ADVERTISEMENT

ഗ്രാഫിക് ഡിസൈനിങ് നിസ്സാരമായ തൊഴിൽ മേഖലയല്ല, വലിയൊരു വ്യവസായത്തിന്റെ ഭാഗമാണ്. നിരന്തരം മാറുകയും പുതുതായിക്കൊണ്ടിരി ക്കുകയും ചെയ്യുന്നു എന്നതാണ് ഈ മേഖലയുടെ ഏറ്റവും വലിയ പ്രത്യേകത.അവസരങ്ങളും സാധ്യതകളുമില്ലെന്ന ധാരണയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ മേഖലയിൽ നിന്ന് അകന്നു പോയവരുണ്ടാകാം. മികച്ച അവസരം ലഭിക്കുന്നില്ലെന്നു കരുതി ഗ്രഫിക് ഡിസൈനിങ്ങിലേക്ക് ഇറങ്ങാൻ മടിച്ചുനിൽക്കുന്നവരും കുറവല്ല. എന്നാൽ, പ്രതിഭയുള്ളവർക്ക് തെറ്റിധാരണകൾ മാറ്റി, ഗ്രാഫിക് ഡിസൈനിങ് ഇഷ്ട തൊഴിലാക്കാൻ തടസ്സമൊന്നുമില്ല. അകന്നുപോയവർക്കും പുതുതായി എത്താൻ കൊതിക്കുന്നവർക്കുമെല്ലാം ഉപകരിക്കുന്ന ഫലപ്രദമായ ചില മാർഗങ്ങളുണ്ട്. ഇവ അനുവർത്തിച്ചാൽ മികച്ച തൊഴിൽ മേഖലയിൽ ഉയരങ്ങൾ കീഴടക്കാമെന്ന് ഉറപ്പ്. 

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം; അവസരം ലഭിക്കാൻ എന്തു ചെയ്യണം

1. ഗ്രാഫിക് ഡിസൈൻ ബ്ലോഗ്

ഗ്രാഫിക് ഡിസൈനിങ് മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും പ്രവണതകളും മനസ്സിലാക്കാൻ ഏറ്റവും നല്ല ഉപാധിയാണ് ബ്ലോഗുകൾ. കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനും ഡിസൈനിങ്ങിനെ പുതിയ തലത്തിലേക്ക് എത്തിക്കാനും സഹായിക്കും. പുതിയതായി പഠിക്കാനും നിലവിവുള്ള ടൂളുകൾ സമർഥമായി ഉപയോഗിക്കാനും പഠിപ്പിക്കുന്ന മികച്ച ബ്ലോഗുകളുണ്ട്. ഇവയുടെ സഹയാത്രികനാകുന്നതോടെ പരിഭ്രാന്തി മാറി, തൊഴിൽ മേഖലയെ അറിഞ്ഞ്, ഈ രംഗത്തു തന്നെ ചുവടുറപ്പിക്കാനുള്ള ആത്മവിശ്വാസം ലഭിക്കും. 

 

2. വേണം, ഒരു മാർഗനിർദേശകൻ

ഡിസൈനിങ്ങിൽ സ്വന്തമായ പേര് സമ്പാദിക്കാൻ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് മികച്ചൊരു പരിശീലകനെ തേടുകയാണ്. കഴിവു തെളിയിച്ചയാളും അനുഭവ പരിചയവുമുള്ള വ്യക്തിയെയാണ് പരിശീലകനായി തിര‍ഞ്ഞെടുക്കേണ്ടത്. സ്റ്റുഡിയോ സ്വന്തമായുള്ള വ്യക്തിയാണെങ്കിൽ അവിടെത്തന്നെ പരിശീലനം തുടങ്ങുക. കഴിവുകൾ എങ്ങനെ സമർഥമായി ഉപയോഗിക്കണമെന്നുള്ള പരിശീലനമാണ് പ്രധാനമായും വേണ്ടത്. ശരിയായ വഴിയിലേക്ക് പരിശീലകൻ വഴി കാണിക്കും. തൊഴിലിൽ മികച്ച തുടക്കത്തിനും ഇതുതന്നെയാണ് ഏറ്റവും നല്ല മാർഗം. 

 

3. കോഴ്സ് അവഗണിക്കരുത്

നേരിട്ടും ഓൺലൈനായും ഗ്രഫിക് ഡിസൈൻ കോഴ്സുകൾ പഠിപ്പിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ നിലവിലുണ്ട്. മൂന്നു മാസം കൊണ്ട് കോഴ്സ് പഠിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാനാവും. മുഴുവൻ സമയവും ചെലവഴിക്കാനാവാത്തവർക്കു വേണ്ടി 9 മാസത്തെ പാർട് ടൈം കോഴ്സുകളുമുണ്ട്. ഡിസൈൻ തീയറി, ഡിസൈൻ തിങ്കിങ്, ഫൗണ്ടേഷൻ, ആപ്ലിക്കേഷൻ, ബ്രാൻഡിങ്, ക്യാംപെയ്ൻ, ടൈപ്പോഗ്രഫി, ടൈപ്‌സെറ്റിങ് എന്നിവയാണ് കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്നത്. സ്വന്തമായി പഠിക്കാൻ അവസരമുണ്ടെങ്കിലും സമർഥരായ പരിശീലകരുടെ സഹായത്തോടെ വിദ്യ സ്വായത്തമാക്കുന്നതാണ് മികച്ച ഭാവിക്കു നല്ലത്. 

Read Also : സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്: ആർക്കെല്ലാം എഴുതാം, എപ്പോൾ അപേക്ഷിക്കണം?

4. ഡിസൈൻ തിയറി മറക്കാതിരിക്കുക

കഴിവുകൾ കുറവാണെന്നോ അപര്യാപ്തമാണെന്നോ ആണു ചിന്തയെങ്കിൽ തിയറി അഥവാ സിദ്ധാന്തങ്ങൾ മനസ്സിലുറപ്പിക്കുകയാണു ചെയ്യേണ്ടത്. തിയറി പൂർണമായും ആഴത്തിലും പഠിക്കാതെ ഈ രംഗത്തു മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്. അലൈൻമെന്റ്, റെപറ്റീഷൻ, കോൺട്രസ്റ്റ്, ഹൈറാർക്കി, ബാലൻസ് എന്നിവയാണ് ഡിസൈനിങ്ങിന്റെ അഞ്ച് അടിസ്ഥാന തിയറികൾ. കളർ തിയറികൾ കൂടി പഠിക്കുന്നതോടെ സ്വന്തമായി ഡിസൈൻ ചെയ്യാനും മറ്റുള്ളവരെ ആകർഷിക്കാനുമുള്ള കഴിവുകൾക്ക് ഉടമയാകും. 

 

5. പഠനം സമൂഹമാധ്യമങ്ങൾ വഴിയും 

ഗ്രാഫിക് ഡിസൈനിങ്ങ് എന്ന തൊഴിൽ മേഖലയുടെ നിലവിലെ സ്ഥിതി, പുതുതായുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയുമായി പരിചയപ്പെട്ടാൽ മാത്രമേ ഈ രംഗത്തു പിടിച്ചുനിൽക്കാൻ കഴിയൂ. കഴിവു തെളിയിച്ചവരും പ്രശസ്തരുമായവരുടെ ഡിസൈനുകളും സൃഷ്ടികളും മനസ്സിലാക്കണം. സമൂഹ മാധ്യമങ്ങളാണ് ഇതിനുള്ള മികച്ച മാർഗങ്ങളിലൊന്ന്. ഇൻസ്റ്റഗ്രാം, ടിക്‌ടോക്, ട്വിറ്റർ എന്നിവയിലൂടെ ഇഷ്ട ഡിസൈനർമാരെ പിന്തുടരുക. അവരുടെ ഡിസൈനുകളും ചിന്തകളുമായി പരിചയിക്കുക. തൊഴിൽ മേഖലയോടുള്ള അപരിചിതത്വം മാറാനും ഇതു സഹായിക്കും. 

 

6. വായിക്കണം, ഡിസൈൻ ബുക്സ് 

ലോഗോ, ഡിസൈൻ, ഫോണ്ട് എന്നിവയിൽ സ്പെഷലൈസ് ചെയ്യുന്ന നൂറുകണക്കിനു പുസ്തകങ്ങളുണ്ട്. രൂപകൽപന മുതൽ ഉള്ളടക്കം വരെ മനസ്സിലാക്കിയാൽ ധൈര്യമായി മുന്നോട്ടുപോകാനുള്ള പ്രചോദനം ലഭിക്കും. പഠിക്കാനും അറിവ് നേടാനും തൊഴിൽ മേഖലയിൽ ഉറച്ചുനിൽക്കാനും ഈ പുസ്തകങ്ങൾ തീർച്ചയായും സഹായിക്കും. തുടക്കത്തിൽ ഡിസൈൻ ബുക്കുകളുടെ കാഴ്ചക്കാരനും വായനക്കാരനും മാത്രമാണെങ്കിൽ പിന്നീട് ആ പുസ്തകങ്ങളിൽ സ്വന്തം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനും അങ്ങനെ പ്രശസ്തനാകാനും കൂടി അവസരമുണ്ട്. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

