ADVERTISEMENT

മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന പല സംഗതികളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് തീരുമാനമെടുക്കാനുള്ള കഴിവാണ്. മൃഗങ്ങൾ പ്രകൃതിയുടെ തീരുമാനം അനുസരിച്ച് ജീവിക്കുന്നവയാണ്. ഭക്ഷണം കണ്ടെത്തുക, ഇണചേരുക, ഭാവിയിൽ തങ്ങളുടെ വംശം നിലനിർത്തുക എന്നാണ് അവയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായുള്ള അടവുകൾ കാട്ടുന്നതൊഴിച്ചാൽ മനുഷ്യരാശിയെപ്പോലെ തീരുമാനങ്ങളുടെ ലോകത്തല്ല അവർ ജീവിക്കുന്നതെന്നു കാണാം. എന്നാൽ മനുഷ്യരോ... രാവിലെ എന്തു ഭക്ഷണം കഴിക്കണം, മക്കളെ ഏതു സ്‌കൂളിൽ വിടണം, എവിടെ വീട് വയ്ക്കണം, ഏതു കാർ വാങ്ങണം... അങ്ങനെയങ്ങനെ എത്രയോ തീരുമാനങ്ങൾ നമ്മൾ നേരിടേണ്ടി വരുന്നു. ചെറിയ കാര്യമല്ല ഇത്. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതിലെ മികവും സ്ഥൈര്യവുമാണ് ജീവിതവിജയത്തിന് ആധാരമാകുന്നതെന്നു പോലും കാണാം.

തീരുമാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. ചിലപ്പോൾ ഒരൊറ്റത്തീരുമാനമാകും നിങ്ങളുടെയും നിങ്ങളുടെ വരുംതലമുറയുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നത്. അപ്പൂപ്പൻ അന്നാ വസ്തു വിറ്റുകളഞ്ഞു. ഇന്നതുണ്ടായിരുന്നെങ്കിൽ കോടികൾ കിട്ടിയേനെ എന്നൊക്കെയുള്ള ചില ഡയലോഗുകളൊക്കെ നമ്മൾ ദിനേന കേൾക്കാറുണ്ടല്ലോ. മറ്റൊന്ന് വൈകാരികമായി എടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം തീരുമാനങ്ങൾ പലപ്പോഴും പാളാൻ സാധ്യതയുണ്ട്. ട്രോയ് നഗരത്തിന്റെ കഥയറിയാമോ? ഹോമറിന്റെ വിശ്വപ്രസിദ്ധ ഇതിഹാസമായ ഇലിയഡിൽ പരാമർശിക്കപ്പെടുന്ന ട്രോയ്. അവിടത്തെ രാജകുമാരനായ പാരിസ് വിവാഹിതയായ ഹെലൻ എന്ന അതിസുന്ദരിയായ ഗ്രീക്ക് റാണിയുമായി പ്രണയത്തിലായി. പ്രേമച്ചൂടിൽ വികാരവിവശനായി മാറിയ പാരിസ് ഹെലനുമായി ഒളിച്ചോടി ട്രോയിയിലെത്തുന്നു. തന്റെയും ഹെലന്റെയും കാര്യം മാത്രമേ പാരിസ് അപ്പോൾ ആലോചിച്ചുകാണൂ. എന്നാൽ പിന്നീടതിന്റെ പ്രത്യാഘാതങ്ങൾ നോക്കുക. പാരിസിന്റെ പ്രവൃത്തിയിൽ ആകെ കലിപൂണ്ട ഗ്രീക്ക് സംയുക്ത സേന ട്രോയ് ആക്രമിക്കുന്നു. തുടർന്നു നടന്ന യുദ്ധത്തിൽ എത്രയോ നിരപരാധികൾ കൊല്ലപ്പെട്ടു, ട്രോയിയുടെ കിരീടാവകാശിയും എല്ലാവരാലും അംഗീകരിക്കപ്പെട്ടവനുമായ ഹെക്ടർ ഗ്രീക്ക് നായകനായ അക്കിലീസിന്റെ കയ്യാൽ കൊല്ലപ്പെട്ടു.

