sections
MORE

ജീവിതത്തിലെ മോഹൻലാൽ സാന്നിധ്യം, ഗിന്നസ് പരാമർശം; സിനിമാ വിശേഷങ്ങളുമായി ആതിര

Atjira Diljith With Mohan Lal
ആതിര മോഹൻ ലാലിനൊപ്പം
SHARE

“If I was down to the last dollar of my marketing budget I’d spend it on PR!” – ലോകത്തെ ഏറ്റവും സമ്പന്നനായ ബിൽഗേറ്റ്സ് പബ്ലിക് റിലേഷൻസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. മാറുന്ന ലോകത്ത് പബ്ലിക് റിലേഷൻസിന്റെ സാധ്യത എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ബിൽഗേറ്റ്സിന്റെ വാക്കുകളെ കടമെടുത്തത് ആതിരയെ പരിചയപ്പെടുത്താനാണ്. സിനിമാ മേഖലയിലെ  പബ്ലിക് റിലേഷൻ രംഗത്ത് ചുവടുറപ്പിച്ച ആതിര റിലീസാകാനൊരുങ്ങുന്നവ ഉൾപ്പെടെ 60 സിനിമകൾക്കു പിആർ ചെയ്തുകഴിഞ്ഞു. പലതും സൂപ്പർതാരസിനിമകൾ. ഒടിയനും ഗ്രേറ്റ് ഫാദറും കുമ്പളങ്ങി നൈറ്റ്സും വൈറസും മലയാളികൾ കാത്തിരിക്കുന്ന മാമാങ്കവും ബിഗ് ബ്രദറും അടക്കം ആ ലിസ്റ്റിലുണ്ട്. 

ഗോകുലം ഗോപാലൻ നായകനാകുന്ന നേതാജി എന്ന ചിത്രത്തിലൂടെ ഗിന്നസ് ബുക്കിലും പരാമർശം വന്നുകഴിഞ്ഞു. സിനിമാ ലോകത്തെ വിശേഷങ്ങളെപ്പറ്റിയും പബ്ലിക് റിലേഷൻസ് സാധ്യതകളെപ്പറ്റിയും മനോരമ ഓൺലൈനിനോട് ആതിര സംസാരിക്കുന്നു. 

ചെറിയ കാര്യമല്ല പിആർ 

പബ്ലിക് റിലേഷൻസിന്റെ അപാര സാധ്യതകളെപ്പറ്റി ഇപ്പോഴും സമൂഹത്തിലെ പത്തുശതമാനത്തോളം ആളുകൾക്കേ കൃത്യമായി അറിയൂ. പ്രശസ്തരുടെ കാര്യമെടുത്താൽ പ്രധാനമന്ത്രി നരേന്ദ്രമോദി, സച്ചിൻ തെൻഡുൽക്കർ എന്നിവർക്കൊക്കെ പിന്നിൽ ഒരു പിആർ ടീം ഉണ്ട്. വ്യക്തമായ ഒരു സ്ട്രാറ്റജിയിൽക്കൂടിയാണ് അവർ മുന്നോട്ടു പോകുന്നത്. വളരെ വലിയ ഉത്തരവാദിത്തമാണത്. എങ്ങനെ വാർത്തകൾ സൃഷ്ടിക്കണമെന്നും ആളുകളിൽ എത്തിക്കണമെന്നും തീരുമാനിക്കാനും നടപ്പാക്കാനും അവർക്ക് കഴിയും. അതേസമയം, ഒരു ചെറിയ അശ്രദ്ധ മതി പാളിപ്പോകാൻ. അങ്ങനെ സംഭവിച്ചാൽ ഫലം വിപരീതമാകും.

