ADVERTISEMENT

കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാർച്ച് 8ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി, മംഗളകരമായ രാത്രിയാണിത്. കൂവള ഇലകൾ ശിവന് അർപ്പിച്ച് ഉപവാസം അനുഷ്ടിക്കുകയും രാത്രി ഉറക്കമിളക്കുകയും ശിവപൂജ ചെയ്യുന്നതുമാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവന് ധാര ചെയ്യുന്നതും വിശേഷമാണ്. ശിവ ഭക്തർ രുദ്രാക്ഷം ധരിക്കുകയും ഭസ്മം ലേപനം ചെയ്യുകയും ശിവലിംഗം പാലും തേനും കരിക്കും കൊണ്ട് അഭിഷേകം ചെയ്ത് ആരാധിക്കുകയുമെല്ലാം ഈ ദിനത്തിൽ പതിവാണ്.

പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ശിവ ക്ഷേത്രദർശനം നടത്തുകയും ഉപവാസം എടുക്കുകയും ശിവ പുരാണം വായിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. രാത്രി  പൂർണമായും ഉറക്കം ഒഴിവാക്കണം. പരമശിവൻ നിർഗുണ പരബ്രഹ്മമാണ്. കാലഭൈരവനായും അർദ്ധനാരീശ്വരനായും ദക്ഷിണാമൂർത്തിയായും കപാലിയായും മഹായോഗിയായും കിരാതനായും ഭൂത ഗണനാഥനായും ജഗത് പിതാവായും പരമശിവൻ ലോക നന്മയ്ക്കായി അവതാരം എടുത്തു. പരമേശ്വരൻ സർവവ്യാപിയാണണ്. കല്ലും കളഭവും തൊട്ട് സാക്ഷാൽ മഹാവിഷ്ണുവും ശിവൻ തന്നെയാണ്. എല്ലാം ശിവമയം തന്നെ. പരമശിവൻ  സ്വയംഭൂവാണ്. പാർവതിയോടൊപ്പം കൈലാസത്തിൽ വസിക്കുന്നു. ഗണപതിയും സുബ്രഹ്മണ്യനും ആണ് മക്കൾ. ശിവന്റെ വാഹനം നന്ദികേശനാണ്. ശിവന്റെ തലയിലെ ജഡയിൽ ഗംഗയും നെറ്റിയിൽ ചന്ദ്രക്കലയും ധരിച്ചിരിക്കുന്നു. കഴുത്തിൽ വാസുകിയെയും രുദ്രാക്ഷ മാലയും ധരിച്ചിരിക്കുന്നു. നെറ്റിയിലും കഴുത്തിലും ഭസ്മം ലേപനം ചെയ്തിരിക്കുന്നു. അരയിൽ പുലിതോലാണ് അണിഞ്ഞിരിക്കുന്നത്. കയ്യിൽ തൃശൂലവും ഏന്തിയിരിക്കുന്നു.

പാലാഴിമഥന നേരത്ത് പുറത്തുവന്ന കാളകൂട വിഷം ശിവൻ വിഴുങ്ങി എന്നും ശിവൻ  ഉറങ്ങാതിരിക്കാൻ സകല ദേവകളും ഉറക്കമൊഴിച്ചിരുന്നു എന്നാണ് ഐതിഹ്യം. വിഷം തീണ്ടിയാൽ ഉറങ്ങാതിരിക്കുക എന്നത് വിഷചികിത്സയുമായി ബന്ധപ്പെട്ട കാര്യമായി നിലനിൽക്കുന്നു. ശിവപ്രീതികരവും മോക്ഷപ്രദവുമായ പത്ത് മുഖശൈവ വ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമാണ് ശിവരാത്രി വ്രതം. തിങ്കളാഴ്ചവ്രതം, അഷ്ടമിവ്രതം, പ്രദോഷ വ്രതം, ചതുര്‍ദ്ദശി വ്രതം, തിരുവാതിര വ്രതം മുതലായവയാണ് പ്രധാന ശൈവ വ്രതങ്ങള്‍. നിത്യവും ശിവാരാധന ചെയ്യുന്നവർ മരണാനന്തരം ശിവനായി തീരുന്നു എന്നും കൈലാസത്തിൽ ശിവനിൽ ലയിച്ചു മോക്ഷം പ്രാപിക്കുന്നു എന്നുമാണ് വിശ്വാസം. പരമശിവനെ പ്രധാനദൈവമായി ദേവന്മാരുടെ ദേവനായി മഹാദേവനായി ഈശ്വരനായി വിശ്വനാഥനായി ആരാധിക്കുന്നു. ശിവം എന്നാൽ മംഗളകരം എന്നാ ണ് അർഥം. ആപത്തുകളും അകാല മരണവും ഒഴിവാക്കാൻ നിത്യവും മൃത്യുഞ്ജയനും വൈദ്യനാഥനുമായ ശ്രീ പരമേശ്വരനെ ഭജിക്കാം. മുപ്പത്തി മുക്കോടി ദേവഗണങ്ങൾക്കും മുകളിൽ ആണ് ശിവൻ.

English Summary:

Maha Shivratri Fasting Ritual And Its Significance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com