പാരിസിന്റെ ജ്യേഷ്ഠനായിരുന്നു ഹെക്ടർ. ഒരു മനുഷ്യൻ വൈകാരികതയുടെ തിളപ്പിൽ എടുത്ത തെറ്റായ ഒരു തീരുമാനത്തിന്റെ പരിണതഫലം. ഇത്തരം സന്ദർഭങ്ങളിലൊന്ന് മഹാഭാരതത്തിലുമുണ്ട്. അനുരഞ്ജനച്ചർച്ചയ്‌ക്കെത്തിയ ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവർക്ക് അഞ്ചു ഗ്രാമങ്ങളെങ്കിലും നൽകണമെന്ന് അഭ്യർഥിക്കുന്നു. എന്നാൽ ദുര്യോധനൻ അതിനു സമ്മതിക്കുന്നില്ല. ഈ തെറ്റായ തീരുമാനമാണ് യുദ്ധത്തിലേക്കു നയിക്കുന്നതെന്നു കാണാം. നമ്മളിൽ പലരും വൈകാരികമായി തെറ്റായ തീരുമാനങ്ങളെടുക്കാറുണ്ട്. കുറച്ചുകൂടി ചിന്തിച്ചിട്ടു മതിയായിരുന്നു എന്നു പിന്നീട് തോന്നുകയും ചെയ്യും. തീരുമാനങ്ങൾക്ക് ഇത്രകണ്ട് പ്രസക്തിയുള്ളത് കാരണം പലരും ആശങ്കയുടെ കുടുക്കിലാകും. അത് അങ്ങനെ ചെയ്യണമോ, അങ്ങനെ ചെയ്താൽ അഹിതമായി എന്തെങ്കിലും സംഭവിക്കുമോ തുടങ്ങിയ അനേകം ചോദ്യങ്ങൾ. ഇത് തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലേക്കു നയിക്കും. ഇങ്ങനെയുള്ളവർ ധാരാളമുണ്ട്. തീരുമാനം തെറ്റുമെന്നും അതിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുമെന്നും ചിന്തിച്ച് അതിനു തുനിയുകയേയില്ല. മനുഷ്യരുടെ ജീവിതം ഒഴുകുന്ന പുഴ പോലെയാണ്.

തീരുമാനങ്ങളാണ് അതിനു മുന്നോട്ടൊഴുകാനുള്ള ശക്തി നൽകുന്നത്. തീരുമാനമെടുക്കാതെയാകുന്നതോടെ, കെട്ടിക്കിടക്കുന്ന വെള്ളം പോലെയാകും ജീവിതം. ആർക്കുമൊരു പ്രയോജനവുമില്ല, എല്ലായിടത്തും സ്തംഭനം. വീടുകളിൽ മുതൽ ഓഫിസുകളിൽ വരെ ഇങ്ങനെയുള്ളവരെ കാണം. ചിലർക്ക് തീരുമാനമെടുക്കാനാകാത്ത സ്ഥിതി നിരാശയ്ക്കും വിഷാദത്തിനും വരെ ഇടനൽകിയ സംഭവങ്ങളുമുണ്ട്. ഇത്രയും പറഞ്ഞതിൽനിന്ന്, തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ലെന്നു മനസ്സിലായല്ലോ. ഇങ്ങനെയൊക്കെ അവസ്ഥകളായിരിക്കെ എങ്ങനെയെടുക്കാം നമുക്ക് തീരുമാനങ്ങൾ? പലയാവർത്തി ചിന്തിച്ചു മാത്രമെടുക്കുക എന്നതാണ് മികച്ചൊരു പരിഹാരം. ശരിയാണ്, എല്ലാ തീരുമാനങ്ങളും നമുക്ക് സമയമെടുത്ത് ആലോചിച്ച് എടുക്കാൻ സാധിച്ചെന്നു വരില്ല. ചിലത് പെട്ടെന്നെടുക്കേണ്ടി വരും. യുദ്ധഭൂമിയിൽ നിൽക്കുന്ന ഒരു ഭടൻ ഏത് അസ്ത്രം പ്രയോഗിക്കണമെന്ന കാര്യത്തിൽ ദിവസങ്ങൾ ആലോചിച്ചുനിന്നാൽ ശരിയാകില്ലല്ലോ, അതുപോലെ, അടിയന്തര കാര്യങ്ങളിൽ പെട്ടെന്നു തീരുമാനങ്ങളെടുക്കേണ്ടിവരും.