virus-real-life

പ്രമോഷൻ സിനിമയുടെ മൂഡ് അനുസരിച്ച് 

സിനിമയുടെ കാര്യത്തിൽ ഓരോ പ്രോജക്ടിന്റെയും മാർക്കറ്റിങ്ങിന് കൃത്യമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനം. സിനിമയുടെ ജോണർ അനുസരിച്ചാണ് അതു തീരുമാനിക്കുക. ഓരോ സിനിമയുടെയും മൂഡ് അനുസരിച്ചാണ് പ്രമോഷൻ വർക്കുകൾ ചെയ്യുന്നത്. നിപ്പ പോലെയൊരു രോഗം നമ്മുടെ നാട്ടിൽ സംഭവിച്ചു. അത്രയും ഗൗരവമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി വൈറസ് എന്ന സിനിമയെത്തിയപ്പോൾ അതിനെ ഒരിക്കലും കോമഡി ഷോ പോലെയുള്ള പ്ലാറ്റ് ഫോമിൽ പ്ലേസ് ചെയ്യാനാവില്ല. ന്യൂസ് ചാനലുകൾ പോലെ സീരിയസ് ടോപിക് കൈകാര്യം ചെയ്യുന്ന ടോക് ഷോയിലാണ് അത് പ്രമോട്ട് ചെയ്തത്. 

athira-with-husband-diljith-01
ആതിര ഭർത്താവ് ദിൽജിത്തിനൊപ്പം

സംവിധായകൻ ആഷിക് അബുവിന്റെ സ്ക്രിപ്റ്റ്റൈറ്റർ അഭിലാഷിന്റെ  1956 സെൻട്രൽ ട്രാവൻകൂർ എന്ന ചിത്രത്തിന്റെ പിആർ വർക്കുകൾ ഞങ്ങളെയാണ് ഏൽപ്പിച്ചത്. അതൊരു കൊമേഷ്യൽ സിനിമയല്ല. അത് കൃത്യമായ ആളുകളിലേക്കെത്തിക്കാൻ വ്യക്തമായ സ്ട്രാറ്റജി വേണം. കരുണ എന്ന മ്യൂസിക് കൺസേർട്ട് നടന്നു. ഞങ്ങൾക്ക് അതിൽ സഹകരിക്കാൻ സാധിച്ചു. വരുന്ന ഏപ്രിലിൽ മ്യൂസിക് ഫെസ്റ്റിവൽസ് ആണ് നടക്കാൻ പോകുന്നത്. ഇതിനെല്ലാം പിആർ ആവശ്യമാണ്. സിനിമ മാത്രമല്ല ഏതുമേഖലയായാലും ആദ്യം തന്നെ വ്യക്തമായ ഒരു സ്ട്രാറ്റജി തയാറാക്കണം. 

സിനിമ എത്രനാൾ തിയേറ്ററുകളിൽ നിൽക്കും എന്നതനുസരിച്ചാണ് പ്രമോഷൻസ് പ്ലാൻ ചെയ്യുന്നത്. ഈ ആഴ്ച സിനിമ റിലീസ് ആയി, അടുത്തയാഴ്ചയും സിനിമ തിയേറ്ററിലുണ്ടാകും. സിനിമ നിലനിർത്താനായി എന്തൊക്കെ ചെയ്യാം എന്നാണു നോക്കുന്നത്. ഒരു സിനിമ റിലീസ് ആയി ഹിറ്റ് ആണെന്നു കണ്ടാൽ പ്രമോഷൻ അവിടെ വച്ച് നിർത്തരുത്. പ്രൊഡ്യൂസറെ കൂടുതൽ ഹാപ്പിയാക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. 

ആമസോൺ കേരളത്തിലേക്ക് ആദ്യമായി ഫാമിലി മാൻ എന്ന വെബ്സീരീസ് സ്ട്രീം ചെയ്തു. 200 ഓളം രാജ്യങ്ങളിലേക്ക് പ്ലേസ് ചെയ്തിരുന്നു. അതിന്റെ പ്രമോഷനായി അവർ ഞങ്ങളെയാണ് സമീപിച്ചത്. അതൊക്കെ ഞങ്ങൾക്ക് വലിയ അംഗീകാരമാണ്.

ഫിലിം മാർക്കറ്റിങ് ആൻ റിസേർച്ച് : എങ്ങനെയാണ് ഈ മേഖലയിൽ എത്തിപ്പെട്ടത്?

റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, പ്രൊഡ്യൂസർ എന്നിങ്ങനെയുള്ള ജോലികളിലൂടെയായിരുന്നു കരിയർ തുടങ്ങിയത്. മാധ്യമങ്ങളോടു ചേർന്നു നിന്ന് ജോലിചെയ്യാനുള്ള എന്റെ താൽപര്യം കണ്ടിട്ട് ഭർത്താവാണ് ഇങ്ങനെയൊരു നിർദേശം വച്ചത്. സ്വതന്ത്രമായി ഒരു വിഡിയോ ചെയ്തു കൊണ്ടായിരുന്നു തുടക്കം. ചൈൽഡ് അബ്യൂസിനെതിരെ ഹാപ്പി ന്യൂ ഇയർ എന്ന പേരിലാണ് ആ വിഡിയോ റിലീസ് ചെയ്തത്. അതിനുശേഷം രണ്ടു മൂന്നു പരസ്യങ്ങൾ ചെയ്തു. 

സിനിമയിലേക്കു വഴിതുറന്നത് സോഫിയ പോൾ

ഒരു പരസ്യത്തിന്റെ കാര്യം സംസാരിക്കാൻ സോഫിയ പോളിനെ കാണാൻ പോയിരുന്നു. അപ്പോൾ അവർ മോഹൻലാലിനെ വച്ച് ഒരു ചിത്രം പൂർത്തിയാക്കിയിരുന്നു. ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ‘ എന്ന ചിത്രമായിരുന്നു അത്. പരസ്യത്തിന്റെ ചർച്ചക്കിടെയാണ് സിനിമയിൽ പിആർ വർക്കുകൾ ചെയ്യാനുള്ള സാധ്യതകളെപ്പറ്റി ചേച്ചി ചോദിക്കുന്നത്. ഞാനും ഭർത്താവ് ദിൽജിത്തും ഈ മേഖലയിലേക്കു കടന്നുവരാൻ കാരണം സോഫിയ ചേച്ചിയാണ്. ഞങ്ങൾ ആദ്യം മൂവി മാർക്കറ്റിങ് ചെയ്ത ചിത്രമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ.

ജീവിതത്തിൽ മോഹൻലാലിന്റെ സാന്നിധ്യം

എന്റെയും ഭർത്താവിന്റെയും ജീവിതത്തിൽ പലയിടത്തും മോഹൻലാൽ സാറിന്റെ സാന്നിധ്യമുണ്ട്. ഭർത്താവ് ആലുവ യുസി കോളജിലെ ചെയർമാൻ ആയിരുന്നു. യൂണിയൻ ഇനാഗുറേഷന് വന്നത് ലാൽ സാർ ആയിരുന്നു. പിന്നീട് ചൈൽഡ് അബ്യൂസിനെതിരെ ഞാൻ ചെയ്ത ഹ്രസ്വചിത്രം പൂർത്തിയാക്കാനായി ബൈറ്റ് തന്നതും ലാൽ സാർ ആയിരുന്നു. ഞങ്ങളിരുവരും സിനിമാ മാർക്കറ്റിങ് രംഗത്തേക്ക് ചുവടുവച്ചതും അദ്ദേഹം അഭിനയിച്ച ചിത്രത്തിലൂടെയായിരുന്നു.

munthiri-valli-costume-01
മുന്തിരി വള്ളി തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മോഹൻ ലാലിനും മീനയ്ക്കുമൊരുക്കിയ കോസ്റ്റ്യൂം.

