ADVERTISEMENT

സിനിമ തിരക്കുകൾക്കിടയിലെ ചെറിയ ഇടവേളകളിലെ കുടുംബത്തിന് ഒപ്പം യാത്ര പോകുന്നതാണ് നടൻ ടൊവിനോ തോമസിന്റെ സന്തോഷം. അടുത്തിടെ മലേഷ്യയിലേക്ക് ആണ് ഭാര്യയും മക്കളുമായി ടൊവിനോ യാത്ര പോയത്. മകൻ ടഹാനും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. അക്വേറിയം കാണാൻ പോയപ്പോൾ ടഹാൻ ഒരു മീനിനെ കണ്ട് ഞെട്ടിപ്പോകുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 'ഇപ്പ പേടിച്ചേനെ' എന്ന അടിക്കുറിപ്പോടു കൂടിയാണ് ടഹാന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലേഷ്യയിലെ കെ എൽ സി സി അക്വേറിയ ലിവിങ് ഓഷ്യനിൽ നിന്നുള്ളതാണ് വിഡിയോ. ബ്രൗൺ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് അക്വേറിയത്തിൽ മീനുകളെ ഒക്കെ കണ്ടങ്ങനെ നിൽക്കുകയാണ് കുഞ്ഞു ടഹാൻ. അപ്പോഴാണ് ഒരു വമ്പൻ മീൻ പെട്ടെന്ന് നീന്തി വന്നത്. ഉള്ളത് പറയാലോ, കുഞ്ഞു ടഹാൻ ഒന്ന് നടുങ്ങി. വിഡിയോയിൽ ആ ഞെട്ടൽ കാണുമ്പോൾ വിഡിയോ കാണുന്നവരും അറിയാതെ പേടിച്ചു പോകും. അക്വേറിയത്തിൽ അനേകം കുഞ്ഞുമീനുകളെ കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഈ വലിയ മീന്റെ വരവ്. അപ്രതീക്ഷിതമായി ഒരു വലിയ മീൻ എത്തിയതാണ് കുഞ്ഞു ടഹാനെ പേടിപ്പിച്ച് കളഞ്ഞത്.

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഏയ് പേടിച്ചതല്ല ഒന്ന് ബഹുമാനിച്ചേക്കാം എന്ന് കരുതി', 'അയ്യോ എന്റമ്മോ എന്നെ അരപൈമ കടിച്ചേ. ഇങ്ങനെ പേടിക്കല്ലേടാ ആണുങ്ങളുടെ വെല കളയാനായിട്ട്', 'ഡേയ് അപ്പാ, പിടിച്ചു പൊരിച്ചടിച്ചാലോ?', 'അയ്യോ രക്ഷപ്പെട്ടു, ഇല്ലെങ്കിൽ ഇപ്പോൾ പിടിച്ചേനെ', 'ഒന്നു പോയെ അപ്പാ, എനിക്ക് പേടിയൊന്നുമില്ല' ഇങ്ങനെ പോകുന്നു കമന്റുകൾ. ഇതിനിടയിൽ ചിലർ വിഡിയോ കണ്ടപ്പോൾ അക്വാമാൻ സിനിമ ആണെന്നും വിചാരിച്ചു.

ഏതായാലും കുഞ്ഞു ടഹാൻ കണ്ട് പേടിച്ചു പോയ മീൻ നിസാരക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നാണ് അരപൈമ. മൂന്ന് മീറ്റർ വരെ ഇതിന് നീളമുണ്ടാകും. പ്രധാനപ്പെട്ട ഒരു ഭക്ഷ്യമത്സ്യം കൂടിയാണ് ഇത്.  അമിതമായ മത്സ്യബന്ധനവും ആവാസവ്യവസ്ഥയുടെ നാശവും കാരണം ഇതിന്റെ അളവ് വളരെ കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com