എന്നാൽ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും എടുത്തുചാടാതെ സമയമെടുത്ത് തീരുമാനമെടുക്കാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണമായി, ഒരു കാർ വാങ്ങണം. പലരോടും ചോദിച്ചും വെബ്‌സൈറ്റുകൾ പരിശോധിച്ചും പല കാറുകളുടെ ഗുണദോഷങ്ങൾ താരതമ്യപ്പെടുത്തിയുമൊക്കെ മികച്ച തീരുമാനത്തിലെത്താൻ നമുക്ക് കഴിയും. അതു പോലെ പല കാര്യങ്ങളും. മറ്റുള്ളവരെ നമ്മുടെ തീരുമാനത്തിൽ ഭാഗഭാക്കാക്കുക എന്നതും നല്ലയൊരു കാര്യമാണ്. ചിലർ, എന്റെ തീരുമാനങ്ങൾ എന്റേതുമാത്രമാണ് എന്നൊക്കെ വീമ്പു പറയാറുണ്ട്. പക്ഷേ അതിൽ വലിയ കാര്യമൊന്നുമില്ല. മറ്റുള്ളവരുമായി കാര്യങ്ങൾ സംസാരിക്കുമ്പോൾ നമ്മുടെ തീരുമാനത്തിൽ നമ്മൾ ചിന്തിക്കാത്ത ഒരു വശം അവർ ചൂണ്ടിക്കാട്ടിയേക്കും. നമ്മൾ സ്വയം ഒരു കാര്യം തീരുമാനിക്കുമ്പോൾ അതിന്റെ എല്ലാ ദിശയും മനസ്സിലാക്കാൻ നമുക്കു കഴിയണമെന്നില്ല, തികച്ചും മനുഷ്യസഹജമായ കാര്യമാണ് അത്.മറ്റുള്ളവരെ ഉൾപ്പെടുത്തുന്നതു വഴി തീരുമാനങ്ങളെടുക്കാൻ നമുക്ക് കൂടുതൽ ശുഭാപ്തി വിശ്വാസം ലഭിക്കും. ഇതിനർഥം തീരുമാനങ്ങളെല്ലാം മറ്റുള്ളവർക്ക് വിട്ടുകൊടുക്കണം എന്നല്ല, നിങ്ങൾ തന്നെ തീരുമാനിച്ചോളൂ, എന്നാൽ മറ്റുള്ളവരെയും പരിഗണിക്കൂ.

തീരുമാനങ്ങളെടുക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക കുറയ്ക്കാൻ മറ്റൊരു നല്ല മാർഗം ആ തീരുമാനത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണെന്നുള്ളതാണ്. അത് സ്വാർഥലാഭമാണോ അതോ നന്മയാണോ? നന്മയുടെ പക്ഷമുള്ള ഒരു തീരുമാനമെടുക്കുന്നത് ആശങ്ക കുറയ്ക്കും. ആ തീരുമാനം പാളിയാലും നമ്മുടെ മനസ്സ്, അതൊരു നല്ല കാര്യത്തിനായിരുന്നല്ലോയെന്ന് നമ്മളെ ആശ്വസിപ്പിക്കും. നന്മയെന്ന ലക്ഷ്യം നമ്മുെട തീരുമാനത്തെ, അതു തെറ്റായിരുന്നാലും ശരിയായിരുന്നാലും സാധൂകരിക്കുക തന്നെ ചെയ്യും. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ മാർക് ട്വെയിനിന്റെ ഒരു ഉദ്ധരണി പറഞ്ഞു നിർത്താം- നല്ല തീരുമാനങ്ങൾ അനുഭവങ്ങളിൽനിന്നു വരുന്നു. അനുഭവങ്ങൾ തെറ്റായ തീരുമാനങ്ങളിൽനിന്നും വരുന്നു. തെറ്റായ തീരുമാനങ്ങളെയോർത്ത് വിഷമിച്ചിട്ട് കാര്യമില്ല. അതിൽനിന്നു പാഠം പഠിച്ച് നല്ല തീരുമാനങ്ങളെടുക്കുന്നതിലാണ് കാര്യം.

English Summary:

Is the decision wrong or right? How can we make decisions?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com