ADVERTISEMENT

പലതരത്തിലുള്ള തുലാഭാരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മൃദംഗം കൊണ്ടൊരു തുലാഭാരം വളരെ വ്യത്യസ്തമാണ്. പ്രശസ്ത നർത്തകിയായ ഉത്തര ഉണ്ണിയാണ് മകൾ ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. മൃദംഗം എന്നത് താളാത്മകമാണ്. അതുകൊണ്ടു തന്നെയാണ് ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്താൻ ഉത്തര ഉണ്ണി തീരുമാനിച്ചത്.  മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതിനെക്കുറിച്ച് ഉത്തര ഉണ്ണി മനസു തുറന്നു. തുലാഭാരത്തിന് ഒപ്പം കൊച്ചു ധീമഹിയുടെ ചോറൂണും കഴിഞ്ഞ ദിവസം നടന്നിരുന്നു.

തുലാഭാരം എന്നത് സർവ്വസാധാരണമായി നമ്മൾ കാണാറുള്ള ഒരു കാര്യമാണ്. നമ്മുടെ ഭാരത്തിന് തുല്യമായ അത്രയും വസ്തു ക്ഷേത്രത്തിന് സമർപ്പിക്കുന്നതിനെയാണ് തുലാഭാരം എന്ന് പറയുന്നത്. മിക്കവാറും തുലാഭാരം നടത്തുക പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല് എന്നിങ്ങനെയുള്ള വസ്തുക്കളാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ തുലാഭാരം നടത്താറുണ്ട്. ത്രാസിന്റെ ഒരു തട്ടിൽ തുലാഭാരം നടത്തുന്നയാൾ ഇരിക്കും. മറു തട്ടിൽ എന്ത് വസ്തു കൊണ്ടാണോ തുലാഭാരം നടത്തുന്നത് അതാണ് വെയ്ക്കുക. ആളുടെ ഭാരത്തിന് തുല്യമായ ഭാരത്തിൽ വസ്തു മറുതട്ടിൽ വെച്ചാണ് തുലാഭാരം നടത്തുക.

അതേസമയം, മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതിന് കൃത്യമായ കാരണമുണ്ട് ഉത്തര ഉണ്ണിക്ക്. മൃദംഗം എന്നത് താളത്തെ അടയാളപ്പെടുത്തുന്ന ഉപകരണമാണ്. ഹൃദയം മുതൽ ശ്വാസകോശം വരെ നമ്മുടെ ശരീരത്തിന് താളമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. എല്ലാ ദിവസവും ഉദിച്ചുയരുന്ന സൂര്യൻ വ്യത്യസ്തമായ ഋതുക്കൾ നൽകുന്നതിനും ഒരു താളുമുണ്ട്. കൂടാതെ, സംഗീതത്തിലും നൃത്തത്തിലും നമുക്ക് താളമുണ്ട്. അതുകൊണ്ടാണ് കല ദൈവികമായ ഒരു അനുഗ്രഹമാണെന്ന് നാം വിശ്വസിക്കുന്നതെന്നും ഉത്തര കുറിച്ചു.

തുലാഭാരത്തിന് ഒപ്പം ധീമഹിക്ക് ആറാം മാസത്തിൽ നടത്തേണ്ടുന്ന ചോറൂണും നടത്തിയതായി ഉത്തര കുറിച്ചു. വേദിക് പാരമ്പര്യം അനുസരിച്ച് സുസ്ഥിരതയുടെ അടയാളമാണ് ചോറ് എന്ന് പറയുന്നത്. കേരളത്തിൽ ചോറൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചടങ്ങിന് പശ്ചിമ ബംഗാളിൽ മുഖേബത്ത് എന്നും ഹിമാചൽ പ്രദേശിൽ ഭട്ട് കുലായി എന്നും നേപ്പാളിൽ പാസ്നി എന്നുമാണ് അറിയപ്പെടുന്നത്. തുലാഭാരത്തിനെക്കുറിച്ചും ചോറൂണിനെക്കുറിച്ചുമുള്ള വിശദമായ കുറിപ്പുകൾക്ക് ഒപ്പം കുഞ്ഞിന്റെ ചിത്രങ്ങളും ഉത്തര ഉണ്ണി  പങ്കുവെച്ചു.

പ്രശസ്ത നടി ഊർമിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയാണ്. മലയാളത്തിൽ ഇടവപ്പാതി എന്നൊരു സിനിമയിൽ ഉത്തര ഉണ്ണി അഭിനയിച്ചിട്ടുണ്ട്. വ്യവസായിയായ നിതേഷ് എസ് നായർ ആണ് ഭർത്താവ്.2021 ഏപ്രിലിൽ ആയിരുന്നു വിവാഹം. മകൾ ധീമഹിക്ക് ആറുമാസമാണ് പ്രായം.

English Summary:

Exploring the Cultural Ceremonies of Uttara Unni's Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com