നോർമൽ പാറ്റേണിൽ നിന്ന് മാറ്റം വേണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു ആദ്യം നടന്നത്. താജിൽ വച്ചായിരുന്നു പരിപാടി. അതിനുവേണ്ടി ഒരു മുന്തിരി തീം ഉണ്ടാക്കി. ബെംഗളൂരുവിൽനിന്ന് യഥാർഥ മുന്തിരിക്കുലകളൊക്കെ കൊണ്ടുവന്നായിരുന്നു അതൊരുക്കിയത്. അതേ തീമിൽത്തന്നെ ലാൽ സാറിനും മീന മാമിനുമൊക്കെയുള്ള കോസ്റ്റ്യൂം ഡിസൈൻ ചെയ്തു. ആ വസ്ത്രങ്ങൾ ട്രെൻഡ് ആയി എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു എംടി (മുന്തിരി വള്ളികൾ തളിർക്കുമ്പോൾ) ടീഷർട്ട് എന്ന പേരിൽ പറവൂരിലെ ചില കടകളിലൊക്കെ അതുണ്ടായിരുന്നു. എഫ്എമ്മുമായി ചേർന്ന് ഡിന്നർ വിത്ത് മോഹൻ ലാൽ എന്ന രീതിയിലുള്ള പ്രമോഷൻ പ്രോഗ്രാം ചെയ്തു. ഇന്നത് പതിവാണെങ്കിലും അന്നത് എല്ലാവർക്കും കൗതുകമായിരുന്നു. ലാൽസാറിന്റെയും മമ്മൂക്കയുടെയും ശബ്ദം തിരിച്ചറിയാത്ത മലയാളികളുണ്ടാവില്ല. അന്ന് ലാൽ സാറിന്റെ ബൈറ്റെടുത്ത് 10,12 ദിവസത്തെ ക്യാംപെയിൻ നടത്തി വിജയികൾക്ക് ഡിന്നർ നൽകിയിരുന്നു. അങ്ങനെ ഇന്നവേറ്റീവായ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.

അതിനു ശേഷം മമ്മൂക്കയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ ചെയ്തു. അത് ഓഗസ്റ്റ് ഫിലിംസിന്റെ പ്രൊഡക്ഷനായിരുന്നു. അച്ഛൻ — മകൾ ബന്ധം പറയുന്ന ചിത്രമായതുകൊണ്ട് അച്ഛനും മക്കളും സെൽഫി കോൺടെസ്റ്റാണ് നടത്തിയത്. വിജയികൾക്ക് മമ്മൂക്കയെ കാണാൻ ഒരു അവസരം ആയിരുന്നു അന്നൊരുക്കിയത്. പിന്നീട് ചെയ്തത് ദുൽഖർ സൽമാന്റെ സിഐഎ ആണ്. അന്ന് ഡിക്യൂവിനെക്കൊണ്ട് ഒരു മൽസരം ഒക്കെ സംഘടിപ്പിച്ചിരുന്നു. അന്നുതൊട്ട് അമൽ ചേട്ടൻ, അൻവറിക്ക (അമൽ നീരദ്– അൻവർ റഷീദ് ) ടീമിന്റെ സിനിമകളിൽ പി ആർ വർക്കുകൾ ചെയ്യാൻ അവസരം ലഭിച്ചു. പറവ, കുമ്പളങ്ങി നൈറ്റ്സ്, തമാശ, വൈറസ് തുടങ്ങി കുറേ ചിത്രങ്ങളിൽ വർക്ക് ചെയ്യാൻ സാധിച്ചു. ഓഗസ്റ്റ് സിനിമാസ്, ആശിർവാദ് സിനിമാസ്, മൂൺഷോട്ട് എന്റർടെയിൻമെന്റ്സ്, ഡിക്യു പ്രൊഡക്ഷൻസ്, എസ് ടാക്കീസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, മുളകുപ്പാടം ഫിലിംസ്, മിനി സ്റ്റുഡിയോസ്, ഒ പി എം സിനിമാസ്, സണ്ണി വെയിൻ പ്രൊഡക്ഷൻസ് പോലെ കമ്പനികളുടെ കീഴിലുള്ള വർക്ക് ആണ് ചെയ്യുന്നത്. 

