ADVERTISEMENT

‘കാത്തിടേണ്ടതുണ്ടെനിക്കു മാമക പ്രതിജ്ഞകൾ’ എന്ന്, മനോഹരവും ഇരുണ്ടഗാധവുമായ മഹാവനങ്ങളെ അതിശയത്തോടെ നോക്കി നിന്ന മനുഷ്യൻ പറഞ്ഞതായി കരുതുക. എങ്കിലും അവൻ മറന്നുപോയ പ്രതിജ്ഞകളിലൊന്നാണ് ഭൂഗോളത്തിലെ അതീവ സാന്ദ്രമായ ഉഷ്ണമേഖലാ വനങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സംരക്ഷണം. അതിനവൻ കടുത്ത വില നൽകേണ്ടതായി വന്നിട്ടുമുണ്ട്. 2002 മുതൽ ആഗോളതലത്തിൽ മനുഷ്യനെ ഭീതിയിലാഴ്ത്തിയ മഹാമാരികളായ സാർസ്, എബോള, കോവിഡ്- 19 എന്നിവയുടെ കാരണക്കാരായ അതീവ സാംക്രമിക സ്വഭാവമുള്ള വൈറസുകൾ ഉഷ്ണമേഖലാ വനങ്ങളിൽ അധിവസിക്കുന്ന വന്യമൃഗങ്ങളിൽ നിന്നാണ് മനുഷ്യനിലേക്കെത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. മനുഷ്യനെ ബാധിക്കുന്ന പുതുഅവതാരങ്ങളായ രോഗങ്ങളിൽ നാലിൽ മൂന്നിന്റെയും സ്രോതസ്സ് മൃഗങ്ങളാണെന്നും കണക്കാക്കപ്പെടുന്നു. അതിനാൽ ഭാവിയിൽ മഹാമാരികളെ ചെറുക്കാൻ മനുഷ്യസമൂഹം കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളിൽ പ്രഥമവും പ്രധാനവും വനനശീകരണം തടയുക എന്നതാണെന്ന് നാം പലപ്പോഴും മറന്നതായി ഭാവിക്കുന്നു.

വൻമരങ്ങൾ വീഴുമ്പോൾ സംഭവിക്കുന്നത്

ജൈവഇന്ധനത്തിനുപയോഗിക്കുന്ന സസ്യങ്ങൾ ഉൾപ്പെടെയുള്ള വിളകൾ കൃഷി ചെയ്യാനാവശ്യമായ അധികസ്ഥലം കണ്ടെത്താനും ഭൗമവിഭവങ്ങൾ ഖനനം ചെയ്യാനും പെരുകുന്ന മനുഷ്യകുലത്തിന് പാർപ്പിടമൊരുക്കാനുമൊക്കെയായി വനസ്ഥലികൾക്ക് മുറിവേൽക്കുമ്പോഴും അവ തീയിലമരുമ്പോഴും സ്വാഭാവിക ആവാസസ്ഥാനങ്ങൾ നഷ്ടപ്പെടുന്ന അനവധി വനജീവികളുണ്ട്. മിക്ക വനജീവികളും അനേകം തലമുറകളായി നിരവധി സൂക്ഷ്മാണുക്കളുടെ വാസസ്ഥലവും കൂടിയാണ്. ഇവയിൽ പലതും മനുഷ്യസംഹാരശേഷിയുള്ള രൂപത്തിലേക്ക് പരിണമിക്കാൻ ശേഷിയുള്ളവയാണ്. 

സ്വന്തം വാസസ്ഥലം ചുരുങ്ങി അതിജീവന സാധ്യതയില്ലാതെ വന്യജീവികൾ ഭൂമുഖത്തുനിന്നു മറയുമ്പോൾ അവർ മനുഷ്യന് കൈമാറുന്നത് പുതുരൂപം കൈവരിച്ച സാംക്രമിക രോഗാണുക്കളെ കൂടിയായിരിക്കും. മനുഷ്യന്റെ കൈയേറ്റം അധികരിക്കുന്നതനുസരിച്ച് മേൽപറഞ്ഞ മാറ്റങ്ങളും വേഗത്തിലാകുന്നു. വനങ്ങൾ ശോഷിച്ചു വരുമ്പോൾ മനുഷ്യരും രോഗാണുക്കളെ പേറുന്ന വന്യജീവികളും തമ്മിലുള്ള അകലം കുറയുകയാണ്. വനങ്ങളുടെ വൈവിധ്യവും വിസ്തൃതിയും കുറയുന്നത് ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അവശേഷിക്കുന്ന ചുരുക്കം ജീവജാതികൾ വഹിക്കുന്ന സൂക്ഷ്മാണുക്കൾ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാകുന്നു. മേൽപറഞ്ഞ ഘടകങ്ങളെല്ലാം ഒത്തുചേരുമ്പോൾ മൃഗങ്ങളിൽനിന്ന് രോഗകാരികൾ മനുഷ്യനിലേക്ക് എത്തുന്നു.

