ADVERTISEMENT

നല്ല ഭൂമിക്കും നല്ല നാളേക്കുമായി രണ്ടായിരത്തോളം മുത്തശ്ശിമാരുടെ പോരാട്ടത്തിന് ഒടുവിൽ ആദ്യ വിജയം. 2500 ലേറെ സ്വിസ് വനിതകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്‌ഷൻ അഥവാ ക്ലൈമാസീനിയോറിനെൻ സ്വിസ് സർക്കാരിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ ഹർജിയിൽ ഏപ്രിൽ ഒൻപതിന് കൂട്ടായ്മയ്ക്ക് അനുകൂലമായി വിധി വന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ വേണ്ടതു ചെയ്യാതെ സ്വിസ് സർക്കാർ തങ്ങളെ ഉഷ്ണതരംഗത്തിന്റെ ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണെന്നാണ് ഹർജിയിൽ മുത്തശ്ശിമാർ ആരോപിച്ചത്. ആഗോളതാപനില വർധന ശരാശരി 1.5 ഡിഗ്രിയായി നിലനിർത്തുകയെന്ന പാരിസ് കാലാവസ്ഥാ ഉടമ്പടി ലക്ഷ്യം നേടാൻ വേണ്ടതൊന്നും സ്വിറ്റ്സർലൻഡ് ചെയ്തില്ലെന്നും അത് തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ലംഘിച്ചുവെന്നും മുത്തശ്ശിമാർ കോടതിയിൽ പറഞ്ഞു. സ്വിസ് സർക്കാരിന്റെ ദുർബലമായ കാലാവസ്ഥാനയം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനത്തിന് കാരണമായെന്നും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളണമെന്നുമാണ് 2024 ഏപ്രിൽ ഒൻപതിലെ വിധിന്യായത്തിൽ കോടതി പറഞ്ഞത്. ആദ്യമായാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഏതെങ്കിലും രാജ്യത്തിനെതിരേ ഇത്തരമൊരു വിധി പറയുന്നത്.

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നവരിലേറെയും സ്ത്രീകളും വയോധികരുമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർഗവൺമെന്റൽ പാനലിന്റെ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടും ഇതിന് ഉപോൽബലകമായി ക്ലൈമാസീനിയോറിനെൻ കോടതിയിൽ സമർപ്പിച്ചു. അറുപതിനായിരത്തിലേറെപ്പേരാണ് ഉഷ്ണവാതം കാരണം 2022ൽ യൂറോപ്പിൽ മരിച്ചത്. ഇതിൽ ഏറിയപങ്കും 80 വയസ്സിന് മുകളിലുള്ളവർ. സ്വിറ്റ്സർലൻഡിൽ 2022 ലെ വേനലിലുണ്ടായ 600 മരണങ്ങളിൽ 60 ശതമാനവും ആഗോളതാപനം സൃഷ്ടിച്ച കാരണങ്ങളാലുണ്ടായതാണെന്ന് ബേൺ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധത്തിൽ നിന്ന് (Photo: X/@Forbes)
പ്രതിഷേധത്തിൽ നിന്ന് (Photo: X/@Forbes)

ക്ലൈമാസീനിയോറിനെനൊപ്പം സംഘടനയിലെ അംഗങ്ങളായ തൊണ്ണൂറ്റിമൂന്നുകാരി ഷൗബ്, എൺപത്തിയേഴുകാരി കാരി വോൾകോഫ് പെസ്ചോൻ, എൺപത്തിമൂന്നുകാരി മോളിനറി, എൺപത്തിരണ്ടുകാരി ബുഡ്രി എന്നിവരും ഹർജിയിൽ പങ്കാളികളായി. കാലാവസ്ഥാവ്യതിയാനം കാരണം പലതവണ ബാൽക്കണിയിൽ ബോധരഹിതയായി വീണിട്ടുണ്ടെന്നും പുറത്തേക്കിറങ്ങാനാകാതെ വീടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതയായെന്നും ഷൗബ് ഹർജിയിൽ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് തന്റെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും ഉഷ്ണവാതമുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം ഉയർന്ന പ്രദേശങ്ങളിലേക്ക് താമസം മാറാനാഗ്രഹിച്ചിട്ടും കഴിഞ്ഞില്ലെന്നുമാണ് പെസ്ചോന്റെ ഹർജി. ഉഷ്ണവാതത്തിന്റെ സമയങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഇവർ കോടതിയിൽ ഹാജരാക്കി.