mammootty-01
മമ്മൂട്ടിയ്ക്കൊപ്പം

പ്ലാൻ ചെയ്തു വന്നതല്ല

കരിയറിന്റെ തുടക്കം തന്നെ നല്ല ബാനറുകളുമൊത്തായതിൽ ഏറെ സന്തോഷമുണ്ട്. ഓരോ തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകുമ്പോഴാണ് ഇന്നവേറ്റീവായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ പിആർ വർക്കുകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. അതിന്റെ പ്രമോഷൻ ഇപ്പോൾത്തന്നെ വാർത്തകളിലിടം പിടിച്ചിരുന്നു. യുട്യൂബിൽ കുക്കറി വിഡിയോകളിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറയുടെ അടുത്ത് അവതാരകൻ മിഥുനെക്കൊണ്ടു പോയി ഒരു വിഡിയോ ഷൂട്ട് ചെയ്തിരുന്നു. ഫിലിം ബേസ് പ്രമോഷനുവേണ്ടിയാണ് അത് ചെയ്തത്. ഫിറോസ് കുക്ക് ചെയ്യുന്നു, അവസാനം മിഥുൻ വരുന്നു. മിഥുനോട് വിശേഷങ്ങൾ പറഞ്ഞു തുടങ്ങുന്ന സമയത്ത് സിനിമയുടെ കാര്യങ്ങൾ പറയുന്നു. ഫെയ്സ്ബുക്കിലും യുട്യൂബിലും 10 ലക്ഷം വ്യൂസിന് മുകളിൽ പോയി. ഇത് ചെല്ലുന്നത് നമ്മൾ ടാർഗറ്റ് ചെയ്തിരുന്ന സാധാരണക്കാരുടെ അടുത്താണ്. സാധാരണക്കാരിലെത്താൻ കഴിയുന്ന പ്രമോഷൻ ഐഡിയാസ് ആണ് നോക്കുന്നത്. അതിൽ ഏറ്റവും ഹിറ്റ് ആയത് ഈ പ്രോഗാമാണ്. വ്ലോഗേഴ്സിന്റെയിടയിൽ പ്രമോട്ട് ചെയ്യാമെന്ന ഒരു തോട്ട് പറഞ്ഞപ്പോൾ ആ മൂവീ ടീം അത് രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അതിനുശേഷം ഫിറോസ് വിളിച്ച് ഒരുപാടാളുകൾ നല്ല അഭിപ്രായം പറഞ്ഞിരുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ വലിയൊരു അംഗീകാരമാണ്. 

guinness-world-record-01
ഗിന്നസ് പരാമർശം ലഭിച്ചപ്പോൾ

ഗിന്നസ് റെക്കോർഡിലേക്ക്....

ഗോകുലം ഗോപാലൻ സാർ ആദ്യമായി നായകനാകുന്ന സിനിമയാണ് നേതാജി. സംവിധായകൻ വിജീഷ് മണിയാണ് ഈ സിനിമയ്ക്കായി വിളിച്ചത്. ഗോത്രഭാഷയിലെ ആദ്യത്തെ സിനിമ എന്നരീതിയിലാണ് അത് മാർക്കറ്റ് ചെയ്തത്. ഈ സിനമയ്ക്കായി സംവിധായകൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.  ഗോവ ചലച്ചിത്രമേളയിലുൾപ്പടെ ഒരുപാടു സ്ഥലങ്ങളിൽ അത് പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ചിത്രത്തിലൂടെയാണ് ഗിന്നസ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് കിട്ടിയത്.ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്.

പിആർ വർക്കിന് അവാർഡോ അംഗീകാരങ്ങളോ കിട്ടാറില്ല

ഇങ്ങനെയൊരു ജോലിക്ക് ഏതെങ്കിലും തരത്തിലുള്ള അംഗീകാരങ്ങളോ അവാർഡുകളോ ആർക്കെങ്കിലും കിട്ടിയതായി എനിക്കറിവില്ല. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റിനും ഡബ്ബിങ് ആർട്ടിസ്റ്റിനുമൊക്കെ സംസ്ഥാന അവാർഡുകൾ ലഭിക്കാറുണ്ട്. അതിലൊന്നും പിആർ കാറ്റഗറിയെ അവാർഡിന് പരിഗണിക്കാറില്ല. ഗിന്നസ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ പിആർ ചെയ്യുന്ന മുഴുവൻ ആളുകൾക്കും കിട്ടിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. 

