ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തുമ്പോൾ തകരുന്ന പരിസ്ഥിതി; കോൺക്രീറ്റ് മാലിന്യങ്ങളെ എന്തുചെയ്യാം?
Mail This Article
നമ്മുടെ നാട് പുരോഗതിയുടെ പാതയിലാണ്. എല്ലാ മേഖലയിലും നാൾ തോറും ഉണ്ടാകുന്ന വികസനം നാം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഏതു മേഖലയിലെയും വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലെ മാറ്റവും ആ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽനിന്നും പുതിയ കെട്ടിടങ്ങളുടെ നിർമിതിയിൽനിന്നും ഒരു പരിധി വരെ മനസ്സിലാക്കാം. നാം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ നാട്ടിലെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണവും ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഇത് കാലത്തിന്റെയും ഉയർന്നുവരുന്ന ജനപ്പെരുപ്പത്തിന്റെയും ആവശ്യമാണെങ്കിലും പരിധിയിൽ കവിഞ്ഞ ഈ 'കോൺക്രീറ്റ് ഡവലപ്മെന്റ്' പ്രവണത നേരിട്ടും അല്ലാതെയുമുള്ള ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നു. അതുകൊണ്ടുതന്നെ ഓരോ വർഷവും നമുക്കു നേരിടേണ്ടി വരുന്നത് പുതിയ പരിസ്ഥിതി പ്രശ്നങ്ങളും പ്രകൃതിദുരന്തങ്ങളും ആണ്. സൃഷ്ടിക്കപ്പെടുന്ന കോൺക്രീറ്റ് മാലിന്യത്തിന്റെ തോത് ഒരിക്കലും കുറയാൻ പോകുന്നില്ലെന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കൺസ്ട്രക്‌ഷൻ-ഡിമോളിഷൻ മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന ഖര മാലിന്യങ്ങളുടെ ഫലപ്രദമായ പുനരുപയോഗം എന്നത് അത്യന്താപേക്ഷികമായ ഒരു കാര്യമാണ്.
കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, കടുത്ത ചൂട്, ഭൂഗർഭജലത്തിന്റെ അപര്യാപ്തത തുടങ്ങിയവയെല്ലാം നമ്മുടെതന്നെ അശ്രദ്ധ കൊണ്ട് ഉണ്ടായതാണ്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തുമ്പോൾ വെട്ടി നീക്കപ്പെടുന്ന മരങ്ങളും നികത്തപ്പെടുന്ന ചതുപ്പുനിലങ്ങളും സ്വാഭാവികമായ ആവാസവ്യവസ്ഥകളെ ഇല്ലാതാക്കുന്നു. കെട്ടിടങ്ങൾക്കു പുറമെ എല്ലയിടത്തുമുള്ള അനാവശ്യ കോൺക്രീറ്റിങ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. മരങ്ങളുടെ അഭാവം ഉണ്ടാക്കുന്ന മൺസൂണിന്റെ ദൗർലഭ്യം ഭൂഗർഭജലത്തിന്റെ ലഭ്യത ഗണ്യമായി കുറയ്ക്കുമ്പോൾത്തന്നെ, കാലം തെറ്റി ഉണ്ടാകുന്ന പെരുമഴയ്‌ക്കോ വെള്ളപ്പൊക്കത്തിനൊ പോലും കുറച്ചു നാളത്തേക്കെങ്കിലും ഇതിന് ഒരു പരിഹാരം ആകാനും കഴിയുന്നില്ലെന്ന അവസ്ഥാവിശേഷം നിലനിൽക്കുന്നു. വലിയ പ്രളയത്തിന് ശേഷം നേരിട്ട വരൾച്ചയും അതികഠിനമായ ചൂടും എല്ലാം നാം അനുഭവിച്ചതാണ്. കൂടാതെ, വരുംമാസങ്ങളിൽ ഉണ്ടാകാൻ പോകുന്ന കടുത്ത ചൂടിന്റെയും ജല ദൗർലഭ്യത്തിന്റെയും മുന്നറിയിപ്പുകൾ വരുന്നുണ്ട്. എന്നാൽ, അതേസമയം തന്നെ ഒരു ചെറിയ മഴ പോലും നമ്മുടെ പ്രധാന നഗരങ്ങളിൽ ദുരിതപൂർണമായ വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നുവെന്നതും ഒരു യഥാർഥ്യമാണ്.
കോൺക്രീറ്റ് മിക്സിൽ പ്രധാനമായും വേണ്ട ഗ്രാവൽ, മണൽ എന്നിവയ്‌ക്കെല്ലാമായി എത്രമാത്രം നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പുഴകളുടെ സംരക്ഷണം മുൻനിർത്തി, മണൽ വാരൽ ഒരു പരിധി വരെ നിർത്തലാക്കിയിട്ടുണ്ടെങ്കിലും ഇതിനു പകരം പുതുതായി ഈ മേഖലയിലേക്കു കടന്നു വന്ന എം-സാൻഡും പരിസ്ഥിതിയിൽ നാശം വിതയ്ക്കുന്നു. ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിൽ 5924 കരിങ്കൽ ക്വാറികൾ ഉണ്ട്. മലനിരകൾ കാർന്നെടുക്കുന്നതിലൂടെ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നു.
Read Also: ടിവിയിൽ ചുംബനരംഗം; നാണംവന്ന് കണ്ണടച്ച് വളർത്തുനായ: ഇത് കാഴ്ചക്കാരെ ചിരിപ്പിക്കും
കോൺക്രീറ്റ് റീസൈക്ലിങ് എന്നത് ഒരു ശീലമായി വളർത്തേണ്ടതുണ്ട്. ഇതിനായി അനേകം കോൺക്രീറ്റ് റീസൈക്ലിങ് സെന്റേഴ്സ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഭാവിയിൽ കോൺക്രീറ്റ് മാലിന്യത്തെ ഒരു വിൽപനച്ചരക്കാക്കി മാറ്റാൻ കഴിഞ്ഞാൽ കുമിഞ്ഞുകൂടുന്ന കോൺക്രീറ്റ് മാലിന്യം ഇല്ലാതാക്കാം. കോൺക്രീറ്റ് മാലിന്യം വിൽക്കാനും അത് വാങ്ങുന്നവർക്ക് റീസൈക്ലിങ് വഴി ലാഭം ഉണ്ടാക്കാനും കഴിഞ്ഞാൽ കാർഷിക ഉൽപന്നങ്ങൾക്കു ലഭിക്കുന്നതുപോലെയുള്ള ഒരു വിപണി മൂല്യം കൈവരിക്കാൻ ഇതിനാകും. സുസ്ഥിരമായ, കോൺക്രീറ്റ് സർക്കുലർ ഇക്കോണമിയിൽ അധിഷ്ഠിതമായ വികസം യഥാർഥ്യമാകുന്ന ഒരു നല്ല നാളേക്കായി നമുക്ക് ഒരുങ്ങാം.
(ലേഖകരായ ഡോ. ലിജു ഏലിയാസ്, കേരള സർവകലാശാല കാര്യവട്ടം ക്യാംപസ് കെമിസ്ട്രി ഡിപാർട്ട്മെന്റിലെ ചീഫ് മിനിസ്റ്റേഴ്‌സ് നവ കേരള പോസ്റ്റ് ഡോക്ടറൽ ഫെലോയും. ഡോ. എസ്. എം. എ. ഷിബ്‌ലി കേരള സർവകലാശാല കാര്യവട്ടം ക്യാംപസ് കെമിസ്ട്രി ഡിപാർട്ട്മെന്റിലെ സീനിയർ പ്രഫസറുമാണ്)