ADVERTISEMENT

നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു. പുലർച്ചെ നട തുറന്നപ്പോൾ മുതൽ മണ്ണാറശാലയിലേക്കു ഭക്തജനപ്രവാഹമായിരുന്നു. വൈകിട്ടായിരുന്നു പൂയം തൊഴൽ. വൈകിട്ട് കിഴക്കേ നടയിലെ ഗോപുര വാതിൽ തുറന്നതോടെ നടപ്പന്തൽ ഭക്തരെക്കൊണ്ടു നിറഞ്ഞു. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ പൂയം തൊഴുതത്. രാവിലെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും അതിപുരാതനമായ തിരുവാഭരണങ്ങൾ ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉഷഃപൂജ ദർശിക്കാനും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. രാത്രിയിൽ നട അടച്ചപ്പോഴും മണ്ണാറശാലയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.

ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്കൂളിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടന്ന പൂയസദ്യ എസ്. നാഗദാസ് ഉദ്ഘാടനം ചെയ്തു. പതിനായിരങ്ങൾ പൂയസദ്യയിൽ പങ്കെടുത്തു. രാവിലെ ക്ഷേത്രനടയിൽ മേളവാദ്യ സേവയ്ക്കു ശേഷം ഉച്ചയ്ക്ക് 2.30 മുതൽ സർപ്പംപാട്ട് തറയിലും മേള വാദ്യസേവ നടന്നു. 

തൃശൂർ എരവത്ത് അപ്പുമാരാരും സംഘവുമാണ് പഞ്ചവാദ്യസേവ നടത്തിയത്. അമ്പലപ്പുഴ വിജയകുമാറും സംഘവും ഇടയ്ക്ക വാദ്യസേവ നടത്തി. പൂയം ഉത്സവത്തോടനുബന്ധിച്ച് ശ്രീനന്ദ ഇളയിടത്തിന്റെ അഷ്ടപതി, ഇടപ്പള്ളി ഗായത്രീ ഭജന മണ്ഡലിയുടെ ഹരിനാമസങ്കീർത്തനാമൃതം, ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരിയുടെ പുരാണ കഥാഖ്യാനം, ബാംസുരി നാരായണ സമിതിയുടെ നാരായണീയ പാരായണം, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതലയം, തൃപ്പൂണിത്തുറ പി.എസ്. രാമചന്ദ്ര ഭാഗവതരുടെ സാമ്പ്രദായിക് ഭജൻ എന്നിവ നടന്നു.

ഉത്സവ  വേദിയിൽ ഇന്ന്

6ന് രാവിലെ 6.30ന് ഭാഗവത പാരായണം, 8.30ന് ഹരിപ്പാട് കാർത്തികേയാശ്രമം ഭൂമാനന്ദ തീർഥപാദരുടെ ആധ്യാത്മിക പ്രഭാഷണം, 10ന് മഹാപ്രസാദമൂട്ട്, 10.30ന് തിരുവനന്തപുരം കലാനിധിയുടെ നാഗഭൈരവി സംഗീത സമന്വയം പിന്നണി ഗായിക എൻ.ലതിക ഉദ്ഘാടനം ചെയ്യും.സിനിമ സീരിയൽ നടൻ സന്തോഷ് കുറുപ്പ്, പിന്നണി ഗായകരായ രവിശങ്കർ, രഞ്ജിനി സുധീരൻ, മഹേന്ദ്രൻ കെ. പൊതുവാൾ, തേക്കടി രാജൻ, രാധിക എസ്. നായർ, സായിപൗർണമി എന്നിവർ പാടും. ഉച്ചയ്ക്ക് 12.30ന് ബിനു വിശ്വനാഥിന്റെ പുരാണ കഥാഖ്യാനം, 2ന് ഹരിപ്പാട് അമൃത വിദ്യാലയത്തിന്റെ ഭക്തിഗാനമഞ്ജരി, വൈകിട്ട് 4ന് കണ്ടിയൂർ പ്രകാശിന്റെ നാഗസ്വരലയമാധുരി, 6ന് പി.ആർ.മുരളിയുടെ പുല്ലാങ്കുഴലീണം.

ഇന്ന് പുലർച്ചെ നാലിനു നടതുറന്നു

ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ നാലിനു നടതുറന്നു. നിർമാല്യദർശനം, അഭിഷേകം എന്നിവയ്ക്കു ശേഷം കുടുംബത്തിലെ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയാണ് ആയില്യം നാളിലെ പൂജകൾ.   ക്ഷേത്രനടയിൽ വിവിധ മേള വാദ്യങ്ങളാൽ സേവ നടക്കും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പംപാട്ട് തറയിലും മേളവാദ്യ സേവ ഉണ്ടാകും.രാവിലെ 10 മുതൽ മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. പതിനായിരങ്ങളാണ് ആയില്യ സദ്യയിൽ പങ്കെടുക്കുക.

English Summary:

Mannarasala Sree Nagaraja Temple Ayilyam festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com