സംരക്ഷിച്ചാൽ പലതുണ്ട് ഗുണങ്ങൾ

വനനശീകരണം തടയാൻ കഴിഞ്ഞാൽ മനുഷ്യനെ ബാധിക്കുന്ന പുതിയ രോഗങ്ങളുടെ സാധ്യത കുറയും. മഴക്കാടുകളുടെ ആവാസവ്യവസ്ഥയിൽനിന്ന് ഉത്ഭവിച്ച്, മനുഷ്യരിൽ പടർന്നു പിടിക്കുന്ന പല രോഗങ്ങളുടെയും സംക്രമണം കുറയ്ക്കാനും കഴിയും. സിക, നിപ, മലേറിയ, കോളറ, എയ്ഡ്സ് എന്നിവ ഉദാഹരണങ്ങളാണ്. 2019-ൽ നടന്ന ഒരു പഠനമനുസരിച്ച് വനനശീകരണത്തിലുണ്ടാകുന്ന 10 ശതമാനം വർധന മലേറിയ ബാധിതരുടെ എണ്ണം 3.3 ശതമാനം കൂടാൻ കാരണമായി. അതായത്, ലോകമെമ്പാടുമായി 74 ലക്ഷം മലേറിയ ബാധിതർ. എങ്കിലും ലോകമെമ്പാടും വനങ്ങൾ ഇപ്പോഴും അനിയന്ത്രിതമായി നശിപ്പിക്കപ്പെടുന്നു. 2016 മുതലുള്ള കണക്കെടുപ്പിൽ പ്രതിവർഷം ശരാശരി 28 ദശലക്ഷം ഹെക്ടർ വനം നിലംപതിക്കുന്നു.

വന്യമൃഗങ്ങൾ (Credit:brytta/ Istock)
വന്യമൃഗങ്ങൾ (Credit:brytta/ Istock)

വനനശീകരണത്തിന്റെ അനിയന്ത്രിതമായ നിരക്കു കുറയ്ക്കാൻ മനുഷ്യനു കൈക്കൊള്ളാവുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഫാക്ടറി ഫാമിങ്ങിലൂടെ മാംസോൽപാദനം നടക്കുന്ന രാജ്യങ്ങളിൽ മാംസഭക്ഷണത്തിന്റെ ഉപഭോഗം കുറയ്ക്കുന്നത് വനങ്ങളെയും മേച്ചിൽപ്പുറങ്ങളെയും ചൂഷണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കും. ഉഷ്ണമേഖലാ വനങ്ങൾ വെട്ടിത്തെളിച്ചാണ് പ്രധാനമായും ഓയിൽ പാം കൃഷി നടത്തപ്പെടുന്നത്. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നത് പാമോയിലിന്റെ ആവശ്യത്തിലും കുറവുണ്ടാക്കും. ജൈവഇന്ധന ഉൽപാദനത്തിലും പാമോയിലിന് ആവശ്യമേറെയുണ്ടെന്നതും ഓർക്കുക. വികസ്വരരാജ്യങ്ങളിലെ ജനസംഖ്യാ വർധന ഭൂമിയുടെ ആവശ്യത്തിനായി വലിയ സമ്മർദമുണ്ടാക്കുന്നു. വികസനപാതയിലുള്ള രാജ്യങ്ങളിലെ സ്ത്രീകൾക്ക് നൽകുന്ന മികച്ച വിദ്യാഭ്യാസം, സാമൂഹികസമത്വം, താങ്ങാനാവുന്ന ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത ഇവയൊക്കെ ആത്യന്തികമായി ജനസംഖ്യാനിയന്ത്രണത്തിനും തൽഫലമായി ഭൂമിയ്ക്കായുള്ള മൽസരത്തിലും ശമനമുണ്ടാക്കും. 

ഒരു ഹെക്ടർ ഭൂമിയിൽ നിന്നുള്ള ഉൽപാദനത്തിന്റെ കാര്യത്തിൽ വിളകളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയണം. കാലാവസ്ഥാമാറ്റം കൊണ്ടു വരുന്ന അതിദീർഘമായ വരൾച്ചകളെ അതിജീവിക്കാൻ കഴിയുന്ന വിളയിനങ്ങൾ വികസിപ്പിച്ചെടുക്കണം. ആഫ്രിക്കയുടെ വരണ്ട മേഖലകളിലും മറ്റും അഗ്രോഫോറസ്ട്രി മാതൃകകൾ പരീക്ഷിച്ച് വിളയുൽപാദനം കൂട്ടാൻ ശ്രമിക്കാം. ലോകമെമ്പാടുമായി 30-40 ശതമാനം ഭക്ഷണം ഉപേക്ഷിക്കപ്പെടുന്നുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഭക്ഷണം വെയ്സ്റ്റാക്കുന്ന ശീലം കുറയ്ക്കുന്നതു പോലും വനങ്ങളെ സംരക്ഷിക്കാൻ പരോക്ഷമായി സഹായിക്കുന്നു.