മോശം പെരുമാറ്റമുണ്ടായിട്ടില്ല

സിനിമാ മേഖലയിലെ ചൂഷണങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നുണ്ടെങ്കിലും വ്യക്തിപരമായി എനിക്കത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വളരെ പ്രഫഷനൽ സമീപനങ്ങളാണ് എല്ലാ ഭാഗത്തു നിന്നുമുണ്ടായത്. ഞാനും ഭർത്താവും ഒരുമിച്ചു വർക്ക് ചെയ്യുന്ന ഫാമിലി ബിസിനസ്സ് ആണ് ഞങ്ങൾക്ക് ഈ പിആർ വർക്ക്. 

വെല്ലുവിളി

കോംപറ്റീഷനുണ്ടാകാം. പക്ഷേ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി, ഒരു ഫോക്കസോടെ ചെയ്യുക എന്നതാണ് പ്രധാനം. ഇതുവരെ ചെയ്ത വർക്കുകളൊക്കെ റഫറൻസ് വഴിയാണ് ലഭിച്ചത്. ഒരു മാസത്തിൽ രണ്ടു മൂന്നു പ്രോജക്ടുകളിൽ കൂടുതൽ എടുക്കാറില്ല. വരുന്ന വർക്കുകളിൽ കൃത്യമായി ജോലിചെയ്യും. 

kumbalang-teams-01
കുമ്പളങ്ങി നൈറ്റ്സ് ടീമിനൊപ്പം

ടീംവർക്ക്

ഞാനും ഭർത്താവും മാത്രമാണ്  കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യുന്നത്. ഭർത്താവ് മാർക്കറ്റിങ്, ഡിസൈനിങ്ങ് കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ നോക്കുന്നത് കോഓർഡിനഷനാണ്. രണ്ടുപേർക്കും മാനേജ് ചെയ്യാവുന്നതേ എടുക്കാറുള്ളൂ.  ഇതല്ലാതെ ഭർത്താവിന് ഒരു സ്കൂളിന്റെ ഉത്തരവാദിത്തം കൂടിയുണ്ട്, അവിടുത്തെ തിരക്കുകളുണ്ട്. 

ടൈം ഷെഡ്യൂൾ

ഇന്ന് വിളിച്ചിട്ടായിരിക്കും നാളെ ഒരു ലൊക്കേഷനിലേക്കു പോകണമെന്നു പറയുന്നത്. ഇങ്ങനെയൊരു ജോലിയായതുകൊണ്ടു തന്നെ യാത്രകളും മറ്റും പെട്ടെന്നായിരിക്കും.  ഞാനും ഭർത്താവും എല്ലാ സമയത്തും ഒരുമിച്ചായതുകൊണ്ട് അത്തരം യാത്രകളൊന്നും ബുദ്ധിമുട്ടായി തോന്നാറില്ല. ഞങ്ങൾക്ക് ഒരു മകനാണുള്ളത്. സൂര്യനാരായണൻ. രണ്ടാം ക്ലാസിലാണ്. വീട്ടിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. ചിലപ്പോൾ  യാത്രകളിൽ കുട്ടിയെയും കൂട്ടും. അവനും സിനിമയിഷ്ടമാണ്.