European Court Rules Switzerland Violated 'Human Rights' (Photo: X/ @kylenabecker)
European Court Rules Switzerland Violated 'Human Rights' (Photo: X/ @kylenabecker)

അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്‌ഷൻ (ക്ലൈമാസീനിയോറിനെൻ)

2016 ലാണ് അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്‌ഷൻ രൂപവൽക്കരിക്കുന്നത്. അന്നുണ്ടായിരുന്നത് 40 അംഗങ്ങൾ മാത്രം. ഇന്ന് 2500 ലേറെ പേരുള്ള കൂട്ടായ്മയിലെ അംഗങ്ങളുടെ ശരാശരി പ്രായം 73. 650 ലേറപ്പേർ 75 വയസ്സിന് മുകളിലുള്ളവർ. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ പേരിലാണ് കൂട്ടായ്മ മനുഷ്യാവകാശ കോടതിയെ സമീപിച്ചതെങ്കിലും സ്വിറ്റ്സർലൻഡിന്റെ കാലാവസ്ഥാനയം മെച്ചപ്പെടുത്തുകയെന്ന ദീർഘവീക്ഷണത്തോടെയുള്ള ലക്ഷ്യമാണ് ക്ലൈമാസീനിയോറിനെൻ മുന്നോട്ടുവയ്ക്കുന്നത്. 

(Photo: X/ @RenewableSearch)
(Photo: X/ @RenewableSearch)

സ്വിസ് സർക്കാരിന്റെ നിലവിലെ കാലാവസ്ഥാ ‌നയങ്ങളും നടപടികളും ആഗോളതാപനം നിയന്ത്രിക്കാൻ ഉതകുന്നതല്ലാത്തതിനാൽ സർക്കാർ നയം തിരുത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് കൂട്ടായ്മയുടെ വെബ്സൈറ്റിൽ പറയുന്നു. ഇക്കാര്യമാവശ്യപ്പെട്ട് 2016 ൽ ക്ലൈമാസീനിയോറിനെൻ സ്വിസ്  സർക്കാരിന്റെ പരിസ്ഥിതി–ഗതാഗത–ഊർജ വിഭാഗത്തെ സമീപിച്ചെങ്കിലും അവർ അപേക്ഷ തള്ളി. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിക്ക് അപ്പീൽ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു. സുപ്രീംകോടതിയിലും ഇതേ വിധി ആവർത്തിക്കപ്പെട്ടു. അതോടെയാണ് 2020ൽ മുത്തശ്ശിമാർ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.

സ്വിറ്റ്സർലൻഡ് ഇനി എന്തുചെയ്യണം

യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടേതാണ് വിധിയെന്നതിനാൽ അതിന്മേൽ സ്വിസ് സർക്കാരിന് അപ്പീൽ നൽകാനാവില്ല. അതുകൊണ്ടുതന്നെ കോടതിവിധിയനുസരിച്ച് ആഗോളതാപനം നിയന്ത്രിച്ച് പാരിസ് ഉടമ്പടി ലക്ഷ്യത്തിൽ നിജപ്പെടുത്താൻ സ്വിറ്റ്സർലൻഡ് നടപടിയെടുക്കേണ്ടി വരും. കോടതിവിധി അനുസരിക്കുമെന്ന് സ്വിസ് നിയമമന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

Swiss women win landmark climate case at Europe top human rights court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com