡ് ഇൻ ബംഗ്ലാദേശാണ് മൂന്നാം ചിത്രം. മൂന്നാം ചിത്രത്തിലും പ്രധാന കഥാപാത്രം സ്ത്രീയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ തന്നെയാണ് ചർച്ച ചെയ്യുന്നതും. ഈ വർഷം റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 24-ാം മേളയിലേക്ക് ലോക സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധത  ഈ ചിത്രത്തിലും പ്രകടമാക്കാൻ റുബായിയത്തിനു കഴിഞ്ഞിട്ടുണ്ട്. 

ധാക്കയിൽ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്നു ഷിമു എന്ന യുവതിയാണ് മെയ്ഡ് ഇൻ ബംഗ്ലാദേശിലെ നായിക. ജോലി സ്ഥലത്ത് പ്രതിസന്ധികൾ വർധിക്കുന്നതോടെ  തൊഴിലാളി യൂണിയനെക്കുറിച്ചുള്ള ആലോചനയിലാണ് ഷിമു. എതിർപ്പുമായി മാനേജ്മെന്റ് രംഗത്തെത്തി. അതിൽ അദ്ഭുതമില്ലെങ്കിലും സ്വന്തം ഭർത്താവും എതിർപ്പുമായി വന്നിട്ടും ഷിമു തളർന്നില്ല. സ്വന്തം തീരുമാനവുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. സാഹസികമായ ആ യാത്രയാണ് മെയ്ഡ് ഇൻ ബംഗ്ലദേശ് പറയുന്നത്. 

ഒരു ചലച്ചിത്രമേളയ്ക്കു കൂടി കൊടിയിറങ്ങുമ്പോൾ കേരളത്തിലെ പ്രേക്ഷകർ മനസ്സിലേക്ക് സ്വീകരിച്ച രണ്ടുപേരുകാരാണ് ഈ യുവതികൾ. സാദിയയും റുബായിയത്തും. സ്വന്തം രാജ്യത്തെ രാജ്യാന്തര വേദിയിൽ പ്രതിനിധീകരിച്ച പ്രതിഭകൾ; നാളെയുടെ താരങ്ങൾ.  

English Summary : Inspirational Life Story Of Rubaiyat Hosain And Saida Khalid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com