with-thrisha-dq-chiranjeevi-01
തൃഷ, ദുൽഖർ സൽമാൻ, ചിരഞ്ജീവി എന്നിവർക്കൊപ്പം

അന്യഭാഷാ ചിത്രങ്ങളുടെ പ്രമോഷൻ

ആതിര താരങ്ങൾക്കൊപ്പം
12
Show All
In pictures: ആതിര താരങ്ങൾക്കൊപ്പം

മലയാളം മാത്രമല്ല പ്രമോട്ട് ചെയ്യുന്നത്. അന്യഭാഷാ ചിത്രങ്ങളുമുണ്ട്. സൈറാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിരഞ്ജീവി വന്നിരുന്നു. അദ്ദേഹം ഒരു ദിവസം ഇവിടെ ചെലവഴിച്ചു. ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിനുവേണ്ടി വിജയ് ദേവരകൊണ്ട മൂന്നു ദിവസം ചെലവഴിച്ചു. ഒരു ദിവസം ഇവന്റ്, ചാനൽ ഓൺലൈൻ പ്രമോഷൻ എല്ലാം ചെയ്തു. അവരും നല്ല രീതിയിൽ സഹകരിച്ചതുകൊണ്ട് നല്ല റിസൽറ്റുണ്ടായി. ഒരു ആരാധികയുടെ വീട്ടിലെത്തി വിജയ് ദേവരകൊണ്ടെ സർപ്രൈസ് കൊടുത്തു. ഒരു സൂപ്പർ സ്റ്റാർ അങ്ങനെയുള്ള കാര്യങ്ങൾക്ക് തയാറാവുന്നതു വലിയൊരു കാര്യമാണ്. ഇതൊക്കെ വളരെ രസകരമായ സംഭവങ്ങളാണ് ഈ ജോലിയിൽ. നടി ശ്രീദേവിയുടെ മോം എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അതിന്റെ കേരളത്തിലേക്കുള്ള പ്രമോഷൻസ് മുഴുവൻ ചെയ്തിരുന്നു. മഹേഷ് ബാബുവിന്റെ സ്പൈഡർ എന്ന സിനിമ തമിഴിൽ  ഇവിടെ പ്രദർശിപ്പിച്ചതിന്റെ പ്രമോഷൻ കാര്യങ്ങളും ചെയ്തിരുന്നു.

with-tovino-thomas-and-kamal-hassan-01
ടോവിനോ തോമസ്, കമൽ ഹാസൻ എന്നിവർക്കൊപ്പം

പെൺകുട്ടികൾ വരണം

പെൺകുട്ടികൾക്ക് ധൈര്യമായി വരാവുന്ന മേഖലയാണിത്. ഈ മേഖലയിൽ ഒരുപാടു സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പുതിയ ആൾക്കാർ പുതിയ ആശയങ്ങളുമായി വരണമെന്നാണ് എന്റെ താൽപര്യം. ഉത്തരവാദിത്തങ്ങൾ സ്ത്രീകളാണ് കുറച്ചുകൂടി ഭംഗിയായി നിറവേറ്റാറുള്ളതെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകൾക്ക് അക്കാര്യത്തിൽ ഒരു പ്രത്യേക കഴിവു തന്നെയാണുള്ളത്.

പുതിയ കാര്യങ്ങൾ ചെയ്യണം

എന്റെ അച്ഛൻ 35 വർഷമായി സിനിമ ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നുണ്ട്്. അതുകൊണ്ടു തന്നെ ഈ മേഖലയെക്കുറിച്ച് നന്നായിട്ടറിയാം. ഒരുപാടു പേരുടെ അനുഭവങ്ങളെക്കുറിച്ചൊക്കെ അച്ഛൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ വരുന്ന പ്രൊജക്റ്റുകൾ മനസ്സു നിറഞ്ഞ പ്രാർഥനയോടെയേ ഏറ്റെടുക്കാറുള്ളൂ. 

