മരുഭൂമികളിൽ എങ്ങനെ പ്രളയം ഉണ്ടാകുന്നു? പൊടുന്നനെ എത്തും മിന്നൽ ആക്രമണം
Mail This Article
മരുഭൂമികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരിക്കലും മഴയൊന്നും പെയ്യാത്ത ജലസാന്നിധ്യമില്ലാത്ത മേഖലകളെന്നാണു നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ഫ്ലാഷ് ഫ്ലഡ് എന്നറിയപ്പെടുന്ന മിന്നൽപ്രളയങ്ങൾ മരുഭൂമികളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ഊഷര മരുഭൂമികളിൽ പെട്ടെന്നുണ്ടാകുന്ന പെരുമഴയോ, ഇടതടവില്ലാതെ പെയ്യുന്ന മഴകളോ അല്ലെങ്കിൽ ചുഴലിക്കാറ്റും മറ്റും മൂലമുണ്ടാകുന്ന മഴയോ മിന്നൽപ്രളയത്തിന് കാരണമാകാം. ചൈനയിലെ ഗോബി മരുഭൂമി പോലുള്ള ശീതമരുഭൂമികളിൽ മഞ്ഞുരുകുന്ന പ്രതിഭാസവും മിന്നൽപ്രളയങ്ങൾക്ക് ഇടയാക്കാറുണ്ട്.
വരണ്ട മണ്ണും ചെളിയുടെ അംശം കൂടിയ മണ്ണും ജലത്തെ ആഗിരണം ചെയ്യുന്നതിൽ പിന്നിലാണ്. ധാരാളം ജലം ആഗിരണം ചെയ്ത ശേഷം ഒരു പരിധിയിലെത്തിയ മണ്ണും ആഗിരണത്തിൽ പിന്നോട്ടു പോകും. ഇവ മിന്നൽപ്രളയങ്ങൾക്ക് കാരണമാകാം. മരുഭൂമികളിൽ അദ്യം പറഞ്ഞതുപോലെ വരണ്ട മണ്ണ് ആഗിരണം ചെയ്യുന്നതിൽ വരുത്തുന്ന താമസമാണ് പ്രളയത്തിനു കാരണമാകുക.
ലോകത്തെ ഏറ്റവും വരണ്ട മേഖലകളിലൊന്നാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയും ഇതു തന്നെയാണ്. ഇവിടെ മഴ പെയ്യുന്നത് തന്നെ അപൂർവമാണ്. പ്രാദേശികമായി അങ്ങിങ്ങു പെയ്യുന്ന മഴകളാണ് സഹാറയിൽ ഉണ്ടാകാറുള്ളത്. എന്നാൽ സഹാറയിൽ പെട്ടെന്നു മഴയുണ്ടാകുമ്പോഴും മറ്റും മിന്നൽപ്രളയങ്ങൾ ഉടലെടുക്കും. ചിലപ്പോഴൊക്കെ ഇതു രൂക്ഷമാകാറുണ്ട്. താത്കാലികമായ നദികളും ചില തടാകങ്ങളുമൊക്കെ ഇത്തരം മിന്നൽപ്രളയം മൂലമുണ്ടാകാറുമുണ്ട്. സഹാറയുൾപ്പെടെ അഞ്ചിലധികം മരുഭൂമികളുടെ സാന്നിധ്യമുള്ള രാജ്യമാണ് ലിബിയ. കഴിഞ്ഞ വർഷം ലിബിയയിൽ വലിയൊരു മിന്നൽപ്രളയമുണ്ടായിരുന്നു. മരുഭൂമി ഒരൊറ്റ നിമിഷം കൊണ്ട് കടലായി മാറി എന്നാണ് കാഴ്ചക്കാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 11000 ആളുകളുടെ മരണത്തിനും ദുരന്തം വഴിവച്ചു.
സഹാറയിൽ ഉണ്ടാകുന്ന മിന്നൽപ്രളയം പാരിസ്ഥിതികമായ ഒരു ദൗത്യവും നിർവഹിക്കുന്നുണ്ട്. വേനലിൽ ജലസ്രോതസ്സാകുന്ന ചില മേഖലകളിലേക്ക് ജലം വന്നു നിറയുന്നത് ഈ മിന്നൽപ്രളയത്താലാണ്. മരുഭൂമിയിലെ സസ്യജാലങ്ങൾക്ക് പോഷണവും അവയുടെ വിത്തുകൾ ദൂരത്തെത്താനുള്ള മാർഗവും ഈ മിന്നൽ പ്രളയങ്ങൾ നൽകുന്നെന്ന് ഗവേഷകർ പറയുന്നു.