മുൻപേ കണ്ടെത്തണം

പുതുതായി പൊട്ടിപ്പുറപ്പെടുന്ന രോഗബാധകളെ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ കഴിയുകയെന്നതു പ്രധാനമാണ്. വന്യമായ ആവാസസ്ഥാനങ്ങളിൽ കടന്നുചെന്ന് കൊറോണ വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ള സസ്തനികളെ– പ്രത്യേകിച്ച് വവ്വാലുകൾ, എലികൾ, ബാഡ്ജറുകൾ, വെരുകുകൾ, ഈനാംപേച്ചികൾ, കുരങ്ങുകൾ – പരിശോധിക്കാൻ രോഗസംക്രമണശാസ്ത്ര വിദഗ്ധർക്ക് മുന്നോട്ടിറങ്ങാം. രോഗാണുക്കളുടെ സംക്രമണരീതികളും വ്യതിയാനങ്ങളും പഠിക്കാൻ ഇതു സഹായിക്കും. പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് ഈ സമയത്ത് അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരിൽ പരിശോധന നടത്താം. എന്നാൽ ആവശ്യമായ സാമ്പത്തിക സഹായത്തോടെയും വ്യാപകമായ നിരീക്ഷണത്തിലൂടെയും മാത്രമേ ഇത്തരം രീതികൾ ഫലപ്രദമാകുകയുള്ളൂ.

(Credit:sarayut / Istock)
(Credit:sarayut / Istock)

വെറ്റ്മാർക്കറ്റുകൾ വേണ്ട

വെറ്റ്മാർക്കറ്റുകൾ എന്നു വിളിക്കപ്പെടുന്ന, വന്യജീവികളെ ജീവനോടെ വിൽക്കുന്ന വിപണികൾ നിരോധിക്കാൻ സർക്കാരുകൾ തയാറാകണം. മനുഷ്യനിലേക്ക് രോഗാണുക്കൾ പ്രവേശിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളാണിവ. നിയമവിരുദ്ധമായി നടക്കുന്ന വന്യജീവി കള്ളക്കടത്തു ശൃംഖലകളും തകർത്തെറിയാൻ സർ‌ക്കാരുകൾ നടപടിയെടുക്കണം. രോഗാണുക്കളെ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിൽ ഇത്തരം സംരഭങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. അനേകായിരം മൃഗങ്ങളെ കുത്തിനിറച്ച് നടത്തുന്ന ഫാക്ടറി ഫാമുകളും നിരീക്ഷിക്കപ്പെടണം. 2009 ലെ പന്നിപ്പനി ബാധ കൊന്നൊടുക്കിയത് പതിനായിരങ്ങളെയായിരുന്നുവെന്നോർക്കുക.

സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്ക്

വനനശീകരണം അവസാനിപ്പിക്കുന്നതും മഹാവ്യാധികളെ നാടുകടത്തുന്നതും വഴി ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസനലക്ഷ്യങ്ങളിൽ ആറെണ്ണമെങ്കിലും പരിഗണനയിലേക്ക് വരുന്നുണ്ട്. ആരോഗ്യ ജീവിതം, വിശപ്പിൽ നിന്നുള്ള മോചനം, ലിംഗസമത്വം, ഉത്തരവാദിത്തമുള്ള ഉൽപാദന- ഉപഭോഗം, സുസ്ഥിര ഭൗമോപയോഗം, കാലാവസ്ഥാ നടപടികൾ തുടങ്ങിയവയിലേക്കുള്ള പാതയാണ് സുഗമമാക്കുന്നത്. ഒന്നോർക്കുക, സുസ്ഥിരമായി നിലനിൽക്കുന്ന ഉഷ്ണമേഖലാ വനങ്ങൾ കാർബൺഡയോക്സൈഡിനെ വലിച്ചെടുക്കുമ്പോൾ, കത്തുന്ന വനങ്ങൾ കൂടുതൽ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിലെത്തിച്ച് കാലാവസ്ഥാ മാറ്റത്തിന് ആക്കം കൂട്ടുന്നു. കോവിഡ് - 19 എന്ന ദുരന്തം നമുക്കൊരു അവസരമാകുകയാണ്. പ്രകൃതിയുടെ മേലുള്ള അമിത ചൂഷണം അവസാനിപ്പിക്കാനും സുസ്ഥിരമായ മാർഗങ്ങൾ തേടാനുമുള്ള അവസരം.

English Summary:

from Wildlife to Human Life: The Looming Danger of Habitat Loss and Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com