 കുട്ടിക്കാലം മുതലേ സിനിമയെക്കുറിച്ചൊക്കെ അച്ഛനിൽ നിന്ന് കേട്ടു വളർന്നതു കൊണ്ടാവാം ഒരു പക്ഷേ സിനിമയോടൊരു പാഷൻ മനസ്സിൽ വന്നത്.  എട്ടു മണിക്കൂർ ഓഫീസ് ജോലിയെക്കുറിച്ചൊന്നും എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഇതുവരെയുള്ള കാര്യങ്ങളൊന്നും പ്ലാൻഡ് അല്ല. അച്ഛൻ ഇടയ്ക്ക് ഡിസ്ട്രിബ്യൂഷൻ തുടങ്ങുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. ഹ്രസ്വചിത്രം ചെയ്ത സമയം മുതൽ ഇതിൽ എത്രത്തോളം ഫോക്കസ് ചെയ്യണമെന്നൊക്കെ അറിയാം. ചിലപ്പോൾ അങ്ങനെയൊരു യോഗമുണ്ടെങ്കിൽ ഡിസ്ട്രിബ്യൂഷനിലേക്ക് ഭാവിയിൽ വന്നേക്കാം എന്നേയുള്ളൂ. സാധാരണ ജോലിയിൽ നിന്നൊക്കെ മാറി എന്തെങ്കിലും പുതിയതായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം എന്നാണ് എന്റെ കാര്യം.

with-sheela-01
നടി ഷീലയ്ക്കൊപ്പം

സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ജോലി ചെയ്തതിനെക്കുറിച്ച്?

എ ഫോർ ആപ്പിൾ എന്ന ചിത്രത്തിൽ ഷീലാമ്മ (ഷീല), ശ്രീ കുമാരൻ തമ്പി സാർ, ജെറി അമൽ ദേവ് സാർ എന്നിവർക്കൊപ്പം ജോലിചെയ്യാൻ സാധിച്ചിട്ടുണ്ട്. വേറൊരു കാലഘട്ടത്തിൽ ജോലിചെയ്തിരുന്ന അവർക്ക് ബാക്ക് ടു ബാക്ക് പ്രമോഷനൊക്കെ പുതിയ ഒരു അനുഭവമായിരുന്നു. പണ്ടൊന്നും ഇങ്ങനെയൊന്നും ഇല്ലായിരുന്നു എന്നു പറയും. ഇപ്പോഴും ഷീലാമ്മയ്ക്ക് അഭിനയം പാഷൻ ആണ്. ഓൺലൈൻ പ്രമോഷനെക്കുറിച്ചൊക്കെ ഒരുപാട് സംശയങ്ങൾ ചോദിക്കും. ചെറിയ ക്യാമറയിലൂടെയും മൊബൈൽ ഫോണിലൂടെയുമൊക്കെയെടുക്കുന്ന അഭിമുഖങ്ങളുടെ ഔട്ട്പുട്ട് കാണാൻ കൗതുകത്തോടെ കാത്തിരിക്കും. എവിടെയൊക്കെയാണ് പബ്ലിഷ് ചെയ്യുക എന്നതിനെപ്പറ്റിയൊക്കെ കൃത്യമായി അന്വേഷിക്കും.

എനർജെറ്റിക് നദിയാ മോയ്തു

നീരാളി എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് നദിയ മൊയ്ദു മാമുമായി അടുത്തു പരിചയപ്പെട്ടത്. വളരെ എനർജെറ്റിക് ആയ കൃത്യനിഷ്ഠയുള്ള ആളാണ്. ആരോഗ്യകാര്യത്തിലൊക്കെ നല്ല ശ്രദ്ധയാണ്. യോഗ, ജിം ഒക്കെയായി വളരെ കൃത്യനിഷ്ഠയുള്ള ജീവിതമാണ്.

with-nadia-moidu-mohanlal-01
നീരാളി എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് നദിയ മൊയ്ദുവിനും മോഹൻലാലിനുമൊപ്പം

പുതിയ പ്രൊജക്റ്റുകൾ?

മാമാങ്കം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, നിശബ്ദം (അനുഷ്ക ഷെട്ടി), ബിഗ് ബ്രദർ, ജൂതൻ, ഡി ക്യു പ്രൊഡക്ഷൻസിന്റെ കുറുപ്പ്, മണിയറയിലെ അശോകൻ, തലക്കുറി, ഗൗതമന്റെ രഥം, സേതു, ഹലാൽ ലൗ സ്റ്റോറി, 1956 സെൻട്രൽ ട്രാവൻകൂർ,കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്.

English Summary : Interview With Athira Diljith

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA