കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം; ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനം
Mail This Article
കാലാവസ്ഥ ഉച്ചകോടിക്ക് (COP 28) ദുബായിൽ തുടക്കമായി. ഗാസയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി ഒരു നിമിഷം മൗനം ആചരിച്ചശേഷമാണ് തുടങ്ങിയത്. രണ്ടാഴ്ചത്തെ ഉച്ചകോടിയിൽ ഭൂമിയെ കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻഗാമിയായ സമേഹ് ഷൗക്രിയിൽനിന്ന് പ്രസിഡന്റിന്റെ പ്രതീകമായ ചുറ്റിക ഡോ. സുൽത്താൻ അൽ ജാബർ ഏറ്റുവാങ്ങിയതോടെയാണ് ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമായത്. കാലാവസ്ഥാ വ്യതിയാനത്തിൽ ദുരിതം അനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഐക്യകണ്ഠേന തീരുമാനിച്ചു. ഇതിനായി
സമ്പന്ന രാജ്യങ്ങൾ കരാറിൽ ഒപ്പുവച്ചു. യുഎഇയും ജർമനിയും 10 കോടി ഡോളർ വീതവും ബ്രിട്ടൻ 5 കോടി ഡോളർ, അമേരിക്ക ഒന്നേമുക്കാൽ കോടി ഡോളർ, ജപ്പാൻ ഒരു കോടി ഡോളറും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാൻ ചർച്ചകൾ ആവശ്യമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കൽക്കരി പ്രധാന ഊർജസ്രോതസ്സായി തുടരുമെന്ന് ഇന്ത്യ അറിയിച്ചതിനെ തുടർന്നാണിത്. പാരിസ് ഉടമ്പടി പ്രകാരം ആഗോളതാപന വർധനവ് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിക്കുകയെന്നതാണെന്നും പരിശ്രമിച്ചാൽ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.