7. ഡിസൈൻ ടൂൾസ് 

ഇൻഡിസൈൻ, ഇലസ്ട്രേറ്റർ, ഫോട്ടോഷോപ് എന്നിവയും ഫിഗ്മ, ഐമാക്, മാക് ബുക് പ്രോ എന്നിവയുമായും പരിചയമുണ്ടാകണം. ഡിസൈനിങ് ജോലി എളുപ്പമുള്ളതാകാനും പ്രഫഷനലാകാനും ഇതു സഹായിക്കും. ഏറ്റവും പുതിയ ഡിസൈൻ ടൂളുകള്‍  ആറിഞ്ഞിരിക്കുന്ന വ്യക്തിക്കു മാത്രമേ ഈ രംഗത്തു പിടിച്ചുനിൽക്കാൻ കഴിയൂ. സാങ്കേതി ജ്ഞാനം പുതിയ കാലത്ത് അനിവാര്യമാണ്. പഴഞ്ചൻ രീതികൾ കൊണ്ടു മാത്രം പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനോ മാറുന്ന ലോകത്തിന്റെ രീതികൾക്കൊത്ത് മാറാനോ കഴിയില്ല. 

 

8. പരിശീലിക്കുക 

പൂർണതയിലേക്കു നയിക്കുന്നത് പരിശീലനമാണെന്നത് പഴമൊഴിയല്ല, എന്നത്തെയും ആപ്തവാക്യം തന്നെയാണ്. ഏറ്റവും കൂടുതൽ പരിശീലിച്ചാൽ ആകർഷകമായി ഡിസൈൻ ചെയ്യാൻ കഴിയും. Briefbox ഉൾപ്പെടെയുള്ള സൈറ്റുകൾ പരിശീലനത്തിന് മികച്ച അരങ്ങ് നൽകുന്നവയാണ്. സ്വന്തമായി ചെയ്യുന്ന സൃഷ്ടികൾ വിദഗ്ധരെ കാണിച്ച് അഭിപ്രായം അറിഞ്ഞ ശേഷം കുറേക്കൂ‌ടി വലിയ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നതാണ്. 

 

9. ഡിസൈൻ സോഫ്റ്റ്‌വെയർ 

ഡിസൈനിങ് രംഗത്ത് ഒരു സോഫ്റ്റ്‌വെയറും സ്ഥിരമല്ല. പുതിയവ പഴയവയെ ഇല്ലാതാക്കിക്കൊണ്ട് സ്ഥിരമായി കടന്നുവരും. എല്ലാ വർഷവും ഈ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. നിലവിലുള്ളവ മാറ്റങ്ങളെക്കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതും പതിവാണ്. പുതിയ സോഫ്റ്റ്‌വെയറുകളുമായി പരിചയമായാൽ മാത്രമേ ഏറ്റവും പുതിയ മാറ്റങ്ങൾ സ്വന്തം സൃഷ്ടികളിൽ പ്രതിഫലിപ്പിക്കാൻ കഴിയൂ. 

Read Also : ക്യാറ്റ് പരീക്ഷ അത്ര എളുപ്പമല്ല, പക്ഷേ മികച്ച സ്കോർ നേടാൻ ഉറപ്പായും സഹായിക്കും ഈ ടിപ്സ്

10. സിഗ്നേച്ചർ സ്റ്റൈൽ 

ഡിസൈനിങ്ങുമായി ബന്ധപ്പെട്ട എല്ലാത്തരം ജോലികളും ചെയ്യുന്നതിനൊപ്പം സ്വന്തമായ ഒരു ശൈലിയും രൂപപ്പെടുത്തണം. ഇത് മറ്റാർക്കുമില്ലാത്തതും തികച്ചും മൗലികവുമായിരിക്കണം. ഡിജിറ്റൽ ഡിസൈൻ, ടൈപോഗ്രഫി എന്നിങ്ങനെ ഏതു മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും വ്യത്യസ്തനാകാനും മറ്റുള്ളവരിൽ നിന്നു മാറിനിന്നുകൊണ്ടുള്ള തനതായ പ്രതിഭ അടയാളപ്പെടുത്താനും സ്വന്തം ശൈലി സഹായിക്കും. 

 

11. ഡിസൈനർമാരുമായി സഹകരിക്കുക 

പ്രശസ്ത ഡിസൈനർമാർ ഉൾപ്പെടെയുള്ളവരുമായി നിരന്തരം സഹകരിക്കണം. ഓരോരുത്തർക്കും മറ്റുള്ളവരിൽ നിന്ന് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്. പരസ്പരം സഹായിക്കാൻ കഴിയുന്ന മേഖല കൂടിയാണിത്. മികച്ച സൗഹൃദങ്ങൾ രൂപപ്പെടുത്തിയാൽ മികച്ച കരിയറും രൂപപ്പെടുത്താനാവും. 

 

Content Summary : Master the Art of Graphic Design with These Expert Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com