ADVERTISEMENT

ഭൂമി രൂപപ്പെട്ട നാള്‍ മുതല്‍ കാലാവസ്ഥാമാറ്റങ്ങളുണ്ടായിട്ടുണ്ട്. സൂര്യന്‍, വായു, ചൂട്, പ്രകാശം, കടല്‍ക്കര അന്തരീക്ഷം, സസ്യ സമ്പത്ത് എന്നിവയെല്ലാം ഉള്ളിടത്തോളം കാലം കാലാവസ്ഥ വ്യത്യാസപ്പെട്ടുവരും (Climate Variability). വേനലും മഴയും വസന്തവും ശിശിരവും ഗ്രീഷ്മവും വന്നുപോയുമിരിക്കും. മനുഷ്യര്‍ സഞ്ചാരികള്‍ ആയതു മുതല്‍ പ്രകൃതിയെയും പരിസ്ഥിതിയെയും കൂടുതല്‍ അറിയാന്‍ ആരംഭിച്ചു. തുടക്കത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ച മനുഷ്യര്‍ കാലാന്തരത്തില്‍ പ്രകൃതിയെ കീഴ്‌മേൽ മറിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വേഗം കൂടിയപ്പോള്‍ പലതും മാനവന്റെ വരുത്തിയിലായി. 1712 ല്‍ ആവിയന്ത്രം കണ്ടുപിടിച്ചതോടെയാണ് ഭൂമിയില്‍ ആദ്യമായി വലിയതോതില്‍ കല്‍ക്കരി ഉപയോഗിച്ചു തുടങ്ങിയത് അന്തരീക്ഷത്തില്‍ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് 1824 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസഫ് ഫ്യൂരിയര്‍ ഹരിതഗൃഹ പ്രഭാവത്തിന്റെ (Green House Effect) പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയത്. 1861ല്‍ ഐറിസ് ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ ടീന്‍ അന്തരീക്ഷത്തിലെ വാതകങ്ങൾ ഹരിതഗൃഹ പ്രഭാവത്തെ കൂടുതല്‍ സ്വാധീനിക്കുന്നതായി മനസ്സിലാക്കി.

ഹരിതഗൃഹ പ്രഭാവം 

സൂര്യനില്‍നിന്നു വരുന്ന ചൂടും പ്രകാശവും കരയിലും കടലിലും പതിച്ച് ചൂടുള്ള വായു വികസിച്ച്, അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ട്രോപോസ്ഫിയര്‍ എന്ന അന്തരീക്ഷ പാളിയില്‍ വ്യാപിക്കും. ആ വായു വീണ്ടും മുകളിലേക്ക് സഞ്ചരിച്ച് സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍, അയണോസ്ഫിയര്‍ വരെ പോകുന്നതാണ് സാധാരണരീതി. എന്നാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വാതകങ്ങള്‍ കൂടുമ്പോള്‍ അവ അടച്ചിട്ട മുറിയിലെ പോലെ മുകളിലേക്ക് പോകാതെ അവിടെത്തന്നെ തുടരും. അങ്ങനെ ചൂടു വായുവിന്റെ സഞ്ചാരം തടസ്സപ്പെടുമ്പോള്‍ സ്വാഭാവികമായും ചൂട് വർധിക്കും. വായുവിന്റെ സഞ്ചാരപാതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ കാര്‍ബണ്‍ വാതങ്ങള്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

1886ല്‍ മോട്ടര്‍ വാഹനങ്ങളുടെ വരവോടെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് വീണ്ടും ഉയർന്നു. വ്യവസായ വിപ്ലവം, സിമന്റിന്റെ കണ്ടുപിടിത്തം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ എന്നിവയെല്ലാം കൂടിയായപ്പോള്‍ കാർബൺ ഡൈഓക്സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി, ഓരോ സീസണിലും വ്യത്യസ്ത കാലാവസ്ഥ എന്ന നില മാറി. നിയതമായ കാലാവസ്ഥാഘടനയും സമയവും സ്ഥലവും എല്ലാം മാറ്റിമറിക്കപ്പെട്ടു. മനുഷ്യപ്രേരിതമായ (Antropogenic) ഘടകങ്ങളും കാലാവസ്ഥയെ നിര്‍ണയിക്കുവാനും സ്വാധീനിക്കുവാനും തുടങ്ങി.

hot-bottle
ഫയൽചിത്രം ∙ റിജോ ജോസഫ്

മീഥൈന്‍, കാര്‍ബണ്‍ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ തുടങ്ങിയവയെല്ലാം ധാരാളമായി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന സ്ഥിതി വന്നു. സ്വാഭാവികമായി ആഗോളതാപനവും ചൂടും വില്ലനായി മാറുകയും ചെയ്തു.

ആഗോളതാപനത്തില്‍  അഞ്ച് ശതമാനം ചൂട് സംഭാവന ചെയ്യുന്നത് സിമന്റ് ആണ്. ധാരാളം ചൂട് സംഭരിച്ചശേഷം അൽപാൽപമായി പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തില്‍ ചൂടിന്റെ അളവ് കൂടുതൽ സമയം നിലനിൽക്കുന്നു. കൂടുതൽ കെട്ടിടങ്ങളുള്ള ഭാഗത്ത് കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണം ഇതാണ്. കാര്‍ബണ്‍ഡയോക്‌സൈഡിനെ ആഗിരണം ചെയ്യുന്ന സസ്യ സമ്പത്തിന്റെയും മരങ്ങളുടെയും നാശവും ഒരു പ്രധാന കാരണമാണ് കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് കരയും കടലും ക്രമാതീതമായി ചൂടാവുകയാണ്. കടലിലെ ചൂട് പുതിയ കാറ്റുകള്‍ ഉള്‍പ്പെടെ കാരണമാകുന്നു. കരചൂടായാല്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെ ജലനിരപ്പ് ഉയരും.

cement
File pic: PTI

മഴയുടെ ഘടനയും സ്വഭാവവും മാറിക്കഴിഞ്ഞു. സൂക്ഷ്മകാലാവസ്ഥയില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റത്തിന്റെ ഫലമായി മഴക്കാലത്ത് വെള്ളപ്പൊക്കവും പ്രളയവും സംഭവിക്കുന്നു. തുടര്‍ന്നുള്ള കാലങ്ങളില്‍ വരള്‍ച്ചയും ഉണ്ടാകുന്നു. വർധിച്ചതോതില്‍ വരുന്ന മഴയെ ഉള്‍ക്കൊള്ളുവാനുള്ള സ്വാഭാവിക മഴ സംഭരണ ഇടങ്ങള്‍കുറയുന്നതും പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. ഭൂമി വിനിയോഗത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നിർമാണത്തിലെ അശാസ്ത്രീയതയും ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും എല്ലാം കൊണ്ടും ഭൂമിക്ക് ചൂട് കൂടുകയും കാലാവസ്ഥാ മാറ്റം അനുഭവപ്പെടുകയും ചെയ്യുന്നു.

പ്രകൃതിയും പരിസ്ഥിതിയും കൂടുതല്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനത്തിലൂടെ സൂക്ഷ്മ കാലാവസ്ഥയെ സ്വാധീനിക്കാം. തീരദേശ പരിപാലനം, കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം എന്നിവ സുപ്രധാന ഘടകങ്ങളാണ്. സോളാര്‍ എനര്‍ജി, മഴവെള്ള സംഭരണം, കൃത്രിമ ഭൂജല പരിപോഷണ മാര്‍ഗ്ഗങ്ങള്‍, മാലിന്യ സംസ്‌കരണം, വനവല്‍ക്കരണം സമഗ്ര ശാസ്ത്രീയവും പ്രാദേശികമായ മണ്ണ് ജല, ജൈവ സമ്പത്ത് പരിപാലനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിൽ പ്രധാനമാണ്.

English Summary:

From the Dawn of Time to the Greenhouse Effect: Tracing Our Climate's Evolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com